Prathap P Nair Photo | M Shaji
രണ്ടു വ്യത്യസ്ത ചിത്രങ്ങൾ. ഒന്ന് ഒരു പഴയ വീട്ടിലെ അകത്തളത്തിലൂടെ വ്യദ്ധയ്ക്കൊപ്പം സഞ്ചരിച്ചുള്ള തത്വ ചിന്താപരമായ അന്വേഷണം.
മറ്റൊന്ന് കെഞ്ചിര എന്ന പതിമ്മൂന്നുകാരിക്കൊപ്പം പുറംകാഴ്ചകളിലൂടെയുള്ള യാത്ര. ഒരേ ക്യാമറാമാൻ ഒരു വർഷം സഞ്ചരിച്ച രണ്ടുദൂരങ്ങളാണിവ. കെഞ്ചിരയും ഇടവും.
പ്രതാപ് പി. നായർ എന്ന ക്യാമറാമാനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹനാക്കിയ ചിത്രങ്ങൾ. ഈ രണ്ടു വ്യത്യസ്തയാത്രകൾ കണ്ട പുരസ്കാര നിർണയസമിതിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇതാദ്യമായല്ല പ്രതാപിന്റെ പേർ അവാർഡ് നിർണയത്തിനിടെ പറഞ്ഞുകേൾക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ മണ്ട്രോത്തുരുത്ത് പ്രമേയത്തിന്റെ കരുത്തു കൊണ്ടും സംവിധാന മികവുകൊണ്ടും മാത്രമല്ല ശ്രദ്ധപിടിച്ചുപറ്റിയത്. മികവുറ്റ ദൃശ്യങ്ങളാൽ സമ്പന്നവുമായിരുന്നു. ആ വർഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയവേളയിൽ മണ്ട്രോത്തുരുത്തിന്റെ ഛായാഗ്രഹണം പരാമർശിക്കപ്പെട്ടിരുന്നു. അതിനും മൂന്നു വർഷങ്ങൾക്കു മുൻപ് ഓഗസ്റ്റ് ക്ലബ് എന്ന ചിത്രത്തിലൂടെ ക്യാമറാമാനായ പ്രതാപിന് അവാർഡ് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
മലയാളത്തിൽ ഇതുവരെ ആറ് ചിത്രങ്ങൾക്ക് പ്രതാപ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മറാത്തിഭാഷയിൽ അഞ്ചു ചിത്രങ്ങളും. പ്രതാപ് നായർ മുഖ്യധാരാസിനിമയിലേക്കുള്ള തന്റെ ഊർജം സംഭരിച്ചത് ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചലച്ചിത്രങ്ങളിലൂടെയുമാണ്. അമ്പതോളം ഡോക്യുമെന്ററികൾക്കും ഒട്ടേറെ ഷോർട്ട് ഫിലിമുകൾക്കും ക്യാമറ ചലപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾക്കിടയിലെ ഇടവേളകളിൽ നിശ്ശബ്ദനായിരിക്കുകയാണ് പ്രതാപിന്റെ പതിവുരീതി. അതുകൊണ്ടാവാം ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ആരാണീ പ്രതാപ് എന്ന് ഗൗരവത്തോടെ സിനിമയെ കാണുന്നവർക്കുപോലും അന്വേഷിക്കേണ്ടിവന്നത്. ഈ നിശ്ശബ്ദത വരും ചിത്രത്തിന്റെ മുന്നൊരുക്കമോ പുത്തൻ സാങ്കേതികവിദ്യയെക്കുറിച്ച് പഠനത്തിനുള്ളതോ ആണ്.
ഇപ്പോൾ പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന സ്റ്റേഷൻ-5 എന്നചിത്രത്തിനുവേണ്ടിയാണ് പ്രതാപ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പാതിയോളം ഷൂട്ടിങ് പിന്നിട്ടങ്കെിലും കോവിഡ് പ്രതിസന്ധി കാരണം മുടങ്ങി. നവംബറിൽ വീണ്ടും ഷൂട്ടിങ് ആരംഭിക്കാനിരിക്കുകയാണ്. ഓരോ ചിത്രവും ആരംഭിക്കുന്നതിനു മുമ്പേ അതിന്റെ സ്ക്രിപ്റ്റ് പൂർണമായും വായിച്ച് സംവിധായകനൊപ്പം സിനിമയുടെ ദൃശ്യങ്ങൾ സ്വപ്നം കാണുകയും ക്യാമറയിൽ പകർത്തുകയും ചെയ്താൽ സംവിധായകന്റെ ജോലി എളുപ്പമാക്കാൻ കഴിയുമെന്ന് പ്രതാപ് പറയുന്നു. ഇന്നുവരെ ചെയ്ത ചിത്രങ്ങളിൽ ആ രീതിയാണ് അവലംബിച്ചതെന്നും അദ്ദേഹം പറയുന്നു.
ജയാജോസ് രാജ് സംവിധാനം ചെയ്ത ഇടം തത്വ ചിന്താപരമായ അന്വേഷണമാണ്. ഒരു പഴയവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധമാതാവിന്റെ ജീവിത്തിലൂടെയാണ് യാത്ര. ഹൃദയസ്പർശിയായ ഒരു കഥയാണ് ഇടത്തിന്റേത്. ''സംവിധായകനുമായി പലതവണ നടത്തിയ ചർച്ചകളുടെ പിൻബലത്തിലാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കാനുള്ള ധൈര്യം എനിക്ക് ലഭിച്ചത്. ഇടത്തിന്റെ ഷൂട്ടിങ്ങ് ഭൂരിഭാഗവും മുറിക്കുള്ളാലാണെങ്കിൽ കെഞ്ചിരയിൽ പുറം ലോകത്തേക്ക് ക്യാമറയുമായി ഇറങ്ങിച്ചെല്ലുകയായിരുന്നു. കെഞ്ചിര എന്ന പതിമൂന്നുകാരിയുടെ യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കാട്ടിനുള്ളിലെ ഒരു ഗ്രാമത്തൽ ചിത്രീകരിച്ച കെഞ്ചിരയുടെ ഷൂട്ടിങ്ങ് അതിസാഹസികമായൊരു യാത്രതന്നെയായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്താൻ തന്നെ കാടും പുഴയും മലയും കടന്ന് ഏറെ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു.''- പ്രതാപ് പറഞ്ഞു. രാത്രികാലത്തായിരുന്നു കെഞ്ചിരയിലെ ഷൂട്ടിങ് ഭൂരിഭാഗവും നടന്നത്. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ഷൂട്ടിങ് പലപ്പോഴും തടസ്സപ്പെട്ടു. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്ത ചിത്രം. ശ്രമകരമായ ജോലിയായിരുന്നെങ്കിലും അതിന്റെ ഫലം ആദ്യ പുരസ്കാരത്തിലൂടെ ലഭിച്ചതിൽ അതിയായ സന്തോഷത്തിലാണ് പ്രതാപ്.
ഒരുകാലത്ത് അരവിന്ദന്റെചിത്രങ്ങൾക്കൊപ്പം പ്രേക്ഷകർ ഷാജി.എൻ.കരുണിന്റെ ക്യാമറയും ശ്രദ്ധിച്ചിരുന്നു. മധുഅമ്പാട്ടിന്റെ ക്യാമറയാണിതെന്ന് സിനിമയുടെ ടൈറ്റിൽസ് കാണാതെതന്നെ പ്രേക്ഷകൻ തിരിച്ചറിഞ്ഞ കാലവും നമുക്കുണ്ടായിരുന്നു. സന്തോഷ്ശിവന്റെ ക്യാമറ ഒപ്പിയെടുക്കുന്ന ദൃശ്യഭംഗി കാണാൻ മാത്രം സിനിമയ്ക്ക് പോവുന്ന ആസ്വാദകരും ഏറെയുണ്ടായിരുന്നു.. വൈകാതെ അത്തരത്തിൽ സംവിധായകനൊപ്പമോ അതിലുപരിയോ സിനിമയ്ക്കൊപ്പം പ്രതാപിന്റെ ഫ്രെയിമുകൾ പ്രേക്ഷകർ തിരിച്ചറിയുന്ന കാലം വരുമെന്ന് അദ്ദേഹത്തിന്റെ സിനിമായാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു. ഷാജി.എൻ. കരുൺ, മധു അമ്പാട്ട്, സണ്ണിജോസഫ്, ബാലുമഹേന്ദ്ര, അശോക് കുമാർ തുടങ്ങിയ ക്യാമറാമാൻമാർ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് പ്രതാപ് പറയുന്നു. ലോക സിനിമയിൽ നിസ്തർ ആൽമിന്ദ്രോസ്, ഗോർഡൻ വില്ലിസ്, സ്വെൻ നിക്വിസ്റ്റ്, റോഡ്രിഗോ പ്രിയറ്റോ തുടങ്ങിയവരാണ് ഇഷ്ട ക്യാമറാമാൻമാർ. പുതിയ തലമുറയിൽ ബ്രാഡ്ഫോർഡ് യങ്, ഫ്രഞ്ച് ഫോട്ടോഗ്രാഫർ ക്ലെയർ മാത്തോൺ എന്നിവർ പ്രചോദനമാണ്.
പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2004-ൽ ബിരുദം പൂർത്തിയാക്കിയ പ്രതാപ് മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യകാല സിനിമാപ്രവർത്തനങ്ങൾ നടത്തിയത്. ക്യാമറാ അസിസ്റ്റന്റ് , അസോസിയേറ്റ് ക്യാമറാമാൻ, ക്യാമറാ ഓപ്പറേറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. 2002-ൽ നോൺഫീച്ചർ വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി. 2005-ൽ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള യു.ജി.സി. അവാർഡ്, 2012-ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് ( ടെലിവിഷൻ ) എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കളിയൊരുക്കം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,ഓഗസ്റ്റ് ക്ലബ്ബ്, മണ്ട്രോത്തുരുത്ത്, ഇടം, കെഞ്ചിര എന്നിവയാണ് പ്രതാപിന്റെ മലയാളചിത്രങ്ങൾ. ഒരു രാത്രിയുടെ കൂലി, മഞ്ഞുപോലെ, അവൾ, ഇരുൾ തുടങ്ങയവയാണ് പ്രധാന ഹ്രസ്വചിത്രങ്ങൾ.
ജി.പ്രഭാകരൻ നായരുടേയും സാംബവി ദേവിയുടെയും മകനാണ്.
content highlights : prathap p nair best cinematogrpaher kerala state film awards for kejira and idam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..