''മഹാലിംഗപുരത്തെ നസീറേട്ടന്റെ മനോഹരമായ വീട് പൊളിച്ചുനീക്കുമ്പോഴുള്ള ഓരോ ഇടിയും നെഞ്ച് പിളര്‍ത്തുകയായിരുന്നു. എതിര്‍വശത്തെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. എങ്ങനെ ജീവിച്ച മനുഷ്യന്‍, എത്ര സന്തോഷത്തോടെ കഴിഞ്ഞ കുടുംബം, നസീറേട്ടന്റെ മരണത്തോടെ എല്ലാം പൊടുന്നനെ മാറിമറിഞ്ഞു. അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോഴല്ലേ മനുഷ്യന് വിലയുള്ളൂ''-  പ്രേംനസീറിന്റെ കുടുംബസുഹൃത്തും നടിയുമായ വഞ്ചിയൂര്‍ രാധയുടെ സ്വരം ഇടറുന്നു. 

അഞ്ചുപതിറ്റാണ്ടോളം ആ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു അവര്‍. പ്രേംനസീറിന്റേത് യാഥാസ്ഥിതിക കുടുംബമായിരുന്നതിനാല്‍ സിനിമയിലെ സ്ത്രീകള്‍ക്ക് വീട്ടില്‍ വിലക്കുണ്ടായിരുന്നു. 

രാധയെയും ഭര്‍ത്താവിനെയും നസീറിന് നേരത്തേ പരിചയമുണ്ടായിരുന്നതിനാലാണ് കുടുംബത്തിലെ അംഗത്തെപ്പോലെയാവാനായത്. ''ഇരുനിലവീടായിരുന്നു. താഴെയും മുകളിലുമായി എട്ട് കിടപ്പുമുറികള്‍. അതിഥികളെ സ്വീകരിച്ചിരുത്താന്‍ വിശാലമായ ഹാള്‍. മേക്കപ്പിടാനും ഓഫീസ് കാര്യങ്ങള്‍ക്കുമായി പ്രത്യേകമുറികള്‍. പാചകക്കാരനും ഡ്രൈവറും മാനേജരുമടങ്ങുന്ന പരിവാരം. നിര്‍മാതാവ് നവോദയ അപ്പച്ചന്‍ നല്‍കിയ രണ്ട് മാവിന്‍തൈകള്‍ മുറ്റത്ത് നട്ടുവളര്‍ത്തിയിരുന്നു. അതിലെ മാമ്പഴം അയല്‍പക്കത്തുള്ളവര്‍ക്കൊക്കെ വീതിച്ചുനല്‍കിയിരുന്നു.  
 നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ബന്ധക്കാരനായിരുന്നു. പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങുന്ന ശീലമില്ല. കണക്ക് എഴുതാറുമില്ല. ലക്ഷക്കണക്കിന് രൂപ പലരില്‍നിന്നും ഇന്നും ലഭിക്കാനുണ്ടാകും. 

nazir
പ്രേംനസീറിന്റെ ചെന്നൈ മഹാലിംഗപുരത്തെ
വീടുണ്ടായ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയം

ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചാല്‍ ഭൂലോകം പിടിച്ചടക്കിയ ഗര്‍വുകാട്ടുന്ന ഇന്നത്തെ തലമുറ നസീറിനെ കണ്ടുപഠിക്കണമെന്ന് വഞ്ചിയൂര്‍ രാധ പറയുന്നു. തികഞ്ഞ വിശ്വാസിയായിരുന്ന അദ്ദേഹം എല്ലാ ദൈവങ്ങളെയും ബഹുമാനിച്ചു. ക്ഷേത്രങ്ങളിലും പോകുമായിരുന്നു. അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം വേണ്ടത്ര പരിപാലിക്കുന്നില്ലെന്ന് കേട്ടു. അല്ലെങ്കിലും ആരുടെയും ഔദാര്യത്തിന്റെ ആവശ്യം അദ്ദേഹത്തിനില്ല. മാന്യതയോടെയാണ് ജീവിച്ചതും വിടവാങ്ങിയതും. ആവശ്യത്തിനുള്ള പണമുണ്ടാക്കി. കുടുംബഭദ്രത ഉറപ്പുവരുത്തി. ഒട്ടേറെ പാവങ്ങളെ സഹായിച്ചു. ഇത്രയും നല്ല മനുഷ്യനെ എന്തിനിത്ര പെട്ടെന്ന് തിരിച്ചുവിളിച്ചതെന്ന് മനസ്സിലാകുന്നില്ല. - രാധ പറയുന്നു. 

ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് മഹാലിംഗപുരം ലൈന്‍വുഡ് അവന്യൂവിലെ നസീറിന്റെ വീട് ഫ്‌ളാറ്റ് സമുച്ചയത്തിന് വഴിമാറിയത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് 'പ്രേംനസീര്‍ ഡൊമെയ്ന്‍' എന്ന് എഴുതിയിട്ടുണ്ട്. പൂത്തുതളിര്‍ക്കാറുള്ള മാവുകള്‍ക്കുപകരം നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന അലങ്കാരമരം. പ്രേംനസീര്‍ എന്നെഴുതിവെച്ചിരിക്കുന്നതിനുമുകളിലേക്ക് അതിന്റെ ഉണങ്ങിയ ഇലകളും ചില്ലകളും വീണ് അക്ഷരങ്ങളെ ഒളിപ്പിക്കുകയാണ്.

Content Highlights: prem nazir 30th nazeer death anniversary, nazir home in chennai, remembering evergreen actor vanchiyoor radha