"പ്രേം നസീര്‍ പനി ബാധിച്ച് ആശുപത്രിയിലാണ്. ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത് എന്നെന്നും കണ്ണേട്ടന്റെ തമിഴ് റീമേക്കായ വര്‍ഷം പതിനാറിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫാസില്‍ സാറിനൊപ്പം ചെന്നൈയില്‍ താമസിക്കുമ്പോഴാണ്. ഞങ്ങള്‍ അത് അത്ര ഗൗരവമായി എടുത്തില്ല. എന്നാല്‍ പിന്നീട് കേട്ടത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയായിരുന്നു. ഞെട്ടലോടെയല്ലാതെ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. കാരണം നസീര്‍ സര്‍ അങ്ങനെ പെട്ടന്ന് ഈ ലോകത്തോട് വിടപറയുമെന്ന് ഞങ്ങളാരും വിചാരിച്ചിരുന്നില്ല. ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭൗതികശരീരം കണ്ടപ്പോള്‍ മനസ്സ് മരവിച്ചു, ശരീരം തളരുന്നത് പോലെ തോന്നി. നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആ ചലനമറ്റ ശരീരം നമുക്ക് കാണാന്‍ സാധിക്കില്ല"- സംവിധായകന്‍ ഫാസിലിന്റെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബാബു ഷാഹിറിന്റെ ഓർമകൾ റീൽവേഗത്തിൽ പിറകോട്ട് പായുകയാണ്.
മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞ് 30 വര്‍ഷങ്ങള്‍ തികയുമ്പോള്‍ നമുക്ക് അദ്ദേഹത്തിനെ അനുസ്മരിക്കുന്നതിന് പകരം ആഘോഷിക്കാം. കാരണം ആ മഹാനടന്‍ അഭ്രപാളിയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് മരണമില്ല, അവ മരിക്കുകയുമില്ല. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നദി, പടയോട്ടം എന്നിങ്ങനെ എണ്ണിയാല്‍ തീരില്ല, ഈ കഥാപാത്രങ്ങളിലൂടെ നസീര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു, സിനിമാ കൊട്ടകകളിലേക്ക് ആള്‍ക്കൂട്ടം ഇടിച്ചു കയറി. ഈ മുഖം അത്രമാത്രം ജനങ്ങളുടെ മനസ്സില്‍ ആഴന്നിറങ്ങിക്കഴിഞ്ഞു. മലയാള സിനിമ എന്ന ഒരു കൊച്ചു സാമ്രാജ്യം വളര്‍ന്ന് പന്തലിച്ച് ഭാഷയുടെ അതിരുകൾക്കപ്പുറത്ത് ചര്‍ച്ചയാകുന്ന കാലഘട്ടത്തില്‍, പ്രേം നസീര്‍ എന്ന നടനെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ അത് തികച്ചും അപൂര്‍ണവും ശുഷ്‌കയും ആയിരിക്കും.
1926 ഏപ്രില്‍ 7ന് ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന ചിറയിന്‍കീഴുകാരന്‍ പ്രേം നസീറെന്ന പേരില്‍ മലയാള സിനിമയെ പതീറ്റാണ്ടുകളോളം അടക്കിവാണു. 725 ചിത്രങ്ങള്‍, ഷീല എന്ന ഒരേ നായികയ്‌ക്കൊപ്പം 130 സിനിമകള്‍, 1979ല്‍ മാത്രം 41 സിനിമകള്‍, അങ്ങനെ ആര്‍ക്കും അവകാശപ്പെടാനില്ലാത്ത, തിരുത്താനാവാത്ത ഒട്ടനവധി റെക്കോര്‍ഡുകള്‍ ബാക്കിവെച്ചാണ് അദ്ദേഹം പോയത്. ബാബു ഷാഹിറിന്റെ ഓർമകളുടെ തിരനോട്ടത്തിന് ആക്കം കൂടുകയാണ്.
ഊഞ്ഞാലാടുന്ന നസീര്‍

"ഫാസില്‍ സര്‍ സംവിധാനം ചെയ്ത മറക്കില്ല ഒരിക്കലും എന്ന സിനിമയിലാണ് ഞാന്‍ പ്രേം നസീര്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളത്. മോഹന്‍ലാല്‍, അംബിക, പൂര്‍ണിമ ജയാറാം, ശങ്കര്‍ എന്നിവരൊക്കെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. 1983 ചിത്രം പുറത്തിറങ്ങി. എറണാകുളത്തായിരുന്നു ലൊക്കേഷന്‍. ആ കാലത്ത് പൂര്‍ണിമയും അംബികയും തമിഴിലെ മുന്‍നിര നായികമാരായിരുന്നു. ടൈറ്റ് ഷെഡ്യൂളായിരുന്നു. അതിനിടെ ചിത്രത്തിന്റെ നിര്‍മാതാക്കളിൽ ഒരാളായ അഡ്വ. അബ്ദുള്‍ ഖാദര്‍ മരിച്ചു. ആകെ പ്രശ്നമായി. എന്നാലും സിനിമ തീര്‍ക്കണമല്ലോ, പൂര്‍ണിമയ്ക്കും അംബികയ്ക്കും ഇതു തീര്‍ത്തിട്ട് വേണം മദ്രാസിലേക്ക് പോകാന്‍. അവിടെ നിന്ന് തമിഴ് സിനിമാക്കാര്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം മാത്രമാണ് ബാക്കി. അതിനുള്ളില്‍ ഇവരുടെ സീനുകള്‍ തീര്‍ക്കണം. അങ്ങനെ ഇരിക്കുമ്പോഴാണ് ഏതോ ഒരു പാര്‍ട്ടി ബന്ദ് പ്രഖ്യാപിക്കുന്നത്. അതോടുകൂടി ഞങ്ങള്‍ ആകെ പ്രതിസന്ധിയിലായി. അംബികയും പൂര്‍ണിമയും പോയാല്‍ പിന്നെ സിനിമ വീണ്ടും നീണ്ടുപോകും. അത് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. നസീര്‍ സാറുമായുള്ള ഒരു കോമ്പിനേഷന്‍ സീനാണ് ഇരുവര്‍ക്കും അഭിനയിച്ച് തീര്‍ക്കേണ്ടിയിരുന്നത്.
ആ സമയത്ത് നസീര്‍ സര്‍ എറണാകുളം ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ താമസിക്കുകയാണ്. ഫാസില്‍ സര്‍ നേരെ നസീര്‍ സാറിന്റെ അടുത്തേക്ക് പോയി. അല്‍പ്പം ആശങ്കയോടെ പറഞ്ഞു: 'സർ, നാളെ ഇവിടെ ബന്ദാണ്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറു വരെ. ഷൂട്ടിങ് നടക്കുമോ എന്നറിയില്ല. നായികമാര്‍ക്ക് ഡേറ്റും ഇല്ല'. ഒന്നിരുത്തി മൂളി നസീര്‍ സാര്‍ പറഞ്ഞു, 'അതിനെന്താ ഇന്‍ഡോര്‍ ഷൂട്ട് അല്ലെ, നമുക്ക് നാളെ രാവിലെ നേരത്തേ തന്നെ തുടങ്ങാം, എന്തു ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ഞാന്‍ വരാന്‍ തയ്യാറാണ്. നിങ്ങള്‍ പേടിക്കേണ്ട, ഞാന്‍ വരാം. നിങ്ങള്‍ മറ്റുള്ളവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തൂ.' ഷൂട്ടിങ് മാറ്റിവയ്ക്കേണ്ട. അന്ന് ചന്ദ്രന്‍ പനങ്ങോട് ആയിരുന്നു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അദ്ദേഹത്തെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് ഏര്‍പ്പാടാക്കി. യൂണിറ്റിലെ എല്ലാവരോടും ആറ് മണിക്ക് മുന്‍പായി എത്തണം എന്ന് പറഞ്ഞു. ഫാസില്‍ സറിന് നല്ല പേടിയുണ്ടായിരുന്നു. എന്നോട് പറഞ്ഞു, 'ബാബു നമുക്ക് ഒരു അഞ്ചരയോടെ അവിടേയ്ക്ക് പോകാം.'

അങ്ങനെ പിറ്റേ ദിവസമായി, ഞങ്ങള്‍ അഞ്ചര കഴിഞ്ഞപ്പോഴേക്കും ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്തി. അപ്പോഴതാ അവിടെ, നസീര്‍ സര്‍. അവിടെ ഒരു ഊഞ്ഞാലുണ്ടായിരുന്നു. അദ്ദേഹം അതിന്‍മേല്‍ ഇരുന്ന് ആടുകയാണ്. ഒരു പത്രവുമുണ്ട് കയ്യില്‍. ഞങ്ങള്‍ ആകെ ഞെട്ടിപ്പോയി ആറ് മണിയ്ക്ക് മുന്‍പ് എന്നാണ് ആര്‍ട്ടിസ്റ്റുകളോട് പറഞ്ഞിരിക്കുന്നത്. അദ്ദേഹം 5: 30 ആയപ്പോഴേക്കും എത്തി എല്ലാവരെയും കാത്തിരിക്കുകയാണ്. അതാണ് നസീര്‍ സാറിന്റെ പ്രകൃതം. അദ്ദേഹത്തോളം കൃത്യനിഷ്ഠയും അര്‍പ്പണബോധവുമുള്ള നടന്‍മാരെ കാണാന്‍ കിട്ടില്ല. താന്‍ കാരണം ആരും ബുദ്ധിമുട്ടരുതെന്നും വിഷമിക്കരുതെന്നുമുള്ള നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

വല്ലാത്ത കുറ്റബോധമായിരുന്നു അപ്പോള്‍ നസീര്‍ സാറിന്റെ മുഖത്ത് നിഴലിച്ചിരുന്നത്
അങ്ങനെ സിനിമ പൂര്‍ത്തിയായി, അടുത്തത് ഡബ്ബിങ് ജോലികള്‍. അതു നടക്കുന്നത് ചെന്നൈയില്‍ വച്ചാണ്. നസീര്‍ സാറിനെ കൂട്ടിക്കൊണ്ട് സ്റ്റുഡിയോയിലേക്ക് പോകാന്‍ ഞാന്‍ വണ്ടിയുമായി ചെന്നു. അന്ന് മൊബൈല്‍ ഫോണൊന്നും ഇല്ലാത്തത് കൊണ്ട് ഡബ്ബിങ്ങിന് വരേണ്ട കാര്യം സാര്‍ അറിഞ്ഞത് വൈകിയാണ്. സമയം വൈകിയിരുന്നു നസീര്‍ സാറിന് ആണെങ്കില്‍ അന്ന് മറ്റൊരു സിനിമയുടെ ഡബ്ബിങ് കൂടി തീര്‍ക്കാനുണ്ട്. എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ബാബു ഞാന്‍ ഇപ്പോള്‍ വരാം, ഒരു അഞ്ച് നിമിഷം കാത്ത് നില്‍ക്കൂ എന്ന്. ഷര്‍ട്ടിന്റെ ബട്ടന്‍സ് പോലും ഇട്ടു തീര്‍ക്കാതെ ധൃതിയില്‍ അദ്ദേഹം ഓടി വന്നു. വേഗം, കാറില്‍ കയറി. അവിടെ കാവല്‍ നില്‍ക്കുന്ന ഗൂര്‍ഖ ഗേറ്റ് തുറന്നുതന്നു. കാര്‍ റോഡിലേക്കിറങ്ങി.
നസീര്‍ സാറിന്റെ വീടിന് മുന്‍പില്‍ എപ്പോഴും ഭിക്ഷക്കാരും എന്തെങ്കിലും സഹായം ചോദിച്ചു വരുന്നവരുമൊക്കെ കാണും. അദ്ദേഹം ആരെയും നിരാശരാക്കാറില്ല. പക്ഷേ അന്ന് തിരക്കായതിനാല്‍ യാചകരോട് നസീര്‍ സര്‍ ദേഷ്യപ്പെട്ടു, കാറെടുക്കൂ എന്നു ദേഷ്യത്തോടെ പറഞ്ഞു. ഡ്രൈവര്‍ അത് അനുസരിച്ചു. അങ്ങനെ യാത്ര തുടങ്ങി. കാര്‍ കോടമ്പാക്കം ബ്രിഡ്ജ് കയറാറായപ്പോള്‍ സാര്‍ ഡ്രൈവറോട് പറഞ്ഞു: കാര്‍ തിരിക്കൂ. എന്തിനാണ് അദ്ദഹം അങ്ങനെ പറഞ്ഞത് എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. അദ്ദേഹത്തിന്റെ മുഖം വല്ലാതെ അസ്വസ്ഥമായിരുന്നു. ഞങ്ങള്‍ ആകെ ഭയന്നു. കാര്‍ പിന്നീട് നിര്‍ത്തിയത് സാറിന്റെ വീടിന്റെ ഗേറ്റിന് മുന്‍പിലാണ്. സാര്‍ അവിടെ ആരെയോ തിരയുകയാണ്. കുറച്ച് കഴിഞ്ഞപ്പോഴാണ്, അദ്ദേഹം തിരഞ്ഞത് അവിടെ നിന്നിരുന്ന യാചകരെയാണ്. അവര്‍ അപ്പോഴേക്കും കുറച്ചു ദൂരം നടന്നകന്ന് പോയിരുന്നു. നസീര്‍ സാര്‍ അവരുടെ പിറകെ ചെന്നു പേഴ്സില്‍ നിന്ന് പണം എടുത്ത് നല്‍കി. അവരോട് ദേഷ്യപ്പെട്ടതിന്റെ കുറ്റബോധമായിരുന്നു നസീര്‍ സാറിന്റെ മുഖത്ത് നിഴലിച്ചിരുന്നത്. അവരെ കണ്ടെത്തി പണം നല്‍കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ മുഖം പ്രസന്നമായത്. അതു വല്ലാത്തൊരു പാഠമാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സമ്മാനിച്ചത്. ഇന്നും ആ രംഗം എന്റെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു.

ഇതായിരുന്നു നസീറിന്റെ അവസാന ചിത്രം
എന്താ ബാബു, ഇപ്പോള്‍ മരുന്ന് കഴിക്കുന്നില്ലേ ?
ഇനി എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു അനുഭവം പറയാം, മൂന്നാറില്‍ സിനിമയിലെ (മറക്കില്ല ഒരിക്കലും എന്ന സിനിമയിലെ) ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ്. ഈ സിനിമയില്‍ ആദ്യമായി ഷൂട്ട് ചെയ്തതും ആ ഗാനരംഗമായിരുന്നു. ഇടവേളയില്‍ ഞാന്‍ അവിടെ എവിടേയോ മാറി ഇരിക്കുകയായിരുന്നു. നസീര്‍ സാര്‍ കുറച്ചപ്പുറത്ത് ഒരു കസേരയില്‍ ഇരിക്കുന്നുണ്ട്. പെട്ടന്ന് എന്നെ കൈ കാണിച്ച് വിളിച്ചു, 'ബാബു ഇവിടെ വരൂ' എന്ന് പറഞ്ഞു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചു, 'എന്താ ബാബു നിങ്ങള്‍ക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ, മുഖം വല്ലാതെ ഇരിക്കുന്നുവല്ലോ?' ഞാന്‍ പറഞ്ഞു, 'ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയല്ലേ ചെറിയ ക്ഷീണമൊക്കെയുണ്ട്. അപ്പോള്‍ നസീര്‍ സാര്‍, ബാബു എന്താ ഇന്ന് രാവിലെ കഴിച്ചത്. അത് സര്‍, പ്രൊഡക്ഷനിലെ എല്ലാരും ഇന്ന് ഇഡ്ഡലിയും ദോശയുമല്ലേ കഴിച്ചത്, അതു തന്നെ. ബാബു അതൊന്നും പോര, കുറച്ച് വൈറ്റമിന്‍സ് കഴിക്കണം. ഒരു പേപ്പര്‍ തരൂ, ഞാന്‍ കുറിച്ചു തരാം.' അങ്ങനെ നസീര്‍ സാര്‍ എനിക്ക് ഒരു പേപ്പറില്‍ രണ്ട് വൈറ്റമിന്‍ മരുന്നുകള്‍ കുറിച്ചു തന്നു. എന്നിട്ട് പറഞ്ഞു, 'രണ്ട് ആഴ്ച ഇത് കഴിച്ചു നോക്കൂ, പിന്നെ തുടര്‍ന്നാലും വിരോധമില്ല'. സത്യം പറഞ്ഞാല്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളോളം ഞാന്‍ അവ കഴിച്ചു. അതിനുശേഷം ഷൂട്ടിങ്ങിനിടയില്‍ എനിക്ക് പിന്നീട് തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായിട്ടില്ല. പിന്നീട് ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ ചോദിച്ചു, ഇപ്പോള്‍ മരുന്ന് കഴിക്കുന്നില്ല? എന്ന്. അതായിരുന്നു നസീര്‍ സര്‍. കൃത്യനിഷ്ഠത, മറ്റുള്ളവരോട് കാണിക്കുന്ന കരുതല്‍ അതൊക്കെയാണ് സാറിനെ വ്യത്യസ്തനാക്കിയത്. ഇന്നും നസീര്‍ സാറിന്റെ പേരില്‍ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരുമെല്ലാം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അത് അദ്ദേഹം നല്ല നടന്‍ ആയതുകൊണ്ടു മാത്രമല്ല, നല്ല മനുഷ്യന്‍ കൂടിയയായതുകൊണ്ടാണ്.
Content Highlights: prem nazir death anniversary marakilla orikkalum movie babu shahir remembers naeer movies