ടുതലയിലെ ഹൈസ്‌കൂള്‍ അങ്കണത്തില്‍ അന്ന് പകല്‍ ഒടുങ്ങാന്‍ ഏറെ സമയം നീണ്ടു-കൃത്യമായി പറഞ്ഞാല്‍,അടുത്ത ദിവസം പുലര്‍ച്ചെ മൂന്ന്് മണിവരെ. വെള്ള മണല്‍ത്തിരകളില്‍ കാല്‍ നനച്ച് ,മണ്ണിട്ടാല്‍ താഴെ വീഴാത്തത്ര തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന്റെ കാത്തിരിപ്പിനും മണിക്കൂറുകളുടെ പഴക്കം. ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. കട്ടന്‍കാപ്പി, കപ്പലണ്ടി, കടലമിഠായിക്കാരുടെ ഇടംവലം നടപ്പുകള്‍ ഇടതടവില്ലാതെ. വൈകിട്ട് ആറ് മണിക്ക് എത്തുമെന്ന് കരുതിയ ഒരാളെ കാത്തുള്ള ഇരിപ്പും നില്‍പുമാണ്. ഒരാളെന്നല്ല,അത്രയേറെ പരിചയമുള്ള ഒരാളെന്നാണ് പറയേണ്ടത്.

വെളിച്ചം വിരിച്ച സ്‌കൂളങ്കണത്തിന് പുറത്ത് സമയം ഇരുളുകയും ഇരുട്ടിന് കനം വയ്ക്കുകയും ചെയ്തപ്പോഴും ആള്‍ക്കൂട്ടം ഇളകിയില്ല.കുഞ്ഞും കുട്ടികളുമടക്കം കുടുംബങ്ങളായെത്തിയവരും തല്‍ക്കാലം വീടു മറന്നു.എല്ലാവരും ആ കൊച്ചുപഞ്ചായത്തിലെ സാധാരണക്കാര്‍. അതിഥിയെത്തും വരെ വേദിയില്‍ സംസാരിച്ചു നില്‍ക്കാന്‍ ഊഴമിട്ട് വന്നവര്‍ പ്രസംഗിച്ച് ക്ഷീണിക്കാതിരിക്കാന്‍ ചുക്കുകാപ്പികള്‍ തട്ടുകളില്‍ വരി നിന്നു. പ്രാസംഗികര്‍ ആഗോളകാര്യങ്ങളില്‍ നിന്ന് പഞ്ചായത്ത് കാര്യങ്ങളിലേക്ക് പ്രസംഗം മാറി മാറി വിടര്‍ത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയ വേദിയായിരുന്നിട്ടും,വരാനിരിക്കുന്ന അതിഥിയില്‍ രാഷ്ട്രീയം കാണാതെ എല്ലാ രാഷ്ട്രീയവിശ്വാസികളും കാഴ്ചക്കാരായി സദസ്സില്‍ ചേക്കേറിയിരുന്നു.

സമയസൂചികള്‍ പുലര്‍ച്ചെ രണ്ടരയില്‍ നിന്ന് മൂന്നിലേക്ക് കളം മാറി ചവിട്ടാന്‍ തുടങ്ങുമ്പോഴേക്ക് ,പൊടുന്നനെ പുറത്തെ റോഡില്‍ ഒരു കാറനക്കം.ഒരു വെളുത്ത അംബാസിഡര്‍ കാര്‍.വാഹനം പതുക്കെ കവാടം കടക്കുമ്പോഴേക്ക്,കാഴ്ചക്കാരുടെ കായല്‍ ദൂരെ ഗേറ്റിനരുകിലേക്ക് തിരിഞ്ഞൊഴുകി.എല്ലാ തടയണകളും കവിഞ്ഞ്....ആളെ നേരില്‍ കണ്ടപ്പോള്‍,ആള്‍ക്കൂട്ടം ആഹ്ലാദിച്ചു : ''ദേ നോക്ക്,സിനിമേല്‍ കാണുമ്പോലെ തന്നെ.ഒരു മാറ്റവും ഇല്ല.''

പ്രേംനസീര്‍ പതുക്കെ കാറില്‍ നിന്നിറങ്ങി.സ്വന്തം ഇഷ്ടപ്രകാരം സ്വയം പകുത്തു കൊടുത്ത്് ആള്‍ക്കൂട്ടം ഒരുക്കിയ വഴിയിലൂടെ ,പുഞ്ചിരിയും തൊഴുകൈകളുമായി വേദിയിലേക്ക് നടന്നു.കണ്ടു നിന്നവരില്‍ അവരറിയാതെ ഒരു നിലാവ് പരക്കുകയും അവരറിയാതെ കൈകള്‍ വീശാന്‍ വിരിയുകയും അവരറിയാതെ ആഹ്ലാദം ആര്‍പ്പു വിളിക്കുകയും ചെയ്തു.വെളുത്ത ഷര്‍ട്ടും വെളുത്ത പാന്റ്സും കറുത്ത നേരിയ ഫ്രെയിമുള്ള കണ്ണടയും ധരിച്ച ''പ്രേമനസീര്‍'' എന്ന പ്രേംനസീര്‍ വേദിയിലെത്തി തൊഴുതപ്പോള്‍ ആള്‍ക്കുട്ടം അലകളിളക്കി .ആറ് മണി മുതല്‍ കാത്തിരുന്നിട്ടും പരിഭവിക്കാത്ത പൂമാലകള്‍ നേതാക്കളുടെ കൈകളിലൂടെ പ്രേംനസീറിന്റെ കഴുത്തില്‍ നിറഞ്ഞു.തിരശ്ശീലയില്‍ നിത്യകാമുകനായും സുന്ദരനായും ഗായകനായും  കരുത്തനായും സൗമ്യനായും മകനായും മരുമകനായും നന്മയുടെ നിര്‍വചനമായും കൂട്ടുകാരനായും വടക്കന്‍ പാട്ടുകളിലെ വീരനായും പലവട്ടം ഉടല്‍ മാറിയ പ്രേംനസീര്‍,കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിക്കാന്‍ വന്നതാണ്.

nazeer
Photo : Mathrubhumi Archives 

സിനിമയില്‍ യുവവേഷങ്ങളില്‍ നിന്ന് മധ്യവയസ്‌കന്റെയോ അച്ഛന്റെയോ വേഷങ്ങളിലേക്ക് നസീര്‍ രൂപം മാറിയിട്ടും,കാണികളുടെ തലമുറകള്‍ മാറിയിട്ടും നസീര്‍ എന്ന കാഴ്ചക്ക് മങ്ങലില്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെ പടര്‍ന്ന ആള്‍ക്കൂട്ടം.കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ നസീര്‍ ഇടം പിടിച്ചിട്ടും,കാഴ്ചക്കാരിലെ കമ്യൂണിസ്റ്റുകാര്‍ക്ക്് നസീര്‍ എന്ന പ്രതിഭാസത്തോട് പിണക്കമുണ്ടായില്ലെന്ന്  അവിടെ പരന്ന ജനക്കൂട്ടം വിളിച്ചു പറഞ്ഞു .നസീര്‍ രാഷ്ട്രീയത്തിലേക്ക് കടന്നതില്‍ നിരാശപ്പെട്ടവരുമുണ്ടായിരുന്നു അവിടെ.എങ്കിലും നസീറിനെ കണ്ട കണ്ണുകളില്‍ ജാതിമതരാഷ്ട്രീയവിരോധങ്ങള്‍ ഉണ്ടായിരുന്നില്ല.കാത്തിരുന്നവര്‍ക്കിടയില്‍ ഞാനെന്ന പതിനേഴുകാരനുമുണ്ടായിരുന്നു.

കാത്തിരുന്നവരോട് ക്ഷമ പറഞ്ഞ് നസീര്‍ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍,ഏകാഗ്രതയോടെ മൈതാനം ഒറ്റമനസ്സായി.സിനിമാക്കൊട്ടകകളില്‍ എഴുപത്തിയഞ്ച് പൈസയുടെ ബെഞ്ചുകളില്‍ ഇരുന്ന് കേട്ട വികാരത്തോടെ. കോളാമ്പി മൈക്കുകളിലൂടെ നസീറിന്റെ ശബദം ആദ്യം ചെവിയില്‍ തൊട്ടപ്പോള്‍ തരിച്ചിരുന്നവര്‍, പത്ത് മിനുട്ട് നീണ്ട പ്രസംഗത്തിന്റെ അവസാന വാക്ക് വരെ വിടാതെ ഏറ്റുവാങ്ങി.പ്രസംഗം തീര്‍ത്ത് വേദിയില്‍ നിന്നിറങ്ങുമ്പോള്‍,സിനിമ തീര്‍ന്ന് ശുഭം എന്നെഴുതിയ കാര്‍ഡ് കണ്ട് ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുന്നവരെപ്പോലെ ആള്‍ക്കൂട്ടം എഴുന്നേറ്റു.  ശുഭപര്യവസായിയായ ഒരു സിനിമയുടെ അവസാനത്തെ ഫ്രെയിമില്‍ നായകന്റെ കാര്‍ പതുക്കെ ദൂരേക്ക് ഒഴുകി നീങ്ങുന്നതായി സങ്കല്‍പിച്ച് നസീറിന്റെ കാര്‍ മടങ്ങുന്നത് കണ്ടു നിന്നു.നസീറിനെ നേരില്‍ കണ്ടവരുടെ മേനിപറച്ചിലിന്റെ ദിവസമായി അടുത്ത ദിവസം-പൊടിപ്പും തൊങ്ങലും കലര്‍ന്ന മുഴുനീള കഥപറച്ചിലിന്റെ ഒരു പകല്‍.

എന്റെയോ എന്റെ പ്രായമുള്ളവരുടെയോ യൗവനങ്ങളുടെ നടനല്ല പ്രേംനസീര്‍.ഇന്ന് അമ്പത് വയസ്സുള്ളവരുടെ അന്നത്തെ യൗവനത്തിലേക്ക് മോഹന്‍ലാലും മമ്മൂട്ടിയും അപ്പോഴേക്ക് നടന്നു കയറിയിരുന്നു.എന്നാല്‍ ബാല്യകാലങ്ങളില്‍ പ്രേംനസീറായിരുന്നു ഞങ്ങളുടെ നടന്‍.കൗമാരകാലത്ത് ജയനും.എങ്കിലും ഏത് കാലങ്ങളെയും മറികടന്ന് നസീര്‍ എന്ന നടന്റെ സാന്നിധ്യവും സ്വാധീനവും മലയാളിയുടെ കാഴ്ചാബോധങ്ങളില്‍ അറിഞ്ഞും അറിയാതെയും അടരാന്‍ വയ്യാതെ നിന്നിരുന്നു എന്ന് പറയാതെ വയ്യ.അഭിനയമികവിന്റെ അടയാളങ്ങള്‍ കൊണ്ടാണോ നസീര്‍ മലയാള സിനിമയെ സ്വാധീനിച്ചതെന്ന് ചോദിച്ചാല്‍,ഉത്തരങ്ങള്‍ പലതാകും.

എന്നാല്‍,അന്നത്തെ തലമുറകളെ മടുപ്പില്ലാതെ സിനിമയോട് അടുപ്പിച്ച് നിര്‍ത്തിയ മുഖ്യകാരണമേതാണെന്ന് ചോദിച്ചാല്‍ അന്നത്തെ തലമുറകള്‍ നസീറിനെ ചൂണ്ടിക്കാട്ടും.നടനെന്നതിനപ്പുറം മലയാളികള്‍ക്ക് ഇഷ്ടം തോന്നുന്ന ചലച്ചിത്ര താരമായിരുന്നു നസീര്‍.അടുപ്പം തോന്നുന്ന,വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന സുന്ദര കാഴ്ച.രൂപത്തിലും ഭാവത്തിലും നസീറിനെ ആവാഹിക്കാന്‍ ശ്രമിച്ച കാമുകര്‍ അന്ന് പല നാടുകളിലും ഉണ്ടായിരുന്നു.നസീറിന്റെ രൂപമെടുക്കുകയും യേശുദാസിന്റെ ശബദത്തില്‍ പാടുകയും ചെയ്ത് കൂട്ടുകാരികളുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചവര്‍..ചിലര്‍ വിജയിച്ചു.ചിലര്‍ പരാജയപ്പെട്ടു.

രണ്ടാം ക്ലാസില്‍ എത്തും വരെ ഞാന്‍ സിനിമ കണ്ടിരുന്നില്ല.അയല്‍പക്കത്തെ കുട്ടികള്‍ എറണാകുളത്തെ തിയേറ്ററുകളിലെ ആഡംബരങ്ങളിലിരുന്ന് കണ്ട നസീര്‍സിനിമകളെക്കുറിച്ച്് വാതോരാതെ പറയുമ്പോള്‍,സിനിമ എന്ന കലാരൂപം എങ്ങനെയിരിക്കുമെന്നാലോചിച്ച് ഞങ്ങള്‍ പണമില്ലാത്ത വീടുകളിലെ കുട്ടികള്‍ മനക്കണ്ണില്‍ സിനിമകള്‍ റിലീസ് ചെയ്തു!സിനിമാ വിളംബരക്കാര്‍ വാരിയെറിയുന്ന സിനിമാനോട്ടീസുകള്‍ ശേഖരിച്ചു വയ്ക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.അങ്ങനെ ശേഖരിച്ചു വച്ച ബ്ലാക് ആന്‍ഡ് വൈറ്റ് നോട്ടീസുകളിലിരുന്ന് നായകന്‍മാരും നായികമാരും എന്നെ നോക്കി ചിരിച്ചു.

മറ്റത്തില്‍ ഭാഗം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പാഴാണ് ഞാന്‍ ആദ്യമായി ഒരു സിനിമ കാണുന്നത്.നസീര്‍സിനിമകളുടെ കാലമായിരുന്നിട്ടും ഞാന്‍ ആദ്യം കണ്ടത് നസീര്‍സിനിമ ആയിരുന്നില്ല.ഒരു വര്‍ഷം മുമ്പിറങ്ങി ഹിറ്റായി മാറിയ ''അച്ഛനും ബാപ്പയും ''എന്ന കെ.എസ്.സേതുമാധവന്‍ചിത്രമായിരുന്നു ആദ്യം കണ്ട സിനിമ.സ്‌കൂള്‍ ചൂവരില്‍ ഒരുക്കിയ ചെറിയ സ്‌ക്രീനില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപങ്ങളായി സംസാരിക്കുകയും പാട്ടുപാടുകയും കരയുകയും ചിരിക്കുകയും ചെയ്ത കൊട്ടാരക്കര ശ്രീധരന്‍ നായരും കെ.പി.ഉമ്മറും, എനിക്കും എന്നെപ്പോലുള്ളവര്‍ക്കും വിസ്മയങ്ങളായി.

വെളിച്ചത്തിന്റെ ഒരു കീറില പോലും തലനീട്ടാതിരിക്കാന്‍, എല്ലാ പഴുതുകളും അടച്ച് സിനിമാക്കൊട്ടകയാക്കി മാറ്റിയ ക്ലാസ്മുറിയിലെ ഇരുട്ടില്‍ മുരളലോടെ സിനിമാ റീലുകള്‍ കറക്കുന്ന യന്ത്രം പോലും ഞങ്ങള്‍ക്ക് ഹിമാലയന്‍കൗതുകമായി !അന്ന് വിദ്യാര്‍ഥികളെ ഒരു വര്‍ഷം ഒരു സിനിമ കാണിക്കുന്ന രീതി സ്‌കൂളുകള്‍ക്കുണ്ടായിരുന്നു.

എന്നാല്‍,സിനിമാ കൊട്ടകയില്‍ ഞാന്‍ കണ്ട ആദ്യ ചിത്രം നസീറിന്റെയായിരുന്നു.കേശവദേവിന്റെ രചനയില്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ഒരു സുന്ദരിയുടെ കഥ.പ്രേംനസീറും ജയഭാരതിയും നായികാനായകന്‍മാര്‍.പ്രേംനസീറിന്റെ ഇരട്ട വേഷം.ആ സിനിമയും മറ്റത്തില്‍ ഭാഗം എല്‍.പി.സ്‌കൂളില്‍ നിന്ന് സംഘമായി കൊണ്ടു പോയി കാണിച്ചതാണ്.അനുസരണയുള്ള ആട്ടിന്‍കുട്ടികളെപ്പോലെ വരി തെറ്റാതെ കൊട്ടകയ്ക്ക് മുന്നില്‍ കാത്തു നിന്നതും പ്രത്യേക പ്രദര്‍ശനം കാണാന്‍ അകത്തേക്ക് വരിവരിയായി നടന്നതും ഓര്‍മയിലുണ്ട്.അപ്പോള്‍,ഓല കെട്ടി മേഞ്ഞുണ്ടാക്കിയ പാണാവള്ളി സുനില്‍ ടാക്കീസിന്റെ ഇരുട്ടിലേക്ക് ഓലപ്പഴുതിലൂടെ ഉച്ചവെളിച്ചം കുഴല്‍ പോലെ ഇറങ്ങി വരുന്നുണ്ടായിരുന്നു.

ആദ്യമായി കണ്ട കളര്‍ സിനിമയും നസീര്‍ സിനിമയായിരുന്നു.നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുന്ന കാലത്ത് ചന്തിരൂര്‍ സെലക്ട് ടാക്കീസില്‍ കണ്ട അനുഗ്രഹം എന്ന ചിത്രത്തിലും പ്രേംനസീറും ജയഭാരതിയുമായിരുന്നു താരങ്ങള്‍.ചേട്ടനൊപ്പം കൊട്ടകയില്‍ വിയര്‍ത്തൊലിച്ചിരുന്ന് സിനിമ കണ്ട് തുടങ്ങി പകുതിയിലെത്തും മുമ്പേ കറണ്ട് പോയി.അന്ന് കൊട്ടകകളില്‍ ജനറേറ്ററുകളില്ല.സിനിമ നിലച്ചു.രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും കറണ്ട് മടങ്ങി വന്നില്ല.നസീറും ജയഭാരതിയും പിന്നെ എന്തു ചെയ്തെന്നറിയാതെ,നിരാശരായി ഞങ്ങള്‍ മടങ്ങി.

സിനിമാപ്രേമിയായിരുന്ന അച്ഛന്റെ സ്നേഹത്തിന്റെ തണലിലാണ്, ഒമ്പതുവയസ്സുകാരനായിരുന്ന ഞാന്‍ അടുത്ത നസീര്‍ സിനിമ കണ്ടത്.ഒരു സിനിമാസ്‌കോപ് കാഴ്ച.കോട്ടയം അഭിലാഷിന്റെ വലിയ സ്‌ക്രീനില്‍ തച്ചോളി അമ്പുവായി നസീറും തച്ചോളി ഒതേനക്കുറുപ്പായി ശിവാജി ഗണേശനും നിറഞ്ഞാടിയ സിനിമ,തച്ചോളി അമ്പു.സെക്കന്‍ഡ് ഷോ ആയിരുന്നിട്ടും തിയേറ്റര്‍സീറ്റുകള്‍ ഒരെണ്ണം പോലും കാലിയുണ്ടായിരുന്നില്ല.അച്ഛന്റെ അന്നത്തെ ജോലിസ്ഥലം കോട്ടയം തിരുനക്കര ക്ഷേത്രത്തിനടുത്തായിരുന്നു.അച്ഛനൊപ്പം ഇടക്കിടെ കോട്ടയത്ത് പോകും.അതിനിടയിലാണ് സിനിമാ കാണാനുള്ള പോക്ക്്.നസീറിനോട് ആരാധന വളര്‍ത്തിയ സിനിമയായിരുന്നു തച്ചോളി അമ്പു.

ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുമ്പോഴേക്കും എന്റെ തലമുറയുടെ സിനിമാകാഴ്ചകളില്‍ നസീറിനൊപ്പം ജയനും കുതിരയേറി എത്തിയിരുന്നു.ചില സിനിമകളില്‍ നസീറും ജയനും.ചില സിനിമകളില്‍ ജയന്‍ ഒറ്റയ്ക്ക്.ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ജയന്റെ മരണം.രാവിലെ ആറ് മണിക്കുള്ള പ്രാദേശിക വാര്‍ത്തകളില്‍, ആദ്യ വാര്‍ത്തയായി ജയന്റെ മരണം അറിയുമ്പോള്‍,കിടക്കപ്പായില്‍ നിന്ന് ഞാനും ചേട്ടനും ഞെട്ടി എഴുന്നേറ്റത് ഒരുമിച്ചായിരുന്നു.

ജയനില്ലാത്ത ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.മനസ്സിലെ എതിരാളികളെ നിലംപരിശാക്കാന്‍ അന്നത്തെ കുട്ടികളുടെ ഉള്ളില്‍ ജയന്‍ ഉദിക്കുമായിരുന്നു.ജയന്റെ മരണം എനിക്കും സമപ്രായക്കാര്‍ക്കും മാസങ്ങളോളം വേവലാതിയായിരുന്നു.എന്നാല്‍,നസീറിന്റെ മരണം ഞങ്ങള്‍ മുതിര്‍ന്നതിന് ശേഷമായിരുന്നു.ഞാന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന വര്‍ഷമായ 1989 ലായിരുന്നു മരണം.അപ്പോഴേക്ക് മലയാള സിനിമയില്‍ നസീര്‍ യുഗം മങ്ങിക്കഴിഞ്ഞിരുന്നു.അതിനാല്‍ അന്നത്തെ യുവാക്കളില്‍ നസീറിന്റെ മരണം അത്രയേറെ നടുക്കമുണ്ടാക്കിയില്ല.എങ്കിലും അടുപ്പമുള്ള ഒരാള്‍ പെട്ടെന്നു പോയതു പോലെ എല്ലാവരും നൊമ്പരപ്പെട്ടു.

കലയും സമൂഹവും തമ്മിലുള്ള ബന്ധം എക്കാലത്തും കലാനിരൂപണചര്‍ച്ചകളില്‍ തീര്‍പ്പില്ലാത്ത വിഷയമാണ്് .കലയെ സമൂഹം സ്വാധീനിക്കുമെന്നും സമൂഹത്തെ കല സ്വാധീനിക്കുമെന്നും വിരാമമില്ലാത്ത ചര്‍ച്ചകളുണ്ട്.അങ്ങനെയെങ്കില്‍, പ്രേംനസീര്‍സിനിമകള്‍ അന്നത്തെ കേരളസമൂഹത്തിന്റെ നേര്‍പ്രാതിനിധ്യമായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരളവ് വരെ അല്ലെന്ന് പറയേണ്ടി വരും.ബൗദ്ധികമായും രാഷ്ട്രീയപരമായും അക്കാദമിക് ആയും ക്ഷുഭിതവും ഊര്‍ജ്ജിതവും കലുഷിതവുമായിരുന്ന എഴുപതുകളുടെ കേരളസമൂഹം,നസീര്‍ സിനിമകളുടെ കാല്‍പനികപരിസരങ്ങളില്‍ നിന്ന് തികച്ചും വിരുദ്ധവും വ്യത്യസ്തവുമായി പരിണമിച്ചു കഴിഞ്ഞിരുന്നു..

ബദല്‍ രാഷ്ട്രീയവും ബദല്‍ സാഹിത്യവും ബദല്‍ വായനയും സമാന്തര സിനിമയും മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന എഴുപതുകളിലും എണ്‍പതുകളുടെ പകുതി വരെയും,മലയാള മുഖ്യധാരാ സിനിമയെ അടക്കി വാണത് നസീര്‍ അഭിനയിച്ച കാല്‍പനികമെന്നോ പില്‍ക്കാലത്ത് പൈങ്കിളിയെന്നോ വിളിക്കപ്പെടുന്ന സിനിമകളായിരുന്നു എന്നത് എക്കാലത്തും വൈരുധ്യമായി തോന്നിയിട്ടുണ്ട്.അതെന്തുകൊണ്ടായിരിക്കും ?മലയാള സിനിമാസ്വഭാവത്തില്‍ നസീര്‍ ഉണ്ടാക്കിയ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനമായിരിക്കുമോ അതിന് കാരണം ?അതോ മലയാളിയുടെ ഇരട്ടത്തരത്തിന്റെ പ്രതിഫലനമോ ?

ചോദ്യങ്ങള്‍ക്ക് കനപ്പെട്ട ഉത്തരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തുകയും പ്രബന്ധങ്ങള്‍ രചിക്കപ്പെടുകയും ചെയ്യട്ടെ.അവര്‍ക്ക് വിഷയം വിടാം.എന്നാല്‍,ഒരു കാര്യം തള്ളിക്കളയുക വയ്യ.പ്രേംനസീര്‍ എന്ന താരം മലയാള സിനിമാ ചരിത്രം രേഖപ്പെടുത്തിയ വമ്പന്‍പുസ്തകത്തിന്റെ എണ്ണമില്ലാത്ത അകംതാളുകളുടെ ഉടമയാണ്.അതവിടെ മങ്ങാതെ നില്‍ക്കും.കാരണം,എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാളികളുടെ(അല്ലെങ്കില്‍ പലമലയാളികളുടെയും )ഉടലുകളിലും മനസ്സുകളിലും പ്രേംനസീര്‍ ഉടലാര്‍ന്നിരുന്നു.
....................................................................................................................................................................................................................................................................
പ്രേം നസറീന്റെ മരണം മുപ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു.പ്രേംനസീര്‍ തിളങ്ങി നിന്ന കാലത്ത് ''പ്രേംനസീറിനെ കാണ്‍മാനില്ല '' എന്ന വ്യത്യസ്ത ചിത്രമൊരുക്കിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ മണ്ണിലേക്ക് ലയിച്ചു ചേര്‍ന്ന ദിവസമാണ് നസീറിന്റെ മുപ്പതാം ചരമദിനമെത്തിയത് എന്നത് യാദൃച്ഛികം. തൊഴില്‍ രഹിതരായ മൂന്ന് യുവാക്കള്‍ ചലച്ചിത്ര താരം പ്രംനസീറിനെ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടു പോയി കാട്ടിലൊളിപ്പിക്കുന്നതും ,സംഭവം കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുന്നതുമായിരുന്നു ആ  ചിത്രത്തിന്റെ പ്രമേയം.വ്യത്യസ്തമായ ആ സിനിമാ പ്രമേയം, 2000 ല്‍ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയി കാട്ടിലൊളിപ്പിച്ച് 108 ദിവസം വിലപേശിയപ്പോള്‍,കഥ കാര്യമായെന്ന് കണ്ട് ഓര്‍മകളില്‍ നിന്ന് ഒരിക്കല്‍ കൂടി പൊടി തട്ടിയെടുത്തത് ഇപ്പോള്‍ ഓര്‍ത്തു പോകുന്നു.പ്രേംനസീറിനും ലെനിന്‍ രാജേന്ദ്രനും ആദരാഞ്ജലികള്‍.

nazeer
Photo : Mathrubhumi Archives /Movie : Prem Nazirine Kanmanilla

Content Highlights : Prem Nazir 30th Death Anniversary Nazir Movies Remembering Nazeer