സിനിമയുടെ മായികപ്രപഞ്ചത്തിലേക്ക് കണ്‍മുന്നിലൂടെ നടന്നുപോയ  പ്രഗല്ഭരായ രണ്ടു സുഹൃത്തുക്കളെനിക്കുണ്ടായിരുന്നു. സംവിധായകനാവാന്‍ കൊതിച്ച് ജോലി രാജിവെച്ച് ഇറങ്ങിത്തിരിച്ച പദ്മനാഭനും ഉദ്യോഗത്തില്‍നിന്ന് താത്കാലിക അവധിയെടുത്ത് ഗാനരചയിതാവാവാന്‍ പോയ പൂവച്ചല്‍ ഖാദറും. ഇരുവരും അവരവരുടേതായ മേഖലകളില്‍  ഏറെ കഴിവുള്ളവരായിരുന്നു. സിനിമയിലെ വിജയത്തിന്റെയും പരാജയത്തിന്റെയും ഉദാഹരണങ്ങളായി ഞാന്‍ ഇന്നും അവരെ കാണുന്നു. പദ്മനാഭന് സിനിമയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വഴിമാറി സഞ്ചരിച്ച് മറ്റൊരു മേഖലയില്‍ ശ്രദ്ധേയനായി. സിനിമയെക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് മറ്റൊരു പേരില്‍ പുസ്തകമെഴുതി. എന്നാല്‍, ഖാദര്‍ അര്‍ഥസമ്പുഷ്ടമായ വരികളിലൂടെ മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ ഗാനങ്ങളൊരുക്കി. അദ്ദേഹത്തിന്റെ ആര്‍ദ്രമധുരമായ പ്രണയഗാനങ്ങള്‍ കേള്‍ക്കാന്‍ കൂടി പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തി.
പി.ഡബ്ല്യു.ഡി.യില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ ഖാദറിനെ ആദ്യമായിക്കണ്ടത് കൈയില്‍ ഒരു കവിതയുമായാണ്. അന്ന് ഞാന്‍ ചന്ദ്രിക ആഴിചപ്പതിപ്പിന്റെ എഡിറ്ററായിരിക്കേ പ്രസിദ്ധീകരണത്തിനുള്ള കവിതയുമായി എത്തിയതായിരുന്നു ഖാദര്‍. അവിടെ പരിചയം തുടങ്ങി. പിന്നീട് കോഴിക്കോട്ടെ സായാഹ്‌നങ്ങളിലും സൗഹൃദസദസ്സുകളിലും ഞങ്ങള്‍ ഒത്തുകൂടി.

അക്കാലത്ത് സിനിമയില്‍ കലാസംവിധായകനായിരുന്ന ഐ.വി. ശശി എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം എന്നെക്കാണാന്‍ വരാറുണ്ടായിരുന്നു. ആഴ്ചപ്പതിപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിത്രകാരനെന്ന നിലയില്‍ ശശിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താറുമുണ്ടായിരുന്നു. ഐ.വി. ശശിയോട് ഞാന്‍ ഖാദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ വരികളെക്കുറിച്ചും സിനിമയില്‍ പാട്ടെഴുതാന്‍ അവസരം കൊടുക്കണമെന്നും പറഞ്ഞു. താമസിയാതെ ഖാദറും ശശിയുടെ സുഹൃത്തായി.
ചെറുപ്പത്തിലേ കവിതകള്‍ എഴുതിയിരുന്ന ഖാദറിന്റെ വരികളില്‍ ഗാനത്തിന്റെ മാധുര്യം പ്രകടമായിരുന്നു. ശശിയുടെ സഹായത്തോടെ ഖാദര്‍ ആദ്യമായി സിനിമയ്ക്കുവേണ്ടിയെഴുതിയത് കവിതകള്‍ തന്നെയായിരുന്നു. 'കവിത'യെന്ന ചിത്രത്തില്‍.
അതുകഴിഞ്ഞാണ് ഞങ്ങളുടെ പൊതുസുഹൃത്തും പില്‍ക്കാലത്ത് 'അവളുടെ രാവുകള്‍' എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ഷെറീഫിന്റെ നിറങ്ങള്‍ എന്ന നോവല്‍ കാറ്റുവിതച്ചവന്‍  എന്ന പേരില്‍ സിനിമയാക്കിയപ്പോഴാണ് പൂവച്ചല്‍ ഖാദറിന് പാട്ടെഴുതാന്‍ അവസരം ലഭിച്ചത്. പതിയെ ഖാദറിന്റെ വരികള്‍ സിനിമയ്ക്ക് അനിവാര്യമായി

നിഷ്‌ക്കളങ്കത മുഖമുദ്ര

പൂവച്ചല്‍ ഖാദര്‍ തന്റെ നിഷ്‌ക്കളങ്കതകൊണ്ട് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. ജീവിതത്തില്‍ പലകാര്യങ്ങളിലും നേര്‍ത്തൊരുഭയം അദ്ദേഹത്തിനുണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍പ്പോലും വല്ലാത്തൊരു വെപ്രാളം കാണിക്കുമായിരുന്നു ഖാദര്‍. പലപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളുടെ കൈപിടിച്ചായിരുന്നു അദ്ദേഹം റോഡെന്ന മഹാസമുദ്രം കടന്നത്. മരണവാര്‍ത്തകള്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. ഒരിക്കല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ആഘോഷം ഇപ്പോള്‍ ഓര്‍മവരുന്നു. അന്ന് കെ.ജി. ജോര്‍ജും പി.എ. ബക്കറും ആദം അയൂബും പൂവച്ചല്‍ ഖാദറും സലാം കാരശ്ശേരിയും എം.എന്‍.കാരശ്ശേരിയും ഞാനും ഉള്‍പ്പെടെ വലിയസംഘം അവിടെ ഉണ്ടായിരുന്നു. ആഘോഷമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് സലാം കാരശ്ശേരിയുടെ പെങ്ങള്‍ മരിച്ചെന്ന ഫോണ്‍ സന്ദേശം വന്നത്. വാര്‍ത്ത അറിഞ്ഞയുടെനെ പൂവച്ചല്‍ ഖാദറിന് ആധിയായി. അദ്ദേഹം തലകറങ്ങി വീഴുന്നു. ഉടനെ ഞങ്ങളില്‍ ചിലര്‍ താങ്ങിപ്പിടിക്കുകയായിരുന്നു. അന്യന്റെ നേര്‍ത്തൊരു സങ്കടം പോലും തന്റെ ദുഃഖമായി കാണുന്ന മനുഷ്യനായിരുന്നു പൂവച്ചല്‍. സ്വന്തം വളര്‍ച്ചയ്ക്കായി അദ്ദേഹം ഒന്നും ചെയ്തില്ല. കഴിവിന്റെ മാത്രം ബലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒരാള്‍. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ അദ്ദേഹത്തിന്റെ കഴിവിനെ അടയാളപ്പെടുത്തുന്നവയാണ്. എന്നിട്ടും അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. എഴുതിയ പാട്ടുകള്‍ക്കിടയില്‍ ഇടയ്ക്ക് അദ്ദേഹത്തിന്റെ ആത്മാംശം കടന്നു വരാറുണ്ടായിരുന്നു. കായലും കയറും എന്ന ചിത്രത്തിലെ ചിത്തിരത്തോണിയില്‍ അക്കരെപ്പോവാന്‍ എത്തിടാമോ പെണ്ണേ എന്ന ഗാനത്തിലെ 'ചിറയിന്‍കീഴിലെ പെണ്ണ്' അദ്ദേഹത്തിന്റെ ഭാര്യതന്നെയായിരുന്നു. ഒരു പാട്ടില്‍ തന്റെ മക്കളായ തുഷാര, പ്രസൂന എന്നിവരുടെ പേര് ഉള്‍പ്പെടുത്താനും അദ്ദേഹം മറന്നില്ല. സിനിമയിലൂടെ കുടുംബത്തിന് നല്‍കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഇതാവാം.

Content Highlights: poovachal khader-kanesh punoor, poovachal khader lyricist poet passed away