ഈ സന്തോഷം കാണാന്‍ പപ്പയില്ലല്ലോ എന്ന ദുഖം ഹൃദയം തകര്‍ക്കുന്നു; സന മൊയ്തൂട്ടി അഭിമുഖം


അനുശ്രീ മാധവന്‍ 

പൊന്നിയിൻ സെൽവനിലെ രംഗം, സനാ മൊയ്തൂട്ടി പിതാവിനൊപ്പം

മോഹന്‍ജൊ ദാരോ എന്ന ചിത്രത്തിന് ശേഷം എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ 'പൊന്നിയിന്‍ സെല്‍വനി'ലൂടെ വീണ്ടുമെത്തുകയാണ് ഗായിക സന മൊയ്തൂട്ടി. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിലെ കുന്ദവായിയുടെയും വാനതിയുടെയും സൗഹൃദം ആഘോഷിക്കുന്ന 'ചൊല്‍' എന്ന ഗാനം സംഗീത പ്രേമികളിലുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു. പാട്ടു ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലും ജീവിതത്തില്‍ വലിയ വിഷമഘട്ടത്തിലൂടെയാണ് സനയിപ്പോള്‍ കടന്നുപോകുന്നത്. പിതാവ് മൊയ്തൂട്ടിയുടെ അപ്രതീക്ഷിത വിയോഗം സനയെ ദുഖത്തിലാഴ്ത്തുന്നു. പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററിലെത്തുമ്പോള്‍ കുടുംബത്തോടെ ചിത്രം കാണാന്‍ തയ്യാറെടുക്കുകയായിരുന്നു സന. അതിനിടെയാണ് വിധി വില്ലനായെത്തുന്നത്. എന്നിരുന്നാലും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുവാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആത്മവീര്യം വീണ്ടെടുക്കുകയാണ് സന. അതിനിടെ മാതൃഭൂമി ഡോട്ട്‌കോമുമായി നല്‍കിയ അഭിമുഖം

മോഹന്‍ജൊദാരോ എന്ന ചിത്രത്തിന് ശേഷം എ.ആര്‍ റഹ്മാനൊപ്പം മറ്റൊരു പാട്ട്? ഈ മുഹൂര്‍ത്തത്തെ എങ്ങിനെ കാണുന്നു?

തികച്ചും സ്വപ്‌നമായി തോന്നുന്ന. എ.ആര്‍ റഹ്മാന്‍ സാറിനൊപ്പം ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും എന്നെ സംബന്ധിച്ച് വളരെ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുന്ന ഒന്നാണ്. എ.ആര്‍ റഹ്മാന്‍ സാര്‍ എന്നെ വിളിച്ച് പൊന്നിയിന്‍ സെല്‍വനില്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. കാരണം മണിരത്‌നം സാറിന്റെ സ്വപ്‌നപദ്ധതിയുടെ ഭാഗമാവുക എന്നത് വലിയ അംഗീകാരമാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഗുരുവിലെ ബര്‍സോരെ എന്ന ഗാനം ഒരുപാട് തവണ ഞാന്‍ പാടിയിട്ടുണ്ട്. ഇന്ന് മണിരത്‌നം- എ.ആര്‍ റഹ്മാന്‍ കോമ്പോയുടെ സിനിമയിലെ പാട്ടില്‍ എന്റെ പേര് വരുന്നത് സ്വപ്‌നതുല്യമായ ഒരു യാത്രയായി തോന്നുന്നു.

രണ്ടു സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ചാണ് ചൊല്‍ എന്ന ഗാനം. പാട്ടുപാടിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കാമോ?

ചൊല്‍ എന്ന ഗാനം ആലപിച്ച അനുഭവം വളരെ രസകരവും സംതൃപ്തി നല്‍കുന്നതുമായിരുന്നു. പാട്ടിന്റെ സിറ്റുവേഷന്‍ പറഞ്ഞപ്പോള്‍ തന്നെ വളരെ പെട്ടന്ന് തന്നെ എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചു. വളരെ വ്യത്യസ്തമായ ഗാനം. റെക്കോഡ് ചെയ്യുന്ന സമയത്തെല്ലാം എന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഞാന്‍ പോലും അറിയാതെ തികച്ചും സ്വാഭാവികമായി സംഭവിച്ചതായിരുന്നു. പൊതുവെ റെക്കോഡ് ചെയ്യുന്ന സമയത്ത് നമുക്ക് ചെറിയ സമ്മര്‍ദ്ദമൊക്കെ അനുഭവപ്പെടും. എന്നാല്‍ ഈ പാട്ടില്‍ എനിക്ക് അങ്ങനെയുണ്ടായില്ല. എന്റെ ശബ്ദത്തില്‍ കേട്ടപ്പോള്‍ അഭിമാനം തോന്നി.

സന കൂടുതല്‍ പ്രശസ്തി നേടുന്നത് ഹിന്ദി, തമിഴ് ഗാനങ്ങളിലൂടെയാണ്, മലയാളത്തില്‍ ധാരാളം പാട്ടുകള്‍ പാടണമെന്ന് തോന്നിയിട്ടില്ലേ?

ഹിന്ദിയിലും തമിഴിലുമാണ് കൂടുതല്‍ പാട്ടുകള്‍ പാടിയത്. മലയാളത്തില്‍ പാട്ടുകളുടെ എണ്ണം കുറഞ്ഞത് ഒരിക്കലും മനപൂര്‍വ്വമല്ല. ഈ വര്‍ഷം മലയാളത്തില്‍ ഏതാനും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ സാധിച്ചു. ഉല്ലാസം എന്ന സിനിമയിലെ മാരിവില്‍ എന്ന പാട്ട് പാടിയിരുന്നു. ഷാന്‍ റഹ്മാനായിരുന്നു സംഗീത സംവിധാനം ചെയ്തത്. വരാനിരിക്കുന്ന ഡിയര്‍ വാപ്പി എന്ന സിനിമയില്‍ കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ഒരുപാട്ട് പാടിയിട്ടുണ്ട്. വരയന്‍ എന്ന സിനിമയിലും പാടിയിരുന്നു. മലയാളത്തില്‍ ഒരുപാട് നല്ല പാട്ടുകള്‍ പാടണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.

കവര്‍ സോങുകള്‍ സനയ്ക്ക് കേരളത്തില്‍ വലിയ പ്രശസ്തിയാണ് നല്‍കിയത്. ഒരുപോലെ പ്രശംസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം എങ്ങിനെ നോക്കി കാണുന്നു?

ആളുകള്‍ എന്റെ പാട്ടുകള്‍ സ്വീകരിച്ചുന്നുവെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവര്‍ സോങ്ങുകള്‍ ഇറക്കുമ്പോള്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാറില്ല. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം എന്റെ പാട്ടുകള്‍ റിലുകളാക്കി സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. എനിക്കു നേരേ വന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയുമെല്ലാം ഞാന്‍ ബഹുമാനത്തോടെ കാണുന്നു. കാരണം ഒറിജിനല്‍ വേര്‍ഷനോട് ആളുകള്‍ക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകള്‍ വിമര്‍ശിക്കപ്പെടുന്നത്. ഞാന്‍ ഏത് പാട്ടു പാടുമ്പോഴും അത്രയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഒറിജിനലിന് ഒരു സമര്‍പ്പണം എന്ന രീതിയിലാണ് കവര്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേര്‍ത്ത് നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും.

മലയാളി സംഗീതാസ്വാദകര്‍ക്ക് വിമര്‍ശന ബുദ്ധി കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ?

അതെ, മലയാളി സംഗീതാസ്വാദകര്‍ വളരെ ക്രിട്ടിക്കലാണ്. അതുപോലെ തന്നെ നല്ലതിനെ പ്രശംസിക്കുന്നതിലും അവര്‍ ഒട്ടും പിശുക്കു കാണിക്കുകയില്ല. മോശമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യും. ഈ സമീപനത്തെ ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സത്യസന്ധമായ അഭിപ്രായങ്ങളാണ് കലാകാരന്‍മാരെ വളര്‍ത്തുകയുള്ളൂ.

പൊന്നിയിന്‍ സെല്‍വന്‍ റിലീസ് സനയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമാണ്. ഈ സന്തോഷത്തിനിടെയാണ് പിതാവിന്റെ അപ്രതീക്ഷിത വിയോഗം നല്‍കിയ ദുഖം...

എന്റെ പപ്പ മരിച്ചതിന് ശേഷം ഞാന്‍ ഇതുവരെ പാടിയിട്ടില്ല. എനിക്ക് പാടാനേ തോന്നുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പപ്പയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഞാന്‍ പതിയെ എന്റെ ജോലികളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ഒന്നിന്‍മേല്‍ നിന്ന് ആരംഭിക്കണം. വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണെങ്കിലും എനിക്കറിയാം എന്നെ ഇതുപോലെ കാണാന്‍ പപ്പ ആഗ്രഹിക്കുന്നുണ്ടാകില്ല. യഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുവാനും മുന്നോട്ട് യാത്ര തുടരാനും എനിക്കും കുടുംബത്തിനും സാധിക്കുമെന്ന് കരുതുന്നു.

Content Highlights: Ponniyin Selvan, chol song, sanah moidutty interview, maniratnam, AR Rahman hits


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented