പ്രഭാസ്
ബാഹുബലിയെന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് നടൻ പ്രഭാസ് മലയാളികളുടെയും ആവേശമായി മാറിയത്. അതുവരെ തെലുങ്കിൽമാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രഭാസിന്റെ സിനിമകൾക്ക് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങി. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ പ്രഭാസിന്റേതായി നാലുസിനിമകളേ തിയേറ്ററിലെത്തിയിട്ടുള്ളൂ. ഏറ്റവും അവസാനമിറങ്ങിയ രാധേ ശ്യാം, പ്രഭാസിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘ഒരു ലവ് ത്രില്ലറാ’ണ്. കൊച്ചിയിൽ രാധേ ശ്യാമിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടയിൽ പ്രഭാസ് സംസാരിക്കാനിരുന്നു.
? എന്താണ് രാധേ ശ്യാം
= പ്രണയവും സമയവും തമ്മിലുള്ള യുദ്ധം എന്നുതന്നെ പറയാം ഇതിനെക്കുറിച്ച്. ഹസ്തരേഖപ്രകാരം ഭാവിപ്രവചിക്കാൻ കഴിയുന്ന വിക്രമാദിത്യ എന്ന കഥാപാത്രം. അയാൾക്ക് പ്രണയത്തിലൊന്നും വിശ്വാസമില്ല. എങ്കിലും അയാൾ പ്രണയത്തിലാവുന്നു. ആ പെൺകുട്ടിക്ക് ഹസ്തരേഖപ്രകാരം ആയുസ്സ് കുറവാണ്. ഈ രണ്ടുപേരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.
? 2019-ൽ ‘സാഹോ’, പിന്നീട് മൂന്നുവർഷത്തിനുശേഷമാണ് രാധേശ്യാം ഇറങ്ങുന്നത്...
= ‘സാഹോ’യുടെ സമയത്താണ് ഇതിന്റെ പണികൾ തുടങ്ങിയത്. പക്ഷേ, സാഹോയുടെ ഷൂട്ടിങ് ഉള്ളതുകൊണ്ട് ഇടയ്ക്ക് നിർത്തേണ്ടിവന്നു. പിന്നീട് എട്ടുമാസത്തിനുശേഷം ഇനി ഫുൾസ്വിങ്ങിൽ തുടങ്ങാമെന്ന് വിചാരിച്ചപ്പോഴേക്കും കോവിഡ് എത്തി. എന്നിട്ടും പറ്റുന്ന സ്ഥലങ്ങളിലെല്ലാംവെച്ച് ഷൂട്ട് നടത്താനായിരുന്നു പ്ലാൻ. ഇറ്റലിയിലായിരുന്നു തുടക്കമെങ്കിലും കോവിഡ് കാരണം അത് വേണ്ടെന്നുവെച്ച്, ജോർജിയയിലേക്ക് പോയി. പക്ഷേ, അവിടെയും അധികം ഷൂട്ട്ചെയ്യാൻ പറ്റിയില്ല. വീണ്ടും ഇറ്റലിയിലേക്ക് പോയി. അങ്ങനെ ഇറ്റലിയിലും ഇന്ത്യയിൽ കുറച്ച് സ്ഥലങ്ങളിലുമായി സിനിമ പൂർത്തിയാക്കി.
? ഇതിലെ കഥാപാത്രമാവാനുള്ള ഒരുക്കങ്ങൾ എന്തൊക്കെയായിരുന്നു
= ഹസ്തരേഖാവിദഗ്ധനെങ്കിലും കഥാപാത്രം സ്റ്റൈലിഷാണ്. അതിനായി ഭാരം കുറയ്ക്കണമെന്നുതോന്നി. സംവിധായകൻ രാധാകൃഷ്ണകുമാറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു. അങ്ങനെ ഞാൻ വീഗൻ ഡയറ്റ് ചെയ്തു. പൂർണമായും പച്ചക്കറികളും പഴങ്ങളും ഡ്രൈഫ്രൂട്ട്സും മാത്രം. അതായിരുന്നു ഏറ്റവും വലിയ കടമ്പ.
? സംവിധായകൻ ഒരുപാട് വർഷമെടുത്ത് പൂർത്തിയാക്കിയ കഥയാണ് രാധേ ശ്യാമിന്റേത്...
= അതേ, തിരക്കഥയാണ് സിനിമയിൽ ഏറ്റവും പ്രധാനം. അതുശരിയായാൽ സിനിമ പകുതിയും ഓകെയായി. ഏതുഭാഷയിലാണെങ്കിലും അങ്ങനെത്തന്നെ. എന്നെവെച്ച് ഒരു ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതേപോലെ കാണുന്നവർക്ക് അംഗീകരിക്കാൻ പറ്റുന്നതാവണം എന്നത് മറ്റൊരുകാര്യം. അതുകൊണ്ടുതന്നെ അദ്ദേഹം തിരക്കഥയിൽ ഒരുപാട് പണിചെയ്തു.
? ശരിക്കും ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറിക്കഴിഞ്ഞു പ്രഭാസ്...
= ഇന്ത്യൻ സിനിമയിൽ അത് എല്ലാവരും ട്രൈചെയ്യുന്നുണ്ടല്ലോ. കെ.ജി.എഫ്. വൺ, ഇപ്പോൾ കെ.ജി.എഫ്. ടു ഇറങ്ങാൻ പോകുന്നു. പിന്നെ, പുഷ്പ... അതുപോലെ ഒരുപാട് സിനിമകൾ. എല്ലാവരും പാൻ ഇന്ത്യൻ സ്റ്റാറുകളാണ്. പ്രഭാസ് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞുനിർത്തി.
Content Highlights: Prabhas About Radhe Shyam Movie, Prabhas Interview, Pooja Hegde
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..