പ്രണയവിലാസത്തിന്റെ പോസ്റ്റർ,ഷിനോസ്, എം ജ്യോതിഷ്
കല്പറ്റ: പേരുപോലെത്തന്നെ നിറയെ പ്രണയമാണ് 'പ്രണയവിലാസ'മെന്ന സിനിമയില്‍. പലകാലങ്ങളില്‍ പലരുടെയും പ്രണയം പറയുന്ന കഥയുമായി നിരവില്‍പ്പുഴ സ്വദേശിയായ ജ്യോതിഷ് എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബത്തേരി സ്വദേശി ഷിനോസുമെത്തി. പലകാലങ്ങളിലെ പ്രണയത്തിനൊപ്പം വയനാടിന്റെയടക്കം പ്രകൃതിസൗന്ദര്യവും നാട്ടിന്‍പുറവും ചേര്‍ന്നപ്പോള്‍ പ്രണയവിലാസമായി.
കണ്ണൂരില്‍ ആനിമേഷന്‍ജോലി ചെയ്യവേ ജ്യോതിഷും കണ്ണൂര്‍ സ്വദേശി എ.വി. സുനുവും സിനിമയ്ക്കായി കൈകോര്‍ത്തപ്പോഴാണ് 'പ്രണയവിലാസം' ഉണ്ടായത്. തിരക്കഥയെഴുതാന്‍ തുടങ്ങിയപ്പോള്‍ ജോലി ഉപേക്ഷിച്ചു. കോവിഡ് കാലത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ജ്യോതിഷ് പറഞ്ഞു. വീട്ടിലിരുന്ന് ഫോണില്‍ സംസാരിച്ചാണ് ഇരുവരും പ്രണയവിലാസം എഴുതിത്തീര്‍ത്തത്. 2022 സെപ്റ്റംബറില്‍ ചിത്രീകരണവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ തിയേറ്ററില്‍ മികച്ചപ്രതികരണവുമായി മുന്നേറുകയാണ് സിനിമ.
ചെറുപ്പംമുതലേ ജ്യോതിഷിന് സിനിമയോടാണ് താത്പര്യം. കല്ലോടി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളില്‍ പ്ലസ്ടുവിനുശേഷമാണ് ജ്യോതിഷ് സിനിമയുടെ വഴിയെ നടക്കാന്‍ തുടങ്ങിയത്. കോഴിക്കോട് 'വിസ്മയ'യില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കുന്നതിനിടെ ഹ്രസ്വ ചിത്രങ്ങള്‍ക്കൊക്കെ കഥ തയ്യാറാക്കിയായിരുന്നു തുടക്കം. റിലീസിനുശേഷം തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമകാണാന്‍ പോയെന്നും സിനിമയ്ക്കുകിട്ടുന്ന നല്ലപ്രതികരണം വലിയ പ്രചോദനമാണെന്നും ജ്യോതിഷ് പറഞ്ഞു. 'അമൃത കൃപാലയ'ത്തില്‍ സുധാകരന്റെയും ജയന്തിയുടെയും മകനാണ് ജ്യോതിഷ്. സഹോദരന്‍ ശ്രീരാഗ് ബെംഗളൂരുവില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യനാണ്.
'മനസ്സിന് കുളിരേകുന്ന കഥയാണ്, കാഴ്ചയും വേണം'
ബത്തേരി മലവയല്‍ സ്വദേശി ഷിനോസ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയാണ് പ്രണയവിലാസം. കൊച്ചിന്‍ മീഡിയ സ്‌കൂളിലെ പഠനശേഷം അസിസ്റ്റന്റ് ക്യാമറാമാനായിട്ടായിരുന്നു ഷിനോസിന്റെ തുടക്കം. പ്രശസ്ത ക്യാമറാമാന്‍മാരുടെ കൂടെ പ്രവര്‍ത്തിച്ച അറിവുമായാണ് ഷിനോസ് പ്രണയവിലാസത്തിലെത്തുന്നത്.
സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിന് കുളിരേകുന്ന കാഴ്ചകളും വേണമെന്നാണ് സംവിധായകന്‍ നിഖില്‍ മുരളി ആവശ്യപ്പെട്ടതെന്ന് ഷിനോസ് പറഞ്ഞു. സിനിമ തിയേറ്ററില്‍ കണ്ടശേഷം പ്രേക്ഷകരും ഇതേ കാര്യം തന്നോടുപറഞ്ഞതാണ് ഏറ്റവുംവലിയ അംഗീകാരമെന്നും ഷിനോസ് പറഞ്ഞു. ഷംസുദ്ദീന്റെയും സക്കീനയുടെയും മകനാണ് ഷിനോസ്. ഭാര്യ സെല്‍മയും മകള്‍ ഇയാനയും അടങ്ങുന്നതാണ് ഷിനോസിന്റെ കുടുംബം. ആദ്യത്തെ സിനിമതന്നെ മികച്ച അഭിപ്രായം നേടിയ സന്തോഷത്തിലാണ് ഇരുവരും.
Content Highlights: pranayavilasam malayalam film, jyothi shinos, script writer, cinematographer Nikhil Muraly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..