ചികിത്സയിൽ കഴിയുന്ന മോഹൻലാലിനെ കാണാൻ പോയി കൊടുത്ത വേഷമാണ് നിരഞ്ജൻ -സിയാദ് കോക്കർ


സിയാദ് കോക്കർ \ സൂരജ് സുകുമാരൻ

സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാംഭാഗം, സുഹാസിനിയെയും റോഷൻമാത്യുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിബി മലയിൽ സിനിമ, പ്രദർശനത്തിനൊരുങ്ങിയ ‘കുറി...’ മലയാളത്തിന് ഒട്ടേറെ വിജയങ്ങൾ സമ്മാനിച്ച കോക്കേഴ്സ് ഫിലിംസ് തിരിച്ചുവരുന്നു. സിയാദ് കോക്കർ സംസാരിക്കുന്നു...

സിയാദ് കോക്കർ |ഫോട്ടോ: സിദ്ദിക്കുൽ അക്ബർ | മാതൃഭൂമി

തിയേറ്റർ നടത്തിപ്പുകാരനായ സിയാദെന്ന ചെറുപ്പക്കാരന് തോന്നിയ സിനിമാപ്രേമം, അതാണ് മലയാളസിനിമയിലെ മികച്ച നിർമാണക്കമ്പനികളിലൊന്നായ കോക്കേഴ്സ് ഫിലിംസിന് ജന്മം നൽകിയത്. ഉപ്പയുടെ കൈയിൽനിന്ന് വാങ്ങിയ അഞ്ചുലക്ഷം രൂപയ്ക്ക് സിയാദ് കോക്കർ തുടങ്ങിയ കോക്കേഴ്സ് ഫിലിംസ് തുടക്കംതൊട്ട് നിർമിച്ച സിനിമകൾ മലയാളസിനിമയുടെ സുവർണചരിത്രത്തിന്റെ ഭാഗമാണ്. കൂടൂംതേടി, രേവതിക്കൊരു പാവക്കുട്ടി, മഴവിൽക്കാവടി, സന്മനസ്സുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, കനൽക്കാറ്റ്, ഒരു മറവത്തൂർ കനവ്, കളിയൂഞ്ഞാൽ, സമ്മർ ഇൻ ബത്‌ലഹേം, ദേവദൂതൻ, അപൂർവരാഗം തുടങ്ങി സത്യൻ അന്തിക്കാടിനും ലാൽജോസിനും സിബി മലയിലിനുമൊപ്പമെല്ലാം കോക്കേഴ്സ് ഫിലിംസ് സൃഷ്ടിച്ച ഹിറ്റുകൾ ഇന്നും ജനപ്രീതിയിൽ ഏറെ മുമ്പിലാണ്. ഇടവേളയ്ക്കുശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കുറി’ എന്ന സിനിമയുമായി കോക്കേഴ്സ് ഫിലിംസ് തിരിച്ചെത്തുകയാണ്. കോക്കേഴ്സ് മീഡിയ എന്റർടെയിൻമെന്റ്സ് എന്ന ബാനറിനു കീഴിലാണ് നവാഗതനായ കെ.ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന ‘കുറി’ പ്രദർശനത്തിനെത്തുന്നത്.

കോക്കേഴ്സ് ഫിലിംസിന്റെ തിരിച്ചുവരവിനെക്കുറിച്ച്..., ഇടവേളയ്ക്ക് കാരണം..

സിനിമയോടുള്ള ഇഷ്ടമാണ് എന്നെയും കോക്കേഴ്സ് ഫിലിംസിനെയും മുന്നോട്ടുനയിക്കുന്നത്. ഒരിക്കലും സിനിമ നിർത്തി മറ്റെന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് ഒരു ഇടവേള ഉണ്ടായതായും തോന്നുന്നില്ല. കാരണം സിനിമകൾ നിർമിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നെങ്കിലും സംഘടനാ ഭാരവാഹിത്വത്തിൽ ഞാൻ സജീവമായി ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. സിനിമയിലെ ഒരുപാട് പ്രശ്നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനുംസാധിച്ചു. എനിക്കിഷ്ടപ്പെട്ട സിനിമകളാണ് ഇതുവരെ നിർമിച്ചതെല്ലാം. ഇത്തവണ അത്തരമൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പ് അല്പം നീണ്ടുപോയി എന്ന് മാത്രം. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ കെ.ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന ‘കുറി’യിലൂടെ കോക്കേഴ്സ് വീണ്ടും സജീവമാകുകയാണ്. കോക്കേഴ്സ് മീഡിയ എന്റർടെയിൻമെന്റ്സ് എന്ന പുതിയ ബാനറിലാണ് ഞങ്ങൾ റീലോഞ്ച് ചെയ്യുന്നത്. എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും കുറി എന്നാണ് പ്രതീക്ഷ. കോക്കേഴ്സ് മീഡിയ എന്റർടെയിൻമെന്റ്സ് അടുത്തതായി നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, സുഹാസിനി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഞങ്ങൾക്കുവേണ്ടി ഏറെ മികച്ച സിനിമകൾ സൃഷ്ടിച്ച സിബി മലയിലാണ് പുതിയ ചിത്രം സംവിധാനം ചെയ്യുക.

സമ്മർ ഇൻ ബത്‌ലഹേമിൽ പൂച്ചയെ അയച്ച കാമുകിയെപ്പറ്റിയുള്ള ചർച്ചകൾ ഇന്നും സജീവമാണ്, സിനിമയ്ക്കൊരു രണ്ടാംഭാഗം മനസ്സിലുണ്ടോ ?

സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാംഭാഗം ഒരുക്കണം എന്നത് ഒരുപാട് കാലമായുള്ള ആഗ്രഹമാണ്. ഇപ്പോഴും അതിന്റെ ചർച്ചകൾ സജീവമാണ്. നല്ലൊരു സമയം വരുമ്പോൾ അതുണ്ടാകും. സത്യത്തിൽ സമ്മർ ഇൻ ബത്‌ലഹേം ആദ്യം സിബി തമിഴിൽ ചെയ്യാനിരുന്ന സിനിമയായിരുന്നു. മഞ്ജു മാത്രമായിരുന്നു മലയാളത്തിൽനിന്ന് ആ സിനിമയിൽ ഉണ്ടായിരുന്നത്. ആ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ മലയാളത്തിൽ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് തമിഴ് പ്രോജക്ട് നടക്കാതെ വന്നപ്പോൾ ഞാൻ മോഹിച്ചപ്പോലെ ആ സിനിമ കോക്കേഴ്സ് ഫിലിംസിലേക്കെത്തി. മഞ്ജുവിനൊപ്പം സുരേഷ് ഗോപിയെയും ജയറാമിനെയുമടക്കം മികച്ച അഭിനേതാക്കളെത്തന്നെ കഥാപാത്രങ്ങളായി എത്തിച്ചു. പക്ഷേ, നിരഞ്ജൻ എന്ന കഥാപാത്രത്തിനുള്ള അഭിനേതാവിനെമാത്രം ഞങ്ങൾ ആദ്യം തീരുമാനിച്ചില്ല. അതിഥിതാരമാകാൻ തിരക്കഥാകൃത്ത് രഞ്ജിത് കണ്ടെത്തിവെച്ചിരുന്നു.

നിരഞ്ജന്റെ സീനുകൾ ഒഴികെ എല്ലാ സീനുകളും ഷൂട്ട് പൂർത്തിയാക്കി ഞങ്ങൾ എറണാകുളത്ത് ബി.ടി.എച്ചിലെത്തി. നിരഞ്ജനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സിബി പറഞ്ഞു ‘‘ആ കഥാപാത്രം ലാൽ ചെയ്താൽ നന്നാകും.’’ ‘‘അങ്ങനെയാണെങ്കിൽ സിബിയും രഞ്ജിത്തും ചെന്ന് ലാലിനോട് ഒന്ന് സംസാരിക്കൂ.’’ -ഞാൻ പറഞ്ഞു. അന്ന് മോഹൻലാൽ കോയമ്പത്തൂർ ആയുർവേദ ചികിത്സയിലാണ്. മുടിയും താടിയുമൊക്കെ വളർത്തിയ ഗെറ്റപ്പിലാണ്. ചികിത്സയിലുള്ള ലാലിനെ സന്ദർശിക്കാൻ എന്ന വ്യാജേന സിബിയും രഞ്ജിത്തും അവിടെയെത്തി. സംസാരത്തിനിടെ ‘‘എന്തായി പുതിയ സിനിമയുടെ പരിപാടി’’ എന്ന് ലാൽ ചോദിച്ചപ്പോൾ രഞ്ജിത്തും സിബിയുംകൂടി സമ്മർ ഇൻ ബത്‌ലഹേമിന്റെ കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു എന്ന് ലാൽ പറഞ്ഞു. എങ്കിൽ നിരഞ്ജൻ എന്ന കഥാപാത്രം ലാൽ ചെയ്യണം എന്ന ആവശ്യം രണ്ടുപേരുംകൂടി മുന്നിൽവെച്ചു. ലാൽ അത് സമ്മതിച്ചതോടെ ഗെറ്റപ്പൊന്നും മാറ്റാതെ രണ്ടുദിവസംകൊണ്ട് മദ്രാസിൽവെച്ചുതന്നെ ആ സീനുകൾ ഷൂട്ട് ചെയ്തു. സമ്മർ ഇൻ ബത്‌ലഹേമിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയന്റായിരുന്നു ലാലിന്റെ അതിഥിവേഷം.

കോക്കേഴ്സ് ഫിലിംസ് ഒരുക്കിയതിൽ കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമയാണ് ‘ദേവദൂതൻ.’ ഇന്നും ആ സിനിമയെക്കുറിച്ച് പ്രേക്ഷകർ സ്നേഹത്തോടെ സംസാരിക്കുന്നു...

ചില സിനിമകൾ നമ്മൾ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുമെങ്കിലും അവയ്ക്ക്‌ ചിലപ്പോൾ അർഹിച്ച അംഗീകാരം കിട്ടാതെ പോകും. അത്തരത്തിലൊന്നായിരുന്നു ദേവദൂതൻ. രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോൾ ആദ്യം തമിഴ് നടൻ മാധവനെയായിരുന്നു ഞങ്ങൾ നായകനാക്കി നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിനിടയിൽ മാധവന്റെ ഒരു സിനിമ വലിയ ഹിറ്റായതോടെ ഡേറ്റ് പ്രശ്നമായി. പാട്ടുകളൊക്കെ ആദ്യംതന്നെ ഞങ്ങൾ കമ്പോസ് ചെയ്തിരുന്നു. മാധവനല്ലെങ്കിൽ ഇനി ആര് നായകനാകും എന്ന ആലോചനകൾ നടക്കുന്നതിനിടെയാണ് ഒരുദിവസം കേരളത്തിൽ ബന്ദ് വരുന്നത്. ഞാൻ വീട്ടിലിരിക്കുകയായിരുന്നു അന്ന്. അപ്പോൾ എന്നെ മോഹൻലാൽ വിളിച്ച്‌ ബന്ദ് കാരണം ഷൂട്ടിങ് മുടങ്ങിയതിനാൽ അടുത്തൊരു ഹോട്ടലിലുണ്ടെന്ന് പറഞ്ഞു. നിങ്ങൾ ഹോട്ടലിലേക്ക് വരൂ നമുക്ക് കുറച്ച് സംസാരിച്ചിരിക്കാം എന്ന് ലാൽ പറഞ്ഞപ്പോൾത്തന്നെ ഞാൻ കാറുമെടുത്ത് ഇറങ്ങി. സംസാരത്തിനിടെ ദേവദൂതന്റെ കഥ ലാലിനോട് പറഞ്ഞു. ‘ആരാണ് നായകൻ’ എന്ന് ലാൽ ചോദിച്ചു. തീരുമാനമായിട്ടില്ലെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ എന്നാൽ ഞാൻ ചെയ്യാം എന്ന് ലാൽ പറഞ്ഞു. പിന്നെ ഞങ്ങൾക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ജയപ്രദയെയും മറ്റൊരു കേന്ദ്രകഥാപാത്രമാക്കി എത്തിച്ചു. അങ്ങനെയാണ് ദേവദൂതൻ തുടങ്ങുന്നത്. ഊട്ടിയിൽവെച്ചായിരുന്നു ഷൂട്ട്. ഒരുപാട് പ്രതിസന്ധികൾ ഷൂട്ടിനിടയിലുണ്ടായി. ഇടയ്ക്ക് വലിയ മഴ പെയ്ത് സെറ്റ് തകരുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിയൊക്കെ വന്നു. പക്ഷേ, നല്ല രീതിയിൽത്തന്നെ സിനിമ പൂർത്തിയാക്കാൻ സാധിച്ചു. ഇന്നും നിർമിച്ച സിനിമകളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ദേവദൂതൻ. അത് ഒരിക്കലും നഷ്ടങ്ങളോ ലാഭങ്ങളോ നോക്കിയിട്ടല്ല. പകരം ഇന്നും കൂടുതൽ ആളുകൾ ആ സിനിമയുടെ മികവിനെപ്പറ്റി സംസാരിക്കുന്നു എന്നതുകൊണ്ടാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് കോക്കേഴ്സ് നിർമിച്ച സന്മനസ്സുള്ളവർക്ക് സമാധാനം മലയാള സിനിമാ ഇൻഡസ്ട്രിയിൽത്തന്നെ ഏറെ ചർച്ചയായ വിജയമാണ്. ആ സിനിമയുടെ ഓർമകൾ പങ്കുവെക്കാമോ?

സന്മനസ്സുള്ളവർക്ക് സമാധാനം, രേവതിക്കൊരു പാവക്കുട്ടി, മഴവിൽക്കാവടി, പട്ടണപ്രവേശം, കനൽക്കാറ്റ് തുടങ്ങി സത്യൻ അന്തിക്കാടുമായി ഒന്നിച്ച സിനിമകളെല്ലാം ഞങ്ങളുടെ ഏറ്റവും മികച്ച സിനിമകൾതന്നെയായിരുന്നു. എല്ലാ സിനിമകൾക്കു പിന്നിലും രസകരമായ ഒരുപാട് കഥകളുണ്ട്. രേവതിക്കൊരു പാവക്കുട്ടിയുടെ വിജയത്തിന് ഞങ്ങൾ ചെയ്ത പടമായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം. ശ്രീനിവാസനായിരുന്നു തിരക്കഥ. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു സിനിമയുടെ ചർച്ചകളും എഴുത്തും നടന്നത്. അവിടെ താമസിച്ച് ശ്രീനിയും സത്യനും കുറെ കഥകൾ ആലോചിച്ചെങ്കിലും ഒന്നിലും അവർക്ക് പൂർണ തൃപ്തി തോന്നിയില്ല. ആ സമയം പുല്ലേപ്പടിയിൽ കുടുംബസ്വത്തായി ലഭിച്ച അഞ്ചുവീടുകൾ ഉണ്ടായിരുന്നു. അവ ഏറെക്കാലമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ആ സ്ഥലത്ത് പുതിയൊരു ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു അന്ന് ഞാൻ.

എന്നാൽ, വാടകക്കാർ ഒഴിയാൻ തയ്യാറാകാതിരുന്നതോടെ കോടതിയും കേസുമൊക്കെയായി ആകെ ഗുലുമാലായി. കഥാചർച്ച നടക്കുന്ന നാളുകളിൽ എല്ലാ ദിവസവും രാത്രി ശ്രീനിയും സത്യനും എന്റെ വീട്ടിൽ വന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ഓരോ ദിവസവും ശ്രീനിയെയും സത്യനെയും കാണുമ്പോൾ ഞാൻ വീട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പറയും. ഭക്ഷണശേഷം ഞങ്ങൾ കുറച്ച് സംസാരിച്ച ശേഷം അവർ കാറിൽ മടങ്ങിപ്പോകും. ഇതായിരുന്നു പതിവ്. ഒരുദിവസം രാത്രി തിരിച്ചുപോകുമ്പോൾ ‘‘ഇന്ന് കാർ വേണ്ട, ഞങ്ങൾക്ക് കുറച്ചധികം സംസാരിക്കാനുണ്ട്. അതുകൊണ്ട് ബി.ടി.എച്ച് വരെ നടക്കാം’’ എന്ന് സത്യൻ പറഞ്ഞു. അങ്ങനെ അവർ അന്ന് നടന്നാണ് ഹോട്ടലിലേക്കു പോയത്. പിറ്റേന്ന് രാവിലെ സത്യൻ അന്തിക്കാട് എന്നെ വിളിച്ചു. ‘‘ഞങ്ങൾ ഒരു കഥയിൽ ലാൻഡ് ചെയ്തിട്ടുണ്ട്, താൻ ഒന്ന് ഇങ്ങോട്ട് വാ’’ എന്ന് പറഞ്ഞു. പോയി കഥ കേട്ടപ്പോൾ എനിക്ക് വളരെ കൗതുകംതോന്നി. വീട് ഒഴിപ്പിക്കാനെത്തുന്ന ഗോപാലകൃഷ്ണപ്പണിക്കരുടെ രസകരമായ കഥ. ‘സന്മനസുള്ളവർക്ക് സമാധാനം’ എന്ന സിനിമയുടെ പിറവി അവിടെയായിരുന്നു. വളരെ രസകരമായിത്തന്നെ ശ്രീനി ആ തിരക്കഥ എഴുതി.

സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...’ എന്ന ഗാനരംഗത്തിൽ ശ്രീനിതന്നെ അഭിനയിക്കണം എന്ന് സത്യന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ ശ്രീനിയോട് അത് പറയാനുള്ള ധൈര്യം സത്യനുണ്ടായിരുന്നില്ല. അവസാനം ഞാനും സത്യനും ഒന്നിച്ച് സംഭവം ശ്രീനിയോട് പറഞ്ഞു. ആദ്യ കേൾവിയിൽതന്നെ ശ്രീനി ദേഷ്യപ്പെട്ടു. ‘‘ഞാൻ സിനിമയിൽ പ്രണയഗാനം പാടി അഭിനയിക്കണം എന്നോ..? നടക്കില്ല.’’ ശ്രീനി തറപ്പിച്ച് പറഞ്ഞു. ഞങ്ങൾ ഒരുപാട് നിർബന്ധിച്ചപ്പോൾ ശ്രമിച്ച് നോക്കാം എന്നായി ശ്രീനി. കൊച്ചി സുഭാഷ് പാർക്കിലായിരുന്നു ഗാനചിത്രീകരണം. ഓരോ രംഗം കഴിയുമ്പോഴും ശ്രീനിയുടെ മുഖംമാറും, എന്നിട്ട് ഇങ്ങനെ പറയും. ‘‘ഇത് ഇവിടെവെച്ച് നിർത്താം, ഈ പാട്ട് നമുക്ക് പടത്തിൽ വേണ്ട.’’ എന്നാൽ, വളരെ ഗംഭീരമായിത്തന്നെ ആ പാട്ട് പുറത്തുവന്നു. ഇരുപത് ദിവസംകൊണ്ട് ഷൂട്ടിങ് തീർത്ത ചിത്രമാണ് സന്മനസുള്ളവർക്ക് സമാധാനം. ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നാറുണ്ട്. ഇരുപതാംദിവസം ഷൂട്ട് തീർന്ന പടം 45-ാംദിവസം റിലീസ് ചെയ്യുകയും സൂപ്പർഹിറ്റാകുകയും ചെയ്തു. ആ ഒരു വിജയം വലിയ ചർച്ചയായി.

Content Highlights: producer siyad koker talking about his movies, summer in bethlehem, kuri

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented