കാഴ്ച സിനിമയുെട ചിത്രീകരണം നടക്കുന്നു. പൂനം റഹീമിനെത്തേടി സംവിധായകന്റെ വിളിയെത്തി. പഴയ സിനിമയുടെ പ്രൊജക്ടറും പ്രിന്റുമായി എത്തണം. അതോടൊപ്പം മറ്റൊരു പ്രിന്റ് കൂടി കരുതണം.

സിനിമയുടെ ലൊക്കേഷനിൽ പൂനം റഹീം പറന്നെത്തി. നായകൻ കടലോരത്ത് 16 എം.എം.സിനിമ പ്രദർശിപ്പിക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനായാണ് പ്രൊജക്ടറും ഒരു പ്രിന്റും. രണ്ടാം പ്രിന്റ് എന്തിനാണെന്ന് സംവിധായകൻ പറഞ്ഞില്ല; റഹീം ചോദിച്ചതുമില്ല.
തുറക്കാത്ത വാതിൽ എന്ന സിനിമയുടെ 16 എം.എം. പ്രിന്റായിരുന്നു  രണ്ടാമത്തേത്. അതിന് കാഴ്ച സിനിമയിൽ എന്താണ് സ്ഥാനം എന്നറിയാൻ രണ്ടാം ദിനവും ലൊക്കേഷനിലെത്തി.

അവിടെ സിനിമയിലെ കുട്ടിക്കഥാപാത്രം അഭിനയിക്കുകയാണ്. അവന്റെ കൈകളിൽ മാലപോലെ സിനിമയുടെ ഫിലിം റോൾ. അവനത് കളിപ്പാട്ടമാക്കി അഭിനയിച്ച് തീർക്കുകയാണ്. സീരിയസ് രംഗമാണ്. അതിനാൽ ചിത്രീകരണവും അതിന്റെ പരമോന്നത സീരിയസ് മൂഡിൽ പുരോഗമിക്കുന്നു.

ജീവനുതുല്യം കാത്തുസൂക്ഷിക്കുന്ന ഫിലിമുകളിലൊന്ന് കുട്ടിഅഭിനേതാവിന്റെ കൈകളിൽ‍ കിടന്ന് മരണം വരിക്കുന്നത് റഹീം നോക്കിനിന്നു. അഭിനയം കഴിഞ്ഞു. ചിത്രീകരണം നിർത്തി. സെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സിനിമാ റീൽ ചുരുൾ നേരെയാക്കാൻ നോക്കി.

യഥാർഥ അഭ്രപാളിയാണ്. കുട്ടി അഭിനേതാവിന്റെ കൈകളിൽ ഞരിഞ്ഞമർന്ന റീൽ പൊട്ടിയിരിക്കുന്നു; നേരെയാക്കാൻ പറ്റാത്തവണ്ണം.
റഹീം ആ റീലെടുത്ത് തൂക്കിവിറ്റു. കിലോഗ്രാമിന് ആയിരം രൂപ കിട്ടി. അഭ്രപാളിയുടെ അരികിലുള്ള ശബ്ദരേഖയിൽ ‍വെള്ളിയുടെ അംശമുണ്ട്. അതാണ് റീലിന് നല്ല വിലകിട്ടാൻ കാരണം. “ഇത് ആദ്യകാലത്തെ അഭ്രപാളികളുടെ അവസ്ഥ. പിന്നീട് വന്ന അഭ്രപാളികൾക്ക് ആ പേരുണ്ട് എന്നേയുള്ളൂ. അഭ്രവുമില്ല, വെള്ളിയുമില്ല. മൊത്തം പോളിസ്റ്ററാണ്”-16 എം.എം. സിനിമകളുെട ജീവനറിഞ്ഞ പൂനം റഹീം പറയുന്നു.

തുടക്കം

ഇരിങ്ങാലക്കുട കാട്ടൂർ എടത്തിരുത്തിയിലായിരുന്നു റഹീം ജനിച്ചത്. അച്ഛൻ കുഞ്ഞിമുഹമ്മദിന് ഭിലായിയിൽ കരകൗശലവസ്തുക്കളുെട വ്യാപാരം. ഒൻപതിൽ പഠനം നിർത്തിയ റഹീം തീവണ്ടി കയറി അച്ഛന്റെ അടുത്തെത്തി. അവിടെ സിനിമ പലയിടങ്ങളിലും കൊണ്ടുപോയി കാണിക്കുന്ന അബ്ദുള്ളയുമായി ചങ്ങാത്തം കൂടി. അബ്ദുള്ളയുടെ സഹായിയായി.

സിനിമാ പ്രദർശനത്തിന്റെ കമ്പം മൂത്തപ്പോൾ അബ്ദുള്ളയുടെ പെട്ടിയിൽനിന്ന് സിനിമാ വിതരണക്കമ്പനിയുടെ മേൽവിലാസമെടുത്തു. ചെന്നൈയിലെ ഭാരത് ഫിലിം കോർപ്പറേഷനിലെത്തി. അവിടെ മലയാള സിനിമയിൽ തിളങ്ങിനിന്ന സത്യനായിരുന്നു കമ്പനി നടത്തിയിരുന്നത്. ഫിലിം റെപ്രസന്റേറ്റീവായി ജോലികിട്ടി. കേരളത്തിലേക്ക് ഫിലിം പെട്ടി എത്തിക്കേണ്ട ചുമതലയാണ് ആദ്യം കിട്ടിയത്.
തീവണ്ടിയിൽ കയറ്റി എറണാകുളത്തേക്ക് യാത്രപുറപ്പെട്ടു. തീവണ്ടിയിലെ പോർട്ടർമാർ ചതിച്ചു. ഫിലിം പെട്ടിക്ക് മുകളിൽ മീൻപെട്ടി വെച്ചു. മീൻപെട്ടിയിലെ വെള്ളം മുഴുവൻ ഫിലിംപെട്ടിയിലായി. അതോടെ ജോലിയും പോയി.

സിനിമയിലേക്ക്
ഒാളവും തീരവും സിനിമയുടെ ചിത്രീകരണം നിലന്പൂരിൽ പുരോഗമിക്കുന്നു. റഹീമിന് പ്രൊഡക്ഷൻ ബോയ് ആയി അവിടെ ജോലികിട്ടി. 300 രൂപയായിരുന്നു പ്രതിഫലം. സിനിമയുടെ ചിത്രീകരണം തീരുംവരെ നിൽക്കണം. ജോലി ലാഭകരമായി തോന്നിയില്ല. അതിനിടെയാണ് ‘അരപ്പവൻ’ എന്ന സിനിമയുടെ പ്രിന്റ് 200 രൂപ നൽകി വാങ്ങിയത്. അവിടെനിന്ന് തൃശ്ശൂരിലെ തട്ടകത്തിലെത്തി. അവിടെ ലോഡ്ജിൽ താമസിക്കാൻ തീരുമാനിച്ചു.  അതിന്റെ വിതരണത്തിനായി മുറിയെടുത്തു. സമീപത്തെ മുറികളിൽ നാടക ബുക്കിങ് സംഘങ്ങളുണ്ട്. അവർ നാട്ടിൽ േപാകുന്ന സമയങ്ങളിൽ ബുക്കിങ് ചുമതല റഹീമിനെ ഏൽ‌പ്പിച്ചു. ഇതിനിടെ ‘അരപ്പവൻ’ നല്ല വിലയ്ക്ക് തിയേറ്ററുകളിൽ വിൽക്കാൻ കഴിഞ്ഞു. നാടക ബുക്കിങ്ങും നന്നായി നടന്നു. ഒരേദിവസംതന്നെ ഒന്നിലേറെ ഇടങ്ങളിൽ നാടക ബുക്കിങ്ങെടുത്തു.

 ഒരു സ്റ്റേജിൽനിന്ന് മറ്റൊരു സ്റ്റേജിലേക്ക് നാടകസംഘം ഒാടിയെത്തുന്ന സമയം അഡ്‌ജസ്റ്റ് ചെയ്യാനായി റഹീം കണ്ടെത്തിയ ഉപാധിയാണ് ആ സമയത്ത് സൗജന്യമായി സിനിമ കാണിക്കുകയെന്നത്. അങ്ങനെ നാടകവും സിനിമയും ഒരേസമയം പച്ചപിടിച്ചു.

16 എം.എം.
നാടകത്തിൽനിന്ന് ജനങ്ങൾ സിനിമയിലേക്ക് ചേക്കേറിയത് അനുഗ്രഹമായത് റഹീമിന്. 16 എം.എം. സിനിമകളെ സ്നേഹിച്ച റഹീം ഒട്ടേറെ സിനിമകളുടെ റീലുകൾ വൻതുക കൊടുത്ത് വാങ്ങിയിരുന്നു. കേരളമൊട്ടുക്കും യാത്രപോയി ഇവ കുഗ്രാമങ്ങളിൽപ്പോലും പ്രദർ‌ശിപ്പിച്ചു. ഇപ്പോഴും പ്രദർശിപ്പിക്കുന്നു. 1200 സിനിമകളുടെ പ്രിന്റും സി.ഡി.യുമുണ്ട് റഹീമിന്റെ പക്കൽ.