വിശാഖ്, സുചിത്ര മോഹൻലാൽ, പ്രണവ് | photo: special arrangements
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' 2022 ലെ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. തമിഴ്‌നാട്ടിലുള്‍പ്പടെ ഗംഭീര സാമ്പത്തിക വിജയം ഈ പ്രണയചിത്രം സ്വന്തമാക്കിയിരുന്നു. ഒട്ടനവധി ഹിറ്റുകളൊരുക്കിയ മെറിലാന്റ് സിനിമാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു 'ഹൃദയം'. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരു ചിത്രം പുറത്തിറങ്ങിയത്. ഇവരുടെ എഴുപതാമത്തെ ചിത്രമായിരുന്നു ഇത്.
മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ വിശാഖ് സുബ്രഹ്മണ്യമായിരുന്നു മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ 'ഹൃദയം' നിര്‍മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി'ലൗ ആക്ഷന്‍ ഡ്രാമ' നിര്‍മിച്ചുകൊണ്ടാണ് വിശാഖ് സുബ്രഹ്മണ്യം സിനിമയിലേയ്ക്ക് ചുവടുറപ്പിച്ചത്.

ഇപ്പോഴിതാ വാലന്റൈന്‍സ് ദിനം ആഘോഷമാക്കാന്‍ 'ഹൃദയം' ഒരിക്കല്‍ക്കൂടി തിയേറ്ററില്‍ എത്തിച്ചിരിക്കുകയാണ് വിശാഖ് സുബ്രഹ്മണ്യം. തമിഴ്‌നാട്ടില്‍ ഉള്‍പ്പടെ റീറിലീസ് ചെയ്ത് ചിത്രം പ്രേക്ഷകഹൃദയം നിറച്ച് പ്രദര്‍ശനം തുടരവെ തന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുകയാണ് വിശാഖ്.
'ഹൃദയം' റി-റിലീസ് വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍
'ഹൃദയം' ഇറങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളു. റി-റിലീസ് എന്ന രീതിയിലല്ല ചിത്രം വീണ്ടും എത്തുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലെ റൊമാന്റിക് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത സ്‌ക്രീനുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. പി.വി.ആര്‍ സിനിമാസിന്റെയാളുകള്‍ ഞങ്ങളുമായി ബന്ധപ്പെട്ട് 'ഹൃദയം' പ്രദര്‍ശിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. ഇത് മികച്ചൊരു ആശയമായി എനിക്ക് തോന്നി.
.png?$p=13435c2&&q=0.8)
ക്ലാസിക് ചിത്രമായ 'സ്ഫടിക'വും 'ടൈറ്റാനിക്കും' ഒക്കെ റി-റിലീസ് ചെയ്തത് ഈ ചിത്രങ്ങള്‍ ഇറങ്ങിയ സമയത്ത് കാണാനാകാത്ത പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. വാലന്റൈന്‍സ് വീക്ക് ആയതുകൊണ്ടാണ് 'ഹൃദയം' ഞങ്ങള്‍ റി-റിലീസ് ചെയ്തത്. കോവിഡ് കേസുകള്‍ വര്‍ധിച്ച് നിന്ന സമയത്താണ് 'ഹൃദയം' റിലീസായത്. 50 ശതമാനം ആളുകള്‍ക്കായിരുന്നു തിയേറ്ററുകളില്‍ പ്രവേശനം. അന്ന് ചിത്രം തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തവര്‍ക്കും ഈ റി-റിലീസ് ഉപകാരപ്പെടും. കൊച്ചിയില്‍ മാത്രമായിരുന്നു ആദ്യം റിലീസ് ചെയ്യാനിരുന്നത്. മറ്റിടങ്ങളില്‍നിന്ന് അന്വേഷണം വരുന്നുണ്ട്. അതിനാല്‍ കൂടുതല്‍ സ്‌ക്രീനുകളിലേയ്ക്ക് ചിത്രം എത്തിക്കും. പ്രോഫിറ്റ് നോക്കിയല്ല ചിത്രം വീണ്ടും എത്തിച്ചിരിക്കുന്നത്.
'മണിച്ചിത്രത്താഴ്' പുത്തന്‍ അനുഭവം സമ്മാനിക്കും
എല്ലാ സിനിമകളും റീറിലീസിനെത്തിയാല്‍ വിജയമാകണമെന്നില്ല. ഇന്നത്തെ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയൊന്നും ഇല്ലാതെയാണ് 'സ്ഫടികം' ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ആളുകള്‍ കണ്ടത്. ആദ്യം റിലീസായ സമയത്ത് 'സ്ഫടികം' കാണാന്‍ സാധിക്കാതിരുന്ന ഇന്നത്തെ യുവാക്കള്‍ക്ക് റീറിലീസ് പ്രത്യേക അനുഭവമാകും.
പക്ഷേ, എല്ലാ ചിത്രങ്ങളും റീമാസ്റ്റര്‍ ചെയ്ത് വന്നാലും ഗുണം ചെയ്‌തേക്കില്ല. 'മണിച്ചിത്രത്താഴ്' പോലത്തെ ചിത്രങ്ങളൊക്കെ സാധാരണ സൗണ്ട് സിസ്റ്റത്തിലാണ് നമ്മള്‍ കണ്ടത്. ആ ചിത്രമൊക്കെ വീണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ തിയേറ്ററില്‍ കാണാന്‍ സാധിച്ചാല്‍ മികച്ച അനുഭവമാകും. റി-റിലീസ് എന്ന ട്രെന്റ് മലയാളത്തില്‍ ഇപ്പോഴാണ് വന്നത്. തമിഴ്‌നാട്ടില്‍ കുറച്ചുനാള്‍ മുന്‍പ് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയിരുന്നു.
സൗഹൃദ വലയത്തില്‍ നിന്നുണ്ടായ ചിത്രം
എന്റെ ഗ്രാന്റ്ഫാദര്‍ ചെയ്ത് 69-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ 'ഹൃദയത്തിന്റെ നിറങ്ങള്‍' എന്നായിരുന്നു. 'ഹൃദയം' എന്ന ടൈറ്റില്‍ വെച്ചുതന്നെ വീണ്ടും ചിത്രം ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു. 'ഹൃദയം' എനിക്ക് വളരെ സ്‌പെഷ്യലാണ്. സൗഹൃദ വലയത്തില്‍നിന്നു സംഭവിച്ച ചിത്രമാണിത്. പ്രണവ്, കല്യാണി, വിനീത് ശ്രീനിവാസന്‍ എന്നിവരെല്ലാം എന്റെ കുടുംബ സുഹൃത്തുക്കളാണ്. സിനിമയില്‍ ഞങ്ങള്‍ ആദ്യമായി ഒരുമിച്ചത് 'ഹൃദയ'ത്തിലൂടെയാണ്. ചിത്രം വലിയ വിജയമായതില്‍ വളരെയധികം സന്തോഷമുണ്ടായിരുന്നു.
.png?$p=86f0542&&q=0.8)
പണത്തിന് വേണ്ടിയല്ല 'ഹൃദയം' ചെയ്തത്. 'ഹൃദയം' എന്റെ ഡ്രീം പ്രൊജക്ടായിരുന്നു. മെറിലാന്റ് നിര്‍മിക്കുന്നു, എന്റെ സുഹൃത്തുക്കള്‍ കൂടെയുള്ള ചിത്രം എന്നീ പ്രത്യേകതകള്‍ 'ഹൃദ'യത്തിനുണ്ട്. എനിക്ക് ഒരു വീഴ്ച സംഭവിച്ചാല്‍ ഇവര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. കോവിഡ് കാരണം ഷൂട്ടിങ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് കൂടി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.

വിനീതും പ്രണവും സുചിത്ര ചേച്ചിയും ഒക്കെ കൂടെയുണ്ടാകുമെന്ന് വിശ്വാസമുണ്ട്. പുറത്ത് പോയി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്താല്‍ എനിക്ക് അങ്ങനെയൊരു വിശ്വാസവും ധൈര്യവും കിട്ടില്ല. ഇവരോടൊപ്പം എനിക്ക് ധൈര്യമായി വര്‍ക്ക് ചെയ്യാനാകും. 'ഹൃദയ'ത്തിന് പൂര്‍ണപിന്തുണ നല്‍കിയ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിത്താര സുരേഷാണ്. നിര്‍മാതാവ് സുരേഷ് ബാലാജിയുടെ മകളും സുചിത്ര ചേച്ചിയുടെ അനന്തരവളുമാണ് സിത്താര.
'ഹൃദയ'ത്തിനൊപ്പം എന്നുമുണ്ടായിരുന്നു സുചിത്ര ചേച്ചി
'ഹൃദയം' റി-റിലീസ് ചെയ്യുമെന്ന സുചിത്ര ചേച്ചിയെ (സുചിത്ര മോഹന്‍ലാല്‍) അറിയിച്ചിരുന്നു. 'ഹൃദയ'ത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രം പുറത്തിറങ്ങുന്നത് വരെ ചേച്ചി പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു.
.png?$p=5593dc6&&q=0.8)
'ഹൃദയം' ആദ്യം റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു, കോവിഡ് മൂലം തിയേറ്ററുകള്‍ അടയ്ക്കുന്ന സമയമായിരുന്നു അത്. നിങ്ങള്‍ റിലീസ് ചെയ്യാന്‍ ഉറപ്പിച്ചതല്ലേ, ധൈര്യമായി മുന്നോട്ട് പോകാന്‍ ചേച്ചി പറഞ്ഞു. എന്തുവന്നാലും താന്‍ കൂടെയുണ്ടാകുമെന്ന് അറിയിച്ചു. ഇപ്പോഴും എല്ലാ കാര്യത്തിനും ചേച്ചിയുടെ പിന്തുണയുണ്ട്.
അന്നത്തെപ്പോലെയല്ല, ഇപ്പോള്‍ ടെന്‍ഷന്‍ കൂടിയിട്ടേ ഉള്ളൂ
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ 'ലൗ ആക്ഷന്‍ ഡ്രാമ' പുറത്തിറങ്ങിയത് മുതല്‍ ആളുകള്‍ മെറിലാന്റിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. നല്ലൊരു ചിത്രം വരുകയാണെങ്കില്‍ മെറിലാന്റ് റീലോഞ്ച് ചെയ്യുമെന്ന് വിനീതിനോടാണ് ആദ്യം പറഞ്ഞത്. ഏത് ചിത്രത്തിലൂടെ മെറിലാന്റ് തിരികെ കൊണ്ടുവരുമെന്നായിരുന്നു അന്നത്തെ ടെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ ടെന്‍ഷന്‍ കൂടിയിട്ടുണ്ട്. 'ഹൃദ'യത്തിലൂടെ തിരിച്ചുവന്നു, ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തു. ഇനി അതിന് മുകളില്‍ നില്‍ക്കുന്ന ചിത്രം വേണം ചെയ്യാന്‍. അതുകൊണ്ടാണ് ഞാന്‍ ഒരു വര്‍ഷമായി പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിക്കാത്തത്.
ദിവസവും ഫോണ്‍ വിളികള്‍ വരാറുണ്ട്. എനിക്ക് പൂര്‍ണ വിശ്വാസമുള്ള തിരക്കഥയാണെങ്കിലേ മെറിലാന്റിന്റെ ബാനറില്‍ അടുത്ത ചിത്രം ചെയ്യുകയുള്ളു. നിരവധി ചെറുപ്പക്കാര്‍ കഥകള്‍ പറയാന്‍ വിളിക്കാറുണ്ട്. പക്ഷേ 'ലൗ ആക്ഷന്‍ ഡ്രാമ' മുതല്‍ ഒപ്പമുണ്ടായിരുന്ന നിരവധി പിള്ളേരുണ്ട്. എനിക്ക് അവരെ ആദ്യം പരിഗണിക്കണം. സഹസംവിധായകരായി പ്രവര്‍ത്തിച്ച അവര്‍ ഒരുപാട് കഥകളും പറഞ്ഞിട്ടുണ്ട്. ചിലരോട് എഴുതാന്‍ പറഞ്ഞിട്ടുണ്ട്. നാല് വര്‍ഷത്തോളമായി ഇവര്‍ കൂടെയുണ്ട്. രണ്ട് മൂന്ന് കൊല്ലത്തേയ്ക്ക് ഇവര്‍ക്കായിരിക്കും എന്റെ പ്രഥമ പരിഗണന.
എനിക്ക് മാസ് ചിത്രങ്ങളും എന്റര്‍ടെയിനറുകളും കാണാനാണ് ഇഷ്ടം. പക്ഷേ എല്ലാത്തരം തിരക്കഥകളും ഞാന്‍ ശ്രദ്ധിക്കും. എന്തൊക്കെ സാധ്യതകളാണ് ഈ തിരക്കഥകള്‍ക്ക് ഉള്ളതെന്ന് പരിശോധിക്കാറുണ്ട്.
ധ്യാനിനൊപ്പവും വിനീതിനൊപ്പവും സിനിമ വരും
ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങും. 2024-ലേ അത് സംഭവിക്കൂ. നിലവില്‍ 10 ചിത്രങ്ങള്‍ ധ്യാന്‍ അഭിനയിച്ച് തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞാല്‍ മാത്രമേ ധ്യാനിന് സംവിധാനത്തിലേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളു. സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ വിഷയം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ ധ്യാന്‍ ചെയ്തുകൊണ്ടിരുക്കുന്ന സിനിമകള്‍ കഴിഞ്ഞാല്‍ മാത്രമേ എഴുതിത്തുടങ്ങാന്‍ പറ്റൂ.

ഈ വര്‍ഷം ഒരു ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ട്. മെറിലാന്റിന്റെയും ഫന്റാസ്റ്റിക് ഫിലിംസിന്റെയും ബാനറില്‍ ഓരോ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വര്‍ഷം പ്രതീക്ഷിക്കാം. ഉടനെ പ്രഖ്യാപനം കാണില്ല. ഈ പ്രോജക്ടുകള്‍ക്ക് മേല്‍ അന്തിമ തീരുമാനം എടുക്കാന്‍ മൂന്നുമാസം വേണ്ടി വരും. അതിന് ശേഷമായിരിക്കും പ്രഖ്യാപനം. സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നേയുള്ളു. താരങ്ങളോടും കഥ പറയണം. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രഖ്യാപനം ഉണ്ടാകും.
വിനീത് ശ്രീനിവാസനുമൊത്തുള്ള പ്രോജക്ട് ഇനിയും സംഭവിക്കും. ഞങ്ങള്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളായതിനാല്‍ ഏപ്പോള്‍ വേണമെങ്കിലും സിനിമ നടക്കാം. വിനീത് ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാലേ വിനീത് തിരക്കഥ എഴുതാന്‍ ഇരിക്കൂ. അത് കഴിഞ്ഞ് സമയമെല്ലാം ഒത്തുവന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമ നടക്കും.
ഈ വര്‍ഷം ഒരു പ്രണവ് ചിത്രം വന്നേക്കാം
പ്രണവുമായി 'ഹൃദയം' റി-റിലീസ് ചെയ്യുന്ന കാര്യം സംസാരിച്ചിരുന്നു. പ്രണവ് ഫെയ് സ്ബുക്കില്‍ ഇക്കാര്യം പങ്കുവെച്ചിട്ടുമുണ്ട്. പ്രണവും റി-റിലീസ് ചെയ്യുന്നതില്‍ സന്തോഷവാനാണ്. ടൂര്‍ ഒക്കെ കഴിഞ്ഞ് പ്രണവ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ.

പ്രണവും ഒരു വര്‍ഷവുമായി അഭിനയിച്ചിട്ടില്ല. പ്രണവിനുള്ള സ്‌ക്രിപ്റ്റുകളും ഒരുവശത്തുണ്ട്. അടുത്ത മാസം മുതല്‍ ഇതെല്ലാം പ്രണവ് കേട്ടുതുടങ്ങും. പ്രണവിന്റെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്ത പ്രണവ് ചിത്രം ഞങ്ങളോടൊപ്പം ആയിരുക്കണമെന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ആര്‍ക്കാണ് അവസരം കിട്ടുകയെന്ന് അറിയില്ലല്ലോ. ഞാനും പ്രണവും 'ഹൃദയം' കഴിഞ്ഞ് സിനിമ ചെയ്തിട്ടില്ല. വിനീതും അഭിനയിച്ചതല്ലാതെ തിരക്കഥയ്ക്ക് ഇരുന്നിട്ടില്ല.
ഒ.ടി.ടി നിര്‍മാതാക്കള്‍ക്ക് ആശ്വാസം
'ഹൃദയം' അന്ന് റിലീസ് ആയതിനാലാണ് തൊട്ടുപിന്നാലെ ഒരുപാട് ചിത്രങ്ങള്‍ വന്നത്. 'ഹൃദയം' തിയേറ്ററില്‍ ഇറക്കാതെ ഒ.ടി.ടിക്ക് പോയിരുന്നെങ്കില്‍ തിയേറ്ററുകള്‍ രണ്ട് മാസത്തോളം അടച്ചിടേണ്ടി വന്നേനെ. 'ഹൃദയം' ഇറങ്ങിയപ്പോള്‍ കുടുംബം മുഴുവന്‍ സന്തോഷത്തിലായിരുന്നു. കരണ്‍ ജോഹര്‍ റീമേക്ക് റൈറ്റ്‌സ് വാങ്ങി. അദ്ദേഹത്തെ എനിക്ക് കാണാന്‍ സാധിച്ചു. സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഡ്രീം പ്രോജക്ട് തന്നെയായി ഹൃദയം മാറി.
.png?$p=d0859a1&&q=0.8)
ഒ.ടി.ടി മലയാള സിനിമയ്ക്ക് നല്ല രീതിയില്‍ ഗുണവും ചെയ്യുന്നുണ്ട്. നേരത്തെ സാറ്റലൈറ്റും ഓവര്‍സീസും മാത്രമേ ഉണ്ടായിരുന്നുള്ളു. ബഡ്ജറ്റ് കൂടിയാല്‍ ടെന്‍ഷനായിരുന്നു. ഒ.ടി.ടി വന്നതോടെ ഒരു സാധ്യത കൂടി വന്നു. നിര്‍മാതാവ് എന്ന നിലയില്‍ ആശ്വാസമാണത്. നേരത്തെ ഒരു പരിധി കഴിഞ്ഞാല്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ചെയ്യാന്‍ പ്രയാസമായിരുന്നു. ഒ.ടി.ടിയുടെ വരവോടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ എണ്ണം കൂടുന്നുണ്ട്.
നേരത്തെ തിയേറ്ററിന് ശേഷം ചാനലുകളില്‍ മാത്രമായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ നമ്മുടെ സിനിമകള്‍ എല്ലാവരും കാണുന്നുണ്ട്. ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. പണ്ട് കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളിലെ ചിത്രങ്ങള്‍ നമ്മള്‍ കാണുന്നത് കുറവായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഒരേസമയം സിനിമ ഇവിടെയും എത്തുന്നു.
'പ്രണയിക്കൂ, പ്രണയിച്ച് കൊണ്ടേ ഇരിക്കൂ'
'എല്ലാവരും പ്രണയിക്കൂ, പ്രണയിച്ച് കൊണ്ടേ ഇരിക്കൂ' എന്നാണ് ഹൃദയത്തിന്റെ നിര്‍മാതാവ് എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്. എന്റെ ഭാര്യ അദ്വൈതയുമൊത്തുള്ള ആദ്യ വാലന്റൈന്‍സ് ഡേ ആണ് വരാന്‍ പോകുന്നത്. ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. അദ്വൈതയെ നേരത്തെ അറിയാമായിരുന്നു.
.png?$p=932022c&&q=0.8)
സിനിമ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് ഭാര്യ. അതില്‍ ഞാന്‍ വളരെയധികം ഭാഗ്യവാനാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അദ്വൈത തിരക്കാറുണ്ട്. എനിക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്.- വിശാഖ് സുബ്രമണ്യം പറഞ്ഞു.
Content Highlights: producer visakh subramaniam about hridayam re rerelease and pranav mohanlal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..