കോട്ടയം: പൂവൻകോഴിയെ പ്രധാന കഥാപാത്രമാക്കി ചെറുചിത്രം. അതിനായി സംവിധായകൻ ആദ്യം ഒരു പൂവനെ വാങ്ങി. ഇല്ലായ്മയുടെ ചിട്ടവട്ടങ്ങളിലൊതുങ്ങിയ കുടുംബത്തിന്റെ ഉള്ളുപൊള്ളുന്ന പ്രാരബ്ധങ്ങളെ ’പൂവൻകോഴി’യെക്കൊണ്ട് കൂവി വെളിപ്പെടുത്തുകയാണ് ഉണ്ണി അവർമ എന്ന കലാകാരൻ. ഒരു രാവും പകലും നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്, പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന ഷോർട്ട്ഫിലിമിൽ. ദരിദ്രചുറ്റുപാടുള്ള മണിക്കുട്ടിയെന്ന കൊച്ചുപെൺകുട്ടിയുടെ അരുമയാണ് പൂവൻകോഴി.

പൂവാ... പൂവാ... എന്നുവിളിച്ചുള്ള മണിക്കുട്ടിയുടെ കൊഞ്ചലുകൾക്ക് കൂട്ടായി കുട്ടനെയ്ത്തുകാരനായ മുത്തച്ഛനുമുണ്ട്.

കഥയും തിരക്കഥയും ഉണ്ണി അവർമയുടേതുതന്നെ. അതുകൊണ്ട് ഉള്ളിലുള്ളത് അപ്പാടെ പകർത്താനായെന്ന് ഉണ്ണി പറയുന്നു. കഥ മനസ്സിലുദിച്ചപ്പോൾത്തന്നെ പൂവൻകോഴിയെ വാങ്ങി. ആറുമാസം വളർത്തിയിട്ടായിരുന്നു ചിത്രീകരണം. പൂവന്റെ തനിമയാർന്ന പ്രകടനമാണ് പകർത്തിയത്.

അന്തർദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ ഹ്രസ്വചിത്രമാണ് പൂവൻകോഴി. ഷോർട്ട് ഫിലിമായി തയ്യാറാക്കിയെങ്കിലും അന്താരാഷ്ട്രതലത്തിൽ സിനിമാ വിഭാഗത്തിലാണ് മത്സരിച്ചത്. 2020-ലെ ചിക്കാഗോ ഫിലിംഫെസ്റ്റിൽ തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവയ്ക്ക് പുരസ്‌കാരം. കൂടാതെ സംവിധാനത്തിനടക്കം മറ്റ് അഞ്ച് അന്തർദേശീയ മത്സരങ്ങളിലും പുരസ്‌കാരം നേടി.

മനു ഭാസ്‌കരന്റെ ആർട്ട് വർക്ക് ചിത്രത്തിന് മികവേറ്റുന്നു. സിജോ സി.കൃഷ്ണനാണ് നിർമാണം. ക്യാമറാമാൻ തരുൺ ഭാസ്‌കർ. സംഗീതസംവിധാനം അരുൺഗോപനും ശബ്ദമിശ്രണം നിഖിൽ വർമയും. കഴിഞ്ഞ മാസമാണ് ’പൂവൻകോഴി’ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്.

Content Highlights: Poovankozhi (The Rooster) Award winning Malayalam Short Film, Family, Adventure, Drama, Unni Avarma