'എനിക്ക് ഏറ്റവും ആവശ്യമായ സമയത്ത് എല്ലാവരും എന്നെ വിട്ടുപോയി'
തിരുവനന്തപുരത്ത് ബ്ലൂ വെയ്ല്‍ എന്ന ആത്മഹത്യാ ഗെയിം കളിച്ച് ജീവനൊടുക്കിയെന്ന് കരുതുന്ന പതിനാറുകാരന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തുന്നതിനായി ചേര്‍ത്തിരിക്കുന്ന വാചകമാണിത്. ഇത്തരത്തിലുള്ള കൗമാരക്കാരെ തിരഞ്ഞുപിടിച്ചാണ് ആത്മഹത്യാ ഗെയിമുകാര്‍ ഇരകളാക്കുന്നത്, പ്രത്യേകിച്ചും അന്തര്‍മുഖരെയോ ദൗര്‍ബല്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നവരെയോ ഒക്കെ. സമാന രീതിയിലുള്ള 'ഓപ്പറേഷനുകള്‍' ടെലിഗ്രാം വഴി നടത്തി കൗമാരക്കാരെ പൈറസിയിലേക്കും എത്തിക്കുന്നുണ്ടെന്നാണ് മാതൃഭൂമി ഡോട്ട് കോമിന്റെ അന്വേഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതിനായി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്നും പകര്‍ത്തുന്നതും കൗമാരക്കാര്‍ തന്നെയാണ്. 'രാമന്റെ ഏദന്‍തോട്ടം' എന്ന ചിത്രം അപ്‌ലോഡ് ചെയ്യുമെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ മറ്റുപല ചിത്രങ്ങളും താന്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഒരു ടെലിഗ്രാം ഗ്രൂപ്പ് അഡ്മിന്‍ വെളിപ്പെടുത്തിയതായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈറസി കണ്‍സള്‍ട്ടന്‍സിയായ സ്‌റ്റോപ്പൈറസി എംഡി തുഷാര്‍ പറയുന്നു. ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചിത്രത്തിന്റെ ക്ലിപ്പുകള്‍ ഇട്ടിട്ടുണ്ടെന്നും ഗ്രൂപ്പില്‍ 2000 അംഗങ്ങളാകുമ്പോള്‍ ഫുള്‍ മൂവീ അപ്‌ലോഡ് ചെയ്യുമെന്ന് സന്ദേശമുണ്ടെന്നും ഒരു കൗമാരക്കാരന്‍ ചിത്രത്തിലെ ഒരു നടിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്റെ നമ്പര്‍ കണ്ടെത്തി വിളിക്കുകയാണുണ്ടായത്.

ടേക്ക് ഓഫ്, പുത്തന്‍പണം, സിഐഎ, ലക്ഷ്യം, രക്ഷാധികാരി ബൈജു തുടങ്ങി ചിത്രങ്ങളും താന്‍ തിയേറ്ററില്‍ നിന്ന് പകര്‍ത്തിയതായി പതിനേഴുകാരന്‍ സമ്മതിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ഇവിടത്തെ ഒരു മാളില്‍ നിന്നും ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രം പകര്‍ത്തിയത്. സ്വന്തം പണം മുടക്കി റിസ്‌ക്കെടുത്ത് തിയേറ്ററില്‍ നിന്ന് ചിത്രം പകര്‍ത്തി അപ്‌ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും മാത്രമാണ് തന്റെ ലക്ഷ്യമെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍.

ടെലിഗ്രാം അനിയനും ടോറന്റ് ചേട്ടനും

മുമ്പ് വ്യാജ സിഡിയും ഡിവിഡിയുമൊക്കെ പുറംലോകത്തുനിന്ന് സ്വീകരണമുറികളിലേക്ക് എത്തുകയായിരുന്നെങ്കില്‍ ഇന്ന്‌ നമ്മുടെ വീട്ടകങ്ങളില്‍ നിന്നാണ് വ്യാജന്മാര്‍ പുറത്തേക്ക് പ്രവഹിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാല്‍ അതിന്റെ വ്യാജ പതിപ്പുകള്‍ ടോറന്റ് സൈറ്റിലോ മറ്റേതെങ്കിലും നെറ്റ്‌വര്‍ക്കുകളിലോ വരുന്നുണ്ടോ എന്നറിയാന്‍ പൈറസി കണ്‍സള്‍ട്ടന്റുമാര്‍ തുടര്‍ച്ചയായി പരിശോധന നടത്തിക്കൊണ്ടിരിക്കും. ഇതിനായി പ്രത്യേക ടൂളുകളുണ്ട്. വ്യാജന്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അത് ഉടന്‍ അറിയാനാകും. അതിനാല്‍ നെറ്റില്‍ എപ്പോഴാണ് ലിങ്ക് ലഭ്യമായതെന്ന് കൃത്യമായി അറിയാനാകും.

മേല്‍പ്പറഞ്ഞവ ഉള്‍പ്പെടെ സമീപകാലത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ ആദ്യം ടെലിഗ്രാമില്‍ എത്തിയതിനു ശേഷമാണ് ടോറന്റ് സൈറ്റുകളിലേക്ക് ചേക്കേറിയത്. ടെലിഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി കുട്ടികളെ കൊണ്ട് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യിക്കുന്നതിനു പിന്നില്‍ ടോറന്റ് സൈറ്റുകളുടെ ആളുകളുടെയും കൈകളുണ്ടെന്നാണ് ആന്റി പൈറസി സെല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൗമാരക്കാരെ സ്വാധീനിച്ച് കാര്യങ്ങള്‍ ചെയ്യിക്കുക എന്ന ബ്ലൂ വെയ്ല്‍ രീതിക്ക് സമാനമായ രീതികളിലൂടെ 'ടോറന്റ് ചേട്ടന്മാര്‍' ടെലിഗ്രാമിലെ അനിയന്മാരെ പ്രലോഭിപ്പിച്ചും സ്വാധീനിച്ചും ചിലപ്പോഴൊക്കെ ഭീഷണിപ്പെടുത്തിയും വ്യാജചിത്ര നിര്‍മാണത്തിലേക്ക് എത്തിക്കുന്നു.

'ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഒരു ഫോട്ടോ ഇട്ടാല്‍ എത്ര ലൈക്കുകളായെന്നും എന്തെല്ലാം കമന്റ വന്നിട്ടുണ്ടെന്നും നിമിഷം പ്രതി നോക്കുന്നവരാണ് നമ്മിലേറെയും. പ്രായവും പക്വതയുമായവര്‍ പോലും അതില്‍ അഭിരമിക്കുന്നെങ്കില്‍ അംഗീകാരം ആഗ്രഹിക്കുന്ന കൗമാരക്കാരുടെ അവസ്ഥ എന്തായിരിക്കും. ഒപ്പം സാഹസികതയോടുള്ള അഭിനിവേശവും കൂടിയാകുമ്പോള്‍, കൃത്യമായി കരുക്കള്‍ നീക്കുന്നവര്‍ക്ക് കൗമാരക്കാരെ വലയില്‍ വീഴ്ത്തുക എളുപ്പമാകുന്നു' മനോരോഗ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സിനിമ അപ്​ലോഡ് ചെയ്ത വിദ്യാർഥിയുടെ ശബ്ദരേഖ കേൾക്കാം

വെറുതേ എവിടെ നിന്നെങ്കിലും ഏതെങ്കിലും ഒരാളെ ചിത്രം പകര്‍ത്താനായി തിരഞ്ഞെടുക്കുകയല്ല ടോറന്റ് സൈറ്റുകളും മറ്റും ചെയ്യുന്നത്. പുതുതായി ഇറങ്ങിയ ഏതെങ്കിലും ചിത്രം അപ്‌ലോഡ് ചെയ്യുന്നു എന്നു പറഞ്ഞ് ടെലിഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച് ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ആദ്യപടി. സ്വാഭാവികമായും ലിങ്ക് ഷെയര്‍ ചെയ്യപ്പെട്ട  ടെലിഗ്രാം ഗ്രൂപ്പുകളില്‍ നിന്നും ഉപയോക്താക്കള്‍ പുതിയ ഗ്രൂപ്പിലേക്കെത്തും. വൈകാതെ നേരത്തേ വാഗ്ദാനം ചെയ്ത ചിത്രം ഈ ഗ്രൂപ്പില്‍ എത്തുകയും ചെയ്യും. ഇതോടെ ഗ്രൂപ്പംഗങ്ങള്‍ക്ക് അഡ്മിനില്‍ വിശ്വാസമാകും.

പിന്നീട് അഡ്മിന്‍ ഗ്രൂപ്പംഗങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതില്‍ ഏറ്റവും സജീവമായി ഇടപെടുന്നതെന്നോ ദൗര്‍ബല്യമുള്ളവരെന്നോ തോന്നുന്നവരെ അഡ്മിന്‍ വ്യക്തിഗത ചാറ്റിലൂടെ ബന്ധപ്പെടും. അഭിനന്ദനങ്ങിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഇവരെ വരുതിയിലാക്കും. ഇങ്ങനെ കണ്ടെത്തുന്നവരും പിന്നീട് ഗ്രൂപ്പിന്റെ അഡ്മിന്‍മാരാകും. ഇവര്‍ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളിടാന്‍ ഗ്രൂപ്പിന്റെ പേരില്‍ ഇവരെ തന്നെ അഡ്മിന്മാരാക്കി ചാനലുകള്‍ ആരംഭിക്കും. ഗ്രൂപ്പിലേക്കും ചാനലിലേക്കുമൊക്കെ കൂടുതല്‍ ആളെ കണ്ടെത്തേണ്ടത് പിന്നെ അഡ്മിന്മാരാണ്. പുതിയ ചിത്രങ്ങള്‍ എത്തിക്കുമ്പോള്‍ അനിയന്മാര്‍ക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും യഥേഷ്ടം ലഭിക്കും. മെല്ലെ നിശബ്ദനാകുന്ന ടോറന്റ് ചേട്ടന് പിന്നെയുള്ളത് അനിയന്‍മാര്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങടെുത്ത് തങ്ങളുടെ സൈറ്റില്‍ അപ് ചെയ്യുക എന്നതുമാത്രവും. 

അങ്ങാടിപ്പുറത്തു നിന്ന് 'ഗ്രേറ്റ്ഫാദര്‍' എന്ന ചിത്രം ടെലിഗ്രാമിലിട്ട ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലാകുന്നത് അത് ക്ലൗഡില്‍ അപ്‌ലോഡ് ചെയ്തതു കൊണ്ടുകൂടിയാണ്. 'ടീം ഒആര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയുടെ നിര്‍ദേശപ്രകാരമയിരുന്നു കുട്ടി ഇതു ചെയ്തത്. കാര്യത്തിന്റെ ഗൗരവമറിയാത്ത കുട്ടി ഇങ്ങേയറ്റത്ത് പിടിയിലായപ്പോഴും മറുപുറത്ത് എല്ലാം ചെയ്യിച്ച് ലാഭം കൊയ്ത 'ടീം ഒആര്‍' സുരക്ഷിതനായി തുടര്‍ന്നു.

പിടിച്ചുനിര്‍ത്താന്‍ തല്ലും തലോടലും

കുട്ടികളെ വീഴ്ത്താന്‍ അഭിനന്ദിക്കുക മാത്രമല്ല പിന്‍മാറാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്താനും ചേട്ടന്‍മാര്‍ക്ക് മടിയില്ല. ചെയ്യിക്കുന്നവര്‍ അജ്ഞാതരായി തുടരുമ്പോഴും വലയിലാകുന്ന കുട്ടിയുടെ വിവരങ്ങള്‍ അവര്‍ കൃത്യമായി മനസ്സിലാക്കിയിരിക്കും. പിന്മാറാന്‍ ശ്രമിക്കുന്നവരെ, അവരുടെ യഥാര്‍ഥ ഐഡന്റിറ്റി പോലീസിനോട് വെളിപ്പെടുത്തും തുടങ്ങിയ ഭീഷണികള്‍ മുഴക്കിയാകും പിടിച്ചുനിര്‍ത്തുക. ഒരു തവണ വ്യാജന്‍ ഷൂട്ട് ചെയ്തുകഴിഞ്ഞാല്‍ കുടുങ്ങുമെന്നര്‍ഥം.

അതേസമയം, തിയേറ്ററില്‍ നിന്ന് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള 'വിദ്യാഭ്യാസം' നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കൗമാരക്കാരെ നയിക്കുന്നത് ഈ അജ്ഞാതരാണ്. എങ്ങനെ ഷൂട്ട ചെയ്യണം, അപ്‌ലോഡ് ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു തുടങ്ങി പോലീസിന് എന്തുകൊണ്ട് തങ്ങളെ പിടിക്കില്ല എന്ന സൈക്കോളജിക്കല്‍ ക്ലാസ് വരെ ഇവരെടുക്കും. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നവര്‍ക്ക് ടോറന്റിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതിയുമുണ്ട്.

ടോറന്റിലെ വമ്പന്‍മാരെയും അവരുടെ പ്രവര്‍ത്തന രീതികളെയും കുറിച്ച് അടുത്ത ഭാഗത്തില്‍..

ഒന്നാം ഭാഗം: സിനിമയുടെ വ്യാജനെ പിടിക്കാനെത്തിയ പോലീസ് പ്രതിയെ കണ്ട് ഞെട്ടി

രണ്ടാം ഭാഗം: ടെലിഗ്രാം: വ്യാജസിനിമകളുടെ പുതിയ സങ്കേതം