പി.ജെ.ആന്റണിയുടെ പേര് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമേ കുറിച്ചതാണ്. നിര്‍മാല്യം സിനിമയില്‍ വെളിച്ചപ്പാടെന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. ആ വൈഭവം നല്ല നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവന്നു. അഭ്രപാളികളില്‍ മാത്രം ഒതുങ്ങിനിന്നതല്ല ആ പ്രതിഭയുടെ തിളക്കം. സാഹിത്യത്തിന്റെ നാനാ ശാഖകളിലും സര്‍ഗ്ഗാത്മകത നിറഞ്ഞുനിന്നു. പക്ഷേ, ലോകം അതൊന്നും കാര്യമായി അറിഞ്ഞില്ലെന്നുമാത്രം. ഇന്ന് അദ്ദേഹത്തിന്റെ അധികമൊന്നും അറിയാത്ത സാഹിത്യരചനകള്‍ അവസാനം വായനക്കാരിലെത്തി.
എറണാകുളം ആസ്ഥാനമായ പി.ജെ.ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് 'പി.ജെ.ആന്റണിയുടെ സമ്പൂര്‍ണ കൃതികള്‍' പുസ്തകമാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ മേരിയെ സഹായിക്കുകയെന്നതായിരുന്നു ലക്ഷ്യം.
വിശാലമായിരുന്നു അദ്ദേഹത്തിന്റെ രചനാലോകം. 30 ചെറുകഥകള്‍, 100 ഗാനങ്ങള്‍, 41 നാടകങ്ങള്‍, രണ്ട് ആത്മകഥ, നദി ഉള്‍പ്പെടെയുള്ള തിരക്കഥകള്‍, ലേഖനങ്ങള്‍ എന്നിവയിലെല്ലാം പ്രതിഭയുടെ കരസ്പര്‍ശമുണ്ട്. കെ.ജി.ജോര്‍ജിന്റെ 'കോലങ്ങള്‍ എന്ന സിനിമയ്ക്ക് ആധാരമായ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്'എന്ന നോവലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 52 സിനിമകളിലെ വിവിധ വേഷങ്ങളിലൂടെ അദ്ദേഹം ആസ്വാദകഹൃദയത്തില്‍ ഇടംനേടി. അഭ്രപാളികളില്‍ മാത്രമേ ഈ തിളക്കമുണ്ടായുള്ളൂ. പണത്തിനു പിന്നാലേ പായുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകൃതം. അകാലത്തില്‍ അരങ്ങൊഴിയുമ്പോള്‍, സ്വന്തമായി ഒരുപിടി മണ്ണോ ബാങ്ക് നിക്ഷേപമോ ഇല്ലായിരുന്നു.
1979ല്‍ 54-ാം വയസില്‍ അദ്ദേഹം യാത്രയായി. പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഭാര്യ മേരി ജീവിതയാത്ര തുടര്‍ന്നു. കുടുബാംഗങ്ങളുടെ സഹായത്തോടെ, മകള്‍ എലിസബത്തിനേയും മകന്‍ ജോസഫിനേയും മേരി വളര്‍ത്തി. ഇന്ന് മക്കള്‍ക്ക് സ്ഥിരവരുമാനമായി. അവര്‍ അമ്മയ്ക്ക് തണലായുണ്ട്. ജീവിച്ചിരുന്നപ്പോള്‍ കുടുംബത്തിനായി കാര്യമായൊന്നും നേടാത്ത ആന്റണി, തന്റെ ശവക്കല്ലറയില്‍ രേഖപ്പെടുത്താനുള്ള വരികള്‍ പക്ഷേ, കുറിച്ചിട്ടിരുന്നു. പുസ്തകത്തിന്റെ തുടക്കത്തില്‍ അവ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ-എന്റെ ശവക്കല്ലറയുടെ മുകളില്‍ താഴെ കാണുന്ന വരികള്‍ മാഞ്ഞുപോകാത്ത രീതിയില്‍ എഴുതിവയ്ക്കുക.''വിലമതിക്കാനാകാത്ത കഴിവുണ്ടായിട്ടും യാതൊന്നും നേടാനാകാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളില്‍ ഒന്നുപോലും നിറവേറാതെയും ആയുഷ്‌കാലത്തില്‍ ഒരു നിമിഷംപോലും ആശ്വസിക്കാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവി പോലുമില്ലാതെയും ആരംഭം മുതല്‍ അവസാനംവരെ ഒരു തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു''.
ചലച്ചിത്ര പുരസ്‌കാരം കെ. കരുണാകരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Content Highlights: pj antony national award winner, actor death anniversary, 40 years, nirmalyam movie, bharat award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..