എം. രഞ്ജിത് | ഫോട്ടോ: www.facebook.com/manthramadom.renjith
മുമ്പെങ്ങും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മലയാളസിനിമ. തിയേറ്ററിലെത്തുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിയേറ്ററുടമകളേയും നിര്‍മാതാക്കളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. സിനിമ തിയേറ്ററിലെത്തിച്ചാലും ഷോ മുടങ്ങാതിരിക്കാന്‍ വീണ്ടും സ്വന്തം കയ്യില്‍ നിന്ന് പണംമുടക്കേണ്ട അവസ്ഥയാണ് നിര്‍മാതാക്കള്‍ക്കെന്ന് പറയുകയാണ് നിര്‍മാതാവ് എം, രഞ്ജിത്. എല്ലാ പ്രശ്‌നവുംകൂടി ഒരുമിച്ച് വന്ന് ക്ഷമ കെട്ടിട്ടാണ് പരസ്യമായി ശബ്ദമുയര്‍ത്തിയത്. സിനിമ പരാജയപ്പെട്ട ഒരു നിര്‍മാതാവിനെ പിന്നീട് കണ്ടാല്‍ മുഖം തിരിക്കുന്ന താരങ്ങളുണ്ട് മലയാളസിനിമയിലെന്നും രഞ്ജിത് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. എം. രഞ്ജിത്തിന്റെ വാക്കുകളിലേക്ക്.
തിയേറ്ററില്‍ ഷോ നടത്താന്‍ നിര്‍മാതാക്കള്‍ കയ്യില്‍ നിന്ന് പണം മുടക്കുന്നു
ഭീകരമായൊരു പ്രതിസന്ധിയിലാണ് മലയാളസിനിമ ഉള്ളത്. ഒരു ഭാഗത്ത് ഭീമമായ പ്രൊഡക്ഷന്‍ കോസ്റ്റ് ബുദ്ധിമുട്ടിക്കുന്നു. മറുഭാഗത്ത് തിയേറ്ററുകളിലേക്ക് പഴയപോലെ ആളുകളുടെ പ്രവാഹം ഇല്ല എന്നത്. ഒന്നോ രണ്ടോ സിനിമകള്‍ക്ക് നല്ല പ്രതികരണം കിട്ടുന്നുണ്ട്. അത് അത്രയും ഗംഭീരമായ സിനിമകള്‍ക്ക് മാത്രം. ഷോകള്‍ നടക്കുന്നേയില്ല. ഏഴോ പതിനഞ്ചോ പേരൊക്കെ ഉണ്ടെങ്കിലേ പ്രദര്‍ശനമുണ്ടാവൂ. ഇതുമനസിലാക്കി തിയേറ്ററുകളില്‍ ഷോ നടക്കാന്‍ വേണ്ടി നിര്‍മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി ആപ്പുകള്‍ വഴി ബുക്ക് ചെയ്യുകയാണ്. ഇതൊരു അഭിമാന പ്രശ്‌നമായി മാറുകയാണ്. നിര്‍മിച്ചതും പരസ്യം ചെയ്തതും പോരാഞ്ഞിട്ടാണ് അവരെല്ലാം ഇതും ചെയ്യുന്നത്.

എല്ലാ പ്രശ്‌നവും ഒരുമിച്ചുവന്നു, ക്ഷമകെട്ടു
ചില തിയേറ്ററുകാര്‍ നിവൃത്തിയില്ലാതെ ആരെങ്കിലും വന്നാലോ എന്നുകരുതി സിനിമയിടും. പതിനഞ്ച് മിനിറ്റിന് ശേഷം ഷോ നിര്‍ത്തും. ഇതെല്ലാം നിര്‍മാതാവോ വിതരണക്കാരനോ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്. ഇവിടെ രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത ഒരു സിനിമയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പരസ്യത്തിന് നല്‍കിയത്. ഒരുപാട് സിനിമാ നിര്‍മാതാക്കളുടെ കഷ്ടപ്പാടാണ് ഇതെല്ലാം. എല്ലാവരുടേയും കൃത്യമായ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ഓരോന്നും പറയുന്നത്. പണ്ടൊക്കെ താരങ്ങളെന്നാല്‍ ജനകീയരായിരുന്നു. ഇപ്പോഴുള്ളവര്‍ ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതുപോലെ തോന്നുന്നു. കളക്ഷന്റെ കാര്യം പോലും അവര്‍ മനസിലാക്കുന്നില്ല. എനിക്ക് ഇത്രരൂപ കളക്ഷന്‍ നേടിയെടുക്കാനായില്ല എന്നവര്‍ മനസിലാക്കുന്നില്ല. സമയത്ത് ലൊക്കേഷനില്‍ ആരും വരുന്നില്ല, സമയത്ത് ഷൂട്ടിങ് നടക്കുന്നില്ല തുടങ്ങി എല്ലാ പ്രശ്‌നവും ഒരുമിച്ചുവന്ന് ക്ഷമകെട്ടിട്ടാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ പ്രതികരിക്കുന്നത്. നമുക്ക് ആരോടും വ്യക്തിപരമായ വിരോധം വെച്ചിട്ടല്ല ഇതൊന്നും പറയുന്നത്.
സിനിമയെ ഒരു വ്യവസായമായി സര്‍ക്കാര്‍ ഇന്നും അംഗീകരിച്ചിട്ടില്ല
ഒരു ഇന്‍ഡസ്ട്രി എന്നത് എന്നും നിലനില്‍ക്കണം. സിനിമയെ ഒരു വ്യവസായമായി സര്‍ക്കാര്‍ ഇന്നും അംഗീകരിച്ചിട്ടില്ല. ഒരു വ്യവസായമായി അംഗീകരിച്ചിരുന്നെങ്കില്‍ അതിനുള്ള ആനുകൂല്യങ്ങള്‍ കിട്ടിയേനേ. അതുമില്ല. ഒരു ബാങ്കില്‍ പോയാല്‍ ലോണ്‍ പോലും കിട്ടില്ല. സിനിമ പഠിപ്പിക്കുന്ന സ്ഥാപനം ഒരാള്‍ക്ക് തുടങ്ങണമെങ്കില്‍ വ്യവസായമായി അംഗീകരിക്കപ്പെടാത്തതിനാല്‍ അവിടെയും നിരാശയാകും ഫലം. നല്ല പിക്ചര്‍ - സൗണ്ട് ക്വാളിറ്റിയില്‍ സിനിമ കാണിക്കാനുള്ള ശ്രമം തിയേറ്ററുകാരുടെ ഭാഗത്തുനിന്നുമുണ്ട്. പണ്ടത്തെ അവസ്ഥയല്ല ഇപ്പോള്‍. അങ്ങനെയുള്ള അവര്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഷ്ടപ്പെടുകയാണ്. അവര്‍ക്കൊന്നും വരുമാനമില്ല.
കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഓ.ടി.ടിക്കാര്‍ പടം വാങ്ങുന്നുള്ളൂ
രോമാഞ്ചം എന്ന സിനിമ കിട്ടിയില്ലായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ നാലുമാസമായി തിയേറ്ററുകാര്‍ എന്ത് ചെയ്യുമായിരുന്നു? 73 നിര്‍മാതാക്കളില്‍ രോമാഞ്ചം മാറ്റി നിര്‍ത്തിയാല്‍ ബാക്കി 72 പേരുടെ അവസ്ഥയെന്താണ്? അതും പരിതാപകരമാണ്. ഇവരെല്ലാം ബുദ്ധിമുട്ടുമ്പോള്‍ കോടിക്കണക്കായ രൂപ എങ്ങോട്ടാണ് പോകുന്നത്? എന്തായാലും ബാറ്റാ വാങ്ങുന്ന തൊഴിലാളികള്‍ക്കല്ല. അവര്‍ക്ക് കിട്ടുന്നത് ജോലിയെടുത്ത് അന്നന്നുള്ള കൂലി മാത്രമാണ്. കാശിന്റെ ക്രയവിക്രയമെല്ലാം നടക്കുന്നുണ്ട്. വരുമാനമില്ല എന്ന തിരിച്ചറിവാണ് വേണ്ടത്. ഒരു കാലഘട്ടത്തില്‍ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ 30-ഉം 32-ഉം കോടിക്ക് സിനിമ വാങ്ങുമായിരുന്നു. ഇത് ശാശ്വതമാണെന്നുവിചാരിച്ച് സിനിമ തുടങ്ങി അബദ്ധംപറ്റിയ നിര്‍മാതാക്കളുണ്ട്. ഇപ്പോള്‍ ഇതൊന്നുമല്ല സാഹചര്യം. തുച്ഛമായ കാശിനും കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം ഓ.ടി.ടിക്കാര്‍ പടം വാങ്ങുന്ന അവസ്ഥയാണ്. ഒരു സിനിമയിറങ്ങി നല്ല അഭിപ്രായം സ്വന്തമാക്കിയതിന് ശേഷം മാത്രം തങ്ങളുടെ പ്ലാറ്റ്‌ഫോമിലിട്ടാല്‍ മതിയെന്ന ചിന്ത അവര്‍ക്കും വന്നു.
കണ്ടേതീരൂ എന്ന് തോന്നിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറവാണ്
ഏത് ഭാഷാചിത്രവും കാണുന്ന സ്ഥലമാണ് കേരളം. ഏത് ഭാഷയിലുള്ള ചിത്രമായാലും നാല് ഭാഷകളില്‍ ഡബ്ബ് ചെയ്താണ് ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ കിടക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കാണണമെന്ന് വിചാരിക്കുന്നവര്‍ക്കായുള്ള കണ്ടന്റ് ലഭ്യമാണ്. തിയേറ്ററില്‍ നിന്ന് പെട്ടന്ന് തന്നെ പടം ഇതിലേക്ക് വരുമെന്ന് അവര്‍ക്കറിയാം. ഈ രണ്ട് കാരണങ്ങള്‍കൊണ്ടാണ് തിയേറ്ററിലേക്ക് ആളുവരാത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. നമ്മളെ അത്രമാത്രം ആകര്‍ഷിക്കുന്ന, കണ്ടേതീരൂ എന്ന് തോന്നിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറവാണ്. പ്രേക്ഷകന്റെ അഭിരുചി മാറുന്നതിനനുസരിച്ച് നമ്മുടെ സിനിമകളുടെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുന്നില്ല. ഇത് രണ്ടിനും ഇടയില്‍ക്കിടന്നാണ് കഷ്ടപ്പെടുന്നത്. തിയേറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ വരുമ്പോള്‍ നല്ലതാണെങ്കില്‍ ആളുവരും. ഇന്നത്തെ കാലത്ത് സിനിമ നല്ലത് എന്ന് ഒരാള്‍ പറയുമ്പോള്‍ പോലും വിശ്വസിക്കാത്ത അവസ്ഥയുണ്ട്. പക്ഷേ നാലുപേരാണ് കൊള്ളാമെന്ന് പറയുന്നതെങ്കില്‍ ആ സിനിമ കളിക്കും. എന്റെ സുഹൃത്തുക്കളായ നാലുപേര്‍ ഗംഭീരമെന്ന് അഭിപ്രായം പറഞ്ഞാല്‍ ഞാനും കാണും എന്നതിലേക്ക് കാര്യങ്ങള്‍ മാറി. എത്രമാത്രം ഓണ്‍ലൈനില്‍ പബ്ലിസിറ്റി കൊടുത്താലും പത്രപരസ്യം കൊടുത്താലും ആ സിനിമകളുടെ കളക്ഷന്‍ ഒരിക്കല്‍പ്പോലും ഉയരുന്നില്ല. പണ്ട് അങ്ങനെയായിരുന്നില്ല.
കിടപ്പാടം പോലും പണയംവെച്ചാണ് നിര്‍മാതാക്കള്‍ സിനിമയെടുക്കുന്നത്
തിയേറ്ററുകളുടെ എണ്ണം ഇപ്പോള്‍ കൂടുതലായതുകൊണ്ട് ആളുകളെ ഒരിടത്ത് മാത്രം നിര്‍ത്താനും പറ്റുന്നില്ല. നല്ല സിനിമകള്‍ വന്ന് കളക്ഷനുണ്ടാക്കുന്നുണ്ട്. പക്ഷേ നേരത്തേ പറഞ്ഞ രണ്ട് കാരണങ്ങള്‍ കൊണ്ട് ഒന്നും ബാലന്‍സ് ആയി പോകുന്നില്ല. ഒന്നുകില്‍ കുറച്ചുനാളത്തേക്ക് ഗംഭീരമായ സിനിമകള്‍ മാത്രം വരണം. മലയാളത്തില്‍അങ്ങനെ സംഭവിക്കുമോ എന്ന് ചോദ്യമുയര്‍ന്നേക്കാം. നമുക്ക് അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാക്കണം, അതിന് നല്ല പ്രൊഡക്ഷന്‍ ഹൗസുകള്‍ വരണം. പക്ഷേ പ്രൊഡക്ഷന്‍ ഹൗസുകളുടെ സിനിമയ്ക്ക് താരങ്ങളാരും ഡേറ്റൊന്നും തരുന്നില്ല. കാരണം പുതിയ ആളുകളോടാണവര്‍ക്ക് താത്പര്യം. അതല്ലാ എങ്കില്‍ വലിയ താരങ്ങള്‍ അവരുടെ സ്വന്തം പ്രൊഡക്ഷന്‍ നടത്തും. അവരേയും കുറ്റംപറയാന്‍ പറ്റില്ല. സ്വന്തം പേരില്‍ മോശം സിനിമയുണ്ടാക്കരുതെന്ന് നിര്‍ബന്ധമുള്ള ബാനറുകളുണ്ടായിരുന്നു പണ്ട്. അങ്ങനെയുള്ളവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇപ്പോള്‍ സിനിമ ചെയ്യുന്നുള്ളൂ. അല്ലാത്തവരൊക്കെ ഈ മേഖലയിലേക്ക് വന്നുപോവുകയാണ്. ഭൂരിഭാഗം കേസുകളും ഇങ്ങനെയാണ്. ഇവരുടെ പട്ടികയെടുത്താല്‍ പലരും അടുത്ത് ഒരു സിനിമ പോലും എടുക്കുന്നില്ല. അങ്ങനെ ഒരവസ്ഥയിലേക്ക് അവര്‍ എത്തുകയായിരുന്നു. ഇതിനൊരു മാറ്റം വേണമെന്ന് നമുക്ക് പറയാം, പറഞ്ഞേപറ്റൂ. കാരണം നമ്മള്‍ കാണുമ്പോള്‍ കേള്‍ക്കുന്നത് കഷ്ടപ്പാടിന്റെ കഥകളാണ്. ഇതവരുടെ ജീവിതകാലം മുഴുവനുമുള്ള കഷ്ടപ്പാടിന്റെ കഥയാണ്. പണ്ടൊക്കെ തുച്ഛമായ സംഖ്യകൊണ്ട് സിനിമയെടുത്തവര്‍ ഇന്ന് ആ സ്ഥാനത്ത് മുടക്കുന്നത് കോടികളാണ്. വീടും സ്ഥലവമെല്ലാം പണയപ്പെടുത്തിയാണ് പല നിര്‍മാതാക്കളും ഇന്നീ ജോലിക്കിറങ്ങുന്നത്.
നന്നായി ഓടും എന്നൊക്കെ കരുതുമ്പോഴാണ് തിയേറ്ററില്‍ ഷോ മുടങ്ങുന്നത്
പൈസയില്ലാഞ്ഞിട്ടാണ് ഇവരെല്ലാം ഒരുപടം ചെയ്ത് പിന്നെ ഒന്നും ചെയ്യാത്തതിന് കാരണം. ഒരെണ്ണം കഴിയുമ്പോഴേക്കും അത്രയ്ക്കും മോശമായ അവസ്ഥയിലേക്ക് മാറും. ഒന്നരക്കോടി മുതല്‍മുടക്കില്‍ തീര്‍ക്കാമെന്നായിരിക്കും നിര്‍മാതാവിനോട് ആദ്യം പറയുക. അതനുസരിച്ച് അത്രയും തുക കടമില്ലാതെ പടം ചെയ്യാന്‍ അവരുടെ കയ്യിലുണ്ടാവും. ഷൂട്ടിങ് തുടങ്ങി പകുതിയാവുമ്പോഴാവും മുതല്‍മുടക്ക് മൂന്നുകോടിയായി ഉയരുക. ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ പലരോടും കടംവാങ്ങും. മാനസികമായി നല്ല സമ്മര്‍ദ്ദമുണ്ടാവും. അതോടെ ഓട്ടം തുടങ്ങുകയായി. അങ്ങനെയാണ് തിയേറ്റര്‍ കളക്ഷനിലേക്കും ഓ.ടി.ടി റൈറ്റ്‌സിലേക്കുമൊക്കെ അവര്‍ ഉറ്റുനോക്കുന്നത്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് കിട്ടാവുന്നിടത്തുനിന്നെല്ലാം പണം കടം വാങ്ങി പിന്നീടിത് കുറേക്കാലം വില്‍ക്കാനായി കൊണ്ടുനടക്കും. അപ്പോഴാണവര്‍ക്ക് തിരിച്ചറിവുണ്ടാവുക ഇവിടെ അതൊന്നും വാങ്ങാന്‍ ആളില്ലെന്ന്. അങ്ങനെയാണ് തിയേറ്ററില്‍ പടമിറക്കാമെന്ന് ചിന്തിക്കുക. നന്നായി ഓടും എന്നൊക്കെ കരുതുമ്പോഴാണ് തിയേറ്ററില്‍ ഷോയില്ലാതെവരുന്നത്. അതോടുകൂടി ആ നിര്‍മാതാവിന്റെ ജീവിതം പോവും. ഇവിടെ ഇറങ്ങുന്ന 85 ശതമാനം സിനിമകള്‍ക്കും സംഭവിക്കുന്നത് ഇതാണ്. അതില്‍ സങ്കടമുള്ള കാര്യം, ഈ പറയുന്ന എല്ലാ നിര്‍മാതാക്കളും പുതിയ പടവുമായി വരുമ്പോള്‍ ഞങ്ങള്‍ ചോദിക്കാറുണ്ട് അവര്‍ കണ്ടെത്തിയ ആളുകളെ വെച്ച് പടം മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുമോ എന്ന്. നിങ്ങള്‍ പറയുന്ന കാശില്‍ ആ പടം തീരില്ല എന്നും പറഞ്ഞുകൊടുക്കാറുണ്ട്. പക്ഷേ നടക്കും എന്ന് അവര്‍ തര്‍ക്കിക്കാറാണ് പതിവ്. എത്രയോ പേരുടെ കദനകഥകള്‍ ഞങ്ങള്‍ ഓഫീസിലിരുന്ന് കേള്‍ക്കുന്നുണ്ട്.
കുഴപ്പക്കാരല്ലാത്ത, സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ ആളുകള്‍ ഇവിടെയുണ്ട്
താരങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടിലാവുന്ന നിര്‍മാതാക്കളുണ്ട്. പക്ഷേ താരങ്ങളായ എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. വളരെ ചെറിയ ശതമാനം ആളുകളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. നല്ലവരായ ആളുകളുടെ എണ്ണം കൂടുതലാണ്. അത് പ്രത്യേകം പറയുകയതന്നെ വേണം. അവര്‍ക്ക് സിനിമയുണ്ടോ ഇല്ലയോ എന്നത് വിടാം. എന്റെ വ്യക്തിപരമായ അനുഭവംവെച്ച് എന്നോട് സഹകരിച്ചിട്ടുള്ള താരങ്ങള്‍ വളരെ കൂടുതലാണ്. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഏല്പിച്ചിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നയാളെ നിര്‍മാതാവ് വളരെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണം. ഇയാളുടെ കഴിവ് എത്രമാത്രമാണെന്ന് ആദ്യം കണ്ടെത്തണം. കൂടാതെ താരങ്ങള്‍ കുഴപ്പക്കാരാണോ എന്ന് അന്വേഷിക്കണം. പകരക്കാരില്ലാത്ത താരങ്ങളില്ല. അടുത്ത കാലത്ത് ഹിറ്റായ പടങ്ങളില്‍ ജയ ജയ ജയ ജയ ഹേയിലും രോമാഞ്ചത്തിലും ന്നാ താന്‍ കേസ് കൊട് ലും എല്ലാം നമുക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ അഭിനയിച്ചിട്ടുണ്ടല്ലോ. അതെല്ലാം തിയേറ്ററില്‍ ഓടിയല്ലോ. കുഴപ്പക്കാരല്ലാത്ത, സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ ആളുകള്‍ ഇവിടെയുണ്ട്. അവരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യാം. കുഴപ്പക്കാരല്ലാത്തവരെയും കുഴപ്പക്കാരെയും പ്രീ പ്രൊഡക്ഷനില്‍ കണ്ടുപിടിക്കാം. നിര്‍മാതാവിന്റെയും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഇടയില്‍ നില്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കൃത്യമായറിയാം. അവര്‍ എത്രയോ അനുഭവസമ്പത്തുള്ളവരായിരിക്കും. ഷിബു ജി സുശീലനേ പോലുള്ളവര്‍ ഈ വിഷയത്തില്‍ വളരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
120 ദിവസമേ എടുത്തുള്ളൂ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗവും ഷൂട്ട് ചെയ്യാന്‍
ഈ പറയുന്നതിനിടയിലും നമുക്കുണ്ടാവുന്ന പ്രശ്‌നം എന്നുപറയുന്നത് ആളുകള്‍ സമയത്ത് വരിക, സമയത്ത് ഷൂട്ട് ചെയ്യുക എന്നുള്ളതാണ്. സമയത്തിനൊക്കെ അത്രയേറെ പ്രാധാന്യമുണ്ട്. പണ്ടൊക്കെ നമ്മുടെ ഒരു കൂട്ടായ്മയില്‍ 40 ദിവസമൊക്കെയെടുത്ത് ഉണ്ടാക്കുന്ന സിനിമകളായിരുന്നു. ഇന്ന് എന്നാണ് സിനിമ തീരുക എന്ന് ചോദിച്ചാല്‍ അറിയാത്ത അവസ്ഥയാണ്. മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയെടുത്തു. രണ്ട് ഭാഗങ്ങളാണ്. 120 ദിവസം മാത്രമെടുത്താണ് ആ സിനിമ മൊത്തം ചിത്രീകരിച്ചത്. എത്രമാത്രം വിഷ്വല്‍ എഫക്‌റ്റോടെയാണ് ആ സിനിമ ചെയ്തതെന്ന് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ? നമുക്കും അതിവിടെ പറ്റും. അങ്ങനെ നടത്തിയിട്ടുമുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. നടക്കാതെ പോവുമ്പോഴാണ് നിര്‍മാതാക്കള്‍ വിഷമത്തോടെ ഓരോ കാര്യങ്ങള്‍ പറയുന്നത്. ഇതിനൊക്കെ കടിഞ്ഞാണിടുക എന്നുപറയുന്നതില്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പങ്കുണ്ട്. ഞങ്ങള്‍ക്കൊപ്പം അമ്മ സംഘടനയും ഫെഫ്കയും സഹകരിക്കാന്‍ തയ്യാറാണ്. കാരണം ഇതെല്ലാം അവര്‍ കണ്മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നിലനില്‍പിന്റെ ഭാഗമാണ്. അതുകൊണ്ടാണ് സിനിമയില്‍ ശുദ്ധീകരണം വേണമെന്ന് പറയുന്നത്.
സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലം തിരിച്ചുതന്ന താരങ്ങളുണ്ട്
എന്റെ അനുഭവത്തിലുള്ള ഒരുകാര്യം പറയാം. 1992-ല്‍ പൊന്നാരംതോട്ടത്തെ രാജാവ് എന്ന സിനിമ നിര്‍മിച്ച് പരാജയപ്പെട്ടയാളാണ് ഞാന്‍. അന്ന് അതിലഭിനയിച്ച പ്രധാനതാരങ്ങള്‍, സുരേഷ് ഗോപിയേട്ടന്‍ മുതല്‍ ജഗദീഷേട്ടനും ഉര്‍വശി ചേച്ചിയും പോലുള്ള ആളുകള്‍ എനിക്ക് പൈസ തിരിച്ചുതന്നിട്ടുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമല്ല അത്. സിനിമയോടുള്ള സ്‌നേഹം കൊണ്ടാണത്. ഞാന്‍ നിലനില്‍ക്കണമെന്ന് അവരും ആഗ്രഹിച്ചിരുന്നു. ശങ്കരാടിച്ചേട്ടനില്‍നിന്നും ഇതുപോലൊരു അനുഭവമുണ്ടായി. അന്നത്തെ സീനിയര്‍ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഒരു ദിവസം എന്റെ ഓഫീസില്‍ വന്ന ശങ്കരാടിച്ചേട്ടന്‍ കുശലാന്വേഷണമൊക്കെ കഴിഞ്ഞുപോകുമ്പോള്‍ ഒരു പൊതി എന്റെ മേശപ്പുറത്തുവെച്ചു. എന്താണെന്ന് ചോദിച്ചു. അന്ന് പുള്ളി 35,000 രൂപ പ്രതിഫലം വാങ്ങുന്നുണ്ട്. അതില്‍ 20,000 രൂപ തിരിച്ചുതരാന്‍ വന്നതാണ്. ആ കാശിന് എന്തുമാത്രം വിലയുണ്ടായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ആളുകള്‍ ജീവിച്ചിരുന്ന ഇടമാണ്. ഇപ്പോഴുമുണ്ട് ഇതുപോലുള്ളവര്‍. പുതിയ തലമുറയില്‍ ഒരുപാടുപേരുണ്ട് ഇങ്ങനെ. പൃഥ്വിരാജ് എന്ന ഒരു നടനുണ്ട് മലയാളത്തില്‍. ഞാന്‍ പൃഥ്വിയെ വെച്ച് മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. ഭയങ്കര സഹകരണമാണ് സിനിമയോട്. നിര്‍മാതാക്കളുമായി ഇത്രയും ആത്മാര്‍ത്ഥത കാണിക്കുന്ന വേറൊരു പുതതലമുറ താരമില്ല. എങ്കിലും ഒരു നിര്‍മാതാവിനെ പിന്നീടൊരു ലൊക്കേഷനില്‍വെച്ചുകണ്ടാല്‍ പരിചയം പോലും കാണിക്കാതെ ചിലര്‍ പെരുമാറുമ്പോഴാണ് സങ്കടം വരുന്നത്. ഇവര്‍ പൊളിഞ്ഞ് തരിപ്പണമായി നില്‍ക്കുമ്പോള്‍ കണ്ട മുഖഭാവം കാണിക്കാതെ കാരവാനില്‍ പോയിരിക്കുന്ന താരങ്ങളേക്കുറിച്ച് കരഞ്ഞുപറഞ്ഞ നിര്‍മാതാക്കളുണ്ട്. സ്‌നേഹം എന്നത് നഷ്ടപ്പെട്ടു. സിനിമയെ ബിസിനസായി മാത്രം കാണുന്നവര്‍ ഇവിടെയുണ്ടെന്ന് സംശയമുണ്ട്.
Content Highlights: producer m ranjith about issues in malayalam movie, malayalam producers problems
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..