'രു പുതിയ ചിത്രം കിട്ടിയിട്ടുണ്ട്. ചാനലിലെ അംഗങ്ങളുടെ എണ്ണം 10കെ ആയാല്‍ അത് അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഗ്രൂപ്പ് ലിങ്ക് പരമാവധി ഷെയര്‍ ചെയ്യൂ..'

അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് ഒരു ടെലിഗ്രാം ചാനലില്‍ പ്രത്യക്ഷപ്പെട്ട സന്ദേശമാണിത്. തങ്ങളുടെ ഗ്രൂപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ എല്ലാ അടവുകളും പയറ്റുന്നവരാണ് പൈറേറ്റുകള്‍. ചിലപ്പോള്‍ ഒരു ചാനല്‍ ആരംഭിക്കുന്നതു തന്നെ പുതിയൊരു ചിത്രം അപ്ലോഡ് ചെയ്തുകൊണ്ടാകും. പുതുതായി തുടങ്ങിയിരിക്കുന്ന ചാനലില്‍ അഞ്ഞൂറോ ആയിരമോ അംഗങ്ങളായാല്‍ തങ്ങളുടെ കൈയിലുള്ള പുതിയ ചിത്രം അപ്ലോഡ് ചെയ്യുമെന്നാകും സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനില്‍ പോയര്‍ കുടുംബവുമായി ബന്ധപ്പെടുന്നത് ടെലിഗ്രാം വഴിയാണെന്ന വാര്‍ത്തകളിലൂടെയാണ് മലയാളികള്‍ക്ക് 'ടെലിഗ്രാം' എന്ന പേര് പരിചിതമാകുന്നത്. സന്ദേശമയക്കുന്ന ആള്‍ക്ക് അജ്ഞാതനായി തുടരാമെന്നതും ഉപയോക്താക്കളെ സംബന്ധിക്കുന്ന വിവരം പുറത്തുവിടില്ല എന്നതുമാണ് ഇതിനു കാരണം. ഇതേ കാരണം തന്നെയാണ് വ്യാജന്‍മാര്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ടെലിഗ്രാം പ്രിയപ്പെട്ടതാകാന്‍ കാരണം.

ടെലിഗ്രാം ഉപയോഗിക്കുന്നത്

വാട്‌സ്ആപ്പ് പോലുള്ള ഒരു മെസേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇല്ലാത്ത ഒട്ടേറെ ഫീച്ചറുകള്‍ ടെലിഗ്രാം നല്‍കുന്നുണ്ട്. ആപ്പില്‍ നമുക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ സര്‍ച്ച് ചെയ്യാനും താല്‍പര്യമുള്ള ഗ്രൂപ്പുകളില്‍ നേരിട്ട് അംഗമാകാനും സാധിക്കും. ഒരു ഗ്രൂപ്പില്‍ പതിനായിരം അംഗങ്ങള്‍ വരെയാകാം എന്നതിനാല്‍ അവയുടെ വ്യാപ്തി ഏറെയാണ്. 

ഇവയൊന്നുമല്ലാത്ത ടെലിഗ്രാമിലെ മറ്റൊരു സങ്കേതമാണ് ചാനലുകള്‍. പൈറസിയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ചാനലുകളാണ്. ഒരു ചാനലില്‍ പതിനായിരക്കണക്കിന് അംഗങ്ങളുണ്ടാകാം. പക്ഷേ, ഗ്രൂപ്പ് അഡ്മിന്‍സിന് മാത്രമാണ് ഇതില്‍ സന്ദേശങ്ങള്‍ അയക്കാനാവുക. പുതിയ ചിത്രങ്ങളും മറ്റും ഇത്തരം ചാനലുകള്‍ വഴിയാണ പ്രചരിപ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുതിയ ചിത്രങ്ങള്‍ വരുന്ന ചാനലുകളിലെ അംഗങ്ങളും സ്വാഭാവികമായും വര്‍ധിക്കും.

സ്വന്തമായി ക്ലൗഡ് സ്‌റ്റോറേജ് ഉണ്ടെന്നതും എത്ര വലിപ്പമുള്ള, ഏത് ഫോര്‍മാറ്റിലുമുള്ള ഫയലുകള്‍ അയക്കാനാകുമെന്നതും ടെലിഗ്രാമില്‍ സിനിമയും മറ്റും അപ്‌ലോഡ് ചെയ്യുന്നത് എളുപ്പമാക്കുന്നു. അംഗങ്ങളുടെ ഡാറ്റാ ലഭ്യതയ്ക്കനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഒരു ചിത്രത്തിന്റെ തന്നെ വ്യത്യസ്ത വലിപ്പത്തിലുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്ന രീതി വരെയുണ്ട്.

ഒരേ ചിത്രത്തിന്റെ 200 എംബിയുടെ ക്വാളിറ്റി കുറഞ്ഞ ഫയലുകള്‍ മുതല്‍ ഒരു ജിബിയ്ക്ക് മുകളിലുള്ള എച്ച്ഡി ഫയലുകള്‍ വരെ ഒരേ സമയം ഷെയര്‍ ചെയ്തിരിക്കുന്നത് പല ഗ്രൂപ്പുകളിലും കണ്ടു. ഉപയോക്താവിന് ഇഷ്ടാനുസരണം വേണ്ടത് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളെ വെല്ലുന്ന പരിഗണനയാണ് ടെലിഗ്രാം ചാനലുകളിലെ അഡ്മിന്‍മാര്‍ നല്‍കുന്നത്.

ഒപ്പം മാര്‍ക്കറ്റിങ്ങിലും ഇവര്‍ ഒട്ടും പിന്നിലല്ല. ഒരു സിനിമ കിട്ടിയാല്‍ ഒന്നോ രണ്ടോ ദിവസത്തെ പ്രമോഷന്‍ പരിപടികള്‍ക്ക് ശേഷമാണ് ടെലിഗ്രാം ചാനലില്‍ അത് അപ്‌ലോഡ് ചെയ്യുക. അതിനുള്ളില്‍ അംഗങ്ങളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കാനാണ് ശ്രമം. ഒരു ചിത്രം ലഭിച്ചാല്‍ നിലവില്‍ തിയേറ്ററില്‍ ഓടുന്ന ചിത്രം കൈയിലുണ്ടെന്ന പ്രഖ്യാപനമാകും ആദ്യമെത്തുക. അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് പിന്നീട് ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മറ്റും നല്‍കും. പിന്നീട് ചിത്രം അപ്‌ലോഡ് ചെയതു തുടങ്ങി എന്ന അറിയിപ്പുണ്ടാകും. ഒടുവില്‍ ചിത്രം നാടകീയമായി ചാനലിലെത്തും. ചിലപ്പോള്‍ അംഗങ്ങള്‍ക്കായി ചില 'സര്‍പ്രൈസ് ചിത്രങ്ങളും' അഡ്മിന്‍ നല്‍കും.

പൈറേറ്റുകളെ പിടികൂടുന്നത്

ഈ പ്രചാരണ പരിപാടികള്‍ തന്നെയാണ് പൈറസി തടയാന്‍ പലപ്പോഴും ഗുണകരമാകുന്നത്. അജ്ഞാതനായി ഇരുന്നുകൊണ്ട് ഗ്രൂപ്പും ചാനലുകളുമൊക്കെ നിയന്ത്രിക്കാമെന്നതാണ് ടെലിഗ്രാം നല്‍കുന്ന സൗകര്യമെങ്കില്‍ അതുതന്നെയാണ് അവര്‍ക്ക് തിരിച്ചടിയും. ഗ്രൂപ്പ് അംഗങ്ങള്‍ക്കും അജ്ഞാതരായി തുടരാമെന്നതിനാല്‍ അംഗങ്ങളില്‍ ആരൊക്കെയുണ്ടെന്ന് അഡ്മിനും ഒരു വിവരവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ ആന്റി പൈറസി സെല്ലും പൈറസി വിരുദ്ധ പ്രവര്‍ത്തകരും നൂറുകണക്കിന് പേരെയാണ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ നിയോഗിച്ചിരിക്കുന്നത്.

വ്യാജ ചിത്രങ്ങള്‍ വരുന്നതും വരാന്‍ സാധ്യതയുള്ളതുമായ എല്ലാ ഗ്രൂപ്പുകളിലും ആന്റി പൈറസി സെല്ലില്‍ നിന്നുള്‍പ്പെടെയുള്ള ആളുകളുണ്ട്. ഇന്നത്തെ ജനറേഷനുമായി 'അവരുടെ ഭാഷയില്‍' സംസാരിക്കാന്‍ അതേപ്രായക്കാരെ തന്നെ നിയോഗിക്കുന്ന രീതിയുമുണ്ട്. ചിത്രത്തിന്റെ പ്രചാരണം ആരംഭിക്കുമ്പോള്‍ തന്നെ അഡ്മിന്‍സിനെ വിളിച്ച് താക്കീത് ചെയ്യുക വഴി പലപ്പോഴും വ്യാജന്‍ പുറത്തുവരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

അടുത്തിടെ ഇറങ്ങിയ 'ടിയാന്‍' എന്ന ചിത്രം പുറത്തുവിടുമെന്ന് ഒരു ടെലിഗ്രാം ചാനലില്‍ അറിയിപ്പുണ്ടായി. അതിന്റെ അഡ്മിനെ വിളിച്ച് വിരട്ടിയതോടെ ആ ചാനല്‍ തന്നെ കാണാതാവുകയായിരുന്നെന്നാണ് ആന്റി പൈറസി രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരായിരുന്നു ഇതിനു പിന്നില്‍. ഇതേരീതിയിലാണ് കഴിഞ്ഞയാഴ്ച 'ചങ്ക്‌സ്' മോഷ്ടാക്കളെയും വലയിലാക്കിയത്.

അതേസമയം, അഡ്മിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി കണ്ടെത്തിയാലേ ഈ നീക്കത്തിനു സാധ്യതയുള്ളൂ. സോഷ്യല്‍ എന്‍ജിനീയറിങ് വഴിയാണ് പലപ്പോഴും ഇത്തരം വിവരങ്ങള്‍ നേടിയെടുക്കുക. ടെലിഗ്രാമിലോ മറ്റു നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലോ വ്യക്തിഗത ചാറ്റിലൂടെ കണ്ടെത്തേണ്ടയാളിന്റെ (അഡ്മിന്റെ) വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. ചാറ്റില്‍ നിന്നും വ്യക്തിയിലേക്ക് എത്താവുന്ന എന്തെങ്കിലും വിവരം ലഭിച്ചാല്‍ (ഉദാ: വാട്‌സ്ആപ്പ് നമ്പര്‍) ബാക്കി കാര്യങ്ങള്‍ എളുപ്പമാണ്. 

'അംഗീകാരവും അഭിനന്ദനങ്ങളുമാണ് ടെലിഗ്രാമില്‍ ഒരു സിനിമ അപ്‌ലോഡ് ചെയ്യുന്നവന്റെ ഊര്‍ജം. നമ്മള്‍ അതുമായി ചെല്ലുമ്പോള്‍ ഏതൊരാള്‍ക്കും അറിയാതെ ഒരു താല്‍പര്യമുണ്ടാകും. അതിനാല്‍ തന്നെ ഇവരെ പലപ്പോഴും കുടുക്കാനാകാറുണ്ട്' ആന്റി പൈറസി സെല്ലിലെ ഒരുദ്യോഗസ്ഥന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.

കുട്ടിപൈറേറ്റുകള്‍ ഉണ്ടാകുന്നത്

രഹസ്യാത്മകമായ ഒരു കാര്യം ചെയ്യുന്നതിലെ ആനന്ദവും ഗ്രൂപ്പുകളിലും മറ്റും ലഭിക്കുന്ന അംഗീകാരവുമാണ് കൗമാരക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രമുഖ സൈക്കോളജിസ്റ്റായ ഡോ. സുജിത് ബാബു പറയുന്നു. ടെക്‌നോളജിയോടുള്ള കുട്ടികളുടെ ആകാംക്ഷ ഇപ്പോള്‍ വളരെ കൂടുതലാണ്. യഥാര്‍ത്ഥ ലോകത്തുനിന്ന് ലഭിക്കാത്ത അംഗീകാരം വിര്‍ച്വല്‍ ലോകത്തു നിന്ന് ലഭിക്കുമ്പോള്‍ അവര്‍ അതിനായി കൂടുതല്‍ ശ്രമിച്ചുകൊണ്ടിരിക്കും. കൂടാതെ, അന്തര്‍മുഖരായ കുട്ടികളും പെരുമാറ്റ വൈകല്യമുള്ളവരുമൊക്കെ സോഷ്യല്‍ മീഡിയയിലെയും ആപ്പുകളിലെയുമൊക്കെ വ്യാജ ഐഡികളില്‍ അഭയം തേടുന്ന പ്രവണത ഇപ്പോള്‍ എറിവരികയാണ് ഡോ. സുജിത് ബാബു കൂട്ടിച്ചേര്‍ത്തു.

ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്താല്‍ യാതൊരു പ്രതിഫലവും കിട്ടില്ലെന്നുള്ളതാണ് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട വസ്തുത. എന്നിട്ടും കുട്ടികള്‍ ഇത് അപ്‌ലോഡ് ചെയ്യുകയും അതിന് പ്രചാരം നല്‍കുകയും ചെയ്യുന്നു എന്നതിനപ്പുറം തിയേറ്ററില്‍ പോയി വ്യാജന്‍ പകര്‍ത്താന്‍ വരെ തയ്യാറാകുന്നു എന്നതാണ് വിചിത്രം. ചിലര്‍ സംഘമായി തിയേറ്ററില്‍ എത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 

അടുത്തിടെ ഇറങ്ങിയ ഒരു ചിത്രത്തിന്റെ വ്യാജന്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ പിടികൂടിയ കരുനാഗപ്പള്ളി സ്വദേശിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞ കഥയിങ്ങനെ മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് സിനിമയ്ക്ക് പോയത്. ഒരു വരിയില്‍ നിരന്നിരുന്ന സംഘത്തിന്റെ നടുവിലിരുന്ന് വിദ്യാര്‍ത്ഥി ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഡിസ്‌പ്ലേ ഓഫ് ചെയ്ത് റെക്കോഡ് ചെയ്യാവുന്ന മൊബൈല്‍ പോക്കറ്റിലിട്ടായിരുന്നു ഷൂട്ടിങ്!

അതേസമയം, കൗമാരക്കാര്‍ തിയേറ്ററില്‍ നിന്ന് ചിത്രം പകര്‍ത്തുന്നത് കേവലം കൗതുകം കൊണ്ട് മാത്രമല്ലെന്നാണ് മാതൃഭൂമി ടീമിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. കുട്ടികളെ പൈറസിയിലേക്ക് കൊണ്ടുവരികയും സൗകര്യങ്ങള്‍ നല്‍കുകയും അതില്‍നിന്ന് മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ട്. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍..