ഴിഞ്ഞ ദിവസം പത്രത്തില്‍ വാട്ട്‌സാപ്പിനെപ്പറ്റി ഒരു വാര്‍ത്താശകലം വായിച്ചപ്പോള്‍ ഓര്‍ത്തുനോക്കി. വാട്ട്‌സാപ്പില്‍ ഞാന്‍ ആദ്യമായി സന്ദേശമയച്ചത് ആര്‍ക്കായിരുന്നു? ഒരു നിമിഷമെടുത്തില്ല, ഉള്ളില്‍നിന്നു മറുപടി വന്നു, പ്രണവിനായിരുന്നില്ലേ! ഉലകം ചുറ്റും വാലിബനെ വാട്ട്‌സാപ്പില്‍ കിട്ടുമെന്നു പറഞ്ഞുതന്ന കോയമ്പത്തൂരിലെ മോഹനേട്ടനെ ആയിടെ അടുത്ത ബന്ധുവെന്നു മോഹന്‍ലാല്‍ പരിചയപ്പെടുത്തിയിരുന്നു. മ്യൂസിക് ആന്‍ഡ് ഫിലോസഫി എന്ന കൃതിയുടെ പോര്‍ട്ടബിള്‍ ഫോര്‍മാറ്റ് എത്തിച്ചുകൊടുക്കാന്‍ പലരോടു ചോദിച്ചിട്ടും അപ്പു എവിടെയുണ്ടെന്നു കൃത്യമായി ലൊക്കേറ്റുചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ വാട്ട്‌സാപ് ഉപകാരിയായി. രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞിട്ടാണെങ്കിലും പ്രതികരണമുണ്ടായി. ഒരു കുഞ്ഞു വരി-Looks Like Rain എന്നുമാത്രം. ശീലങ്ങളെയും അഭിരുചികളെയുംപറ്റി ധാരണ ഉണ്ടായിരുന്നതിനാല്‍ അപ്പു ഉദ്ദേശിച്ചതു മനസ്സിലായി. 'ദി ഗ്രേറ്റ്ഫുള്‍ ഡെഡ് 'എന്ന കലിഫോര്‍ണിയ ബാന്‍ഡിലൂടെ പോപ്പുലറായ ഗാനമായിരുന്നു, 'ലുക്‌സ് ലൈക് റെയ്ന്‍'. അക്കാലം അപ്പു 'ദി ഗ്രേറ്റ്ഫുള്‍ ഡെഡി'നു പുറകേയായിരുന്നല്ലോ! അവരുടെ 'റണ്‍ മീ എറൗണ്ട് ആന്‍ഡ് മേക്ക് മീ ഹര്‍ട്ട് എഗേന്‍ ആന്‍ഡ് എഗേന്‍ ' എന്ന വരികള്‍ എനിക്കും പ്രിയമായിരുന്നു. ജെറി ഗ്രേഷ്യ അപ്പുവിലും നന്നേ ആവേശിച്ചിരുന്നതായി നേരത്തേ സൂചന ലഭിച്ചിരുന്നു. കവിതയിലും ചിത്രകലയിലും തത്ത്വചിന്തകളിലും സദാ ഭ്രമണം ചെയ്യുന്ന ഒരു കൗമാരക്കാരന്‍ ഇക്കൂട്ടരിലേക്കല്ലാതെ മറ്റേങ്ങോട്ടു ചെന്നു ചേക്കേറാന്‍!

കാണുന്നതിനുമുമ്പേ ലാലുമായുള്ള സംഭാഷണങ്ങളില്‍ അപ്പു വന്നു പോകുമായിരുന്നു. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിലും ഒരു ലയഭംഗി ഞാന്‍ ആസ്വദിച്ചു.' രണ്ടു ദിവസംമുമ്പു വന്നിരുന്നു, ഇന്നലെവരെ ഇവിടുണ്ടായിരുന്നല്ലോ, ദാ ഇപ്പാള്‍ നീങ്ങിയതേയുള്ളൂ' എന്നിങ്ങനെ ആശാഭംഗത്തിനു കാരണമായ സന്ദര്‍ഭങ്ങളും ഇടയില്‍ ഉണ്ടായി. ഒരുച്ചനേരം ലാല്‍ ഫോണില്‍ ചില ചിത്രങ്ങള്‍ കാണിച്ചുതന്നു. ലാലിന്റെ ഗന്ധര്‍വഭാവനകള്‍ക്കു വര്‍ണശോഭ നല്‍കി യാഥാര്‍ഥ്യമാക്കുന്ന വൈക്കത്തുകാരന്‍ വിശ്വനാഥന്‍ വരച്ച എണ്ണച്ചിത്രങ്ങളും കൂട്ടത്തില്‍ തെന്നിനീങ്ങി. പിന്നെ വന്നു ഒരു പെണ്‍രൂപം. പുറംതിരിഞ്ഞു നില്‍ക്കുന്നു. മുടി നീളത്തില്‍ പിന്നിയിട്ടിരിക്കുന്നു. അടുത്ത ചിത്രത്തില്‍ മുന്‍ഭാഗം കണ്ടു. ഒരാണ്‍കുട്ടി. മെലിഞ്ഞ ഗൗരവക്കാരന്‍. എഴുപതുകളിലെ ഏതോ റോക് ഗായകന്‍ പുനര്‍ജനിച്ചതുപോലെ. ലാലിന്റെ കണ്ണുകളില്‍ പ്രകാശം പടര്‍ന്നു. 'ഇതാണ് അപ്പുവിന്റെ ഇപ്പോഴത്തെ അവസ്ഥ.' ടച് സ്‌ക്രീനില്‍ മകന്റെ നീളന്‍മുടിയിലൂടെ അച്ഛന്റെ വിരലുകള്‍ സഞ്ചരിക്കുന്നു. അഭ്രപാളികളില്‍ അതുവരെ കാണാത്ത ഭാവപ്പകര്‍ച്ച ഒരു നിമിഷത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ' അവന്‍ വേറൊരു വഴിയിലാണ്. ഗിഥാര്‍ വായിക്കും. പാട്ടുണ്ടാക്കും. ഗ്രാഫിക് കവിതകള്‍ എഴുതും. വായിക്കാന്‍ ഇഷ്ടമുണ്ട്. എല്ലാം രഹസ്യമാണ്. ഏതായാലും ടെന്‍ഷന്‍ പിടിപ്പിക്കാന്‍ ഉള്ളതൊന്നും അയാളുടെ കയ്യിലില്ല. ആശ്വാസം.  മുടി കുറച്ചു നീട്ടി വളര്‍ത്തിയിട്ടുണ്ടന്നല്ലേയുള്ളൂ. എന്നോടു ചോദിച്ചിരുന്നു.' ആരുടെയും ഇഷ്ടങ്ങളില്‍ ഇടപെടാത്തൊരാള്‍ ഇങ്ങനെ ചിന്തിക്കുമ്പോള്‍ അല്‍ഭുതം അല്‍പവുമില്ല.

ഇതിനുശേഷം സുചിത്രയുടെകൂടി വിവരണം കഴിഞ്ഞിട്ടേ അപ്പു മുന്നില്‍ അവതരിച്ചുള്ളൂ. കടലമാവും തവിടും ചേര്‍ത്തുണ്ടാക്കുന്ന റൊട്ടിയുടെ റെസീപ്പീ പറഞ്ഞുതന്നതിനിടയില്‍ സുചിത്ര അപ്പുവിനു സംഗീതത്തിലുള്ള വാസന തുറന്നുവച്ചു. എല്‍വീസ് പ്രസ് ലീ, ബീറ്റില്‍സ്, വാന്‍ മോറിസണ്‍, ബോബ് ഡിലന്‍, പോള്‍ മകാര്‍ട്‌നി, എല്‍ടണ്‍ ജോണ്‍, ബോബ് മാര്‍ലി തുടങ്ങി നൂറു കണക്കിനു പശ്ചാത്യഗായകരുടെ കുലവും ചിഹ്നവും വംശമഹിമയും നാവിന്‍തുമ്പില്‍ നൃത്തംചെയ്യുന്ന ഒരമ്മയുടെ മകനല്ലേ അപ്പു!
ഒരു ദിവസം ലാലും ഞാനും വീടിനു വെളിയിലെ കായലിലേക്കു തിരിഞ്ഞിരുന്നു സംസാരിച്ചിരിക്കേ ഒരു വലിയ വളര്‍ത്തുനായ ഉള്ളില്‍ നിന്നിറങ്ങി വന്നു. പെട്ടെന്നുണ്ടായ ഭയം കാരണം പുറകേ വന്നയാളെ ശ്രദ്ധിച്ചില്ല. എതിരേ ഇരുന്നപ്പോള്‍ കണ്ടു, പ്രണവ്. ശിലാപാളികളില്‍ കൊത്തിവച്ചതുപോലെ നിശ്ചലമായ മുഖം. വജ്രമുനയുള്ള കണ്ണുകളില്‍ യോഗമുദ്രകള്‍. എനിക്കു സംഗീതത്തിലുള്ള താല്‍പര്യത്തെ ലാല്‍ ഉദാരവല്‍ക്കരിച്ചപ്പോള്‍ ഒരു തിര ഇളകിയോ? ലാല്‍ ആരോടോ ഫോണില്‍ സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ അടുത്ത മുറിയിലേക്കു മാറി. അവിടെ ഒരു മൂവി ക്യാമറ കണ്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറ. നവോദയ അപ്പച്ചന്‍ നല്‍കിയ ചരിത്ര സമ്മാനം. ടീപ്പോയിലിരുന്ന ലാപ്‌ടോപ് അപ്പു തുറന്നുവച്ചു. അതില്‍ കുറേ സംഗീത ആല്‍ബങ്ങള്‍ കണ്ടു. ലെഡ് സെപ്പലിന്‍, പിങ്ക് ഫ്‌ലോയിഡ്, ഡീപ് പര്‍പ്പിള്‍, റോളിങ് സ്റ്റോണ്‍സ്, സൈമണ്‍ ആന്‍ഡ് ഗാര്‍ഫങ്കെല്‍ എന്നിവരൊക്കെ ഉണ്ടായിരുന്നതായി ഓര്‍മ. കൃത്യത പോര! കൂട്ടത്തില്‍ അപ്പു തനിയേ ഉണ്ടാക്കിയ ചില മെലഡികള്‍ ഉണ്ടായിരുന്നു. അതിനു വരികളുണ്ടാക്കാമെന്നു നിര്‍ദേശം വച്ചപ്പോള്‍ നോക്കാമെന്നു ചിരിച്ചു. 

അപ്പു പഠിക്കുന്ന കോളേജിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു മറുപടിയായി ചില ഫോട്ടോഗ്രാഫുകള്‍ കാണിച്ചു. 'ക്യാമ്പസില്‍ മുഴുവന്‍ സമയവും വൈഫൈ ലഭിക്കും. ക്ലാസില്‍ ഇരിക്കുമ്പോഴും കൂടുതല്‍ കുട്ടികളും ഫേസ്ബുക്കിലായിക്കും. പഠിക്കാന്‍ പ്രഷറില്ല. നമുക്കിഷ്ടമുള്ളതു ചെയ്യാം. എന്നെപ്പോലെ ഒന്നും ചെയ്യാതെയും കഴിയാം' എന്നിങ്ങനെ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ മഹാരാജാസിനെ മനസ്സില്‍ കൊണ്ടുവന്നു.

mohanlal
പ്രണവ് മോഹന്‍ലാല്‍ ലേഖകനോടൊപ്പം

അന്നങ്ങനെ പിരിഞ്ഞനേരം അടുത്ത ദിവസം വീട്ടില്‍ വരാമെന്നു പറഞ്ഞു, അപ്പു. ഒരു വി.ഐ.പി.യെ സ്വീകരിക്കാന്‍ പാകത്തിലുള്ളതല്ല കാക്കനാട്ടെ അറുപതു വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് എന്ന വിചാരം മനസ്സില്‍ വന്നെങ്കിലും അപ്പു വരട്ടെ എന്നുതന്നെ വച്ചു. പിറ്റേ ദിവസം വൈകുന്നേരത്തോടെ ഫോണ്‍ വന്നു. വരുന്ന കാര്യം ഉറപ്പിച്ചു. കുട്ടികള്‍ ആവേശത്തിലായിരുന്നു. എല്ലാം ഒന്നടുക്കിപ്പെറുക്കി വച്ചു. അതിഥികള്‍ വരുമ്പോഴേ ഇതൊക്കെ നടക്കൂ. പുഷ്പ കഴിക്കാനും ചിലതൊരുക്കി. ഇരുട്ടുവീണതോടെ വെളിച്ചമില്ലാത്ത സ്റ്റെയര്‍കെയ്‌സ് കയറി അപ്പു വന്നു. എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച കറുത്ത ടീഷര്‍ട്ടും ഇളംനീല ജീന്‍സും ധരിച്ചിരുന്നു. ഒതുക്കമുള്ള താടി. നീണ്ട തലമുടി അഴിഞ്ഞുകിടന്നിരുന്നു. വിനീതമായ പെരുമാറ്റം. മ്യദുവായ വാക്കുകള്‍. ഉപചാരം കഴിഞ്ഞ ശേഷം അപ്പു മുറിയിലെ പുരാവസ്തുക്കളുടെ കൂട്ടിലേക്കു കയറി. അതിനു നടുവില്‍ ഇരുപ്പുറപ്പിച്ചു. എന്റെ സംഗീതശേഖരവും സംഗീത സംബന്ധമായ പുസ്തകങ്ങളും അപ്പുവില്‍ വിസ്മയമുണ്ടാക്കി. ദക്ഷിണ സംഗീതത്തില്‍ അപ്പുവിനു കാര്യമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. എനിക്കാ വതുപോല്‍ ചില രാഗപരിചയങ്ങള്‍ കൊടുത്തു. ധാരാളം പാട്ടുകള്‍ കേള്‍പ്പിച്ചു. ലാല്‍ഗുഡി, രാമനാഥന്‍, കല്യാണരാമന്‍, ഗോപാലകൃഷ്ണന്‍മാര്‍, മഹാലിംഗം, മല്ലികാര്‍ജുന്‍, അമീര്‍ഖാന്‍, കേസര്‍ബായി തുടങ്ങി എന്റെ താല്‍പര്യങ്ങള്‍ പതിനാറിഞ്ചു വ്യാസമുള്ള സാന്‍ സൂയിയിലൂടെ കൂലംകുത്തിയൊഴുകി. ഇതിനിടയില്‍ അപ്പു എപ്പോഴോ എന്റെ പലകക്കട്ടിലില്‍ കയറിക്കിടന്നു. മുറിയിലെ മങ്ങിയവെളിച്ചത്തില്‍ ഞാന്‍ അപ്പുവിനെ ശ്രദ്ധിച്ചു. യോഗനിദ്രയില്‍ എന്നതുപോലെ കണ്ണുകള്‍ കൂമ്പിയിരുന്നു. വിരലുകളില്‍ താളത്തിന്റെ നേര്‍ത്ത അലകള്‍ ഇളകി. ശ്വാസം എടുക്കുന്നുണ്ടോ എന്നുതന്നെ സംശയം. അത്രയും ധ്യാനപൂര്‍വം ഒരാള്‍ സംഗീതം ശ്രവിക്കുന്നതു ഞാനും കണ്ടിട്ടില്ല. അന്നേരം എനിക്കു തോന്നി അപ്പു കേവലം ഒരു മനുഷ്യശരീരമല്ല, തമ്പുരയുടെ ശ്രുതിയില്‍ ലയിച്ചുചേര്‍ന്ന  ഒരു കോമള നിഷാദമാണ്. അതിന്റെ ആന്തോളനങ്ങളില്‍നിന്നു പിറവികൊണ്ട പ്രഹര്‍ഷം തൊണ്ടയില്‍  കുടുങ്ങിനിന്നു.  അതു കണ്ടുവോ അപ്പുവും?

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. അന്നത്തെ രാത്രി ഒരു കറുത്ത മുത്തുപോലെ ഹൃദയത്തില്‍ ഇന്നും തിളങ്ങുന്നു. പിന്നെയും എത്രയോ കണ്ടുമുട്ടലുകള്‍. സെറ്റില്‍, വീട്ടില്‍. അപ്പോഴെല്ലാം ഞാന്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്. യവനദാര്‍ശനികരുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ മോഹിക്കുന്ന, കലയുടെ ഉദാത്തതകളില്‍ പറക്കാന്‍ തുടിക്കുന്ന, എല്ലാവര്‍ക്കും ലഭിക്കുന്നതു പോലെ ഒരംശംമാത്രമേ എനിക്കും വേണ്ടതുള്ളൂ എന്നു കരുതുന്ന, ഈ ഭൂമിയില്‍ അടയാളങ്ങളൊന്നുമില്ലാതെ കടന്നുപോകണം എന്നു വിചാരിക്കുന്ന, എന്നും ആള്‍ക്കൂട്ടത്തില്‍ ഒരുവനായാല്‍ മതി എന്നു നിശ്ചയിച്ചിട്ടുള്ള ഈ യുവാവിന്റെ കര്‍മയോഗം എന്താണ്? സിനിമയാണോ? 'ആദി'യുടെ വാള്‍ പോസ്റ്ററില്‍ സൂര്യശോഭയോടുകൂടി ഈ മുഖം കാണുമ്പോള്‍ ജിജ്ഞാസ പെരുകുന്നു. ഒരിക്കല്‍ ഒറ്റപ്പാലത്തെ ഉണ്ണിക്കൃഷ്ണന്‍ വൈദ്യരുടെ 'ഗുരുകൃപ'യില്‍ മുഖമാകേ ഏതോ പച്ചിലലേപനം പുരട്ടി അര്‍ദ്ധ പത്മാസനത്തില്‍ ഇരുന്ന പ്രണവിനു മുന്നില്‍ ഇതേ സന്ദേഹം ഞാന്‍ തുറന്നു. അതിനു കിട്ടിയ മറുപടി ഇങ്ങനെ - 'സാഹചര്യം വന്നാല്‍ സിനിമയില്‍ ഒരു ഗസ്റ്റായി കുറച്ചുകാലം താമസിക്കാം. പെര്‍മനന്റായി താമസിക്കാന്‍ ഇഷ്ടമുണ്ടോ എന്നെനിക്കുപോലും അറിഞ്ഞുകൂടാ. എല്ലാം നമ്മള്‍തന്നെ തീരുമാനിക്കുന്നതില്‍ ഒരു ലോജിക് ഇല്ലല്ലോ?'

mohanlal

പ്രണവ് മോഹന്‍ലാല്‍ ലേഖകന്റെ കുടുംബത്തോടൊപ്പം

അപ്പു പറഞ്ഞതിനെ മുഖവിലക്കെടുക്കാന്‍ എനിക്കു കഴിയുന്നില്ല. മൂന്നര പതിറ്റാണ്ടായി മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന മഹാനടന്റെ പ്രിയപുത്രനെ അഭ്രപാളിയില്‍ കണ്‍നിറയേ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയൊരാള്‍ക്കൂട്ടം ഇതാ മുമ്പില്‍ നില്‍ക്കുന്നു. അവര്‍ക്കിടയില്‍ എന്നെയും ഞാന്‍ വേറിട്ടുകാണുന്നുണ്ട്. ആദ്യ സിനിമ 'ആദി' തിയറ്ററുകളില്‍ എത്താനിരിക്കേ, ഞാനും പ്രാര്‍ത്ഥിക്കുന്നു - അപ്പൂ, ജയിച്ചു വരൂ. ആശംസകള്‍. പക്ഷേ എനിക്കറിയാം ഈ വാക്കുകളൊന്നും അപ്പുവില്‍ എത്തിച്ചേരുകയില്ല. അത്രയും ഉയരേ ഹിമാലയത്തിലെ മഞ്ഞുറഞ്ഞ വിജനവഴികളിലൂടെ അപ്പു ഒരവധൂതനെപ്പോലെ ഇപ്പോള്‍ മുന്നോട്ടുനടക്കുകയാണ്.

Content Highlights: Pranav Mohanlal, Mohanlal