കോഴിക്കോട് അളകാപുരിയില്‍ ഒരു സിനിമാക്കഥയുടെ ചര്‍ച്ചയിലായിരുന്നു ഞാന്‍. ഇടയ്ക്ക് ഒരു ദിവസം എന്റെ സുഹൃത്ത് മഠത്തില്‍ ശങ്കരന്റെ ഫോണ്‍ വന്നു; മദിരാശിയില്‍നിന്ന്: 'പ്രേംനസീറിനെ വിജയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നു; എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് തോന്നുന്നു!' ഉടനെത്തന്നെ ഞാന്‍ ആശുപത്രിയിലേക്ക് വിളിച്ച് മുറിയിലേക്ക് കണക്ഷന്‍ വാങ്ങി. ഫോണെടുത്തത് പ്രേംനസീര്‍തന്നെയായിരുന്നു. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു ചെക്കപ്പിന് വന്നതാണെന്നും പരിഭ്രമിച്ച് ഓടിവരേണ്ടുന്ന ആവശ്യമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ത്തന്നെ കേട്ടപ്പോള്‍ സമാധാനമായി.

മദിരാശിയില്‍ മഹാലിംഗപുരത്ത് വര്‍ഷങ്ങളായി ഞങ്ങള്‍ അയല്‍വാസികളാണ്. കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലാത്തതുകൊണ്ട് ഇടക്കിടെ ഞങ്ങള്‍ കാണാറുണ്ടായിരുന്നു. പഴയ വീരകഥകള്‍ പറഞ്ഞ് രസിക്കാറുമുണ്ട്. എം.ടി.യുടെ ഒരു തിരക്കഥ സ്വന്തമായി നിര്‍മിച്ച് ഒരു ചിത്രം സ്വയം സംവിധാനംചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എം.ടി.യും അതിന്റെ പണിപ്പുരയിലായിരുന്നു എന്നാണ് എന്റെ അറിവ്. 

അടുത്തദിവസം പ്രഭാതത്തില്‍ സുഹൃത്തിന്റെ ഫോണ്‍ വീണ്ടും വന്നു...
''പ്രേംനസീര്‍ പോയി!''
''എവിടെപ്പോയി?''
അല്പനേരത്തെ മൗനത്തിനുശേഷം സുഹൃത്ത് തുടര്‍ന്നു: ''ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഞാനിപ്പോള്‍ സംസാരിക്കുന്നത് അവിടെനിന്നാണ്.'' 
എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പി.വി. ഗംഗാധരനെ വിളിച്ചു: ''ഒരു വാര്‍ത്ത കേട്ടു, ശരിയാണോന്നറിയാന്‍...'' പറഞ്ഞുതീരുന്നതിനുമുമ്പ് പി.വി.ജി. പറഞ്ഞു: ''ശരിയാണ്, മദിരാശിയില്‍നിന്ന് ബോഡി നാട്ടിലേക്ക് കൊണ്ടുവരികയാണ്. നമുക്ക് ചിറയിന്‍കീഴിലേക്ക് പോകാം. വേഗം പുറപ്പെട്ടോളൂ...''

യാത്രയില്‍ കുറേനേരം ഞങ്ങള്‍ ഒന്നും  സംസാരിച്ചില്ല. 'സുജാത' എന്ന ആദ്യചിത്രത്തിന്റെ ചിത്രീകരണത്തിന് കോഴിക്കോട്ട് വന്നപ്പോള്‍ വീട്ടില്‍ച്ചെന്നതും അച്ഛനും ജ്യേഷ്ഠനുമൊക്കെ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചതും സൗഹൃദം പങ്കിട്ടതുമായ അനുഭവങ്ങള്‍ ആരോടെന്നില്ലാതെ പി.വി.ജി. ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അസ്വസ്ഥമായി അലയുന്ന എന്റെ ചിന്തകളും ശിഥിലമായിക്കൊണ്ടേയിരുന്നു. രണ്ടരപ്പതിറ്റാണ്ടത്തെ ബന്ധമുണ്ടെനിക്ക് പ്രേംനസീറുമായിട്ട്. ഒരു സംവിധായകനും നടനും തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല അത്. നിര്‍വചിക്കാനാവാത്ത ഒരാത്മബന്ധം. ആരാധകനെന്നോ ശിഷ്യനെന്നോ സുഹൃത്തെന്നോ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

'ഭാര്‍ഗവീനിലയം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തലശ്ശേരി കടപ്പുറത്തുവെച്ച് നടക്കുമ്പോഴാണ് (1963) ഞാനാദ്യമായി പ്രേംനസീറിനെ നേരില്‍ക്കാണുന്നത്. എവിടെ സിനിമാഷൂട്ടിങ്ങുണ്ടെന്നുകേട്ടാലും അവിടെയെല്ലാം ഓടിയെത്തുന്ന കാലം! ഇന്ത്യന്‍ സിനിമയിലെ ഭീഷ്മാചാര്യരായ എ. വിന്‍സന്റ് മാഷായിരുന്നു സംവിധായകന്‍. കലാസംവിധായകന്‍ കൊന്നനാട്ട് സ്വാമിയേട്ടന്റെ സൗഹൃദംകൊണ്ടുമാത്രമാണ് ക്യാമറയുടെ പിറകില്‍നിന്നുതന്നെ ഷൂട്ടിങ് കാണാനുള്ള അവസരം അന്നുണ്ടായത്. അകലെ ആരാധകരുടെ ഒരു വലിയ ജനക്കൂട്ടം തള്ളിത്തിരക്കി മുന്നോട്ടുവരാന്‍ ശ്രമിക്കുന്നതും പോലീസുകാര്‍ അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും ഞാന്‍ കണ്ടു. 
'അറബിക്കടലൊരു മണവാളന്‍
കരയോ നല്ലൊരു മണവാട്ടി-
പണ്ടേ, പണ്ടേ, പായിലിരുന്ന്
പകിടയുരുട്ടിക്കളിയല്ലോ...'
കരയെ തലോടിക്കളിക്കുന്ന തിരമാലകളുടെ പശ്ചാത്തലത്തില്‍, പ്രേംനസീറും വിജയനിര്‍മലയും ക്യാമറക്കുനേരെ പാടിക്കൊണ്ട് ഓടിവരുന്ന മനോഹരമായ ആ ദൃശ്യം ഓര്‍മയില്‍നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല.  വെളുത്ത പൈജാമയും ജുബ്ബയുമായിരുന്നു പ്രേംനസീറിന്റെ വേഷം. ഷോട്ട് കഴിഞ്ഞ് ക്യാമറയ്ക്കടുത്ത് വന്നപ്പോള്‍ കുറേനേരം ഞാന്‍ ആ മുഖത്തുതന്നെ  നോക്കിനിന്നു!  കുട്ടികള്‍ പറയുന്നതുപോലെ, സിനിമയില്‍ കാണുന്ന അതേമുഖം, അതേ സംഭാഷണം, അതേ മന്ദഹാസം! ഇത്രയും ആകര്‍ഷണീമായ ഒരു മന്ദഹാസം, സിനിമയിലെന്നല്ല, എവിടെയും ഞാന്‍ മറ്റാര്‍ക്കും കണ്ടിട്ടില്ല. ഒരുപക്ഷേ, എന്റെമാത്രം തോന്നാലാവാം.

വെയില്‍കൊള്ളാതിരിക്കാന്‍ കടപ്പുറത്ത് കെട്ടിയുണ്ടാക്കിയ കൂടാരത്തിലേക്ക് നടന്നുവരുന്ന പ്രേംനസീറിന് സ്വാമിയേട്ടന്‍ എന്നെ പരിചയപ്പെടുത്തി. ''ഹരിഹരന്‍, സാറിന്റെ ഒരു വലിയ ആരാധകനാണ്''. ചിരകാലപരിചയമുള്ള ഒരു സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയ താത്പര്യത്തോടെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു: ''കൊള്ളാം, ആരാധകരില്ലെങ്കില്‍ നമ്മളുണ്ടോ...?'' ആദ്യ ദര്‍ശനത്തില്‍ത്തന്നെ പറഞ്ഞ ആ വാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി. സ്വാമിയേട്ടന്‍ പിന്നെയും എന്നെപ്പറ്റി എന്തൊക്കെയോ സ്തുതിച്ചുകൊണ്ടിരുന്നു. 'ചിത്രകാരനാണ്, നടനാണ്, കഥയെഴുതും...' അതൊന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്റെ ചിന്തകള്‍ താമരശ്ശേരിയിലെ പുരാതനമായ 'വയനാട് ടാക്കീസി'ലെത്തിക്കഴിഞ്ഞിരുന്നു. പ്രേംനസീര്‍ അഭിനയിച്ച ആദ്യചിത്രം ഞാന്‍ അവിടെവെച്ചാണ് കണ്ടത്.  1952-ലാണെന്ന് തോന്നുന്നു, 'മരുമകള്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയ ചിറയിന്‍കീഴ് അബ്ദുല്‍ഖാദര്‍ എന്ന ചെറുപ്പക്കാരന്‍, തിക്കുറുശ്ശി സുകുമാരന്‍നായര്‍ സമ്മാനിച്ച 'പ്രേംനസീര്‍' എന്ന ഓമനപ്പേരിലൂടെ ഒരു പതിറ്റാണ്ടുകൊണ്ട് മലയാള സിനിമാപ്രേമികളുടെ പ്രത്യേകിച്ച്, സ്ത്രീജനങ്ങളുടെ ആരാധനാവിഗ്രഹമായി മാറിക്കഴിഞ്ഞിരുന്നു. 

പി.വി.ജി. എന്നെ തൊട്ടുണര്‍ത്തി: ''ബോഡി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. വലിയ ജനക്കൂട്ടമുണ്ട്. വിലാപയാത്രയായിട്ടാണ് ചിറയിന്‍കീഴിലേക്ക് കൊണ്ടുപോകുന്നത്. സമയമുണ്ട്, വേണമെങ്കില്‍ വല്ലതും കഴിക്കാം''. ''വേണ്ട, ഇപ്പോഴൊന്നും വേണ്ട, നമ്മള്‍ പുറപ്പെട്ട വിവരം പ്രേംനവാസിനെ ഒന്ന് വിളിച്ചറിയിച്ചേക്കൂ...'' -ഞാന്‍ പറഞ്ഞു. 

'കളക്ടര്‍ മാലതി' എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് രണ്ടാമതായി ഞങ്ങള്‍ കണ്ടുമുട്ടുന്നത്. മദിരാശിയിലെ സത്യാ സ്റ്റുഡിയോയില്‍വെച്ചാണത്. സംവിധായകന്‍ കൃഷ്ണന്‍ നായര്‍ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ''എന്റെ പുതിയ അസിസ്റ്റന്റാണ് ഹരിഹരന്‍. സത്യന്‍മാഷുടെ ശുപാര്‍ശയാണ്. അതുകൊണ്ട് മോശമാവില്ല...'' കൃഷ്ണന്‍നായര്‍ സാറിന്റെ സാങ്കേതികപരിജ്ഞാനത്തെപ്പറ്റിയും കൃത്യനിഷ്ഠയെപ്പറ്റിയും മറ്റും പ്രേംനസീര്‍ എന്നെ പറഞ്ഞ് മനസ്സിലാക്കി. എന്തെങ്കിലും അപാകം കണ്ടാല്‍ അപ്പോള്‍ത്തന്നെ 'കെട്ടുകെട്ടിക്കും' എന്നും പറഞ്ഞ് ഭയപ്പെടുത്തി...മലയാളസിനിമയിലെ വസന്തമായ ഷീലയായിരുന്നു ഒരു നായിക. മറ്റൊരു നായിക കൂടപ്പിറപ്പ്, കണ്ടംെബച്ചകോട്ട്, കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിച്ച ആഭിജാത്യമുള്ള നടി അംബികയും.

മേക്കപ്പ് മുറിയില്‍വെച്ച് എസ്.എല്‍. പുരം സദാനന്ദന്‍ എഴുതിയ 'കളക്ടര്‍ മാലതി'യുടെ തിരക്കഥ ഞാന്‍ പ്രേംനസീറിനും മറ്റെല്ലാവര്‍ക്കുമായി വായിച്ചുകൊടുത്തു. കഥാപാത്രങ്ങളടെ സ്വഭാവവും മറ്റും വിശദീകരിക്കയും ചെയ്തു. അക്കാലത്ത് അതായിരുന്നു പതിവ്. എഴുത്തുകാരിലും സംവിധായകരിലും നടീനടന്മാര്‍ക്ക് നല്ല വിശ്വാസമായിരുന്നു. ഓരോരുത്തരിലുമുള്ള സിദ്ധികള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നല്ല ബോധമുള്ളവരായിരുന്നു സംവിധായകര്‍. അതുകൊണ്ട് ഉദയ, മെരിലാന്‍ഡ്, ജയ്മാരുതി, തിരുമേനി, മഞ്ഞിലാസ്, സുപ്രിയ, ചന്തമണി, പ്രിയദര്‍ശിനി, ചിത്രസാഗര്‍, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്, ജിയോ പിക്‌ചേഴ്‌സ് തുടങ്ങിയ ബാനറുകള്‍ തുടര്‍ച്ചയായി സിനിമകള്‍ നിര്‍മിക്കുകയും കാലത്തെ അതിജീവിക്കുന്ന ഒട്ടനവധി ചലച്ചിത്രസൃഷ്ടികള്‍ മലയാളസിനിമയ്ക്ക് കാഴ്ചവെക്കുകയുംചെയ്തു. ബഹുഭൂരിഭാഗം സിനിമകളിലും പ്രേംനസീറിന്റെ സാന്നിധ്യമായിരുന്നുതാനും!

ഒരുദിവസം ഷൂട്ടിങ്  നടക്കുന്നതിനിടയില്‍ ഞാന്‍ പ്രേംനസീറിനോട് പറഞ്ഞു: ''ചിത്രകലാ അധ്യാപകന്റെ ജോലി ഉപേക്ഷിച്ച് വണ്ടികയറിയതാണ്, സിനിമയില്‍ ഏതെങ്കിലും ഒരു മേഖലയില്‍ പിടിച്ചുനില്‍ക്കണമെന്നുണ്ട്...''സ്വതഃസിദ്ധമായ പുഞ്ചിരിയോടെ എന്നോട് പറഞ്ഞു: ''ആല്‍മരം നട്ടുനനച്ച് വളര്‍ത്തേണ്ട ആവശ്യമില്ല. വേരുകള്‍ ജലംതേടി എത്രദൂരം വേണമെങ്കിലും സഞ്ചരിക്കും. അതുപോലെയാണ് കലാകാരനും!'' ആ വാക്കുകള്‍ എനിക്ക് ആത്മധൈര്യം പകരുന്നതായിരുന്നു!

'കളക്ടര്‍ മാലതി'ക്കുശേഷം ഇന്‍സ്പെക്ടര്‍, അഞ്ചുസുന്ദരികള്‍, അനാച്ഛാദനം, കാര്‍ത്തിക, വിവാഹിത തുടങ്ങി ഒരു ഡസനോളം കൃഷ്ണന്‍നായര്‍ ചിത്രങ്ങളില്‍ ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ത്തന്നെ എം.എസ്. മണി, എസ്.എസ്. രാജന്‍, എ.ബി. രാജ്, ജെ.ഡി. തോട്ടാന്‍ തുടങ്ങിയ പ്രഗല്ഭരുടെ ചിത്രങ്ങളിലും സഹകരിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. അപ്പോഴൊക്കെ വിചിത്രമായി തോന്നിയിട്ടുള്ള ഒരനുഭവം, ആരുടെകൂടെ, ഏത് സ്റ്റുഡിയോ സെറ്റില്‍പോയാലും അവിടെയൊക്കെ അധികവും ക്യാമറയ്ക്കുമുന്നില്‍ വരുന്നത് പ്രേംനസീറായിരിക്കും. പ്രത്യേകിച്ച് 1971-ല്‍ സത്യന്‍ സാറിന്റെ വേര്‍പാടിനുശേഷം നിര്‍മാതാക്കള്‍ പ്രേംനസീറിന് വിശ്രമം നല്‍കിയിട്ടില്ല!

ക്യാമറയ്ക്കുമുന്നില്‍ പ്രേംനസീര്‍ എപ്പോഴും അനുസരണയുള്ള ഒരു വിദ്യാര്‍ഥിയായിരുന്നു. സംവിധായകരുടെ വലുപ്പച്ചെറുപ്പമൊന്നും അദ്ദേഹത്തിന് ബാധകമല്ല. സംവിധായകരെ ഗുരുവിന്റെ സ്ഥാനത്താണ് അദ്ദേഹം കണ്ടിരുന്നത്. 1972-ല്‍ തികച്ചും യാദൃച്ഛികമായിട്ടാണ് ഞാന്‍ സംവിധായകനാകുന്നത്. അതിന്റെ പിറകില്‍ രസകരമായ കഥകളുണ്ട്. അതിവിടെ പ്രസക്തമല്ല. 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധനും 'അടിമകളി'ലെ പൊട്ടനും 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടിയും പോലുള്ള വളരെ സീരിയസായ കഥാപാത്രങ്ങളെ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രേംനസീറിന്റെ വ്യത്യസ്തമായ ഒരു മുഖം അവതരിപ്പിക്കുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. നിര്‍മാണത്തിലും രചനയിലും അതിന് കൂട്ടുപിടിച്ചത് എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായ ഡോ. ബാലകൃഷ്ണനെയായിരുന്നു. അങ്ങനെയാണ് 'ലേഡീസ് ഹോസ്റ്റല്‍' എന്ന ചിത്രം രൂപംകൊള്ളുന്നത്. പ്രേംനസീറിനെ കൂടാതെ കെ.പി. ഉമ്മര്‍, ബഹദൂര്‍, അടൂര്‍ ഭാസി, ജയഭാരതി, സുജാത എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ബാബുരാജായിരുന്നു സംഗീതം നല്‍കിയത്.

nazeer

 

വാസു സ്റ്റുഡിയോയില്‍വെച്ച് ചിത്രത്തിന്റെ ആദ്യഷോ കണ്ടശേഷം പ്രേംനസീറിന്റെ സഹോദരന്‍ പ്രേംനവാസ് എന്നെ വിളിച്ച് ശകാരിച്ചു: ''നിങ്ങള്‍ എന്തുപണിയാണ് മിസ്റ്റര്‍ ചെയ്തത്. സീരിയസ് നടനായ എന്റെ ചേട്ടനെ ഒരു വിദൂഷകനാക്കി മാറ്റിക്കളഞ്ഞില്ലേ? അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?'' അത് കേട്ടുകൊണ്ടുനിന്ന പ്രസിദ്ധ നിര്‍മാതാവ് ടി.ഇ. വാസുദേവന്‍ എന്നെ വിളിച്ച് മാറ്റിനിര്‍ത്തി പറഞ്ഞു: ''മിസ്റ്റര്‍ ഹരന്‍, Picture is very interesting... very intelligent satire... This picture is going to creat a new trend in malayalam cinema (ചിത്രം വളരെ നന്നായിട്ടുണ്ട്. മലയാള സിനിമയില്‍ ഇതൊരു പുതിയ തരംഗം സൃഷ്ടിക്കാന്‍ പോവുകയാണ്).

അദ്ദേഹം പ്രവചിച്ചപോലെത്തന്നെ സംഭവിച്ചു. 'ലേഡീസ് ഹോസ്റ്റല്‍' ഒരു വമ്പിച്ച വിജയമായി! മലയാളസിനിമയില്‍ ഒരു പുതിയ ഹാസ്യതരംഗം സൃഷ്ടിക്കുകതന്നെ ചെയ്തു (അതിപ്പോഴും തുടരുന്നു). തുടര്‍ന്ന് കോളേജ് ഗേള്‍, അയലത്തെ സുന്ദരി, ബാബുമോന്‍, തെമ്മാടി വേലപ്പന്‍, രാജഹംസം, ഭൂമീദേവി പുഷ്പിണിയായി തുടങ്ങി ഞങ്ങളുടെ പത്തിരുപത് ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്‍ വിജയങ്ങളായിരുന്നു.

ആ വിജയങ്ങളുടെയെല്ലാം പിന്‍ബലം പ്രേംനസീര്‍ എന്ന മഹാപ്രതിഭയുടെ താരശോഭയായിരുന്നു എന്നുള്ള സത്യം പറയാതിരിക്കാന്‍ വയ്യ. ഏതുതരം കഥാപാത്രങ്ങളും ഇണങ്ങുന്ന ഒരു മുഖശ്രീയും ശരീരഘടനയുമായിരുന്നു പ്രേംനസീറിന്. അത് ദൈവം കനിഞ്ഞ് നല്‍കിയ വരദാനമാണ്. വടക്കന്‍പാട്ടുകളിലെ വീരനായകന്മാരായാലും പുരാണകഥകളിലെ ശ്രീകൃഷ്ണനായാലും ശ്രീരാമനായാലും പൊട്ടനായാലും പോലീസുകാരനായാലും ഭ്രാന്തന്‍ വേലായുധനായാലും തെമ്മാടി വേലപ്പനായാലും ആ മുഖത്ത് മേക്കപ്പുചെയ്ത് രൂപപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂ.

വിവിധ ഭാഷകളിലായി എഴുനൂറില്‍പരം ചിത്രങ്ങളില്‍ പ്രേംനസീര്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് രൂപംനല്‍കിയിട്ടുള്ള മറ്റൊരു നടന്‍ ഇന്ത്യയില്‍ എന്നല്ല, ലോകത്തുതന്നെ ഉണ്ടോ എന്നത് സംശയമാണ്. സത്യന്റെയും മധുവിന്റെയും മറ്റും ചിത്രങ്ങളില്‍ അപ്രധാന കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍പോലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സോമനും സുകുമാരനും ജയനുമൊക്കെ വളര്‍ന്നുവന്നപ്പോള്‍ അവരെയൊക്കെ സസന്തോഷം സ്വാഗതം ചെയ്യുകയാണുണ്ടായത്.

'അയലത്തെ സുന്ദരി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബെംഗളൂരുവില്‍ നടക്കുമ്പോള്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ എന്നോടു പറഞ്ഞു ''നസീര്‍ സാറിന്റെ കാലിന് ഒരു മുറിവുപറ്റി. രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. സംവിധായകനെ അറിയിക്കണ്ട. നമുക്ക് ഷോട്ടെടുക്കാം എന്നാണ് പറയുന്നത്.'' ഞാന്‍ ചെന്നുനോക്കുമ്പോള്‍ രക്തംവരുന്ന മുറിവില്‍, മേക്കപ്പുചെയ്യുന്ന പൗഡറിട്ട് തുണികൊണ്ടൊരു കെട്ടുംകെട്ടി അടുത്ത ഷോട്ടിന് തയ്യാറായി നില്‍ക്കുന്ന പ്രേംനസീറിനെയാണ് കണ്ടത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാന്‍ ഷൂട്ടിങ് പാക്ക്അപ് ചെയ്ത് ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി ഒരു ഡോക്ടറെ കാണിച്ചു. ഇതുപോലുള്ള അനുഭവങ്ങള്‍ മറ്റ് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും എത്രയോ പറയാനുണ്ടാവും.

തിരുവനന്തപുരത്തു നിന്ന് പ്രേംനസീറിനെ മദിരാശിയില്‍ കൊണ്ടുവന്നതും തമിഴ് സിനിമാനിര്‍മാതാക്കളുമായി ബന്ധപ്പെടുത്തിയതും പ്രസിദ്ധ ക്യാരക്ടര്‍ നടനായ ടി.എസ്. മുത്തയ്യയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നാല്പതോളം തമിഴ് ചിത്രങ്ങളിലും പ്രേംനസീര്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകളില്‍ മുത്തയ്യ സാറിന് അവസരങ്ങള്‍ നല്‍കാന്‍ പ്രേംനസീര്‍ സംവിധായകരോട് അപേക്ഷിക്കുമായിരുന്നു. അതുപോലെത്തന്നെ അവസരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന മറ്റ് നടീനടന്മാര്‍ക്കുവേണ്ടിയും ഞങ്ങളോടൊക്കെ അപേക്ഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ സഹജീവി സ്നേഹവും വിനയവുംകണ്ട് ഞാന്‍ പറയും: ''സാര്‍ അപേക്ഷിക്കരുത്, ആജ്ഞാപിക്കണം. ഞങ്ങള്‍ അനുസരിക്കും.''

1975-ല്‍ ഗുരുവായൂരില്‍വെച്ച് എന്റെ വിവാഹം നടക്കുമ്പോഴും 1979-ല്‍ എന്റെ ഗൃഹപ്രവേശം നടക്കുമ്പോഴും പ്രേംനസീര്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. 'വടക്കന്‍ വീരഗാഥ'യുടെ ഷൂട്ടിങ് കൊല്ലങ്കോട്ട് നടക്കുമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് പ്രേംനസീര്‍ സെറ്റില്‍ കയറിവന്നു. കളരി സെറ്റായിരുന്നു. മമ്മൂട്ടിയും ക്യാപ്റ്റന്‍ രാജുവും ഗീതയുമെല്ലാം ആഹ്‌ളാദത്തോടെ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഏറെനേരം മമ്മൂട്ടിയുടെ അഭിനയവും മറ്റും കൗതുകത്തോടെ കണ്ട് ആസ്വദിച്ച്, അന്നു മുഴുവന്‍ ഞങ്ങളോടൊപ്പം ആഹാരംകഴിച്ചും പലതമാശകളും പറഞ്ഞ് സമയം ചെലവഴിച്ചും കഴിഞ്ഞുകൂടി. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനര്‍ഘനിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചു. അടുത്ത ദിവസം പ്രഭാതത്തിലാണ് യാത്ര പുറപ്പെട്ടത്. എന്നോടു പറഞ്ഞു: ''മമ്മൂട്ടിയെവെച്ച് ഇനിയും വടക്കന്‍ പാട്ടുകള്‍ ചെയ്യണം. നല്ല മെയ്?വഴക്കമുള്ള നടനാണ്. നല്ല ഗെറ്റ്അപ്പ്. വല്ല ഗസ്റ്റ്‌റോളുകളുണ്ടെങ്കില്‍ എന്നെയും വിളിക്കണം...'' തമാശയായിട്ടാണ് അത് പറഞ്ഞതെങ്കിലും എന്റെ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരമുണ്ടാക്കി. കാരണമുണ്ട്...

nazir

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നിട്ട് പറഞ്ഞു: ''നിങ്ങള്‍ ഉദയാ സ്റ്റുഡിയോയ്ക്കുവേണ്ടി ഒരു വടക്കന്‍പാട്ട് ചിത്രം സംവിധാനംചെയ്യണം. കുഞ്ചാക്കോ സാറിന്റെ കാലശേഷം നല്ല ചിത്രങ്ങളൊന്നും അവിടുന്ന് വന്നിട്ടില്ല. ഞാനും കുഞ്ചാക്കോ സാറും തമ്മിലുള്ള ബന്ധം അറിയാമല്ലോ. ആ ബാനര്‍ പഴയ പ്രൗഢിയില്‍ കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ട്. ഞാനാലോചിച്ചപ്പോള്‍ ഹരനാണ് അതിന് പറ്റിയ സംവിധായകന്‍. തുടക്കം ഒരു വടക്കന്‍പാട്ടുതന്നെ ആവട്ടെ. പുതിയ ശൈലിയിലൊരു വടക്കന്‍പാട്ട്. ഹരന്‍ പറഞ്ഞാന്‍ എം.ടി. എഴുതുമല്ലോ. ബോബനും അമ്മയും നാളെ ഹരനെ വീട്ടില്‍ വന്നുകാണും. പറ്റില്ലെന്ന് പറയരുത്.''

അടുത്ത ദിവസം ബോബനും അമ്മയും വീട്ടില്‍വന്നു. വളരെനേരം സംസാരിച്ചിരുന്നശേഷം ഒരു ബ്ലാങ്ക് ചെക്കും തന്നു. ഞാന്‍ ഉദയാ സ്റ്റുഡിയോയില്‍ പോയി ഒരാഴ്ച താമസിച്ച്, അവിടെ നിര്‍മിച്ച വടക്കന്‍പാട്ട് ചിത്രങ്ങളെല്ലാം കണ്ടു. കൂടെ മങ്കൊമ്പ് ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന വടക്കന്‍പാട്ട് പുസ്തകങ്ങളെല്ലാം ബോബന്‍ എനിക്ക് തന്നു. എം.ടി.യെക്കണ്ട് പ്രേംനസീര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോള്‍ എം.ടി. എഴുതാമെന്ന് സമ്മതിച്ചു. അതിന്റെ ചര്‍ച്ചകളും തുടങ്ങി.പക്ഷേ, ചില സാങ്കേതികകാരണങ്ങളാല്‍ അന്ന് ആ സംരംഭം നടന്നില്ല. അതില്‍ പ്രേംനസീറിന് വലിയ മനഃസ്താപമുണ്ടായിരുന്നു.

ഒരു നിര്‍മാതാവിന് നഷ്ടംസംഭവിച്ചു എന്ന് മനസ്സിലാക്കിയാല്‍ അയാളെ വീട്ടില്‍ വിളിച്ചുവരുത്തി, ഏതെങ്കിലും ഒരു വിതരണക്കമ്പനിയുമായി ബന്ധപ്പെടുത്തി (പ്രേംനസീര്‍ പറഞ്ഞാല്‍ സഹായിക്കാത്ത ഒരു വിതരണക്കമ്പനിയും അന്നുണ്ടായിരുന്നില്ല) അടുത്ത ചിത്രം തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളത് ഒരു സാധാരണസംഭവമായിരുന്നു. വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുത്ത സംഭവങ്ങള്‍വരെ എനിക്കറിയാം.  വിദ്യാഭ്യാസത്തിനോ ചികിത്സക്കോ സഹായംതേടി നാട്ടില്‍നിന്ന് വരുന്ന ആരെയും വെറുംകൈയോടെ തിരിച്ചയച്ച ചരിത്രമില്ല.

ഒരു ദിവസം 'രാജയോഗം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എ.വി.എം. സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ ഫ്ലോറിനുവെളിയില്‍ ഒരു കുടുംബം ഏറെനേരം നസീര്‍സാറുമായി സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ആരാധകരാണ്, വെറുതേ ഫോട്ടോയെടുക്കാന്‍ വന്നതാണ് എന്നായിരുന്നു മറുപടി. കൂടെയുണ്ടായിരുന്ന കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ വര്‍ഷങ്ങളായി പ്രേംനസീറാണ് വഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മേക്കപ്പ്മാന്‍ സോമന്‍ പറഞ്ഞിട്ടാണ് പിന്നീട് ഞാനറിയുന്നത്. ജാതി-മത വ്യത്യാസമില്ലാതെ ദേവാലയങ്ങള്‍ക്കും പള്ളിക്കൂടങ്ങള്‍ക്കും മറ്റും കഴിയുംവിധം സഹായങ്ങള്‍ചെയ്യുന്നത് ഒരിക്കലും ഒരു പബ്ളിസിറ്റിക്ക് വേണ്ടിയായിരുന്നില്ല. 'തെമ്മാടി വേലപ്പന്‍' എന്ന ചിത്രത്തിന്റെ വന്‍വിജയത്തിനുശേഷം നിര്‍മാതാവ് ജി.പി. ബാലന്‍, അടുത്തചിത്രം അമേരിക്കയിലോ സിങ്കപ്പൂരിലോവെച്ച് നിര്‍മിക്കാമെന്ന് പ്രേംനസീറിനോട് പറഞ്ഞു. 'മലയാളത്തില്‍ വന്‍വിജയം വരിച്ചിട്ടുള്ള ചിത്രങ്ങളെല്ലാംതന്നെ കേരളത്തില്‍ ചിത്രീകരിച്ചിട്ടുള്ളതാണെന്നും അനാവശ്യമായി പണം ദുര്‍വ്യയംചെയ്ത് നഷ്ടം വിലയ്ക്കുവാങ്ങരുതെ'ന്നും പറഞ്ഞ് പ്രേംനസീര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.

പ്രേംനസീര്‍ ഒരു വിദേശയാത്രയ്ക്ക് പോയതായോ ഒരു വിനോദയാത്രയ്ക്ക് പോയതായോ എനിക്കറിയില്ല. താന്‍ കാരണം, നിര്‍മാതാക്കളോ വിതരണക്കാരോ മറ്റ് സഹപ്രവര്‍ത്തകരോ ബുദ്ധിമുട്ടരുത് എന്ന ചിന്തമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനുവേണ്ടി കഥാപാത്രങ്ങളായി ക്യാമറയ്ക്കുമുന്നില്‍ ജീവിക്കുമ്പോള്‍ സ്വയം ഒരു ജീവിതമുണ്ടെന്ന സത്യം അദ്ദേഹം മറന്നുപോയി! പദ്മശ്രീയും പദ്മഭൂഷണുമൊക്കെ അദ്ദേഹത്തെത്തേടി വന്നിട്ടുണ്ടെങ്കിലും അതൊന്നും ഒരലങ്കാരമായി അദ്ദേഹത്തിന് തോന്നിയിട്ടില്ല. ഒരിക്കലും. പ്രേംനസീര്‍ മലയാളസിനിമയുടെ രക്ഷകനായിരുന്നു. നിര്‍മാതാക്കളെയും സംവിധായകരെയും സഹനടീനടന്മാരെയും സഹപ്രവര്‍ത്തകരെയുമെല്ലാം ഒരേ കംപാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോകാന്‍ പ്രയത്നിച്ച സഹൃദയനായ ഒരു സഹയാത്രികന്‍!

പോലീസുകാര്‍ വണ്ടി തടഞ്ഞു. ചുറ്റും നോക്കുമ്പോള്‍ ജനക്കൂട്ടം മുന്നോട്ട് ഇരമ്പിക്കൊണ്ടിരിക്കുന്നു. ചിറയിന്‍കീഴിലെത്തിയതറിഞ്ഞില്ല. നിരവധി കാറുകള്‍ അവിടവിടെയായി തട്ടിക്കൂട്ടി നിര്‍ത്തിയിരിക്കുന്നു. റോഡ് പൂര്‍ണമായും തടസ്സപ്പെട്ടിരിക്കയാണ്. പി.വി.ജി.യെ കണ്ടതുകൊണ്ടാകണം രണ്ടുമൂന്ന് പോലീസുകാര്‍ ഓടിവന്ന് തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ പ്രേംനസീറിന്റെ വീട് ലക്ഷ്യമാക്കി ഞങ്ങളെ നടത്തിക്കൊണ്ടുപോയി. ഒരു വിധത്തില്‍ ഗേറ്റിലെത്തിയപ്പോള്‍ അകത്ത് ജനസമുദ്രം! വീടിന്റെ ബാല്‍ക്കണിയില്‍ സിനിമാനടീനടന്മാരും രാഷ്ട്രീയപ്രമുഖരും നില്‍ക്കുന്നത് കണ്ടു. അകലെ എന്നെ കണ്ടതും പ്രേംനവാസ് വിളിച്ചുപറയുന്നത് കേട്ടു: ''വരട്ടെ, എടുക്കാന്‍ വരട്ടെ, ഹരന്‍ വരുന്നുണ്ട്.''

ഞാനും പി.വി.ജി.യും വീടിന്റെ പോര്‍ട്ടിക്കോവില്‍ കിടത്തിയ ആ മഹാപുരുഷന്റെ ചലനമറ്റ ശരീരത്തിനുമുന്നിലെത്തി. ഞാന്‍ ആ മുഖത്തുതന്നെ നോക്കിനിന്നു. തലശ്ശേരി കടപ്പുറത്തുവെച്ച് കണ്ട, 'മന്ദഹാസം' എന്റെ മനസ്സില്‍ ഒരു മിന്നല്‍പ്പിണരുണ്ടാക്കി. വടക്കന്‍പാട്ടിലെ വീരനായകനായും ശ്രീരാമനായും ശ്രീകൃഷ്ണനായും വേലായുധനായും സലീം രാജകുമാരനായും ദുഷ്യന്തനായും ആരാധകരെ ഹര്‍ഷപുളകമണിയിച്ച ആ മുഖം മരവിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ പൊട്ടിക്കരയാതിരിക്കാന്‍ ഞാന്‍ എന്റെ സമസ്തനാഡികളും വരിഞ്ഞുമുറുക്കി. ആയിരങ്ങളുടെ അകമ്പടിയോടെ, കാട്ടുമുറാക്കല്‍ പള്ളിയിലെ ആറടി മണ്ണിലേക്കുള്ള അന്ത്യയാത്രയില്‍ ദുഃഖിതരായ ആരാധകര്‍ മുറവിളികൂട്ടി...''പ്രേംനസീറിന് മരണമില്ല! 

എല്ലാം അവസാനിക്കുമ്പോള്‍ സന്ധ്യമയങ്ങിയിരുന്നു. ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിക്കൊണ്ടിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനരംഗത്തിന്  തിരശ്ശീല വീഴുന്നതുപോലെ! ഇനി കാണികള്‍ക്ക് പിരിഞ്ഞുപോകാം.

മസ്‌കറ്റ് ഹോട്ടലിലെ  നീണ്ട വരാന്തയിലൂടെ ഞാന്‍ നടന്നു. വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നെങ്കിലും പ്രകാശം അനുഭവപ്പെട്ടില്ല.  മനസ്സ് ചോദിക്കുന്നു, പ്രേംനസീര്‍ ആരായിരുന്നു? ഒരു ഉത്തരമേയുള്ളൂ, അക്ഷരാര്‍ഥത്തില്‍ ഒരു 'മനുഷ്യന്‍'. ആ മനുഷ്യന്  സ്നേഹിക്കാനേ അറിയൂ, വെറുക്കാനറിയില്ല. ബഹുമാനിക്കാനേ അറിയൂ, അപമാനിക്കാനറിയില്ല. ഉപകാരംചെയ്യാനേ അറിയൂ, ഉപദ്രവംചെയ്യാന്‍ അറിയില്ല.
ഇങ്ങനെയും ഒരു മനുഷ്യനുണ്ടാകുമോ?...
ഇനി, ഇതെല്ലാം അനാവശ്യമായ ചിന്തകളാണ്!
ഞാന്‍ മുറിതുറന്നു. മനസ്സിലെ ഭാരം എവിടെയെങ്കിലുമൊന്ന് ഇറക്കിവെക്കാമെന്ന് കരുതി ടി.വി. ഓണ്‍ചെയ്തു. പ്രേംനസീര്‍ പാടുന്നു,

'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരും!
ഈ മനോഹര തീരത്തുതരുമോ-
ഇനിയൊരുജന്മംകൂടി
എനിക്കിനിയൊരു ജന്മംകൂടി...'

സര്‍വനിയന്ത്രണങ്ങളും കൈവിട്ടുപോയി...!ഞാന്‍ പൊട്ടിക്കരഞ്ഞു. നേരം പുലരുവോളം പ്രേംനസീര്‍ പാടിക്കൊണ്ടിരുന്നു, 

'ഇനിയൊരു ജന്മംകൂടി...

നേരത്തേ പ്രസിദ്ധീകരിച്ചത്

 

Content Highlights:  prem nazir death anniversary hariharan director prem nazir death ever green actor