ന്തരിച്ച കലാകാരന്‍ രവി വള്ളത്തോളുമായുള്ള നല്ല ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

വിടപറഞ്ഞത് പ്രിയപ്പെട്ട വിദ്യാര്‍ഥി- ഡോ. ജോര്‍ജ് ഓണക്കൂര്‍ 

മാര്‍ ഇവാനിയോസ് കോളേജിലെ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായിരുന്നു രവി വള്ളത്തോള്‍. രവി വള്ളത്തോള്‍, ജഗതി ശ്രീകുമാര്‍, കെ.ജയകുമാര്‍ തുടങ്ങിയവരെല്ലാം സമകാലീനരായിരുന്നു. 1970-കളുടെ ആദ്യകാലത്ത് കോളേജിലെ ആര്‍ട്സ് ക്ലബ്ബ്, സിനി ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇവരെല്ലാം സജീവ പങ്കാളിത്തമാണ് വഹിച്ചിരുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ കുടുംബബന്ധങ്ങളുണ്ടായിരുന്ന കാലമായിരുന്നു അത്. രവിയുടെ അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുമായി എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു. ജി.ശങ്കരപ്പിള്ളയുടെ ഒരു നാടകത്തില്‍ രവിയും ജഗതി ശ്രീകുമാറും ഞാനും ഒരുമിച്ചഭിനയിച്ചിരുന്നു. മഹത്തായ ഒരു കലാ, സാഹിത്യ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്ന രവി സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു. 

പ്രിയപ്പെട്ട സഹോദരന്‍- സുരേഷ് കുമാര്‍ 

വര്‍ഷങ്ങളായുള്ള സൗഹൃദമാണ് രവിയേട്ടനും ഞാനും തമ്മിലുള്ളത്. മോഡല്‍ സ്‌കൂളില്‍ ഞങ്ങളുടെ സീനിയറായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളെപ്പോലെയായിരുന്നു ആ ബന്ധം. അദ്ദേഹം, സഹോദരന്‍ നന്ദന്‍ എന്നിവരോടൊപ്പം ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. 1990-ല്‍ ഞാന്‍ നിര്‍മിച്ച 'വിഷ്ണുലോകം' സിനിമയില്‍ ഒരു വേഷവും അദ്ദേഹംചെയ്തിരുന്നു. തിരുവനന്തപുരത്തെ സിനിമാക്കാരുടെ സൗഹൃദവലയത്തില്‍ അദ്ദേഹവും എന്നും ഉള്‍പ്പെട്ടിരുന്നു. എക്കാലത്തും സൗമ്യനും താത്വികനുമായിരുന്ന ആളായിരുന്നു രവിയേട്ടന്‍. 

ഒരു കുടുംബംപോലെ- എം.ജി.ശ്രീകുമാര്‍ 

രവിയും ഞാനും ഒരും കുടുംബംപോലെയാണ് ജീവിച്ചതെന്ന് ഗായകന്‍ എം.ജി.ശ്രീകുമാര്‍ പറഞ്ഞു.കുട്ടിക്കാലം മുതല്‍ എനിക്ക് അദ്ദേഹവുമായി അടുത്തബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായരെ കാണാന്‍ ചെല്ലുമ്പോഴുണ്ടായ പരിചയമാണ് എന്നെയും രവിയെയും തമ്മില്‍ അടുപ്പിച്ചത്. തുടര്‍ന്ന് സിനിമാരംഗത്തും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. മിതഭാഷിയും സൗമ്യസ്വഭാവത്തിനും ഉടമയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാനാവാത്തതാണ്. 

സ്‌കൂളിലെ സീനിയര്‍; സൗമ്യനായ വ്യക്തി- മണിയന്‍പിള്ള രാജു 

മോഡല്‍ സ്‌കൂളില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജഗതി ശ്രീകുമാറും രവി വള്ളത്തോളും പത്താം ക്ലാസിലാണ്. അക്കാലത്ത് അവരുടെ നാടകങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. രവി വള്ളത്തോളിന്റെ സ്ത്രീവേഷങ്ങള്‍ മികച്ചതായിരുന്നു. അതിസുന്ദരിയായി അദ്ദേഹം സ്റ്റേജിലെത്തിയാല്‍ സുന്ദരിയായ പെണ്‍കുട്ടിയാണ് സ്റ്റേജിലെന്ന് എല്ലാവരും കരുതിയിരുന്നു. ഞങ്ങളൊക്കെ അതു നോക്കിനില്‍ക്കുമായിരുന്നു. സൗമ്യ സ്വഭാവക്കാരനായിരുന്നു അദ്ദേഹം. എന്നോട് വലിയ സൗഹൃദം എക്കാലത്തും സൂക്ഷിച്ചിരുന്നു. ഞാന്‍ തൈക്കാട്ടും അദ്ദേഹം വഴുതയ്ക്കാട്ടുമാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മിക്കവാറും അക്കാലത്ത് തമ്മില്‍ കാണുകയുംചെയ്തിരുന്നു. വല്ലപ്പോഴും ഫോണില്‍ വിളിച്ച് സൗഹൃദം പങ്കുവയ്ക്കുമായിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ നല്‍കിയിരുന്നു. 

എന്നും സുസ്മേരവദനന്‍- ജഗദീഷ് 

എന്റെ കലാലയമായ മാര്‍ ഇവാനിയോസ് കോളേജിലെ മികച്ച കലാകാരനായിരുന്നു രവി വള്ളത്തോള്‍. എല്ലാക്കാലത്തും സുസ്മേരവദനനായിരുന്ന അദ്ദേഹവുമായി അടുത്ത സൗഹൃദമാണ് എക്കാലത്തുമുണ്ടായിരുന്നത്. നാടകങ്ങളില്‍ പെണ്‍വേഷങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. ഞാന്‍ മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജഗതി എന്‍.കെ.ആചാരിയുടെ 'ലഹരി' എന്ന നാടകം സ്‌കൂളില്‍ അവതരിപ്പിച്ചു. അന്ന് ജഗതി ശ്രീകുമാര്‍, രവി വള്ളത്തോള്‍ തുടങ്ങിയവരുള്‍പ്പെടുന്ന മുതിര്‍ന്നവരാണ് അത് അവതരിപ്പിച്ചത്. അതില്‍ ഒരു ബാലനടനായി അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടായി. ചെറുപ്പംമുതലുള്ള ആ അടുപ്പം എല്ലാക്കാലത്തും സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച എഴുത്തുകാരന്‍കൂടിയായിരുന്നു അദ്ദേഹം. 

കുടുംബബന്ധു- ശ്യാമപ്രസാദ് 

രവിയേട്ടന്റെ കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനുമായി വളരെ അടുപ്പമുണ്ട്. രവിയേട്ടന്‍ എന്നുതന്നെയാണ് എന്നും വിളിച്ചിരുന്നത്. എന്നാല്‍, സിനിമാരംഗത്ത് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാനായില്ല. നല്ലൊരു വേഷം അദ്ദേഹത്തിനു നല്‍കാനായില്ല എന്ന കുറ്റബോധം തോന്നിയിട്ടുണ്ട്. 

ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് രവിച്ചേട്ടനൊപ്പം - മായാ വിശ്വനാഥ് 

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'മണിക്കുട്ടന്‍' എന്ന സീരിയലിലാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. തന്റെ രക്ഷാകര്‍ത്താവിന്റെ കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. തുടര്‍ന്ന് അഭിനയജീവിതത്തിലും അദ്ദേഹംതന്നെയായിരുന്നു രക്ഷാകര്‍ത്താവ്. സിനിമ, സീരിയല്‍ അഭിനയരംഗത്തേക്കു താന്‍ എത്താനുള്ള കാരണവും അദ്ദേഹം തന്നെയാണ്. സാറിന്റെ പുതിയ സീരിയലിലേക്കു പുതുമുഖത്തെ തേടുന്ന സമയത്ത് അദ്ദേഹമാണ് എന്റെ പേര് നിര്‍ദേശിക്കുന്നത്. 

ക്ലീമിസ് ബാവ അനുശോചിച്ചു 

കഥാകാരനും അഭിനേതാവുമായിരുന്ന രവി വള്ളത്തോളിന്റെ ദേഹവിയോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ രവി വള്ളത്തോള്‍ തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയില്‍ കോളേജ് നല്‍കിയ പ്രോത്സാഹനം നന്ദി പൂര്‍വം ഓര്‍ക്കുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. രവി വള്ളത്തോളിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ.കെ.ബാലന്‍. 46 സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ച അദ്ദേഹം സംപ്രേഷണ, പ്രക്ഷേപണ കലകളിലും മികവ് തെളിയിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.പി.ജയരാജന്‍ എന്നിവരും അനുശോചിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രവി വള്ളത്തോളായിരുന്നുവെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അനുസ്മരിച്ചു. രവി വള്ളത്തോളിന്റെ വിയോഗം കലാസാംസ്‌കാരികരംഗത്ത് വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് തിരുവനന്തപുരം മേജര്‍ അതിരൂപത ചീഫ് വികാരി ജനറലും മാര്‍ ഇവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. മാത്യു മനക്കരക്കാവില്‍ കോറെപ്പിസ്‌കോപ്പ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പൂര്‍വവിദ്യാര്‍ഥി എന്ന നിലയില്‍ രവി വള്ളത്തോള്‍ കോളേജിനോടു പുലര്‍ത്തിയിരുന്ന ആത്മബന്ധം നന്ദിപൂര്‍വം ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനായ അമിക്കോസ് ഭാരവാഹികളും അനുശോചിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജി കെ.ഐ., അമിക്കോസ് പ്രസിഡന്റ് കെ.ജയകുമാര്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ പണിക്കര്‍, ഇ.എം.നജീബ്, നടന്‍ ജഗദീഷ്, എബി ജോര്‍ജ്, ഡോ. സജു സി.ജോസഫ് എന്നിവര്‍ അനുശോചിച്ചു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രാവിയും അനുശോചിച്ചു. 

നഷ്ടപ്പെട്ടത് അനുഗൃഹീത കലാകാരനെ- കെ.സുരേന്ദ്രന്‍ 

അനുഗൃഹീത കലാകാരനെയും സാമൂഹിക പ്രവര്‍ത്തകനെയുമാണ് രവി വള്ളത്തോളിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനായിരുന്നുവെന്നും അനുസ്മരിച്ചു.

Content Highlights: personalities from literature and film industry mourns death of actor ravi vallathol