'നല്ല ദാമ്പത്യം ഒരു ഭാഗ്യമാണ്... എനിക്ക് ആ ഭാഗ്യമുണ്ടായിരുന്നില്ല'


 മധു കെ. മേനോന്‍

അന്തരിച്ച നടന്‍ പ്രതാപ് പോത്തന്റെ 2012 ഡിസംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം

Interview

പ്രതാപ് പോത്തൻ

അന്തരിച്ച നടന്‍ പ്രതാപ് പോത്തന്റെ 2012 ഡിസംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം

സുന്ദരന്മാര്‍ മാത്രം സിനിമയില്‍ നായകനാവുക എന്ന സങ്കല്‍പത്തെ മാറ്റിമറിച്ചായിരുന്നു പ്രതാപ് പോത്തന്റെ രംഗപ്രവേശം. ഭരതന്റെ 'ആരവ'ത്തിലൂടെ. തുടര്‍ന്ന് തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം... ഭരതന്‍ പത്മരാജന്‍ ചിത്രങ്ങളിലെ സ്ഥിരം നായകനായി പ്രതാപ് മാറി. പിന്നീട് തമിഴിലും തെലുങ്കിലും വിജയ ചിത്രങ്ങളിലെ നായകനായി. എന്നാല്‍ തുടക്കത്തിലെ ഭാഗ്യം പിന്നീട് ഉണ്ടായില്ല. പ്രതാപിന്റെതന്നെ ഭാഷയില്‍ ''ചിലപ്പോള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ പറ്റിയ മുഖമായിരിക്കില്ല എന്റെത്... പിന്നെ പാരകള്‍... ഒരുപാട് ദുഷ്പ്രചാരണങ്ങള്‍... ഞാന്‍ കിറുക്കനാണ് എന്നുവരെ പലരും പറഞ്ഞു നടന്നു...'' ഒടുവില്‍ അഭിനയം മതിയാക്കി സംവിധായകനായി. പിന്നീട് പരസ്യമേഖലയിലേക്കു തിരിഞ്ഞു. '22 ഫീമെയില്‍ കോട്ട യ'ത്തിലൂടെയാണ് പ്രതാപ് വീണ്ടും അഭിനയരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ലാല്‍ജോസിന്റെ 'അയാളും ഞാനും തമ്മില്‍.' അതില്‍ അവതരിപ്പിച്ച 'ഡോ. സാമുവല്‍' തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി അദ്ദേഹം കാണുന്നു.

വീണ്ടും അഭിനയരംഗത്ത് എത്തിയപ്പോള്‍ എന്ത് തോന്നി

തികച്ചും അപ്രതീക്ഷിതമാണ് ഈ തിരിച്ചുവരവ്. ഞാനൊരിക്കലും പ്ലാന്‍ ചെയ്തതല്ല. സിനിമയില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാത്രമായിരുന്നു സിനിമാക്കാരുമായുള്ള ബന്ധം. യാദൃച്ഛികമായി ഫേസ്ബുക്കിലൂടെ ആഷിക് അബുവിനെ പരിചയപ്പെട്ടു. ഒരു ദിവസം ആഷിക് വിളിച്ചു. '22 ഫീമെയില്‍ കോട്ടയത്തില്‍' അഭിനയിക്കാന്‍. ആദ്യം ഞാന്‍ മടിച്ചു. പക്ഷേ, എന്നെത്തന്നെ വേണമെന്ന് ആഷിക് നിര്‍ബന്ധം പറഞ്ഞു. അങ്ങനെയൊരു സംവിധായകന്‍ പറയുമ്പോള്‍ 'നോ' പറയാന്‍ ഒരു കലാകാരനും സാധിക്കില്ല. ഞാന്‍ വന്നു. അഭിനയിച്ചു. അതിന് ഇത്രയും ഇംപാക്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല. 22FK ഇറങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ വിളിവന്നു, ഡോ. സാമുവലാകാന്‍. ആദ്യം നസ്‌റുദ്ദീന്‍ ഷായെ തീരുമാനിച്ചതാണ്. അദ്ദേഹം പിന്മാറിയപ്പോള്‍ ആ റോള്‍ എനിക്ക് കിട്ടുകയായിരുന്നു.

രണ്ടാംവരവില്‍ സിനിമയില്‍ എന്തൊക്ക മാറ്റങ്ങളാണ് സംഭവിച്ചത്?

അഭിനയം ആസ്വദിക്കാന്‍ തുടങ്ങി എന്നതാണ് പ്രധാന ചെയ്ഞ്ച്. പണ്ട് ഞാന്‍ ലൊക്കേഷനില്‍ പോയിരുന്നത് സ്‌കൂള്‍ കുട്ടിയെപ്പോലെയാണ്. എനിക്ക് എല്ലാവരെയും പേടിയായിരുന്നു. സ്‌ക്രിപ്റ്റും ഡയലോഗും പഠിച്ചുവരണം. പഠിച്ചില്ലെങ്കില്‍ സംവിധായകന്റെ വഴക്ക്. ഡയലോഗ് പഠിക്കാമെന്നുവെച്ചാല്‍ ഓര്‍മയില്‍ നില്‍ക്കില്ല. അത്രയ്ക്ക് നീളന്‍ ഡയലോഗുകളായിരുന്നു. എഴുത്തുകാരന്റെ കഴിവു കാണിക്കാന്‍ വേണ്ടി എഴുതുന്നവയാണ്. ഒരു സാധാരണക്കാരന്‍ ഒരിക്കലും അതുപോലെ സംസാരിക്കില്ല. എനിക്കെതിരെ ചില ആരോപണങ്ങളും അക്കാലത്തുണ്ടായിരുന്നു. മലയാളം സംസാരിക്കാനറിയില്ല, ഡയലോഗ് അവതരണം ഭയങ്കര ബോറാണ് എന്നൊക്കെ. എന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ചുമ്മാ ചില ആരോപണങ്ങള്‍. അതിന്റെ ടെന്‍ഷനും ഉണ്ടായിരുന്നു.

ഇപ്പോള്‍ ഞാന്‍ വളരെ ഫ്രീയായി കൈവീശിയാണ് ലൊക്കേഷനില്‍ പോകുന്നത്. ഡയലോഗൊക്കെ വളരെ സിംപിള്‍. ജീവിതത്തില്‍ സംസാരിക്കുന്നപോലെ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞാല്‍മതി. സിനിമയിലെ ഇപ്പോഴത്തെ കുട്ടികള്‍ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലാവരും ഇന്റര്‍നെറ്റ് എഡ്യുക്കേറ്റഡ് ആണ്. ടെക്‌നോളജിയെക്കുറിച്ചറിയാം, സാമൂഹ്യജീവിതത്തെക്കുറിച്ചറിയാം. ഇവരോട് വളരെ ഫ്രീയായി സംസാരിക്കാം. കാര്യങ്ങള്‍ തുറന്നുപറയാം. പണ്ട് നിര്‍മാതാവാണ് സബ്‌ജെക്ട് തീരുമാനിക്കുക. അവരാണ് സംവിധായകരെയും താരങ്ങളെയും നിശ്ചയിക്കുന്നത്. ഇപ്പോള്‍ അതു മാറി ആര്‍ട്ടിസ്റ്റാണ് തീരുമാനിക്കുന്നത് കഥ നല്ലതാണോ എന്ന്. നല്ലതല്ല എന്ന് അവര്‍ക്ക് തോന്നിയാല്‍ അഭിനയിക്കാന്‍ വേറെയാളെ നോക്കേണ്ടി വരും. താരങ്ങള്‍ക്ക് കീഴടങ്ങി നിര്‍മാതാക്കള്‍ സ്വയം അവരുടെ വില കളഞ്ഞു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

ന്യൂ ഏജ് സിനിമകളുെട കാലമാണിപ്പോള്‍?

പുതിയ കാലത്തിന്റെ കഥ പറയുന്ന സിനിമകളാണ് ഞാന്‍ അവസാനം ചെയ്ത രണ്ടു സിനിമകളും. പുത്തന്‍ തലമുറ ടീമിനൊപ്പം ജോലിചെയ്തത് നല്ലൊരു അനുഭവമായിരുന്നു. പുതിയ തലമുറയിലെ സിനിമക്കാര്‍ക്കറിയാം എന്താണ് പ്രേക്ഷകനു വേണ്ടത് എന്ന്. അത്തരക്കാരുടെ കൂടെ ജോലിചെയ്ത തുകൊണ്ടാകാം അഭിനയം വളരെ ഈസിയായി തോന്നി.

ഇത്തരം സിനിമകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ?

ചെറുപ്പത്തിന്റെ ബോള്‍ഡ്‌നസ് ചിലര്‍ക്ക് അത്ര പിടിക്കുന്നില്ല. സിനിമയില്‍ ചെറുപ്പക്കാര്‍ സെക്‌സിനെക്കുറിച്ചൊക്കെ തുറന്നു പറയുന്നു, പാര്‍ട്ടികളില്‍ മദ്യപിക്കുന്നു... എന്നൊക്കെയാണ് ആരോപണം. കാലം മാറിയതൊന്നും ആരോപണം ഉന്നയിക്കുന്നവര്‍ അറിയുന്നില്ലേ, ആവോ? ഇക്കാര്യത്തില്‍ ചെറുപ്പക്കാരുടെ കാഴ്ചപ്പാടാണെനിക്കും. സെക്‌സ് പറയാനും ആസ്വദിക്കാനും പാടില്ലാത്ത കാര്യമായി എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പൂര്‍വികര്‍ക്കും ഇങ്ങനെ തോന്നിയിരുന്നില്ല എന്ന് ജുരാഹോയിലെയൊക്കെ ശില്പങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തുറന്നമനസ്സുള്ളവരാണ്. അവര്‍ക്ക് ഒന്നും ഒളിപ്പിക്കാന്‍ പറ്റില്ല. കന്യകാത്വം നഷ്ടമായിട്ടുണ്ടെങ്കില്‍പോലും അവരത് തുറന്നുപറയും. അതുപോലെ കന്യകയായ പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറയുന്ന പയ്യന്മാരും ഇന്നില്ല. ജീവിതം ചെറുതാണ്. അതാസ്വദിച്ചുതന്നെ തീര്‍ക്കണം എന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്കുണ്ട്. ഇതൊക്കെകാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഞാനൊരു 20 വര്‍ഷം കഴിഞ്ഞ് ജനിച്ചാല്‍ മതിയായിരുന്നുവെന്ന്. (പൊട്ടിച്ചിരിക്കുന്നു).

മലയാള സിനിമയുടെ സുവര്‍ണകാലമായ 80കളില്‍ നായകനായിരുന്നു താങ്കള്‍. പിന്നീടെന്തു സംഭവിച്ചു?

മലയാള സിനിമയ്ക്ക് 80കള്‍ സുവര്‍ണ കാലമായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് സുവര്‍ണ കാലം ഇപ്പോഴാണ്. ഒരു നടനാവാന്‍ വേണ്ടി ജനിച്ചയാളല്ല ഞാന്‍. എങ്ങനെയോ എത്തിപ്പെട്ടതാണ്. പക്ഷേ, ഈ രംഗത്തെ ഗ്രൂപ്പിസവും പാരകളുമൊക്കെ എന്നെ ഏറെ വേദനിപ്പിച്ചു. നല്ല സിനിമകള്‍ ചെയ്തിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര ശക്തമായിരുന്നു എനിക്കെതിരെയുള്ള പാരകള്‍. കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് അഭിനയത്തോടുതന്നെ മടുപ്പായി. 'സിന്ദൂര സന്ധ്യയ്ക്ക് മൗനം', 'അമേരിക്ക അമേരിക്ക' പോലുള്ള സിനിമകള്‍ എന്തിനാ ചെയ്തത് എന്നുപോലും എനിക്കറിയില്ല. അതൊക്കെ ഭയങ്കര ബോറടിയുണ്ടാക്കി. അപ്പോള്‍ തോന്നി സിനിമ സംവിധാനം ചെയ്യണമെന്ന്. ഭരതനൊപ്പം ഓരോ സിനിമ ചെയ്യുമ്പോഴും സംവിധായകനാവുക എന്ന മോഹം എന്നില്‍ വളര്‍ന്നിരുന്നു. അങ്ങനെയാണ് 'വീണ്ടും ഒരു കാതല്‍ കതൈ' സംവിധാനം ചെയ്യുന്നത്. ആ സിനിമ വലിയ ഹിറ്റായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും എനിക്കു കിട്ടി. ഡെയ്‌സി, ഋതുഭേദം, വെറ്റിവിഴ, ജീവ, ഒരു യാത്രാമൊഴി തുടങ്ങി 13 ചിത്രങ്ങള്‍ പിന്നെയും ചെയ്തു. യാത്രാമൊഴിക്കുശേഷം സിനിമ സംവിധാനം ചെയ്യണമെന്ന മോഹവും ഇല്ലാതായി. പിന്നെ, പരസ്യമേഖലയിലേക്ക് തിരിഞ്ഞു. അത് ഇ തില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഏറെ സന്തോഷം തന്ന ജോലിയായിരുന്നു അത്. ഏറ്റവും നല്ല ടെക്‌നോളജി, നല്ല ആളുകള്‍, മൂന്നു ദിവസം മാത്രം നീളുന്ന ജോലി, ചെലവാക്കുന്ന പണത്തിന് നിയന്ത്രണമില്ല, ചെറിയൊരു കഥ 30 സെക്കന്‍ഡില്‍ അവതരിപ്പിക്കാമെന്ന മെച്ചവുമുണ്ട്. സിനിമയില്‍ ഞാന്‍ ഉപയോഗിച്ചതിനെക്കാള്‍ മികച്ച സാങ്കേതിക വിദ്യ പരസ്യത്തില്‍ എനിക്ക് ഉപയോഗിക്കാന്‍ പറ്റി. നല്ല പോലെ പൈസയും കിട്ടാന്‍ തുടങ്ങിയപ്പോള്‍ സിനിമയെക്കുറിച്ചുതന്നെ ഞാന്‍ മറന്നു.

താങ്കള്‍ ചെയ്തതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരസ്യം?

എം.ആര്‍.എഫിനുവേണ്ടി സച്ചിന്‍, ബ്രയാന്‍ ലാറ, സ്റ്റീവ് വോ എന്നിവരെവെച്ച് ചെയ്ത പരസ്യമാണ് എനിക്കേറെ പേരുണ്ടാക്കിത്തന്നത്. ആ പരസ്യത്തിന് ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ പ്രത്യേക പരിഗണന കിട്ടി. ക്രിക്കറ്റിലെ മൂന്ന് മഹാരഥന്മാര്‍ക്കൊപ്പം ജോലിചെയ്യാന്‍ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു. ലോകം ഏറെ ആരാധിക്കുന്ന ക്രിക്കറ്ററാണ് സച്ചിന്‍. മടിപിടിച്ചിരിക്കാതെ നെറ്റില്‍ സദാസമയം പരിശീലനം നടത്തുന്ന സച്ചിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അഭിനയത്തില്‍ മഹാമടിയനാണ് അദ്ദേഹം. ലൊക്കേഷനില്‍ വരുമ്പോള്‍ തന്നെ ചോദിക്കും ''പ്രതാപ്.... വെന്‍ യു ലെറ്റ് മീ ഗോ?'' ഞാന്‍ പറയും ''വന്നതല്ലേയുള്ളൂ, കുറച്ചുനേരം ക്ഷമിക്കൂ''എന്ന്. ലാറയും സ്റ്റീവ് വോയും നേരെ മറിച്ചായിരുന്നു. പക്ഷേ, മനസ്സിന്റെ ശുദ്ധത കൂടുതല്‍ സച്ചിനാണ്. ലോകം ആരാധിക്കുന്ന ആളാണെന്ന ഒരു ഭാവവുമില്ല. ആരുമായി സംസാരിക്കുമ്പോഴും അയാളും തന്റെ ലെവലിലുള്ള ആളാണെന്ന പരിഗണന കൊടുക്കും. എ.ആര്‍. റഹ്മാനും ഇതുപോലെയാണ്.

സമ്പന്നമായ ചെറുപ്പമായിരുന്നില്ലേ താങ്കളുടെത്‌ ?

തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്നു എന്റെയച്ഛന്‍ കളത്തുങ്കല്‍ പോത്തന്‍. വീട്ടില്‍ പൈസയ്ക്ക് യാതൊരു പഞ്ഞ വുമില്ലായിരുന്നു. ഒന്നാം ക്ലാസ്‌തൊട്ട് ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കോടീശ്വരന്മാരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണത്. അ വിടത്തെ ബോഡിങ് ജീവിതം എന്നെ വളരെയധികം മാറ്റി. സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്റെ ലോകം. സ്‌കൂളിലെ ഏറ്റവും റിബലായ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എന്തിനും പ്രശ്‌നമുണ്ടാക്കും. കൈയില്‍ പൈസയുണ്ടല്ലോ എന്ന അഹന്തയുമുണ്ടായിരുന്നിരിക്കാം. ലോറന്‍സ് സ്‌കൂളില്‍നിന്ന് നേരെ പോയത് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക്. നാടകത്തോടും സിനിമയോടുമൊക്കെ കമ്പം തുടങ്ങുന്നത് ആ സമയത്താണ്. പക്ഷേ, ജീവിതം മാറിയത് കണ്ണടച്ചുതുറക്കും വേഗത്തില്‍. അച്ഛന്റെ മരണമായിരുന്നു ആദ്യ ആഘാതം. അതു കഴിഞ്ഞ് ഞങ്ങളുടെ സ്വത്ത് മുഴുവന്‍ സെയില്‍സ് ടാക്‌സ് വിഭാഗം കണ്ടുകെട്ടി. ഇല്ലായ്മകളിലേക്കുള്ള ആ വീഴ്ചയുടെ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ഞാന്‍ ജോലിക്കു പോകേണ്ടത് ആവശ്യമായി. അതുവരെ ജോലിയെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. ബിരുദശേഷം ബോംബെക്ക് വണ്ടികയറി. അവിടെ ഒരു പരസ്യകമ്പനിയില്‍ 400 രൂപ മാസശമ്പളത്തിന് കോപ്പിറൈറ്ററായി. അഞ്ചുവര്‍ഷം ബോംബെയില്‍ നിന്നു. അതുകഴിഞ്ഞ് മദ്രാസിലേക്ക് മടങ്ങിവന്നു. മദ്രാസ് പ്ലെയേഴ്‌സ് എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ നാടകനടനായി ചേര്‍ന്നു.

അമ്മയുടെ സ്വാധീനം ജീവിതത്തില്‍ എത്രത്തോളമുണ്ടായിരുന്നു?

രാഷ്ട്രീയക്കാരനായ അച്ഛന്‍ പലപ്പോഴായി ഒളിവില്‍ താമസിച്ചിട്ടുണ്ട്. ആ സമയത്തെല്ലാം അമ്മയാണ് വീട് നോക്കിയിരുന്നത്. അമ്മയുടെ മനസ്സിന്റെ ശക്തി വെളിപ്പെടുന്നത് അച്ഛന്റെ മരണശേഷമാണ്. അച്ഛന്റെ മരണത്തോടെ നഷ്ടമായ കുടുംബസ്വത്ത് തിരിച്ചുപിടിക്കാനായി അമ്മ നടത്തിയ നിയമയുദ്ധം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഒറ്റയ്ക്ക് യാത്രചെയ്താണ് അമ്മ കേസിന്റെ കാര്യങ്ങള്‍ നടത്തിയിരുന്നത്. 25 വര്‍ഷം കഴിഞ്ഞ് സ്വത്ത് തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് അമ്മ കൃത്യ സമയത്ത് നിയമയുദ്ധം തുടങ്ങിവെച്ചതുകൊണ്ടു മാത്രമാണ്.

താങ്കള്‍ പിന്നീടെപ്പോഴാണ് സിനിമയില്‍ എത്തുന്നത്?

സംവിധായകന്‍ ഭരതനെ യാദൃച്ഛികമായി കാണാനിടയായതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. 'ഗുരുവായൂര്‍ കേശവ ന്റെ' റീ റെക്കോഡിങ് കഴിഞ്ഞ് മ ദ്രാസ് എ.വി.എം. സ്റ്റുഡിയോയില്‍ നിന്നിറങ്ങി വരുമ്പോഴാണ് ഭരതനെ ആദ്യമായി കാണുന്നത്. ആ സമയം ഞാന്‍ തിയേറ്റര്‍ ഗ്രൂപ്പില്‍ നടനാണ്. സിനിമയില്‍ സുന്ദരന്മാര്‍ക്കേ അവസരം ഉണ്ടായിരുന്നുള്ളൂ. ഭരതന്റെ സൗന്ദര്യ കാഴ്ചപ്പാട് പക്ഷേ, മറ്റൊന്നായിരുന്നു. 'ആരവ'ത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ അദ്ഭുതപ്പെട്ടത് ഞാനായിരുന്നു. ആ സമയത്ത് എന്റെ ചേട്ടന്‍ ഹരി പോത്തന്‍ പ്രശസ്തനായ നിര്‍മാതാവാണ്. അദ്ദഹം കെ.പി.എ.സി. ലളിതയെ വിളിച്ചു പറഞ്ഞു 'ഒരു നടനാകാനുള്ള സൗന്ദര്യം പ്രതാപിനില്ല. അവെന ഈ സിനിമയില്‍ അഭിനയിപ്പിക്കരുത്' എന്ന്. പക്ഷേ ഭരതന്‍ എന്നെ അഭിനയിപ്പിച്ചു. ആ സിനിമ വിജയിച്ചില്ല. എന്നിട്ടും അടുത്ത സിനിമ 'തകര'യിലും എന്നെത്തന്നെ നായകനാക്കി. അതു വലിയ വിജയമായി.

രണ്ടു വിവാഹം കഴിച്ചിട്ടും താങ്കള്‍ ഒറ്റയ്ക്ക് കഴിയുന്നു?

നല്ല ദാമ്പത്യം ഒരു ഭാഗ്യമാണ്. എനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല. 'വീണ്ടും ഒരു കാതല്‍ കഥെ ' എന്ന സിനിമയില്‍ എന്റെ നായികയായ രാധികയാണ് ആദ്യ ഭാര്യ. ആ സിനിമയയുടെ സൈറ്റില്‍നിന്നു തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. പക്ഷെ, ഒന്നരവര്‍ഷേമ ആ ബന്ധം നീണ്ടുള്ളൂ. വിവാഹസമയത്ത് എനിക്ക് 24ഉം രാധികയ്ക്ക് 17ഉം വയസ്സായിരുന്നു. ഇരുവരുടെയും പക്വതയില്ലായ്മയാണ് ആ ബന്ധം തകര്‍ത്തത് എന്നിപ്പോള്‍ തോന്നുന്നു. (ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുേശഷം). അല്ലെങ്കിലും സിനിമാക്കാര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ ശരിയാകില്ല. ഇഗോ ക്ലാഷുകള്‍ പതിവായിരിക്കും. സിനിമ ഉപേക്ഷിച്ച് കുടുംബജീവിതത്തിേലക്ക് പോയ നടിമാര്‍ക്ക് ആത്മാര്‍ഥമായി കുടുംബജീവിതത്തില്‍ മുഴുകാന്‍ കഴിയാറില്ല. ഒന്നുകില്‍ മടങ്ങിവരും അല്ലെങ്കില്‍ അവരുടെ മക്കളെയങ്കിലും കൊണ്ടുവരും. സിനിമ അത്രകണ്ട് ഭ്രമിപ്പിക്കുന്നു. കാണാന്‍ ആളുകൂടുക, ആരാധിക്കുക ഇതൊക്കെ ഒരുതരം അഡിക്ഷനാണ്.

രണ്ടാമത്തെ വിവാഹവും തകര്‍ന്നല്ലോ?

താജില്‍ ജോലിക്കാരിയായിരുന്നു അമല. അറേഞ്ച്ഡ് വിവാഹമായിരുന്നു. ആ ബന്ധത്തിന് അല്‍പംകൂടി ആയുസ്സുണ്ടായി. അഞ്ചുവര്‍ഷം നീണ്ട ആ ദാമ്പത്യത്തില്‍ ഒരു മോളുണ്ട്. കേയ. അവള്‍ ബാംഗ്ലൂരില്‍ 'ലിന്റാസ് ' കമ്പനിയില്‍ കോപ്പിറൈറ്ററായി ജോലിചെയ്യുന്നു. എന്റെ വിജയങ്ങള്‍ ഏതെങ്കിലുമൊരു സ്ത്രീയെ സന്താഷിക്കുന്നുണ്ട് എങ്കില്‍ അത് കേയ മാത്രമാണ്. അവളാണ് എനിക്കല്ലാം.

കേയയ്ക്ക് സിനിമയില്‍ താത്പര്യമില്ലേ?

അവള്‍ എന്തായിത്തീരണമെന്ന് അവളാണ് തീരുമാനിേക്കണ്ടത്. പക്ഷെ, എന്റെ വ്യക്തിപരമായ അഭിപ്രായം സിനിമയില്‍ വരരുതെന്നാണ്. അവളെപ്പോലൊരു പാവം പെണ്‍കുട്ടിക്ക് പറ്റിയതല്ല ഈ ഫീല്‍ഡ്. ഇത് വിശ്വാസവഞ്ചനയുെടയും പാരവെപ്പുകളുടെയും ഫീല്‍ഡാണ്.

പക്ഷെ ഒന്നും നമ്മള്‍ നിശ്ചയിക്കുന്നേപലെ നടക്കണെമന്നില്ല. എന്റെ അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യം 'മക്കെളാരിക്കലും രാഷ്്രടീയക്കാരനോ സിനിമാക്കാരനോ ബിസിനസുകാരേനാ ആകരുത്' എന്നാണ്. എന്നിെട്ടന്താ... ഞങ്ങള്‍ മൂന്ന് ആണ്‍മക്കളും സിനിമയില്‍ വന്നു. അതില്‍ ഞാനൊഴികെ മറ്റു രണ്ടുപേരും ബിസിനസ്സും ചെയ്തു.

ഇനിയൊരു വിവാഹം....?

ഒരിക്കലുമില്ല. വിവാഹം വെറുമൊരു അഡ്ജസ്‌മെന്റാണ്. അതില്‍ സ്‌നേഹമില്ല, പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാല്‍ എന്തൊരു ബോറാണ്. ഒറ്റയ്ക്കു താമസിക്കുന്നതിന്റെ സുഖം ഞാനിേപ്പാള്‍ അനുഭവിക്കുന്നു. അത് ചെയ്യു അല്ലെങ്കില്‍ അത് ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞ് ഒരാളും ശല്യം ചെയ്യാന്‍ വരില്ല. എനിക്കൊരുപാട് ഫേസ്ബുക്ക് സൗഹൃദങ്ങള്‍ ഉണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. അവേരാട് ചാറ്റ് ചെയ്യുന്നത് പോലും എനിക്ക് നന്നായി ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. പിന്നെ വേണെമങ്കില്‍ ചോദിക്കാം 'സെക്‌സ്' എങ്ങെന സാധിക്കും എന്ന്. നല്ലകാലത്ത് അതൊക്കെ അതിന്റെ ഭാഗ്യത്തിന് നടന്നിട്ടുണ്ട്. പ്രായമാകുംതോറും അതിനോട് താത്പര്യവും കുറയുമേല്ലാ.

എങ്കിലും കിടപ്പിലാകുമ്പോള്‍ നോക്കാനൊരാള്‍?

അതിന് ഞാനൊരു നഴ്‌സിനെ ജോലിക്ക് വെക്കും. അവരാകുേമ്പാള്‍ പൈസ കിട്ടണം എന്ന മോഹം കൊണ്ട്‌ നമ്മെള നന്നായി നോക്കും. അല്ലാതെ ഇന്നെത്തക്കാലത്ത് ഭാര്യയും മക്കളും നോക്കുെമന്ന് കരുതുന്നതുതന്നെ മണ്ടത്തരമല്ലേ

മലയാളിയായിട്ടും താങ്കളെന്തിനാണ് ചെന്നൈയില്‍ താമസിക്കുന്നത്?

എന്റെ ജീവിതത്തിെല എല്ലാ വഴിത്തിരിവുകള്‍ക്കും സാക്ഷിയായ നഗരമാണ് മദ്രാസ്. ക്രിസ്ത്യന്‍ കേളേജില്‍ പഠിക്കാന്‍ ചേര്‍ന്ന കാലം തൊട്ട് ഞാന്‍ പ്രണയിക്കാന്‍തുടങ്ങിയതാണ് ആ നഗരത്തെ. ജീവിതത്തില്‍ പണമില്ലാത്തതിെന്റ പ്രയാസങ്ങള്‍ ഞാനനുഭവിക്കുന്നത് മദ്രാസില്‍വെച്ചാണ്. എന്നിട്ടും ഞാന്‍ പതറിയില്ല. കാരണം എന്റെ സാമ്പത്തികസ്ഥിതിേനാക്കിയല്ല മ്രദാസിെല സുഹൃത്തുക്കള്‍ എന്നെ സ്‌േനഹിച്ചിരുന്നത്. ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിക്കാഞ്ഞിട്ടും സിനിമയുടെ മായികലോകത്തേക്കുള്ള ഭരതന്റെ ക്ഷണം കിട്ടുന്നതും മദ്രാസിലുള്ളേപ്പാഴാണ്. ഞാന്‍ പ്രണയിക്കുന്നതും വിവാഹിതനാകുന്നതും വിവാഹമോചിതനാകുന്നതും സംവിധായകനിലേക്ക് കൂടുമാറുന്നതും മദ്രാസില്‍ വെച്ചാണ്. ഇത്രയൊക്കെ ആത്മബന്ധം ഉള്ളതുകൊണ്ടാകാം ജന്മസ്ഥലമായ തിരുവനന്തപുരത്തേക്കൊരു താമസമാറ്റം എനിക്ക് ചിന്തിക്കാന്‍ കഴിയാത്തത്.

'ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ നിന്ന് പഠിച്ച പാഠം...?'

ചോദ്യം കേട്ടതും പ്രതാപ് പോത്തന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുവന്നു. എന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ സ്വാഭാവിക ചിരിചിരിച്ച് കാതില്‍ പറഞ്ഞു, 'ഭൂമിയോളം ക്ഷമിക്കുക. വായ മൂടിക്കെട്ടി മിണ്ടാതിരിക്കുക. ആരെക്കുറിച്ചും ഒന്നും പറയരുത്. നമ്മളൊന്ന് പറഞ്ഞാല്‍ അത് ആയിരം മടങ്ങായി നാട്ടില്‍ പാട്ടാകും. അനുഭവങ്ങള്‍കൊണ്ടാകാം, ഞാനിപ്പോള്‍ നിശബ്ദനാണ്.'

Content Highlights: prathap pothan Interview about Cinema, Life, Failed marriage

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented