-
വര്‍ഷങ്ങളായുള്ള എന്റെ സ്വപ്നവും രണ്ടുവര്‍ഷത്തെ അധ്വാനവുമായ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള സിനിമ റിലീസ് മാറ്റിവെച്ച് പെട്ടിയിലിരിക്കുന്നു; മുംബൈയിലെയും ഊട്ടിയിലെയും ചിത്രീകരണം കഴിഞ്ഞ് അടുത്ത ഷെഡ്യൂളിലേക്ക് നീങ്ങിയ 'ഹംഗാമ-2' എന്ന സിനിമയുടെ ചിത്രീകരണവും മാറ്റിവെച്ചു. ചെന്നൈയിലെ എന്റെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോ അടച്ചു; ജോലിക്കാരെല്ലാം വീട്ടിലേക്കുപോയി; റോഡുകള്‍ ശൂന്യമായി, സുഹൃത്തുക്കള്‍ തേടിവരാതായി. കൊറോണ എല്ലാറ്റിനെയും കീഴടക്കി. വീട്ടില്‍ എന്നെ തനിച്ചാക്കി.
തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ ഓര്‍മകളാണ്. ജീവിതത്തിന്റെ ഏതൊക്കെയോ ദൂരങ്ങളില്‍നിന്ന് അവ നമ്മെ തേടിവരുന്നു. ചിലത് ആനന്ദിപ്പിക്കുന്നു, മറ്റുചിലത് വേദനിപ്പിക്കുന്നു. ഇനിയും ചിലതുണ്ട്, നേരിയ ചമ്മലോടെ മാത്രം ഓര്‍ക്കാന്‍ സാധിക്കുന്നത്. ഇവിടെ എഴുതാന്‍ പോകുന്നത് അത്തരത്തിലുള്ള ഒന്നാണ്.
ഈ ഓര്‍മയുടെ ആദ്യരംഗത്ത് കഴുത്തില്‍ ഒരു ക്യാമറയും തൂക്കി ഒരാള്‍ വരുന്നു-ഊട്ടിപ്പട്ടണം സ്വന്തമാക്കാന്‍വന്ന നിശ്ചല്‍. 'കിലുക്കം' എന്ന ചിത്രത്തിലെ ആ കഥാപാത്രത്തെ നിങ്ങളും ഓര്‍ക്കുന്നുണ്ടാവും. അതെഴുതിത്തുടങ്ങുന്ന സമയത്ത്, കഥാപാത്രത്തിന് എന്തുപേരുനല്‍കണം എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞാന്‍. വേണുച്ചേട്ടനാണ് (വേണുനാഗവള്ളി) നിശ്ചല്‍ എന്ന പേര് നല്‍കിയത്. നിശ്ചലഛായാഗ്രഹണം ചെയ്യുന്നവന്‍ നിശ്ചല്‍ എന്ന് ന്യായം. എന്റെ ഈ ഓര്‍മയിലെ കേന്ദ്രകഥാപാത്രവും ഒരു നിശ്ചലഛായാഗ്രാഹകന്‍ തന്നെ.
നമ്മള്‍ ആരാധിക്കുന്ന, ഒന്നു കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഓര്‍ക്കാപ്പുറത്ത് മുന്നില്‍വന്നു ചാടുന്ന നേരത്ത് ഉണ്ടാവുന്ന അന്ധാളിപ്പും ആഹ്ലാദവും ഒക്കെ അനുഭവിച്ചാസ്വദിച്ചിട്ടുള്ള ഒരാളാണ് ഞാനും. കോവളം ബീച്ചില്‍ കോളേജ് കാലത്ത് ഇംഗ്ലീഷ് നടന്‍ പോള്‍ ന്യൂമാന്‍ തൊട്ടടുത്ത് വന്നിരുന്നപ്പോള്‍, 1981-ല്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ എന്റെ മുറിയിലേക്ക് അടൂര്‍ഭാസി എന്ന നടന്‍ വഴിതെറ്റി കയറിവന്നപ്പോള്‍; 1988-ല്‍ ഹൂസ്റ്റണിലെ ഹള്‍ വിമാനത്താവളത്തില്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ആല്‍ഡ്രിനോടൊപ്പം ചായ കുടിച്ചപ്പോള്‍, ഐ.പി.എല്‍. മാച്ചിനിടയില്‍, പെട്ടെന്ന് അടുത്തിരിക്കുന്ന ആള്‍, ഇന്ത്യയുടെ സുപ്രസിദ്ധ ബാറ്റ്സ്മാനായിരുന്ന ഫറൂഖ് എന്‍ജിനിയറാണ് എന്നറിഞ്ഞപ്പോള്‍, ദുബായ് മരുഭൂമിയില്‍ 'അറബിയും ഒട്ടകവും പി. മാധവന്‍നായരും' ഷൂട്ടിങ്ങിനിടയിലേക്ക് പെട്ടെന്ന് കാറില്‍നിന്ന് ഇറങ്ങിവന്ന സംവിധായകന്‍ ജെയിംസ് കാമറോണെ കണ്ടപ്പോള്‍, വിമാനത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത സീറ്റില്‍ എക്കാലത്തെയും നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം വന്നിരുന്നപ്പോള്‍... അങ്ങനെ പലപ്പോഴും ഈ ആഹ്ലാദം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പിന്നീട് ഓര്‍ത്തോര്‍ത്ത് സ്വയം മധുരിച്ചിട്ടുണ്ട്. എന്നാല്‍, ഇനി പറയാന്‍പോകുന്ന വ്യക്തി എന്റെമുന്നില്‍ വന്നുപെട്ടത് സ്ഥലകാലസന്ദര്‍ഭങ്ങളെ നെടുകേപ്പിളര്‍ന്നായിരുന്നു.
ലൈറ്റ്സ്, ക്യാമറ, ആക്ഷന്‍...
സ്ഥലം: ബോംബെ ഫിലിം ഡിവിഷന്‍ ഓഫീസ്
വര്‍ഷം: 2004 ഓഗസ്റ്റ്
ദിവസം: ഞായറാഴ്ച
സമയം: രാവിലെ 8.30.
'ഹല്‍ച്ചല്‍' എന്ന എന്റെ ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിങ്വേള. കരീന കപൂര്‍ എന്ന നടിയുടെ വിവാഹരംഗമാണ് ചിത്രീകരിക്കേണ്ടത്. അമരീഷ് പുരി, പരേഷ് റാവല്‍, സുനില്‍ ഷെട്ടി, അക്ഷയ് ഖന്ന തുടങ്ങിയ 20-ഓളം നടീനടന്മാര്‍ അവിടെയുണ്ട്. ഒരു വലിയ കോളേജിലെ ബ്രിട്ടീഷ് മാതൃകയിലുള്ള കെട്ടിടമാണ് ഫിലിംസ് ഡിവിഷന്റേത്. ഞായറാഴ്ചകളില്‍ മാത്രമേ ഷൂട്ടിങ് അനുവദിക്കാറുള്ളൂ. ആര്‍ട്ടിസ്റ്റുകള്‍ അടുത്തുള്ള മുറികളില്‍ മേക്കപ്പ് ചെയ്ത് തയ്യാറാകുകയാണ്. എടുക്കേണ്ട ഷോട്ടുകള്‍ മനസ്സില്‍ കുറിച്ചിട്ട് അവ അന്ന് എന്നോടൊപ്പം സഹസംവിധായകരായി ജോലി ചെയ്ത ടി.കെ. രാജീവ് കുമാറിനോടും ക്യാമറാമാന്‍ ജീവയോടും പറഞ്ഞുകൊടുക്കുകയായിരുന്നു ഞാന്‍. ഇതിനിടെ, അതിഥികളായി അഭിനയിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ നിന്ന് രണ്ടു കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്റെ അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നതും അവരെ സെക്യൂരിറ്റി തടയുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഏകദേശം അഞ്ഞൂറോളംപേര്‍ കല്യാണ അതിഥികളായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ ഏകോപിപ്പിക്കാന്‍ ഇരുപത്തിയഞ്ചിലധികം സെക്യൂരിറ്റിക്കാര്‍ ഉണ്ടായിരുന്നു. പുറത്തുള്ളവര്‍ ഷൂട്ടിങ് കാണാന്‍ വരുന്നത് അനുവദിച്ചിരുന്നില്ല. ആ കുട്ടികള്‍ നല്ല ഭംഗിയുള്ളവരായിരുന്നതിനാല്‍ അവരെ ക്യാമറയ്ക്കുമുന്നില്‍ ഉള്ളവരോടൊപ്പം നിര്‍ത്താന്‍ ഞാന്‍ സംവിധാനസഹായികളോട് പറഞ്ഞു. ഷോട്ടെടുക്കുന്ന നേരത്ത് അവരെ കണ്ടില്ല. ആദ്യ ഷോട്ട് കഴിഞ്ഞ് അടുത്തത് ലൈറ്റ് ചെയ്യുന്നതിനിടയില്‍ പുറത്ത് വരാന്തയില്‍ ഞാന്‍ പോയിരുന്നു. അപ്പോള്‍ അല്പം അകലെ ആ കുട്ടികളെയും അവരോടൊപ്പം കുര്‍ത്തയും ജാക്കറ്റും ഒരു പഴയ തൊപ്പിയും ധരിച്ച് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന രീതിയില്‍ നില്‍ക്കുന്ന ഒരാളെയും ഞാന്‍ ശ്രദ്ധിച്ചു. അയാളുടെ കഴുത്തില്‍ ഒരു ക്യാമറ തൂക്കിയിരുന്നു അതുകണ്ട് രാജീവ് എന്നോട് ചോദിച്ചു: ആളെ അറിയോ? ഇല്ല എന്ന് ഞാനും. എവിടെയോ കണ്ടിട്ടുള്ളതുപോലെ എന്ന് രാജീവ്.

അടുത്ത ഷോട്ട് തുടങ്ങാന്‍ പോകുന്നതിനിടയിലാണ് ഞങ്ങള്‍ ആ ബഹളം കേട്ടത്. ആര്‍ട്ടിസ്റ്റുകളുടെ മുറിയുടെ വശത്തുനിന്നാണ്. അവിടേക്ക് ഓടി എല്ലാവരും; ഒപ്പം ഞാനും. കരീനാ കപൂറും, അമരീഷ് പുരിയും... അങ്ങനെ കുറെപ്പേര്‍ അവിടെയുണ്ട്. അമരീഷ് ജി സിംഹഗര്‍ജനം നടത്തുകയാണ്. നേരത്തേ കണ്ട തൊപ്പിയിട്ട മനുഷ്യനെ മേക്കപ്പ്മാന്‍മാരും ഗാര്‍ഡുകളും പിടിച്ചുനിര്‍ത്തിയിരിക്കുന്നു. കൂടെയുള്ള പെണ്‍കുട്ടികള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നു. അവരെ ആരും ശ്രദ്ധിക്കുന്നില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അയാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റല്ല പുറത്തുനിന്നുവന്ന ആളാണ് എന്ന്. ആര്‍ട്ടിസ്റ്റുകള്‍ ഇരിക്കുന്ന മുറിയിലേക്ക് കൈയിലിരുന്ന ക്യാമറവെച്ച് അയാള്‍ ഫോട്ടോ എടുത്തു. അതാണ് ബഹളകാരണം. ബോഡിഗാര്‍ഡുകള്‍ അയാളുടെ ക്യാമറ പിടിച്ചെടുത്തു. ക്യാമറയില്‍നിന്ന് ഫോട്ടോ ഫിലിം പുറത്തെടുക്കാന്‍ തീരുമാനിച്ചു. ഫിലിം ക്യാമറയായിരുന്നു അത്. ബഹളത്തിനിടയില്‍ രാജീവ് കുമാര്‍ മാത്രം അയാളെ ഒന്നും മിണ്ടാതെ നോക്കിനിന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി സണ്ണിയെ നോക്കിനിന്ന അതേ നില്‍പ്പായിരുന്നു രാജീവിന്റേത്: എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ട്.
അയാളെ പുറത്താക്കാന്‍ തീരുമാനമെടുത്ത് ആ കൂട്ടം പിരിഞ്ഞു. അമരീഷ്ജി അടങ്ങി. അടുത്ത ഷോട്ട് മാര്‍ക്ക് ചെയ്യാന്‍ രാജീവിനോട് പറഞ്ഞപ്പോള്‍ മനസ്സ് മറ്റെവിടെയോ ആയിരുന്നു. രാജീവ് എന്നോട് ചോദിച്ചു.
''പ്രിയാ, അത് രഘുറായ് അല്ലേ?''
ഞാനെന്റെ നെറ്റിചുളിച്ചു. ചുളിവുകളില്‍ തെളിഞ്ഞുവന്ന അക്ഷരം രാജീവ് വായിച്ചു.
'ങേ?' എന്നായിരുന്നു അത്. അതില്‍ ഒരു ഞെട്ടലിന്റെ വിറയും വിയര്‍പ്പുമുണ്ടായിരുന്നു.
രഘുറായ്. ലോകംകണ്ട ഫോട്ടോ ജേണലിസ്റ്റുകളില്‍ ഔന്നത്യത്തില്‍ കുറിച്ചിട്ട പേര്. സ്റ്റീവ് മെക്യുറി, റോബര്‍ട്ട് കാപ്പാ, ലെര്‍വിറ്റ് എന്നിവരോടൊപ്പം നില്‍ക്കുന്ന ഭാരതത്തിന്റെ അഭിമാനമായ പദ്മശ്രീ രഘുറായ്. പലപ്പോഴും സിനിമയിലെ ഭംഗിയുള്ള ഫ്രെയിമുകള്‍ക്കുവേണ്ടി ഞാനും സാബു സിറിലും ഒക്കെ അവലംബിക്കുകയും കടമെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സൃഷ്ടിച്ച ഗുരുതുല്യനായ രഘുറായ്. അദ്ദേഹം ഇവിടെ? 1992-ല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ എന്ന പരമോന്നതമായ അംഗീകാരം നല്‍കി വേള്‍ഡ് പ്രസ് ആദരിച്ച പ്രതിഭ. പ്രശസ്ത ഫോട്ടോഗ്രാഫിക് സൊസൈറ്റിയായ മാഗ്നം ഫോട്ടോസ് മെമ്പര്‍ഷിപ്പ് കൊടുത്താദരിച്ച ജീനിയസ്. വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫിയുടെ ജൂറി മെമ്പര്‍. പതിനെട്ടോളം ഫോട്ടോഗ്രാഫി ഫീച്ചറുകളും ലോകമെമ്പാടും പ്രദര്‍ശനവുംകൊണ്ട് പ്രസിദ്ധനായ ഉന്നതശീര്‍ഷന്‍. അദ്ദേഹം ഇവിടെ? അദ്ദേഹത്തിന് എന്റെ ഈ പാവം ഷൂട്ടിങ്സെറ്റിലെന്തുകാര്യം?
ശിഷ്യരായ പെണ്‍കുട്ടികള്‍ക്കൊപ്പം നടന്നകലുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഞങ്ങള്‍ ഓടിച്ചെന്നു. ഞാനും രാജീവും ഒന്നിച്ചാണ് ചോദിച്ചത്: ''താങ്കളുടെ പേര്?''
ഉത്തരം പറഞ്ഞത് കുട്ടികളാണ്:
''രഘുറായ്.''
ക്ഷമിക്കണം എന്ന വാക്ക് ഇത്രയധികം കുറ്റബോധത്തോടെയും നാണക്കേടോടെയും ആരോടും മറ്റൊരിക്കലും പറഞ്ഞതായി എനിക്കോര്‍മയില്ല. ബോളിവുഡ് എന്ന ഒരു ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കുകയായിരുന്നു അദ്ദേഹം. ഫിലിംസ് ഡിവിഷനിലെ മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങിയാണ് അവിടെ എത്തിയത്. ചിത്രങ്ങള്‍ എടുക്കാനുള്ള അനുവാദം എന്നോട് ചോദിക്കാന്‍ കാത്തുനിന്നപ്പോഴാണ് ആരാണ്, എന്താണ് എന്ന ചോദ്യങ്ങളുമായി ചിലര്‍ ബഹളമുണ്ടാക്കിയത്. കൈയില്‍ ക്യാമറകള്‍ കണ്ടപ്പോള്‍ ചിത്രങ്ങള്‍ എടുത്തു എന്നു തെറ്റിദ്ധരിച്ചതാണ് രംഗം ആകെ വഷളാവാന്‍ കാരണം. സത്യം അറിഞ്ഞപ്പോള്‍ എന്നെക്കാള്‍ വിളറിവെളുത്തു അമരീഷ്ജിയും കൂട്ടരും. എല്ലാവരും ഒരുമിച്ച് അദ്ദേഹത്തിനോട് ക്ഷമചോദിച്ചു. വന്ന ദൗത്യം നിര്‍വഹിച്ചിട്ടേ പോകാന്‍പാടുള്ളൂ എന്ന് നിര്‍ബന്ധിച്ചു. ആരെയും അദ്ദേഹം തെറ്റുപറഞ്ഞില്ല. എല്ലാവര്‍ക്കും ഇഷ്ടമായ ഒരു ചിരിമാത്രം. നടന്നുനീങ്ങിയ വഴികളിലെല്ലാം കാണേണ്ടതും കാണിക്കേണ്ടതും മാത്രം കാണുകയും അതിന്റെ അര്‍ഥവും ഭംഗിയും ഒപ്പിയെടുത്ത് ലോകത്തിന് സമ്മാനിക്കുകയും ചെയ്ത ആ മനുഷ്യന്റെ ചിരി അത്രമേല്‍ ശാന്തമായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. അദ്ദേഹത്തിനൊപ്പംനിന്ന് വേണ്ടതു ചെയ്തുകൊടുക്കാന്‍ എന്റെ സംവിധാനസഹായി സങ്കല്പിനെ ഏല്‍പ്പിച്ച് ഞാനെന്റെ ജോലിയിലേക്ക് മടങ്ങി. ഒന്നുമാത്രം അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടു: ഒരു ഒപ്പ്. ഷൂട്ടിങ്ങിന്റെ ഇടയില്‍ക്കിട്ടിയ ഒഴിവുസമയങ്ങളില്‍ രഘുറായ് എന്തുചെയ്യുന്നു എന്ന് ഞാനൊളിഞ്ഞുനോക്കി. ഒരു ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ ക്യാമറെയെ കളിപ്പാട്ടംപോലെ കൈയിലിട്ട് കളിക്കുകയായിരുന്നു അദ്ദേഹം. ശിഷ്യകള്‍ ലോഡുചെയ്തുകൊടുക്കുന്ന വിവിധ ലെന്‍സുകളുള്ള ക്യാമറ വെടിയുതിര്‍ക്കുംപോലെ പല ദിശകളില്‍നിന്ന് ആരെയും ഉപദ്രവിക്കാതെ ചിത്രങ്ങളെടുത്തുകൊണ്ടിരിക്കുന്നു. നടന്‍മാരെയും നടികളെയുമല്ല അവിടത്തെ അന്തരീക്ഷമാണ് അദ്ദേഹം പകര്‍ത്തിയത്. വിളക്കുകള്‍ അണയ്ക്കുകയും തെളിക്കുകയും ചെയ്യുന്നവരെയും ചായകൊടുക്കുന്നവരെയും എല്ലാമെല്ലാം രഘുറായ്യുടെ ക്യാമറ ആര്‍ത്തിയോടെ ഊറ്റിയെടുത്തുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ സങ്കല്‍പ്പ് വന്നുപറഞ്ഞു അദ്ദേഹം പോയി എന്ന്. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ യാത്രപറഞ്ഞ് ഉപദ്രവിക്കാന്‍ പാടില്ല എന്ന് പറഞ്ഞുപോലും. എനിക്കു നല്‍കാന്‍ ഒരു ചെറിയ പുസ്തകം ചിത്രമെടുക്കാന്‍ അനുവാദം കൊടുത്തതിന്റെ ഉപകാരസ്മരണയായി സങ്കല്പിനെ ഏല്‍പ്പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
Thanks Priyadarshan. Raghurai
(ഒപ്പ്)
ചില പ്രതിഭകളെ നമ്മള്‍ അവരുടെ സംഭാവനകളില്‍ക്കൂടി മാത്രം അറിയുന്നു. കാരണം അങ്ങനെ അറിയപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലാണവര്‍ ആനന്ദം കണ്ടെത്തുന്നതും. മഹാനായ രഘുറായ് കൈയൊപ്പിട്ടുനല്‍കിയ അമൂല്യപുസ്തകം എന്റെ സ്വകാര്യ ലൈബ്രറിയിലെവിടെയോയുണ്ട്. ഇതെഴുതുന്നതിനുമുമ്പ് അതെടുത്തുനോക്കാനായി ഞാന്‍ ലൈബ്രറി കുഴച്ചുമറിച്ച് പരിശോധിച്ചു. കണ്ടെത്താനായില്ല. എവിടെയോ ഉണ്ട് എന്ന കാര്യം ഉറപ്പുമാണ്. ആവശ്യത്തിനായി തിരയുമ്പോള്‍ കിട്ടാതിരിക്കുക എന്നത് പുസ്തകത്തിന്റെ നിയോഗമാണ് എന്ന് എന്റെ മാനസഗുരുവായ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ആ പുസ്തകം എനിക്ക് തിരിച്ചുകിട്ടുമായിരിക്കും; കൊറോണക്കാലത്തിനുശേഷമുള്ള ആദ്യസമ്മാനമായി.
Content Highlights: Priyadarshan Remembers Days With Photographer Raghu Rai Durin Bollywood Shooting Days Lock Down


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..