58-ൽ എം.ജി.ആർ, 80-ൽ മണിരത്നവും കമൽഹാസനും; കാലങ്ങളും കൈകളും മാറിമറിഞ്ഞ് ഒരു ചലച്ചിത്ര വിസ്മയം


പി. പ്രജിത്ത്

പൊന്നിയിൻ സെൽവൻ സിനിമയായിക്കാണാനുള്ള തമിഴകസ്വപ്‌നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1958-ലും 1980-ലും നടന്ന ശ്രമങ്ങൾ ഫലംകണ്ടില്ല. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കാലത്തിന്റെ കൊടിപാറിച്ച് നോവൽ ബിഗ് സ്‌ക്രീനിൽ എത്തുന്നു. സ്വപ്‌നസിനിമയെക്കുറിച്ച് മണിരത്‌നം, തൃഷ, വിക്രം, കാർത്തി, ജയം രവി...

പൊന്നിയിൻ സെൽവൻ സിനിമയുടെ പോസ്റ്റർ

മിഴ് മക്കൾ നെഞ്ചോടുചേർത്തുപിടിച്ച ഇതിഹാസനോവൽ പൊന്നിയിൻ സെൽവൻ പ്രദർശനത്തിനൊരുങ്ങി. എം.ജി.ആറിന്റെ കാലംമുതൽതന്നെ നോവൽ സിനിമയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പലതരം പ്രതിസന്ധികളാൽ നീണ്ടുപോയ സിനിമ സംവിധായകൻ മണിരത്നമാണ് ബിഗ്സ്‌ക്രീനിലെത്തിക്കുന്നത്. തമിഴ് സാഹിത്യത്തിൽ 1950-കളിൽ രചിക്കപ്പെട്ട ഇതിഹാസനോവലാണ് പൊന്നിയിൻ സെൽവൻ. ചരിത്രകഥയ്ക്കൊപ്പം ഭാവനയിൽ വിടർന്ന കഥാപാത്രങ്ങളെയും ചേർത്തുവെച്ച് കൽക്കി കൃഷ്ണമൂർത്തിയാണ് നോവൽ രചിച്ചിരിക്കുന്നത്. ഇരുനൂറിലധികം അധ്യായങ്ങളുള്ള നോവൽ അഞ്ചുഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ‘കൽക്കി’ എന്ന തമിഴ് മാസികയിൽ മൂന്നുവർഷമായി ആഴ്ചതോറും പ്രസിദ്ധീകരിച്ച നോവൽ വായിക്കാത്തവർ തമിഴകത്ത് കുറവാണ്. സിനിമയുടെ ആദ്യഭാഗമാണ് പി.എസ്-1 (പൊന്നിയിൻ സെൽവൻ ഒന്ന്) എന്നപേരിൽ ഈ മാസം അവസാനം തിയേറ്ററിലെത്തുന്നത്. തുല്യപ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ നോവലിലുടനീളമുള്ളതിനാൽ പൊന്നിയിൻ സെൽവൻ മൾട്ടിസ്റ്റാർ സിനിമയായാണ്. ഐശ്വര്യാ റായ്, വിക്രം, കാർത്തി, ജയം രവി, തൃഷ, പാർഥിപൻ, ശരത്കുമാർ, പ്രഭു, ഐശ്വര്യലക്ഷ്മി... തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിന് കരുത്തായുണ്ട്.

അധികാരം, പണം, പദവി, യശസ്സ് എന്നിവ മുൻനിർത്തിയുള്ള പോരാട്ടവും പ്രതിസന്ധികളെ മറികടക്കാൻ ചോളസാമ്രാജ്യം നടത്തിയ ചെറുത്തുനിൽപ്പുമാണ്‌ സിനിമയുടെ പ്രമേയം. ചോളസാമ്രാജ്യത്തിലെ രാജാവായ അരുൾമൊഴി വർമനെന്ന കേന്ദ്രകഥാപാത്രമായി ജയം രവി എത്തുന്നു. ആദിത്യ കരികാലനായി വിക്രവും കുന്ദവിരാജകുമാരിയായി തൃഷയും അഭിനയിക്കുന്നു. വന്ദിയതേവന്റെ വേഷത്തിൽ കാർത്തിയും നന്ദിനിയായി ഐശ്വര്യാ റായിയും സ്‌ക്രീനിലെത്തുന്നു. ആഴ്‌വാർകടിയൻ നമ്പിയുടെ വേഷത്തിൽ ജയറാം നടത്തിയ മേക്കോവർ അതിശയിപ്പിക്കുന്നതാണ്. തോണിക്കാരി പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യലക്ഷ്മി എത്തുന്നത്. ബാബു ആന്റണി, ലാൽ, റിയാസ്‌ ഖാൻ എന്നിവരാണ്‌ മലയാളത്തിൽനിന്നുള്ള മറ്റുതാരങ്ങൾ.ഇതിഹാസ നോവൽ പൊന്നിയിൻ സെൽവന്റെ രചയിതാവായ കൽക്കി കൃഷ്ണമൂർത്തി

പൊന്നിയിൻ സെൽവനിലെ രാജകുമാരിയുടെ വേഷം ഏറെ അഭിമാനവും ആഹ്ലാദവും നൽകുന്നതാണെന്ന് തൃഷ പറഞ്ഞു: ‘‘കഥാപാത്രത്തിന്റെ വസ്ത്രധാരണവും മുഖവുമെല്ലാം ഒരുപാട് ചർച്ചകൾക്കും വരകൾക്കും ശേഷമാണ് നിശ്ചയിച്ചത്. നൂറിലധികം കാഴ്ചകളിൽ രാജകുമാരിയുടെ രൂപം ഒരുക്കിനോക്കി. ഒരുസമയം രാജപ്രൗഢിയിലും മറ്റൊരുസമയത്ത് കുമാരിക്കുചേരുന്ന ലളിതവേഷത്തിലുമാണ് കഥാപാത്രത്തെ തയ്യാറാക്കിയത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ എല്ലാ പ്രേക്ഷകർക്കും സ്വീകാര്യമായ വേഷവിധാനങ്ങളോടെയാണ് കഥാപാത്രങ്ങൾ എത്തുന്നത്.’’

പൊന്നിയിൻ സെൽവൻ സിനിമയെ തന്റെ സ്വപ്നസിനിമയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മണിരത്‌നം സംസാരിച്ചത്. ‘‘ഇതിഹാസങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, അവയെ മറ്റൊരുകാലത്തിലേക്ക് പറിച്ചുനട്ട്, സമാനമായ സന്ദർഭം സൃഷ്ടിച്ചുകൊണ്ടുള്ളസിനിമകൾ ഇതിനുമുൻപും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ, പൊന്നിയിൻ സെൽവൻ നോവലിനോട് ചേർന്നുനിന്നുകൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. അഞ്ചുവാല്യങ്ങളുള്ള നോവൽ രണ്ടുഭാഗമുള്ള സിനിമയായി അവതരിപ്പിക്കുമ്പോൾ വെല്ലുവിളികളുണ്ട്, സിനിമയ്ക്കാവശ്യമായ ചെറിയമാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മിനിമത്തിൽ മാക്സിമം ചെയ്യാനാണ് ശ്രമിച്ചത്’’ -ചെറുവാചകത്തിലൂടെ വലിയ സിനിമയെക്കുറിച്ച് മണിരത്‌നം പറഞ്ഞു.

മണിരത്നം

1958-ലാണ് നോവൽ അധികരിച്ച് സിനിമ നിർമിക്കാനുള്ള ശ്രമങ്ങൾ ആദ്യമായി തുടങ്ങുന്നത്. എം.ജി.ആർ. ആയിരുന്നു പ്രോജക്റ്റിനുപിന്നിൽ. പല കാരണങ്ങളാൽ ആദ്യശ്രമം ഫലംകണ്ടില്ല. തുടർന്ന് 1980-ൽ മണിരത്നവും കമൽഹാസനും ചേർന്ന് വീണ്ടും പൊന്നിയിൻ സെൽവൻ സിനിമയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചിത്രത്തിന്റെ ബജറ്റ്, ടെക്‌നിക്കലായുള്ള പ്രശ്നങ്ങൾ എല്ലാമായിരുന്നു അന്ന് പ്രതിസന്ധികൾ തീർത്തത്. പുതിയകാലത്തെ ടെക്‌നോളജികളുടെ നേട്ടം കഥയെ മികച്ചനിലയിൽ അവതരിപ്പിക്കാൻ സഹായിച്ചെന്നാണ് സംവിധായകന്റെ പക്ഷം.

വർഷങ്ങളായി പരിചയമുള്ള കഥാപാത്രങ്ങളാണ് പൊന്നിയിൻ സെൽവനിലേതെന്നും സിനിമയെയും കഥാപാത്രത്തെയും കുറിച്ച് സംവിധായകനിൽനിന്ന് കേട്ടപ്പോൾ ആവേശം ഇരട്ടിച്ചതായും ചിയാൻ വിക്രം പറഞ്ഞു.

‘‘സിനിമയ്ക്കായി മുടി നീട്ടിവളർത്തി, വേഗത്തിലുള്ള കുതിരസവാരി പരിശീലിച്ചു, മണിരത്‌നം സാറിന്റെ സിനിമ എന്നുപറഞ്ഞാൽ ത്തന്നെ യുദ്ധസമാനമായ ഇടപെടലുകൾ നടക്കുന്ന സെറ്റാണ്, അങ്ങനെയുള്ള സംവിധായകനിൽനിന്നുമൊരു യുദ്ധസിനിമ വരുമ്പോൾ പ്രതീക്ഷകൾ വാനോളമുയരുന്നു. ആഹ്ലാദത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് ആദിത്യ കരികാലനായി ഞാൻ ക്യാമറയ്ക്കുമുന്നിൽ നിന്നത്.’’

ഒരുപാട് വർഷമായി തമിഴ് മക്കൾ സിനിമയായി കാണാൻ കൊതിച്ച നോവൽ മണിരത്‌നം മാജിക്കിലൂടെ വെള്ളിത്തിരയിൽ എത്തുന്നതിന്റെ സന്തോഷമാണ് ജയംരവി പങ്കുവെച്ചത്. ‘‘പലകാലം കടന്ന്, പലകൈകൾ മറിഞ്ഞ് ഒടുവിൽ മണിരത്‌നം സാറിലൂടെ പൊന്നിയിൻ സെൽവൻ സിനിമയായി പിറിക്കുന്നത് കാലത്തിന്റെ നിയോഗമായിരിക്കാം.’’

പൊന്നിയിൻ സെൽവൻ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമാരവേലും ജയമോഹനും

നൂറ്റിയമ്പതിനടുത്ത് ദിവസം ചിത്രീകരണത്തിനായി സെറ്റിൽ കഴിഞ്ഞ വിശേഷങ്ങളാണ് നടൻ കാർത്തി വിശദീകരിച്ചത്: ‘‘എട്ടുപേജുകളിൽ എഴുതിവെച്ച സീനുകൾ മണിരത്‌നംസാർ രണ്ടുമണിക്കൂറുകൊണ്ട് ചിത്രീകരിക്കും, അദ്ദേഹത്തിനൊപ്പം സിനിമചെയ്യുകയെന്നാൽ, ആ വേഗം നമുക്കുമുണ്ടാകണം. മണിരത്‌നം സാർ വന്ദിയതേവന്റെ വേഷം നൽകാൻ വിളിക്കുമ്പോൾ കഥാപാത്രത്തെകുറിച്ച് കൂടുതലായൊന്നും അറിയില്ലായിരുന്നു. നോവൽ വായിക്കണ്ട, തിരക്കഥ വായിച്ചാൽമതിയെന്നായിരുന്നു നിർദേശം. കഥാപാത്രത്തെക്കുറിച്ച്‌ വിശദമായി അറിഞ്ഞപ്പോഴാണ് ചെയ്യാൻപോകുന്ന വേഷത്തിന്റെ വലുപ്പം മനസ്സിലായത്. പലതരം വൈകാരികതയിലൂടെ കടന്നുപോകുന്ന ജീവിതമായിരുന്നു അയാളുടേത്. നോവൽ വായിച്ച് വന്ദിയതേവനെ ഇഷ്ടപ്പെടുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് അവരോടെല്ലാം സംസാരിച്ച് കൂടുതലായി പലതും മനസ്സിലാക്കി.’’

മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്‌ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് ജയമോഹനും ഇളങ്കോ കുമാരവേലും ചേർന്നാണ്. എ.ആർ. റഹ്‌മാന്റേതാണ് സംഗീതം. രവിവർമന്റേതാണ് ഛായാഗ്രാഹണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്‌ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്‌.

Content Highlights: ponniyin selvan ready to hit theatres, maniratnam, kalki, vikram, karthi, jayam ravi, aishwarya rai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented