
എന്റെ അച്ഛൻ (പപ്പ എന്ന് ഞങ്ങൾ വിളിക്കും) കേരള സർവകലാശാലയിൽ ലൈബ്രേറിയൻ ആയിരുന്നു. പപ്പയുടെ ലോകം പുസ്തകങ്ങളുടേതായിരുന്നു. പപ്പയ്ക്ക് പുസ്തകങ്ങളോടും എഴുത്തുകാരോടും ഉണ്ടായിരുന്ന ഇഷ്ടവും ബന്ധവും ആയിരിക്കാം എന്നിലും വായനയുടെ താത്പര്യം വിതറിയത്. മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള പലരെയും ഞാൻ എന്റെ വീട്ടിൽ കുട്ടിയായിരുന്ന കാലത്തേ കണ്ടിട്ടുണ്ട്. കേശവദേവും എം. കൃഷ്ണൻനായരും തകഴിയും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. പപ്പയുടെ പുസ്തകക്കെട്ടിൽ ഞാനറിയാത്തവരായി ചില പേരുകൾ കണ്ടു. അക്കൂട്ടത്തിൽ ഒരാളെ മാത്രം എന്തുകൊണ്ടോ ഞാൻ കാണാൻ മോഹിച്ചു. നിളയുടെയും നിലാവെളിച്ചത്തിന്റെയും ശിഥിലബന്ധങ്ങളുടെയും നൊമ്പരങ്ങളുടെയും നാട്ടുനന്മകളുടെയും നാലുകെട്ടുകളുടെയും ചെറുമന്മാരുടെയും തമ്പ്രാക്കളുടെയും അങ്ങനെയങ്ങനെ എനിക്കറിയാത്ത പലതിനെയുംകുറിച്ച് കഥകൾ പറഞ്ഞുതന്ന് മലയാള ഭാഷയുടെ ഭംഗിയും ബലവും എനിക്ക് കാണിച്ചുതന്ന എം.ടി.യെ. ആ മോഹത്തോടെ ഞാനൊരിക്കൽ പപ്പയോട് ചോദിച്ചത് ഓർമയുണ്ട്: ‘‘പപ്പയ്ക്ക് എം.ടി.യെ അറിയുമോ?’’ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന ഉത്തരം എന്നെ വല്ലാതെ നിരാശനാക്കി. അദ്ദേഹത്തിനോടുള്ള എന്റെ ആരാധന അറിയാവുന്നതുകൊണ്ടാവാം, പിന്നീട് ഞാൻ സംവിധായകനായതിനുശേഷം ഒരിക്കൽ പപ്പ എന്നോട് ചോദിച്ചിട്ടുണ്ട്: ‘‘എം.ടി. സാറിനോടൊപ്പം നീ എന്തുകൊണ്ട് ഒരു സനിമ ചെയ്യുന്നില്ല?’’ ‘‘ശ്രമിക്കുന്നുണ്ട് ’’ എന്നുപറഞ്ഞ് ഞാൻ ഒഴിഞ്ഞു.
യാത്രാവിവരണങ്ങളോടോ ലേഖനങ്ങളോടോ പ്രബന്ധങ്ങളോടോ കവിതകളോടോ ഒന്നും എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. ചരിത്രം കഥകളായതുകൊണ്ട് അതിനോടുമാത്രം ഒരിഷ്ടംതോന്നിയിരുന്നു. കഥകളോടുള്ള ആ ഇഷ്ടം തന്നെയാണ് എന്നെ സിനിമയിൽ എത്തിച്ചതും. സിനിമ കാണുന്നത് കഥകൾ കാണുംപോലെയാണല്ലോ? ‘സി.ഐ.ഡി. നസീർ’ മുതൽ ‘പഥേർ പാഞ്ജലി’ വരെ ഒരേപോലെ കണ്ടാസ്വദിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു സംവിധായകനാകണം എന്ന മോഹം അന്ന് എനിക്കുണ്ടായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വിഷുനാളിൽ പപ്പയ്ക്ക് ആരോ കൊടുത്ത പുസ്തകങ്ങൾ മേശമേൽ കണ്ടു. വെറുതേ എടുത്തുനോക്കി. അതിൽ ഒന്ന് ‘എം.ടി.യുടെ തിരക്കഥകൾ’ ആയിരുന്നു. അതിലെ ‘ഓളവും തീരവും’ വായിച്ചു. ആദ്യമായി തിരശ്ശീലയില്ലാതെ ഒരു സിനിമ കാണുന്നതുപോലെ തോന്നി. കാടും തടിയും മലവെള്ളപ്പാച്ചിലും ഒഴുക്കും തെരപ്പവും ബാപ്പുട്ടിയും നബീസുവും എല്ലാം എന്റെമുന്നിൽ തെളിഞ്ഞുനിന്നു. ‘വായിച്ചുകണ്ടു’ എന്ന് വേണമെങ്കിൽ പറയാം. പിന്നെയും പിന്നെയും അതിശയത്തോടെ വായിച്ചു. അതു കഴിഞ്ഞപ്പോൾ എനിക്കുതോന്നി ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു സിനിമചെയ്യണം എന്ന്. ഇന്ന് 90-ലധികം സിനിമകൾ ചെയ്തുനിൽക്കുന്ന എന്റെ തുടക്കം അതാണ്. ഞാനെന്ന ഏകലവ്യന്റെ ദ്രോണാചാര്യനായി അദ്ദേഹംപോലുമറിയാതെ എം.ടി.... എവിടെയോ ഇരുന്ന് ബീഡിപ്പുകയൂതി, കഥകൾ നെയ്യുന്ന ആ മനുഷ്യനിൽനിന്ന് ഞാൻ സിനിമയുടെ ആദ്യപാഠങ്ങൾ പഠിക്കാൻ ശ്രമിച്ചു.
ഞാൻ എഴുതിയതും എടുത്തതും എല്ലാം തികച്ചും വ്യത്യസ്തമായ സിനിമകൾ ആയിരുന്നെങ്കിലും എന്റെ തിരക്കഥാരചനയുടെ പാഠപുസ്തകം അന്നും ഇന്നും എം.ടി.യുടെ തിരക്കഥകൾ തന്നെയാണ്. അത് ഒരു ശൈലിമാത്രമല്ല, കഥപറച്ചിലിന്റെ ശരിയായ വിധവുമാണ്. എക്കാലത്തെയും തിരക്കഥാകൃത്തുകൾക്കും സംവിധായകർക്കും
എം.ടി.യുടെ തിരക്കഥകൾ ഒരു ടെക്‌സ്‌റ്റ് ബുക്ക് തന്നെയാവുന്നത് അങ്ങനെയാണ്. കഥപറഞ്ഞു തുടങ്ങുമ്പോൾ അതിന്റെ പശ്ചാത്തലം, അതവതരിപ്പിക്കുന്ന വിധം, കഥാപാത്രങ്ങളുടെ സ്വഭാവം, കഥയെ മുന്നോട്ട് വലിച്ചുകൊണ്ടുപോകുന്ന ജിജ്ഞാസയുടെ ‘ചൂണ്ടക്കൊത്ത്’ എന്നിവ ആദ്യമേ പറഞ്ഞുറപ്പിക്കുന്ന രീതി. കഥ തുടങ്ങിക്കഴിഞ്ഞാൽ കഥാപാത്രം സീനുകളുടെ ചുരുളുകൾ മെല്ലെമെല്ലെ അഴിച്ചുകാണിക്കുന്ന വിദ്യ. കൊണ്ടുനിർത്തുന്നിടത്ത് മനസ്സിനെ തൊട്ടുലയ്ക്കുകയോ, തൊട്ടുതലോടുകയോ ചെയ്യുന്ന എന്തോ ഒന്ന്... പിന്നെ ആ സിനിമ നമ്മളോടൊപ്പം എന്നും ഉണ്ടാവും. അതിശയോക്തിയും അതിഭാവുകത്വവും ഒന്നും ഇല്ലാതെ വള്ളുവനാടിന്റെ ഭംഗിയുള്ള ഭാഷയിൽ, അർഥഗർഭമായ വർത്തമാനങ്ങളിലൂടെയാവും
തിരക്കഥയുടെ മുന്നോട്ടുള്ള ഒഴുക്ക്. കഥാപാത്രങ്ങൾ സംസാരിക്കുന്ന വാക്കുകൾക്കിടയിലെ നിശ്ശബ്ദതയിൽപ്പോലും പ്രേക്ഷകർക്ക് മനസ്സിലാവുന്ന, പറയാത്ത ചില അർഥങ്ങൾ ഒളിഞ്ഞുകിടക്കും. ഉപയോഗിക്കുന്ന വാക്കുകളുടെ സ്വാഭാവികത നടീനടന്മാരുടെ അഭിനയത്തെ അനായാസമാക്കുന്നതു കാണാം. ചിലപ്പോഴൊക്കെ ഞാൻ അത് കടമെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ‘ചിത്രം’ എന്ന സിനിമയുടെ ഇമോഷണൽ സീനുകളിൽ.
നൂറും മുന്നൂറും ദിവസങ്ങൾ പ്രദർശിപ്പിച്ച സിനിമകൾ എനിക്കുണ്ടായെങ്കിലും മനസ്സിൽ ഒരു അതിമോഹം എന്നും ബാക്കികിടന്നു. പ്രിയദർശൻ-എം.ടി. വാസുദേവൻ നായർ എന്ന പേരുള്ള ഒരു സിനിമാ പോസ്റ്റർ കേരളത്തിലെ ചുമരുകളിൽ പതിച്ചുകാണാൻ. പല ശ്രമങ്ങളും നടത്തി, ഒന്നും എന്തുകൊണ്ടോ ഫലവത്തായില്ല. ചില സന്ദർഭങ്ങളിൽ കണ്ടുമുട്ടാനും മിണ്ടാനും ഇടവന്നെങ്കിലും ഈ ആഗ്രഹം നേരിട്ട് അദ്ദേഹത്തിനോട് പറയാനുള്ള ധൈര്യം എന്തുകൊണ്ടോ എനിക്കില്ലായിരുന്നു. അദ്ദേഹത്തിനോടുള്ള ഭയഭക്തിബഹുമാനവും ചിരിയില്ലാത്ത ആ മുഖത്തെ ഗൗരവവും എന്നെ അകറ്റിനിർത്തി എന്ന് പറയുന്നതാകും ഉചിതം. സിബി മലയിലും ഹരികുമാറും ഐ.വി. ശശിയും ഹരിഹരൻസാറുമൊക്കെ എം.ടി.യുടെ തിരക്കഥകളിലൂടെ മനോഹരങ്ങളായ ചിത്രങ്ങൾ ചെയ്യുന്നതുകണ്ട് അസൂയപ്പെട്ട് ഞാൻ നിന്നു. അവസാനം ഒരു ദിവസം എന്റെ വിഷമം മനസ്സിലാക്കിയ മോഹൻലാൽ ഒരു ഒത്തുകൂടൽ നേരത്ത് എം.ടി. സാറിനോട് പറഞ്ഞു: ‘‘സാറിനോട് ഇത്രകാലത്തെ ബന്ധത്തിനിടയിൽ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആദ്യമായി ഒരാവശ്യം അറിയിക്കുകയാണ്. പ്രിയന് ഒരു തിരക്കഥ എഴുതിക്കൊടുക്കണം. അതിൽ ഞാനുണ്ടാവണം എന്നില്ല. ഉണ്ടായാൽ സന്തോഷം. അവന്റെ ഒരു സ്വപ്നമാണത്.’’
അദ്ദേഹം ലാലിന്റെ അപേക്ഷ തള്ളിക്കളഞ്ഞില്ല. എന്നെ വിളിച്ചു. ‘‘മകളെക്കാണാൻ അടുത്തമാസം അമേരിക്കയ്ക്ക് പോകും, ആ വഴിക്ക് ചെന്നെയിലേക്ക് വരാം. രണ്ടാഴ്ച സമയംകിട്ടും, നമുക്ക് ഒരുമിച്ചിരുന്ന് സംസാരിച്ച് ഒരു കഥയിലെത്താം.’’ മോഹിച്ചത് ഒരിക്കലും കിട്ടില്ല എന്ന് കരുതിയത് കിട്ടുന്നവന്റെ ആഹ്ളാദം എന്തെന്ന് അന്ന് ഞാനറിഞ്ഞു.
പറഞ്ഞതുപോലെ സാർ വന്നു. ഒരുമിച്ചിരുന്ന് എന്ത് സിനിമയാണ് എടുക്കേണ്ടത് എന്ന് ഏറെ സംസാരിച്ചു. രണ്ടാംദിവസം ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ ഇരിക്കുമ്പോൾ എനിക്ക് ഒരു ഫോൺ വന്നു. തിരുവനന്തപുരത്ത്, അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഞാൻ കാര്യം സാറിനോട് പറഞ്ഞു. ‘‘പ്രിയൻ ഉടൻതന്നെ പോണം. അച്ഛനെക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ. സിനിമ നമുക്ക് ഇനിയും ആലോചിക്കാം’’. ഞാൻ അച്ഛന്റെ അടുത്തേക്കുപോയി. അച്ഛൻ ആശുപത്രിയിൽനിന്ന് തിരിച്ചുവരുംവരെ ഞാൻ അടുത്തുണ്ടായി. പിന്നീട് ചെന്നൈയിലേക്ക് മടങ്ങി. അപ്പോഴേക്കും സാർ അമേരിക്കയിലേക്ക് പോയിരുന്നു.
പിന്നീട് ഞാനെന്റെ രീതിയിലും അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിലും തിരക്കിലായി. എന്റെ സ്വപ്നം വെറും സ്വപ്നമായിത്തന്നെ അവശേഷിച്ചു. വിധി എന്റെ മുഖത്തുനോക്കി കോക്രികാണിച്ചു: ‘‘പിന്നെ അവന്റെ ഒരു പൂതി! പ്രിയദർശൻ-എം.ടി. വാസുദേവൻ നായർ! പോയി പണിനോക്കെടാ’’ -അതായിരുന്നു കോക്രി ഇപ്പോൾ എന്റെ പ്രതീക്ഷകൾ വീണ്ടും പൂവണിഞ്ഞിരിക്കുകയാണ്.
മൂന്നുദിവസംമുമ്പ് അദ്ദേഹം വിളിച്ചതനുസരിച്ച് ഞാൻ കോഴിക്കോട്ട് എത്തി. കാണാൻ പോവുമ്പോൾ എന്താണ് കൊടുക്കുക? എഴുത്തിന്റെ പ്രഭുവിന് പുസ്തകങ്ങളല്ലാതെ എന്ത് നൽകാൻ? അമർത്യസെന്നിന്റെയും ഗിരീഷ് കർണാടിന്റെയും ആത്മകഥകൾ വാങ്ങി. അത് നൽകി മുന്നിൽ ഇരുന്നപ്പോൾ, പുതിയ കളിപ്പാട്ടം കാണുന്ന ഒരു കൊച്ചുകുട്ടിയുടെ കണ്ണിലെ തിളക്കം അദ്ദേഹത്തിൽ ഞാൻ കണ്ടു. സംസാരത്തിനിടയിലെ നിശ്ശബ്ദനേരങ്ങളിൽ അദ്ദേഹം ആ പുസ്തകങ്ങളെ താലോലിച്ചുകൊണ്ടേയിരുന്നു, ചില താളുകൾ മറിച്ചുനോക്കി, മടക്കിവെച്ചു, വീണ്ടും തുറന്നു. അങ്ങനെയങ്ങനെ...
‘‘പഴയതുപോലെ വായിക്കാറില്ലേ?’’ -ഞാൻ ചോദിച്ചു
‘‘വായന മാത്രമേയുള്ളൂ, അതില്ലെങ്കിൽ ഞാൻ എന്നേ മരിച്ചുപോവുമായിരുന്നു’’ -അദ്ദേഹം പറഞ്ഞു
പിന്നെ, എനിക്കായി ഒരു കൊച്ചു സിനിമ എഴുതിയത് എടുത്തുതന്നു. മതി. സന്തോഷമായി. ജീവിതയാത്രയിൽ മനുഷ്യന് മുങ്ങിയും പൊങ്ങിയും തെളിഞ്ഞും കുനിഞ്ഞും കരഞ്ഞും ചിരിച്ചും ഒക്കെയുണ്ടാകുന്ന നേരങ്ങൾ ഉണ്ടല്ലോ. അതെല്ലാം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കലും നടക്കില്ല എന്നുകരുതിയ ഒരു മോഹം നടക്കാൻ പോകുന്നു എന്ന ചരിതാർഥ്യത്തോടെ സാറിനെ തൊഴുത് പടികളിറങ്ങുമ്പോൾ ഞാൻ കണ്ടു: വിധി എന്ന വിദ്വാൻ ഗേറ്റിന് പുറത്തുനിന്ന് ഒളിഞ്ഞുനോക്കുന്നു. ഈ കഥയൊന്ന് ഷൂട്ട് ചെയ്തിട്ടുവേണം ഇവന്റെ മുഖത്തുനോക്കി നല്ല ഇളിച്ച ഒരു കോക്രി കാണിക്കാൻ... ഞാൻ മനസ്സിൽ കുറിച്ചിട്ടു.
ആ രാത്രി ഞാൻ കിടന്നപ്പോൾ ആഗ്രഹിച്ചുപോയി പപ്പ എന്റെ സ്വപ്നത്തിൽ ഒന്നുവന്നിരുന്നെങ്കിൽ...! ഈ രാത്രിയിലല്ലെങ്കിൽ ഏതെങ്കിലും ഒരു രാത്രിയിൽ .... അങ്ങനെ വന്നാൽ ഞാൻ പപ്പയോടുപറയും: ‘‘പപ്പയുടെ മോഹം നടക്കാൻ പോവുന്നു, എം.ടി. സാർ എന്റെ സിനിമയ്ക്ക്്്് എഴുതുന്നു. അവിടിരുന്ന് പപ്പ കാണണം, അനുഗ്രഹിക്കണം’’
അങ്ങനെ അലസം കിടക്കുമ്പോൾ അർധമയക്കത്തിന്റെ തിരശ്ശീലയിൽ മലയാളത്തിന്റെ ആത്മാഭിമാനമായ രണ്ടക്ഷരത്തിലുള്ള ആ പേര് തെളിഞ്ഞു: എം.ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..