-
ചിലരുടെ വിധി അങ്ങനെയാണ്, ജീവിച്ചിരിക്കുമ്പോഴല്ല, മരണത്തിന് ശേഷമാണ് അവര്‍ ആഘോഷിക്കപ്പെടുന്നത്. ബാറ്റ്മാന് സീരിസ് ഡാര്‍ക്ക് നൈറ്റിലെ ജോക്കറെന്ന ക്രൂരനായ വില്ലനായി പ്രേക്ഷകര്‍ക്ക് മുന്പിലെത്തിയ ഹീത്ത് ലെഡ്ജര്‍, ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ പോള്‍ വാക്കര്‍, വശ്യസൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന മര്ലിന് മണ്‍റോ, മാദകനടിയെന്ന പട്ടം പ്രേക്ഷകര്‍ ചാര്‍ത്തിക്കൊടുത്ത സില്‍ക്ക് സ്മിത... ഇവരെല്ലാം അതിനുദാഹരണങ്ങളാണ്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഫിലോമിനയും ഈ കൂട്ടത്തില്‍പ്പെടും. സാമൂഹിക മാധ്യമങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലത്ത് മരണത്തിന് ശേഷവും ഫിലോമിന ആഘോഷിക്കപ്പെടുകയാണ്.
കലഹിക്കുന്ന, തെറി വിളിക്കുന്ന, പോരിന് വിളിക്കുന്ന, 'സംസ്കാരമില്ലാത്ത സ്ത്രീ' എന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഫിലോമിന പൊളിച്ചെഴുതി. ഫിലോമിനയെക്കൂടാതെ കെ.പി.എ.സി ലളിത, സുകുമാരി അങ്ങനെ വിരലിലെണ്ണാവുന്ന നടിമാര്‍ക്ക് മാത്രമേ സിനിമയില്‍ ഇതിന് സാധിച്ചിട്ടുള്ളൂ.

ഫിലോമിനയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മ. അഞ്ഞൂറാനോടുള്ള പക വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന ആനപ്പാറ അച്ചാമ്മ. മലയാളത്തില്‍ അന്നുവരെയുള്ള പുരുഷ വില്ലന്മാരെ കുറിക്കു കൊള്ളുന്ന ഡയലോഗുകളും പകരംവയ്ക്കാനാവാത്ത ഇളകിയാട്ടം കൊണ്ടും നിഷ്പ്രഭമാക്കിയ പ്രകടനം. പ്രതികാരബുദ്ധിയുള്ള ആ കഥാപാത്രം ആനയെക്കൊണ്ട് പനിനീര് തളിപ്പിക്കുമ്പോള് പൊട്ടിച്ചിരിച്ച് ഇളകി മറിഞ്ഞുപോയി തിയ്യറ്ററുകള്‍.
സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഫിലോമിനയും എന്‍.എന്‍ പിള്ളയും മത്സരിച്ചഭിനയിച്ച ഈ ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഫിലോമിന വിടപറഞ്ഞ് 14 വര്‍ഷങ്ങള്‍ തികയുമ്പോള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകരിലൊരാളായ സിദ്ദീഖ്.
സിദ്ദീഖിന്റെ വാക്കുകള്‍...
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണല്ലോ ഗോഡ്ഫാദറിന്റെ പ്രമേയം. ഒരു കുടുംബം ഭരിക്കുന്നത് പുരുഷനും മറ്റൊരാള്‍ സ്ത്രീയും. വളരെ ശക്തരായ രണ്ടു കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കേണ്ടത്, അതിന് മികച്ച രണ്ട് ആര്‍ട്ടിസ്റ്റുകളും വേണം. കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ആനപ്പാറ അച്ചാമ്മയുടെ കഥാപാത്രത്തിന് എന്റെ മനസ്സില്‍ തെളിഞ്ഞ മുഖം ഫിലോമിന ചേച്ചിയുടേതായിരുന്നു. ഫിലോമിന ചേച്ചിയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് സത്യത്തില്‍ അങ്ങനെ ഒരു കഥാപാത്രത്തിന് രൂപം കൊടുത്തത് എന്ന് തന്നെ പറയാം. സാമാന്യ ബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില് അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഫിലോമിന ചേച്ചിയോട് ഈ കഥ ഞാന്‍ പറയുന്നത്. കഥ കേട്ടപ്പോള്‍ ഫിലോമിന ചേച്ചി പറഞ്ഞു ''മോനേ ഇത് ഞാന്‍ തന്നെ ചെയ്യു''മെന്ന്. മോനേ... എന്നാണ് ചേച്ചി എല്ലാവരെയും വിളിച്ചിരുന്നത്.