ഇംഗ്ലീഷ് ചുവയുള്ള മലയാളം സംസാരിച്ചിരുന്ന പ്രതാപന്‍ അങ്ങനെ നാടന്‍ 'തകര'യായി


ഭരതന്റെ ആരവം എന്ന പടത്തില്‍ നെടുമുടി വേണുവും ഹരിപോത്തന്റെ ഇളയ സഹോദരന്‍ പ്രതാപ് പോത്തനും അഭിനയിച്ചുകഴിഞ്ഞ കാലം. 'തകര'യായി അഭിനയിക്കാന്‍ പ്രതാപ് പോത്തനും, 'ചെല്ലപ്പനാശാരി' യാവാന്‍ നെടുമുടി വേണുവിനുമാണ് നറുക്കു വീണത്. ഊട്ടിയിലെ ലൗഡെയിലിലെ വിദ്യാഭ്യാസം കഴിഞ്ഞ് അക്കാലത്ത് ഹരിപോത്തനോടൊപ്പം പ്രതാപ് മദ്രാസിലുണ്ട്. ഇംഗ്ലീഷ് ചുവയുള്ള മലയാളം സംസാരിച്ചിരുന്ന പ്രതാപിന് 'തകര' എന്ന കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു.

-

രാധാലക്ഷ്മി പത്മരാജന്‍ എഴുതിയ 'വസന്തത്തിന്റെ അഭ്രജാലകം' എന്ന പുസ്തകത്തില്‍ നിന്നും

1977-78 കാലത്ത് കെ.എസ്‌ ചന്ദ്രന്റെ പത്രാധിപത്യത്തില്‍ ചതുരംഗം എന്നൊരു വാരിക ഇറങ്ങിയിരുന്നു. 78 ജനവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗത്തില്‍ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര. അദ്ദേഹത്തിന്റെ പല കഥകളുടെയും വേരുകള്‍ മുതുകുളത്താണെന്ന് നേരത്തേ എഴുതിയിരുന്നല്ലോ. ഈ കഥയും ഒട്ടും വ്യത്യസ്തമല്ല. കൗമാരപ്രായത്തില്‍ കണ്ടും കേട്ടും മനസ്സിലാഴ്ന്നിറങ്ങിയ കുറച്ചു കഥാപാത്രങ്ങളെയാണ് അദ്ദേഹം തകരയിലും വരച്ചിട്ടത്. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ കഥയല്ല തകര.

പഴയ തറവാടായതുകൊണ്ട്, മുതുകുളത്തുവീട്ടില്‍ എപ്പോഴും വല്ല മരാമത്തുപണികളുമായി ഒരുപാട് ആശാരിമാര്‍ വന്നും പോയും ഇരുന്നു. ഇതു 'ചെല്ലപ്പനാശാരി'യാണ്, ഇത് 'തകര'യാണ് എന്നൊക്കെപ്പറഞ്ഞ് പത്രക്കാര്‍ ഇടയ്ക്കൊക്കെ ചിലരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ട്. പക്ഷേ, എന്റെ അറിവുവെച്ച് അവരാരുംതന്നെ ആ കഥാപാത്രങ്ങള്‍ ആയിരുന്നില്ല.

Also Read

പ്രതാപ് പോത്തൻ അന്തരിച്ചു

വീട്ടിലെ ജോലികള്‍ക്കായി മനോഹരന്‍ എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ധരന്‍ കൊച്ചേട്ടന്‍ മനോഹരനെ അന്തോണി എന്നാണു വിളിച്ചുകൊണ്ടിരുന്നത്. ലേശം ബുദ്ധിക്കുറവുണ്ടായിരുന്ന മനോഹരന്റെ വിഡ്ഢിത്തമാര്‍ന്ന സംസാരരീതിയും പെരുമാറ്റവും ഒക്കെ 'തകര'യുടെ സൃഷ്ടിയില്‍ പത്മരാജനെ സഹായിച്ചിട്ടുണ്ട്. പിന്നെ, ചീര എന്നു പേരുള്ള മന്ദബുദ്ധിയായ ഒരു മനുഷ്യനും ഞവരയ്ക്കലിനടുത്ത് ചൂളത്തെരുവിലുണ്ട്. തകരയുടെ സൃഷ്ടി നടത്തുമ്പോള്‍ ഇവരൊക്കെ പത്മരാജന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കാം. അതുപോലെതന്നെ ചെല്ലപ്പനാശാരിയും ഒരാളല്ല. അദ്ദേഹം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരുപാടു 'പുളു' പറയുകയും പെണ്‍കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു ആശാരിച്ചെറുക്കന്‍ അദ്ദേഹത്തിന്റെ സഹപാഠിയായിട്ടുണ്ടായിരുന്നു. അതുപോലെതന്നെ ഞവരയ്ക്കലെ പണികള്‍ക്കായി വരുമായിരുന്ന, കാതില്‍ നീലക്കല്ലുകടുക്കനിട്ട മറ്റൊരാശാരിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. സദാസമയവും വര്‍ത്തമാനം പറഞ്ഞും നാട്ടുകാരെക്കുറിച്ചൊക്കെ നുണക്കഥകള്‍ ചമച്ചും തന്റെ ഉളിയും കൊട്ടുവടിയുമായി ആശാരി ഞവരയ്ക്കല്‍ മുറ്റത്തിരിക്കും. കഥകള്‍ കേള്‍ക്കാനുള്ള താത്പര്യവുമായി ഞവരയ്ക്കലെ 'പുള്ള'യായ പത്മരാജന്‍ സമയം കിട്ടുമ്പോഴെല്ലാം ആശാരിയെ ചുറ്റിപ്പറ്റി നില്ക്കും. മരപ്പണിക്കിടയില്‍ കുറേശ്ശ പാട്ടും മറ്റു കുസൃതികളുമായി ആശാരി കഥപറച്ചില്‍ തുടങ്ങും. ഈ ചുറ്റുപാടില്‍നിന്നു മുളച്ചതാണ് തകര.

പുതിയ സിനിമയുടെ ആലോചനയുമായി ഭരതന്‍ വരുന്നത് നോവലെറ്റ് പ്രസിദ്ധീകരിച്ച് അധികനാളാകുന്നതിനു മുന്‍പാണ്. ഭരതനോടൊപ്പം ചേര്‍ത്തലക്കാരനായ നിര്‍മാതാവ് ബാബുവും ഉണ്ടായിരുന്നു. പിന്നീട് ഉത്രാടം തിരുനാള്‍ ആശുപത്രിയായി മാറിയ ഹോട്ടല്‍ താരയില്‍വെച്ചായിരുന്നു പടത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍. അന്ന് തകര സിനിമയാക്കാന്‍ തീരുമാനിക്കുകയും 'സുപ്രിയ' അതിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കുകയുമായിരുന്നു.

ഭരതന്റെ ആരവം എന്ന പടത്തില്‍ നെടുമുടി വേണുവും ഹരിപോത്തന്റെ ഇളയ സഹോദരന്‍ പ്രതാപ് പോത്തനും അഭിനയിച്ചുകഴിഞ്ഞ കാലം. 'തകര'യായി അഭിനയിക്കാന്‍ പ്രതാപ് പോത്തനും, 'ചെല്ലപ്പനാശാരി' യാവാന്‍ നെടുമുടി വേണുവിനുമാണ് നറുക്കു വീണത്. ഊട്ടിയിലെ ലൗഡെയിലിലെ വിദ്യാഭ്യാസം കഴിഞ്ഞ് അക്കാലത്ത് ഹരിപോത്തനോടൊപ്പം പ്രതാപ് മദ്രാസിലുണ്ട്. ഇംഗ്ലീഷ് ചുവയുള്ള മലയാളം സംസാരിച്ചിരുന്ന പ്രതാപിന് 'തകര' എന്ന കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. 'തകര'യുടെ അക്ഷരസ്ഫുടതയില്ലാത്ത കൊഞ്ചിക്കൊഞ്ചിയുള്ള സംഭാഷണവും മന്ദബുദ്ധിയുടെ ഭാവഹാവാദികളും പ്രതാപ് മനോഹരമായി അവതരിപ്പിച്ചു. ചെല്ലപ്പനാശാരിയായി മാറിയ നെടുമുടി വേണുവിന്റെ മികവുറ്റ അഭിനയം, പിന്നീട് ഏറെക്കാലത്തേക്ക് 'ചെല്ലപ്പനാശാരി' എന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വേണു അറിയപ്പെടാന്‍ ഇടയാക്കി. രണ്ടു നടന്മാരും പരസ്പരം മത്സരിച്ചഭിനയിച്ച ഒരു സിനിമയായിരുന്നു അത്.

thakara

1979 ജനവരി നാലിന് തിരുവനന്തപുരത്ത് വേളിയിലുള്ള ബോട്ട് ക്ലബ്ബിന്റെ കോട്ടേജിലിരുന്നാണ് പത്മരാജന്‍ തകരയുടെ തിരക്കഥ എഴുതിത്തുടങ്ങുന്നത്. ഭരതനും പ്രതാപും നെടുമുടിയുമൊക്കെ പല ദിവസങ്ങളിലും ബോട്ട് ക്ലബ്ബില്‍ അദ്ദേഹത്തോടൊപ്പം കൂടി. സന്തതസഹചാരിയായി തോപ്പിലാശാന്റെ മകന്‍ അജയനും കൂടെത്തന്നെ ഉണ്ടായിരുന്നു.

തിരക്കഥ മുഴുവനും എഴുതിത്തീരുന്നതിനുമുന്‍പുതന്നെ ഷൂട്ടിങ് തുടങ്ങിയ ഒരു സിനിമയായിരുന്നു അത്. അതിലെ മാതുമൂപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രസിദ്ധ നടനായ ഗോപിയെ പത്മരാജന്‍ ക്ഷണിച്ചത് എനിക്കോര്‍മയുണ്ട്. പക്ഷേ, 'ഭരത്' അവാര്‍ഡിന്റെ ഇമേജില്‍ കഴിഞ്ഞിരുന്ന ഗോപി, ആ റോള്‍ ചെയ്യാന്‍ തയ്യാറായില്ല. പകരം, ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായിരുന്ന കെ.ജി. മേനോനെയായിരുന്നു ആ റോളില്‍ അഭിനയിപ്പിച്ചത്- നടന്‍ ജനാര്‍ദനന്റെ സഹോദരീഭര്‍ത്താവാണ് കെ.ജി. മേനോന്‍. ബോട്ട് ക്ലബ്ബില്‍ തിരക്കഥയുടെ രചന നടന്നുകൊണ്ടിരുന്ന സമയത്ത് കെ. ജി. മേനോന്‍ തന്റെ സുഹൃത്ത് മാണിക്യവുമൊത്ത് അവിടെ ചെന്നതും, അന്നവിടെ ഉണ്ടായിരുന്ന എന്‍. എല്‍. ബാലകൃഷ്ണനുമായി ഉണ്ടായ ഏതോ വാക്കുതര്‍ക്കത്തില്‍ കുപിതനായി ബാലകൃഷ്ണന്‍ മാണിക്യത്തെ എടുത്ത് വേളിക്കായലിലേക്കെറിഞ്ഞതും ഒക്കെ പറഞ്ഞ് അദ്ദേഹം പൊട്ടിപ്പൊട്ടിച്ചിരിച്ചത് എന്റെ ഓര്‍മയില്‍ മങ്ങാതെ കിടപ്പുണ്ട്.

ജനവരി 15 നാണ് തകരയുടെ ഷൂട്ടിങ് തുടങ്ങുന്നത്. തിരക്കഥ എഴുതിത്തീരാന്‍ പതിനേഴാം തീയതിയായി. എഴുതിയത് വായിച്ചുകേള്‍പ്പിക്കാനായി പത്മരാജന്‍ വീട്ടിലേക്കു വന്ന സമയത്ത് വല്ലാത്തൊരു തലചുറ്റലുമായി ഞാന്‍ അവശതയിലിരിക്കുകയായിരുന്നു. ഒരു വശത്തേക്കു തിരിയുമ്പോള്‍ പെട്ടെന്നു തലകറങ്ങുന്ന അവസ്ഥ. ഉടനെതന്നെ അദ്ദേഹം തന്റെ സുഹൃത്ത്, ആറന്മുള പൊന്നമ്മച്ചേച്ചിയുടെ മകന്‍ ഡോക്ടര്‍ രാജനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. അസുഖം 'വെര്‍ട്ടിഗോ' ആണെന്നും 'ഡ്രുമാമിന്‍' കഴിച്ചാല്‍ മാറുമെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് മരുന്നു വാങ്ങിക്കഴിച്ച് ഞാന്‍ കിടന്നു. എന്റെ അരികിലിരുന്ന് അദ്ദേഹം തകരയുടെ തിരക്കഥ ഉറക്കെ വായിച്ച് എന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹമെഴുതിയ മിക്കവാറും എല്ലാ തിരക്കഥകളും വായിച്ച് ഞാന്‍ അഭിപ്രായം പറയുമായിരുന്നു. പലപ്പോഴും ഇതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ അഭിപ്രായങ്ങള്‍ക്ക് അദ്ദേഹം നല്ല വില കല്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, എന്റെ അഭിപ്രായംകൂടി അറിയാന്‍വേണ്ടിയാണ് അദ്ദേഹംതന്നെ ഇരുന്ന് എന്നെ വായിച്ചു കേള്‍പ്പിച്ചുതുടങ്ങിയത്. പക്ഷേ, കഥ കേട്ടു മുഴുവനാക്കുന്നതിനു മുന്‍പ്, ഡ്രുമാമിന്റെ ശക്തിയില്‍ ഞാനുറങ്ങിപ്പോയത് അദ്ദേഹത്തെ നിരാശനാക്കിയത് ഞാനോര്‍ക്കുന്നു.

ആകാശവാണിയില്‍നിന്ന് ഇടയ്ക്കിടയ്ക്ക് ലീവെടുത്തുകൊണ്ട്, ഗവണ്‍മെന്റിന്റെ പെര്‍മിഷനോടുകൂടിയാണ് പത്മരാജന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ജനവരി 19 ന് ആകാശവാണിയില്‍നിന്ന് എം. കെ. ശിവശങ്കരന്‍ വിളിച്ചുപറഞ്ഞു: 'പത്മരാജന്‍ നവംബര്‍ മുപ്പതാം തീയതി വരെയുള്ള ലീവിനു മാത്രമേ അപേക്ഷ കൊടുത്തിട്ടുള്ളൂ. കഴിഞ്ഞ ഒന്നര മാസമായി, ലീവിന് അപേക്ഷിക്കാത്തതുകൊണ്ട് സര്‍വീസ് ബ്രേക്കായിരിക്കുകയാണ്.' ആ വിവരമറിഞ്ഞതും അദ്ദേഹം ആകാശവാണിയില്‍ ചെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് ജോലി പോകുന്നതില്‍നിന്നു രക്ഷപ്പെട്ടുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അതായത് ഇരുപതു വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞ് വളന്ററി റിട്ടയര്‍മെന്റ് എടുക്കാന്‍വേണ്ടി ഓഫീസില്‍ അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, അദ്ദേഹത്തിന് ഒരു വര്‍ഷത്തെ സര്‍വീസ് ബ്രേക്കായിപ്പോയെന്ന്. വീണ്ടും ഒരു വര്‍ഷംകൂടി ജോലി ചെയ്താലേ ഇരുപതു വര്‍ഷത്തെ സര്‍വീസ് തികയ്ക്കാനൊക്കുകയുള്ളൂ എന്ന അവസ്ഥ. ഇടയ്ക്കിടയ്ക്ക് രണ്ടുമൂന്നാഴ്ച ജോലിയെടുക്കുകയും ബാക്കി സമയങ്ങളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തുകൊണ്ട് ശമ്പളമില്ലാത്ത ലീവില്‍ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. കൊടുത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാംതന്നെ ഓഫീസില്‍ ആരോ മാറ്റിവെച്ച് അദ്ദേഹത്തിന് സര്‍വീസ് ബ്രേക്ക് ഉണ്ടാക്കുകയായിരുന്നു എന്ന സത്യം അപ്പോഴാണ് ഞങ്ങള്‍ക്കു മനസ്സിലാകുന്നത്. അന്നുതന്നെ ജോലി രാജിവെക്കാന്‍ അദ്ദേഹം ഒരുങ്ങിയതാണ്. പക്ഷേ, ഇളയ പെങ്ങള്‍ പത്മപ്രഭയുടെ ഭര്‍ത്താവ്, ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണനുണ്ണിത്താനാണ് അതില്‍നിന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിച്ചത്.

തകരയുടെ അവസാനഭാഗത്തിന്റെ കുറച്ചു ഷോട്സ് ബോട്ട് ക്ലബ്ബിനടുത്തുവെച്ചാണ് ചിത്രീകരിച്ചത്. വേളിക്കായലും കടലും ചേരുന്ന അഴിമുഖത്തുവെച്ചായിരുന്നു ഷൂട്ടിങ്. തകര മാതുമൂപ്പനെ കുത്താന്‍ കത്തിയുമായി വരുന്ന ഷോട്ട്. അന്ന് ഷൂട്ടിങ് കാണാന്‍ അദ്ദേഹം എന്നെയും മക്കളെയും കൂടെ കൊണ്ടുപോയി. ബോട്ട് ക്ലബ്ബ് ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് ഏറ്റെടുക്കുന്നതിനു മുന്‍പുള്ള കാലമാണ്. താമസിക്കാനായി രണ്ടു കോട്ടേജുകള്‍ മാത്രമേ അന്നവിടെയുള്ളൂ. ഇപ്പോഴുള്ള ഉദ്യാനമോ ശില്പങ്ങളോ ഒന്നുംതന്നെയില്ല. കോട്ടേജിനു ചുറ്റും കാടുപിടിച്ചുകിടക്കുകയാണ്. കായലില്‍ പോകാനായി രണ്ടു വഞ്ചികള്‍ ഉണ്ടായിരുന്നു. അവിടെ അടുത്തായിത്തന്നെ താമസിച്ചിരുന്ന അപ്പുപിള്ള എന്നൊരാളും കുടുംബവുമായിരുന്നു ഇതെല്ലാം നോക്കിനടത്തിയിരുന്നത്. അതിനു തൊട്ടടുത്തായി ബീച്ച് ഹോട്ടല്‍.

thakara

അസ്തമിക്കുന്നതിനു തൊട്ടു മുന്‍പായിട്ടാണ് ഷോട്ടെടുത്തത്. ഞങ്ങള്‍ രണ്ടു വള്ളങ്ങളിലായി അഴിമുഖത്തേക്കു ചെന്നു. കുട്ടികള്‍ അന്ന് ആദ്യമായിട്ട് വള്ളത്തില്‍ കയറുകയായിരുന്നു. ഞാനാകട്ടേ, മൂന്നാം തവണയും. ഞാനതിനു മുന്‍പ് വള്ളത്തില്‍ കയറിയത് ഗുരുവായൂര്‍നിന്ന് തൃപ്രയാര്‍ക്കുള്ള യാത്രയ്ക്കിടയിലാണ്. കുട്ടിയായിരുന്നപ്പോഴത്തെ ആ യാത്ര എന്നെ വല്ലാതെ ഭയപ്പെടുത്തിയ ഒന്നായിരുന്നു. പക്ഷേ, വേളിക്കായലിലെ അന്നത്തെ യാത്ര കുളിര്‍മയുള്ള ഒരോര്‍മയായി ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു.

പിറ്റേന്നു ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. തൃശൂര്‍ ജീവിതത്തിനിടയ്ക്ക് വളരെയേറെ അടുപ്പം തോന്നിയ ഒരു കൂട്ടുകാരനുണ്ടായിരുന്നു പത്മരാജന് - ഞങ്ങള്‍ വര്‍ക്കി എന്നു വിളിച്ചിരുന്ന നെല്ലിമറ്റത്തുകാരന്‍ ഗീവര്‍ഗീസ്. വര്‍ക്കിയുടെ ഭാര്യ സുശീലയുടെ വീട് ജഗതിയിലാണ്. മെഡിക്കല്‍ കോളേജിലേക്കും മറ്റും ബള്‍ക്കായി മുട്ട സപ്ലൈ ചെയ്യുന്ന ബിസിനസ്സുകാരനായിരുന്നു സുശീലയുടെ അച്ഛന്‍ പുന്നൂസ്. ജനവരി 26-ാം തീയതി പുന്നൂസ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചുപറഞ്ഞു: 'എനിക്ക് പത്മരാജനെ അത്യാവശ്യമായിട്ടൊന്നു കാണണം. ഒരു കാര്യം പറയാനുണ്ട്' എന്ന്. അന്ന് തിരക്കായിരുന്നതുകൊണ്ട്, പിറ്റേന്നു കാണാം എന്നദ്ദേഹം പറഞ്ഞു. പിറ്റേന്ന് സുശീലയുടെ സഹോദരന്‍ തോമസിന്റെ കല്യാണത്തോടനുബന്ധിച്ച പാര്‍ട്ടിക്ക് നേരത്തേതന്നെ ഞങ്ങളെ ക്ഷണിച്ചിരുന്നതുമാണ്. അന്ന് അവിടെ ചെല്ലുമ്പോള്‍ പുന്നൂസിനോടു സംസാരിക്കാം എന്നാണദ്ദേഹം ഉദ്ദേശിച്ചത്. പിറ്റേന്ന് വൈകീട്ട് ഞങ്ങള്‍ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്കു ചെന്നു. അവിടെ കല്യാണപ്പാര്‍ട്ടിയുടെ ബഹളമായിരുന്നു. ആളൊഴിഞ്ഞ അവസരം നോക്കി അദ്ദേഹം പുന്നൂസിന്റെ അടുത്തേക്ക് ചെന്നു. പുന്നൂസൊന്നു ചിരിച്ച് അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. പെട്ടെന്നാണ്, ആ മുഖഭാവത്തില്‍ വല്ലാത്തൊരു മാറ്റം അദ്ദേഹം ശ്രദ്ധിക്കുന്നത്. ഞാനും കുട്ടികളും മറ്റു സ്ത്രീകളോടൊപ്പം വേറൊരു മുറിയിലായിരുന്നു. പുന്നൂസിന്റെ മുഖത്തു കണ്ട ഭാവവ്യത്യാസം അദ്ദേഹം ശ്രദ്ധിച്ചു. എന്തോ പറയാന്‍ ശ്രമിക്കുന്നതും പറ്റാതെ വരുന്നതും അദ്ദേഹത്തിനു മനസ്സിലായി. ഉടനെതന്നെ സുശീലയും വര്‍ക്കിയും മറ്റും പുന്നൂസിന്റെ അടുത്തേക്കു വന്നു. വല്ലാത്തൊരു പന്തികേടു കണ്ട സുശീല ഉടനെ മറ്റു കൂടപ്പിറപ്പുകളെക്കൂടെ വിളിച്ചു. എന്തിനധികം പറയുന്നു, അദ്ദേഹം നോക്കിനില്ക്കേ ആ ജീവനങ്ങു പോയി. പെട്ടെന്നൊരു ഹൃദയസ്തംഭനം, മുന്‍പില്‍ കാണുന്നത് വിശ്വസിക്കാനൊക്കാതെ അദ്ദേഹം നിന്നു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ടായിരിക്കണം, ഉടനെതന്നെ വര്‍ക്കി അദ്ദേഹത്തെ ഞങ്ങളുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുവന്നു. പരിഭ്രമിച്ചുപോയ ഞങ്ങളെ ഉടനെതന്നെ അവിടെനിന്നു മാറ്റി തിരികെ വീട്ടിലേക്കയച്ചു. ഞങ്ങള്‍ തികച്ചും സ്തബ്ധരായിപ്പോയ ഒരവസരമായിരുന്നു അത്. പുന്നൂസിന് എന്തായിരുന്നു അദ്ദേഹത്തോടു പറയാനുണ്ടായിരുന്നത്? പറയാനുള്ളത് ചോദിക്കാനോ പറയാനോ അവസരമുണ്ടായില്ലല്ലോ. അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്. അച്ഛന് പത്മരാജനോടു പറയാനുണ്ടായിരുന്നത് എന്തായിരുന്നു എന്നതിനെക്കുറിച്ച് സുശീലയ്ക്കോ വര്‍ക്കിക്കോ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

thakara
തകരയുടെ 40-ാം വാർഷികവേളയിൽ നിർമാതാവ്‌ വി.വി. ബാബുവിന്റെ ചേർത്തലയിലെ വീട്ടിൽ ഒത്തുകൂടിയ നെടുമുടി വേണു, അനിരുദ്ധൻ, വിനീത്‌, വി.വി. ബാബു, പ്രതാപ്‌ പോത്തൻ എന്നിവർ

തകരയുടെ സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണനായിരുന്നു. മദ്രാസില്‍വെച്ചായിരുന്നു റെക്കോഡിങ്. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എഴുതാനുള്ളത് എഴുതിക്കൊടുത്തിട്ട് അതിന്റെ പ്രതിഫലവും വാങ്ങി അടുത്ത സിനിമയിലേക്കു തിരിയുന്ന സ്വഭാവക്കാരനായിരുന്നില്ല അന്നദ്ദേഹം. തുടക്കംമുതല്‍ ഒടുക്കംവരെ ഭരതനോടൊപ്പം നിന്നു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്നു. പലപ്പോഴും ആര്‍ട്ടിസ്റ്റിനെ മദ്രാസിലേക്കയയ്ക്കാന്‍ ഇവിടെ ഗിരിയേട്ടനെക്കൊണ്ടു ടിക്കറ്റെടുപ്പിച്ച് ഫ്ളൈറ്റിലോ ട്രെയിനിലോ ഒക്കെ കയറ്റിവിടുന്നതുവരെ ഏറ്റെടുത്തിട്ടുണ്ട്. അന്നൊക്കെ ഏതു കാര്യത്തിനും അദ്ദേഹത്തോടൊപ്പം നിന്നിരുന്ന ആളാണ് പാലാ രവി. പലപ്പോഴും അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകുകയും വിളിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്, സുഹൃത്തായ രവി. തകരയുടെ സെന്‍സറിങ് മാര്‍ച്ച് 15 ന് വെച്ചത് പ്രസിദ്ധ നടനായിരുന്ന പി .ജെ. ആന്റണിയുടെ മരണം പ്രമാണിച്ച് മാര്‍ച്ച് 19 ലേക്കു മാറ്റുകയുണ്ടായി എന്നാണെന്റെ ഓര്‍മ. അതിനു മദ്രാസിലേക്കു പോകുന്നതിനു മുന്‍പ് ഒരു രാത്രി ഊണുകഴിക്കാന്‍ ബാലുമഹേന്ദ്ര, പ്രതാപ് പോത്തന്‍, വേണുനാഗവള്ളി എന്നിവരൊക്കെ വീട്ടില്‍ കൂടിയതായി ഞാനോര്‍ക്കുന്നു.

ആ ഏപ്രില്‍ ഏഴാം തീയതി എഡിറ്റര്‍ രവിയുടെ ഒരു ഫോണ്‍ വന്നു. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പടത്തില്‍ 'പത്മരാജന്‍ അഭിനയിക്കണം.' അതായിരുന്നു ആവശ്യം. നേരത്തേതന്നെ രവി ഇക്കാര്യം അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. അത് കാര്യമായിട്ടെടുക്കാതെ, ഭാര്യ സമ്മതിച്ചാല്‍ അഭിനയിക്കാം എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയതുമാണ്. എന്റെ സമ്മതം വാങ്ങാനാണ് രവി വന്നത്. എന്തുകൊണ്ടോ, എനിക്ക് സങ്കല്പിക്കാന്‍പോലും പറ്റാത്ത കാര്യമായിരുന്നു അന്നത്. എന്റെ പഴഞ്ചന്‍മനസ്സിന് ഭര്‍ത്താവ് സിനിമാനടനാകുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലെന്നു ഞാന്‍ രവിയോടു പറഞ്ഞു. രവി ഒരുപാട് നിര്‍ബന്ധിച്ചതാണ്. പക്ഷേ, അന്നെനിക്കതു സമ്മതിക്കുവാന്‍ തക്കവണ്ണമുള്ള ഹൃദയവിശാലത ഇല്ലാതെ പോയി. ഞാന്‍ വളര്‍ന്ന ചുറ്റുപാടും സിനിമാനടന്മാരെക്കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്ന ധാരണയുമൊക്കെ അന്ന് എന്നെ വിലക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

തകര നിര്‍മാതാവ് ബാബുവിനും 'സുപ്രിയ'യ്ക്കും ഒരുപാടു ലാഭമുണ്ടാക്കിക്കൊടുത്തു. 'ചെല്ലപ്പനാശാരി' ഒരു കുസൃതിയായി പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനിന്നു. അതിലെ 'മൗനമേ' എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനം ആളുകള്‍ ഇന്നും ഓര്‍ത്ത് മൂളിക്കൊണ്ടിരിക്കുന്ന ഒന്നായി. ആ പടം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പത്മരാജനും ഭരതനും മനസ്സിനു സന്തോഷം നല്കിയ പടമായിരുന്നു തകര.

എഴുപത്തിയൊമ്പത് സപ്തംബര്‍ 28ന് ആയിരുന്നു തകരയുടെ റിലീസ്. സാമ്പത്തികമായും കലാപരമായും തകര വന്‍വിജയമായതോടെ പത്മരാജനും ഭരതനും ഏറ്റവും ഡിമാന്‍ഡുള്ള എഴുത്തുകാരനും ഡയറക്ടറും ആയി മാറി. സംവിധാനം ചെയ്യണമെന്നും എഴുതിത്തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് നിര്‍മാതാക്കളും സംവിധായകരും പത്മരാജനെ സമീപിക്കുകയുണ്ടായി. ഖാന്‍സാഹിബ്, തിരുപ്പതി ചെട്ടിയാര്‍, യൂസഫലി കേച്ചേരി, പാവമണി, രാംദാസ് എന്നിവരൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. പല പടങ്ങളും നടക്കുകയുണ്ടായില്ല.

Content Highlights: Prathap Pothen passed away, Remembering Legendary actor, Thakara, Movie, Padmarajan Bharathan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented