വെബ് സീരിസിലെ രംഗം, പ്രേം രാജ്
വിനയന് സംവിധാനം ചെയ്ത അത്ഭുതദ്വീപിലൂടെ അരങ്ങേറ്റം, ഒരു പിടി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍. വര്‍ഷങ്ങളായി പ്രേം രാജ് എന്ന കൊല്ലം സ്വദേശി അഭിനയരംഗത്തുണ്ട്. എന്റര്‍ടൈന്‍മെന്റ് വീഡിയോകളിലൂടെ പ്രശസ്തരായ സഞ്ജു-ലക്ഷ്മി ദമ്പതിമാരുടെ വെഞ്ഞാറമൂട്ടിലെ ഐശ്വര്യ റായ് എന്ന വെബ് സീരീസിലൂടെയാണ് പ്രേം രാജ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. സീരീസിലെ കീരിക്കുട്ടന് എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടി. ഉയരക്കുറവ് പരിമിതിയായ ഒരു കാലമുണ്ടായിരുന്നു പ്രേം രാജിന്. പരിഹാസവും അവഗണനയും ഒറ്റപ്പെടലും വേട്ടയാടിയ ബാല്യകാലത്തില്‍ നിന്ന് ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു ഈ യുവാവ്.
എന്നെപ്പോലുള്ള പലരും സമൂഹത്തെ അഭിമുഖീകരിക്കാനുള്ള മടി കാരണം വീടുകളില്‍ ഒതുങ്ങിപ്പോകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഒരു പരിധിവരെ മാറിയിട്ടുണ്ട്. ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. പ്രേം രാജ് സംസാരിച്ചു തുടങ്ങുന്നു.
അത്ഭുത ദ്വീപിലെ അത്ഭുതം
അത്ഭുത ദ്വീപിലായിരുന്നു എന്റെ തുടക്കം. സിനിമയിലേക്ക് ഉയരക്കുറവുള്ളവരെ ആവശ്യമുണ്ടെന്ന ഒരു ഏജന്റ് വഴിയാണ് അറിഞ്ഞത്. എറണാകുളത്ത് വച്ചായിരുന്നു ചിത്രത്തിന്റെ പൂജ. അന്ന് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലമ്പുഴയിലും ഗോവയിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്. സിനിമയിലെ ആ വലിയ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു. എന്നെ തിരിച്ചറിയാന്‍ സാധിക്കില്ല. ശ്രദ്ധിക്കപ്പെടുന്ന വേഷമൊന്നുമായിരുന്നില്ല. എന്നാലും ഒരുപാട് സന്തോഷം തോന്നിയ സിനിമയായിരുന്നു അത്. കാരണം ഞങ്ങളെപ്പോലുള്ളവര്‍ അധികം പുറത്തേക്ക് ഇറങ്ങാറില്ല. എന്നെപ്പോലുള്ളവര്‍ കേരളത്തില്‍ ഒരുപാടുണ്ടെന്ന് മനസ്സിലായത് അവിടെ വച്ചായിരുന്നു. അത്ഭുതമായിരുന്നു ആദ്യം തോന്നിയത്. പക്രു ചേട്ടന് നായകനും (ഗിന്നസ് പക്രു). പക്രു ചേട്ടന് ഞങ്ങളെപ്പോലുള്ളവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണ്. കാരണം പരിമിതികളെയെല്ലാം മറികടന്ന് അദ്ദേഹം സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു. കലാഭവന്‍ മണിയുടെ മായാപുരി എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. ഡയറി മില്‍ക്ക് എന്ന സിനിമയിലും അഭിനയിച്ചു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.
വെഞ്ഞാറമൂടിലെ കീരിക്കുട്ടന്
.jpg?$p=818dc93&&q=0.8)
സഞ്ജുവും ലക്ഷ്മിയും എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. അങ്ങനെയാണ് വെഞ്ഞാറമൂടിലെ ഐശ്വര്യ റായ് എന്ന കോമഡി വെബ്സീരീസില്‍ അഭിനയിക്കാന്‍ അവസരം ഒത്തുവന്നത്. മുതലാളിയുടെ വലം കൈയ്യായി നടക്കുന്ന കീരിക്കുട്ടന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മുഴുനീള വേഷമായിരുന്നു. അല്‍പ്പം ഗുണ്ടായിസമുള്ള കഥാപാത്രം. കീരിക്കുട്ടനെ എന്തായാലും ആളുകള്‍ ഒരുപാട് ശ്രദ്ധിച്ചു. വെബ് സീരീസ് കണ്ട ഒരുപാട് പേര് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സഞ്ജുവിനോടും ലക്ഷ്മിയോടും ഈ അവസരത്തില്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.
കാത്തിരിക്കുന്നത് മൂന്ന് റിലീസുകള്‍
.jpg?$p=58db1bc&&q=0.8)
പട്ടാഴിയാണ് എന്റെ സ്വദേശം. കുട്ടിക്കാലം മുതല്‍ അപ്പൂപ്പനും അമ്മൂമയ്ക്കുമൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരനുമൊക്കെ മറ്റൊരു വീട്ടിലാണ്. അപ്പൂപ്പന് മരിച്ചു. ഇപ്പോള്‍ അമ്മൂമ മാത്രമേയുള്ളൂ. പത്ത് വരെ പട്ടാഴിയിലും പ്ലസ് വണ്‍ മുതല്‍ പുനലൂരുമാണ് പഠിച്ചത്. അതിന് ശേഷം കമ്പ്യൂട്ടര്‍ ഹാര്ഡ്വെറില് ഡിപ്ലോമ ചെയ്തു. എന്നാല്‍ ആ മേഖലയില്‍ അധികകാലം ജോലി ചെയ്തില്ല. വെയ് ബ്രിഡ്ജ് സ്ഥാപനത്തിലാണ് പ്രധാനമായും ജോലി ചെയ്തത്. അതിനിടെ ടെലിവിഷന്‍ ചാനലുകളില്‍ ഏതാനും റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ വലിയ പ്രതിസന്ധിയായി. പിന്നീടാണ് വെബ് സീരീസില്‍ അഭിനയിക്കുന്നത്. അത് വഴിത്തിരിവായി. ഇപ്പോള്‍ പോര്‍ക്കളം, ചൊവ്വാദോഷം, കൊച്ചിയിലെ താരങ്ങള്‍ എന്നീ സിനിമകള്‍ ചെയ്തു. അവയെല്ലാം ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ.
പോര്‍ക്കളം സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന് ഛോട്ടാ വിബിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച വേഷമാണ് എനിക്കദ്ദേഹം തന്നത്. പതിനേഴ് ദിവസത്തോളം വര്‍ക്ക് ഉണ്ടായിരുന്നു.
.jpg?$p=fc07f96&&q=0.8)
പരിഹാസങ്ങളും അവഗണനയും ഇനി ഏല്‍ക്കില്ല
ഉയരക്കുറവിന്റെ പേരില്‍ ധാരാളം ദുരിതമനുഭിവിച്ച വ്യക്തിയാണ് ഞാന്‍. കുട്ടിക്കാലം മുതല്‍ തന്നെ ഒരുപാട് പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികള്‍ കൂട്ടുകൂടി കളിക്കുമ്പോള്‍ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അവഗണ നേരിട്ടിട്ടുണ്ട്. കല്യാണം പോലുള്ള വിശേഷങ്ങളില്‍ എല്ലാവരും ഒത്തുകൂടുമ്പോള്‍ ഞാന്‍ അവരുടെ ബന്ധുവാണെന്ന് പറയാന്‍ പോലും മടികാണിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ഒരുപാടായപ്പോള്‍ ആഘോഷങ്ങള്‍ വരുമ്പോള്‍ വീട്ടില്‍ തന്നെ ഒതുങ്ങും.
.jpg?$p=c0dff4c&&q=0.8)
ഞങ്ങളെപ്പോലുള്ളവരില്‍ പുരുഷന്മാരേക്കാള് കഷ്ടപ്പാട് അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് തോന്നിയിട്ടുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളില്‍ ഉയരക്കുറവുള്ള സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നില്ല. പഠിച്ച് മിടുക്കികളായി നല്ല ജോലി നേടിയവര്‍ ഇല്ലെന്നല്ല പറയുന്നത്. എന്നാലും വളരെക്കുറിച്ച് സ്ത്രീകള്‍ക്കേ അതിനുള്ള അവസരം ഉണ്ടായിട്ടുള്ളൂ. സിനിമയിലും ടിവിയിലുമെല്ലാം മുഖം കാണിച്ചു തുടങ്ങിയതോടെയാണ് എന്നോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ മാറ്റം സംഭവിച്ചു തുടങ്ങിയത്. മറ്റൊരു പോസിറ്റീവായ കാര്യം എന്താണെന്ന് വച്ചാല്‍ സമൂഹം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ഞങ്ങളെപ്പോലുള്ളവരെ ഒപ്പം ചേര്‍ത്തു നിര്‍ത്താന്‍ മനസ്സുള്ളവര്‍ ഒരുപാടുണ്ട്. മാത്രവുമല്ല സോഷ്യല്‍ മീഡിയയെല്ലാം വ്യാപകമായതോടെ ബോഡി ഷെയിമിങിനെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നു. ബോഡി ഷെയിമിങ് മോശമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വ്യത്യസ്തകളുടേതാണ് ഈ ലോകം. അത് അംഗീകരിക്കാന്‍ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നെനിക്ക് ഒരുപാട് ആത്മവിശ്വാസമുണ്ട്. ഇനി സ്വയം അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല.
Content Highlights: Prem Raj actor Interview venjaramoottile aishwaryarai, sanju lakshmi comedy web series albhuthadweep
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..