ദ്വീപിലെ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പിഎച്ച്ഡിക്കാരന്റെ 'പവിഴപ്പുറ്റും ഡോലിപ്പാട്ടും'


സ്വീറ്റി കാവ്

ഐടി മേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ലക്ഷദ്വീപില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയാണ് ഇദ്ദേഹം. അകക്കാമ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മുഹമ്മദ് അല്‍ത്താഫ് നാഷണല്‍ സ്റ്റുഡന്റ് യൂണിയന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്

ഡോക്ടർ മുഹമ്മദ് അൽത്താഫ്‌

ചെറിയ ചെറിയ തുരുത്തുകളായുള്ള ലക്ഷദ്വീപെന്ന് ദ്വീപ്‌സമൂഹത്തെ വ്യത്യസ്തമാക്കുന്ന രണ്ട് സംഗതികളാണ് പവിഴപ്പുറ്റും ഡോലിപ്പാട്ടും. ഏറെ പരിമിതികളനുഭവിക്കുന്ന നിഷ്‌കളങ്കരായ ഒരു ജനവിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്ന വാര്‍ത്തകള്‍ നമ്മെ തേടിയെത്തുകയും ലക്ഷദ്വീപിനെ കുറിച്ചോര്‍ത്ത് നാം അനുതപിക്കുകയും ചെയ്തുതുടങ്ങിയിട്ട് കാലമേറെയായില്ല. പവിഴപ്പുറ്റും ഡോലിപ്പാട്ടും എന്ന ടൈറ്റിലോടെ യൂട്യൂബില്‍ റിലീസായ ലക്ഷദ്വീപിനെ വര്‍ണിക്കുന്ന ഗാനം വ്യത്യസ്തമായ വരികള്‍ കൊണ്ടും മനോഹരമായ ഈണവും ആലാപനവും കൊണ്ട് ശ്രദ്ധ നേടുകയാണ്. ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്ടര്‍ മുഹമ്മദ് അല്‍ത്താഫ് ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

തന്റെ നാടിനെ അടയാളപ്പെടുത്തുന്ന ഒരു ഗാനം വേണമെന്നാഗ്രഹിച്ച മുഹമ്മദ് അല്‍ത്താഫും വ്യത്യസ്തനാണ്. ഐടി മേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ലക്ഷദ്വീപില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയാണ് ഇദ്ദേഹം. 'അകക്കാമ്പ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മുഹമ്മദ് അല്‍ത്താഫ് നാഷണല്‍ സ്റ്റുഡന്റ് യൂണിയന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള യുവജനപ്രതിനിധി എന്ന നിലയിലും മുഹമ്മദ് അല്‍ത്താഫ് സംസാരിക്കുന്നു.

എന്താണ് 'പവിഴപ്പുറ്റും ഡോലിപ്പാട്ടും'?

വളരെ പ്രസക്തമായ ചോദ്യം. പലരും മെസഞ്ചറിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ചോദിച്ച ചോദ്യമാണിത്. ലക്ഷദ്വീപിന്റെ തനിമ ഉള്‍ക്കൊള്ളുന്ന രണ്ട് സംഗതികളാണ് പവിഴപ്പുറ്റും ഡോലിപ്പാട്ടും. ലക്ഷദ്വീപ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മയിലെത്തുക പവിഴപ്പുറ്റുകളാണ്. അതു പോലെയാണ് ലക്ഷദ്വീപിന്റെ തനതായ കലാരൂപമാണ് ഡോലിപ്പാട്ട്. ഡോലി ഉപയോഗിച്ചുകൊണ്ട് ചുറ്റിലും ആളുകളിരുന്ന് കല്യാണങ്ങളുള്‍പ്പെടെയുള്ള ആഘോഷപരിപാടികളില്‍ അവതരിപ്പിച്ച് വരുന്ന കലാവിരുന്ന് കൂടിയാണ് ഡോലിപ്പാട്ട്. ലക്ഷദ്വീപിനെ കുറിച്ചാണ് ഈ ഗാനം എന്ന് പെട്ടെന്ന് മനസിലാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ടൈറ്റില്‍ നല്‍കിയത്. ഒരുപാട് പേരില്‍ നിന്ന് ലഭിച്ച പല സജഷന്‍സില്‍ നിന്ന് ഒരു സോങ് ടൈറ്റില്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പാട്ടിന്റെ സംഗീതസംവിധായകനായ സാദിഖ് പാന്തല്ലൂര്‍ ഈ പേര് സജസ്റ്റ് ചെയ്തത്. ആ ടൈറ്റില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, വളരെ ആപ്റ്റ് ആയിട്ടുള്ള ഒന്നായി തോന്നി. ആ ടൈറ്റില്‍ എല്ലാരും ഹാഷ് ടാഗായി ചേര്‍ക്കുന്നുണ്ട്. ലക്ഷദ്വീപിനെ ഇഷ്ടപ്പെടുന്നവര്‍ പവിഴപ്പുറ്റും ഡോലിപ്പാട്ടും എന്ന ടൈറ്റിലും ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ട്.

ഇത്തരമൊരു സംഗീത ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെ?

കോഴിക്കോടുള്ള എന്റയൊരു കസിന്റെ സ്റ്റാറ്റസില്‍ നിന്നാണ് ഈ ഗാനത്തിലേക്കെത്തിയത് എന്ന് പറയാം. കോഴിക്കോടിനെ കുറിച്ചൊരു പാട്ടായിരുന്നു സ്റ്റാറ്റസില്‍. അത് കേട്ടപ്പോഴാണ് അത്തരത്തില്‍ ലക്ഷദ്വിപിനെ കുറിച്ചൊരു പാട്ട് ചെയ്താലോ എന്നൊരാശയം തോന്നിയത്. ലക്ഷദ്വീപിനെ കുറിച്ച് ധാരാളം പാട്ടുകള്‍ വന്നിട്ടുണ്ടങ്കിലും ലക്ഷദ്വീപിനെ പച്ചയായി അടയാളപ്പെടുത്തുന്ന ഒരു പാട്ട് എന്തുകൊണ്ട് ചെയ്തു കൂടാ എന്നൊരു തോന്നലില്‍ നിന്നുണ്ടായതാണ് ഈ പാട്ട്. പാട്ടിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് സിതാര ചേച്ചി(ഗായിക സിതാര)യെയാണ്. എനിക്ക് വളരെ ഇഷ്ടമുള്ള ഗായികയായതിനാല്‍ സിതാരചേച്ചിയെ കൊണ്ട് പാടിക്കണമെന്നായിരുന്നു ആഗ്രഹം. അപ്പോള്‍ തന്നെ പാട്ടിന്റെ ആദ്യവരികളും എഴുതി വെച്ചു. പാട്ടിന് ഈണം നല്‍കാന്‍ ആദ്യം ഒരു സുഹൃത്തിനെ ഏല്‍പിച്ചു. പക്ഷെ അത് വിചാരിച്ച ഒരീണത്തില്‍ എത്തിയില്ല. കേരളത്തിലെത്തിയ സമയത്താണ് എന്റെയൊരു സമയത്താണ് സുഹൃത്തായ സാദിഖ് പാന്തല്ലൂരിനെ സമീപിച്ചത്‌. തുടര്‍ന്ന് സുഹൃത്തും ഷൊര്‍ണൂര്‍ ടെലിവിഷന്റെ മാനേജിങ് ഡയറക്ടറുമായ വിളിച്ചു. എന്നോടുള്ള വിശ്വാസം മുന്‍നിര്‍ത്തി അവരത് പ്രൊഡ്യൂസ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഒരു സൗഹൃദകൂട്ടായ്മയാണ് ഈ ഗാനത്തിന് പിന്നില്‍. വിഷ്വല്‍സ് ചെയ്ത ലക്ഷദ്വീപ് വ്‌ളോഗറായ മുഹമ്മദ് സാദിഖ്, കേരളത്തില്‍ നിന്നുള്ള റെയ്‌സ് റോബിന്‍സ്, ഷെഫീഖ്, നവാസ്, കവറത്തിയിലെ ബിളുത്ത മണ്ണ് എന്ന സൗഹൃദകൂട്ടായ്മയിലെ അംഗങ്ങള്‍, സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കള്‍- അങ്ങനെ കുറേ പേരുടെ എഫര്‍ട്ട് ഈ പാട്ടിലുണ്ട്.

ഗാനത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍?

ലക്ഷദ്വീപിലെ മൊത്തം ആളുകളും ആ ഗാനം സ്വീകരിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം കവറത്തിയില്‍ നടന്ന സാംസ്‌കാരികപരിപാടിയില്‍ പവിഴപ്പുറ്റും ഡോലിപ്പാട്ടുമാണ് നിറഞ്ഞുനിന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ലക്ഷദ്വീപിനെ പച്ചയായി അടയാളപ്പെടുത്തുന്നു എന്ന കമന്റ്‌സ് വന്നിട്ടുണ്ട്. പാട്ടിന്റെ മ്യൂസിക്കും എഡിറ്റിങ്ങും ഉള്‍പ്പെടെ എല്ലാ വശങ്ങളും നന്നായി വന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് പിഎച്ച് ഡി ക്കാരന് കല / സാഹിത്യമേഖലയുമായുള്ള ബന്ധം?

അല്‍ത്താഫിനെ അഭിനന്ദിച്ച്
രാഹുല്‍ ഗാന്ധി അയച്ച കത്ത്‌

കലയെന്നു പറയുന്നത് ഉള്ളില്‍ നിന്നുവരുന്നതാണ്. അത് ജന്മനാ ഉണ്ടാവുന്നതാണ്. ഒരു കലാകാരന് കിട്ടുന്ന അംഗീകാരം അത് വേറെ തന്നെയാണ്. ഒരു കലാകാരനായതു കൊണ്ടാണ് നിങ്ങൡപ്പോള്‍ എന്നെ സമീപിച്ചത്. ഒരു പിഎച്ച്ഡിക്കാരന്‍ മാത്രമാണെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ എന്നെ തിരക്കി വരണമെന്നില്ല. കലയെന്നാല്‍ ലോകത്തില്‍ ചുറ്റുമുള്ള മനുഷ്യരെ സ്വാധീനിക്കാന്‍ പറ്റിയ സംഗതിയാണ്. ഡോക്ടറേറ്റ് ബിരുദം ഞാന്‍ പഠിച്ചുനേടിയതാണ്. പക്ഷെ കല ഇന്‍ബോണായി ഉണ്ടാകുന്ന കഴിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കേരളത്തിന്റെ ഭാഗമാണെങ്കില്‍ പോലും ലക്ഷദ്വീപിന്റെ തനത് സംഗീതം കേരളത്തിന്റേതില്‍ നിന്ന് വ്യത്യസ്തമാണല്ലോ, വിശദമാക്കാമോ?

ലക്ഷദ്വീപിന്റെ തനത് സംഗീതം എന്നുപറഞ്ഞാന്‍, ഓരോ പ്രദേശത്തിനും അതിന്റേതായ സംഗീതമുണ്ട്. തനത് സംഗീതമെന്ന് പറയുമ്പോള്‍ പരമ്പരാഗതമായി പാടിവന്നവയാണ്. വായ്ത്താരികളാണധികവും. ഒരു സംഗീതശാഖയായി വളര്‍ത്തിക്കൊണ്ടുവരാനോ കൊണ്ടുനടക്കാനോ ആരും ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. കായല്‍പട്ടണം പോലുള്ള സ്ഥലങ്ങളില്‍ ഡോലിപ്പാട്ട് ഇപ്പോഴുമുണ്ട്. ലക്ഷദ്വീപിന്റെ സംഗീതം അല്ലെങ്കില്‍ ലക്ഷദ്വീപിനായുള്ള സംഗീതം അങ്ങനെയൊന്നില്ല. പരമ്പരാഗതസംഗീതം പുനരാവിഷ്‌കരിച്ച് കൊണ്ടുവരാന്‍ പലരും ശ്രമിക്കുന്നുണ്ട്. മലബാര്‍ മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കിസപ്പാട്ട് എന്നിവയൊക്കെ ലക്ഷദ്വീപില്‍ പ്രചാരത്തിലുണ്ട്.

ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ഥി സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പറയാമോ?

ഈയടുത്ത് ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ഥിപ്രതിഷേധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കുകയുണ്ടായി. ഒരു സംസ്ഥാനത്തെ അല്ലെങ്കില്‍ ഒരു സ്ഥലത്തെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം വേറൊരു സംസ്ഥാനത്ത് അല്ലെങ്കില്‍ ഒരു സ്ഥലത്ത് പോയി പ്രവര്‍ത്തിക്കേണ്ടി വരുന്ന ഏക വിദ്യാര്‍ഥി പ്രസ്ഥാനമായിരിക്കും ലക്ഷദ്വീപിന്റേത് എന്നാണ് ലക്ഷദ്വീപിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ഒരു പ്രവര്‍ത്തകനായിരുന്നുവെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. കാരണം ലക്ഷദ്വീപിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളും പഠിക്കുന്നത് കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ആണ്. ആ വിദ്യാര്‍ഥികളെ ഏകോപിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങളിലിടപെടുകയും ചെയ്യേണ്ടി വരുന്നവരാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വരുന്നവര്‍. അവര്‍ക്ക് ഒരുപാട് പരിമിതികളുണ്ട്.

ഐസൊലേറ്റഡ് ആയ ഐലന്‍ഡ്‌സ് ആണ് ലക്ഷദ്വീപിലുള്ളത്. ഒരു ദ്വീപില്‍ നിന്ന് മറ്റൊന്നിലേക്ക് ബോട്ട് മാര്‍ഗമോ കപ്പല്‍ മാര്‍ഗമോ മാത്രമേ സഞ്ചരിക്കാനാവൂ. ഭൂമിശാസ്ത്രപരമായി ഏറെ പരിമിതികളുള്ള ഒരു സംസ്ഥാനത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് അതിന്റേതായ ലിമിറ്റേഷന്‍സുണ്ട്. ആ പരിമിതികള്‍ക്കൊപ്പം ഒന്നുകൂടി കടിഞ്ഞാണിടുന്നതുപോലെയാണ് പ്രതിഷേധങ്ങള്‍ക്കേര്‍പ്പെടുത്തുന്ന വിലക്കുകളും. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളവും വിദ്യാര്‍ഥി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളവും വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ദ്വീപില്‍ നിന്നുള്ള ഒരു ഉന്നത ബിരുദധാരി എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും ലക്ഷദ്വീപിന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ സ്ഥിതിയെ കുറിച്ച് എന്താണ് പറയാനുള്ളത് ?

ലക്ഷദ്വീപിന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ വ്യക്തമായി അറിയാം. ഭൂമിശാസ്ത്രപരമായി വളരെ ഒറ്റപ്പെട്ട കൊച്ചുകൊച്ചുതുരുത്തുകളാണ് ലക്ഷദ്വീപ് സമൂഹം. ഈ തുരുത്തുകളില്‍ താമസിക്കുന്നവര്‍ വളരെ നിഷ്‌കളങ്കമായ മനസുള്ളവരും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുമാണ്. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവരങ്ങനെ ജീവിച്ചു പോരുകയായിരുന്നു. ആരോഗ്യമേഖലയുള്‍പ്പെടെ എല്ലാ മേഖലകളിലും അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. എന്നിരുന്നാലും ലക്ഷദ്വീപുകാര്‍ സമാധാനത്തില്‍ ജീവിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളും ചര്‍ച്ച ചെയ്ത കാര്യങ്ങളാണവ. യാത്രാമേഖലയില്‍ പോലും വളരെ ബുദ്ധിമുട്ടുകളാണ് ലക്ഷദ്വീപ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്തൊക്കെയാണ് ഡോക്ടര്‍ അല്‍ത്താഫിന്റെ ഭാവിപരിപാടികള്‍?

ഒരു കലാകാരനെന്ന നിലയില്‍ പുതിയ കുറച്ച് വര്‍ക്കുകള്‍ ചര്‍ച്ചയിലാണ്. രണ്ടാമത്തെ പുസ്തകത്തിന്റെ പണി പുരോഗമിക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് ആദ്യത്തെ പുസ്തകം 'അകക്കാമ്പ്' പ്രസിദ്ധീകരിച്ചത്. സംവിധായകന്‍ കമല്‍ സാറാണ് അത് പ്രകാശനം ചെയ്തത്. എന്‍ജിനീയറായി ലക്ഷദ്വീപില്‍ വര്‍ക്ക് ചെയ്തിരുന്നു. പുതിയ ജോലി തേടി ഇപ്പോള്‍ കേരളത്തിലുണ്ട്. എന്‍ജിനീയറിങ് മേഖലയില്‍ ജോലി ചെയ്യുമെങ്കിലും കലയും ഒപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കല ഒരു പാഷനാണ്. ഫ്രൊഫഷന്‍ വോറെയാണെങ്കിലും അതിനൊപ്പം ആ പാഷനും മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

Content Highlights: Pavizhapputtum Dolippattum, Lakshadweep Song Sithara, Sadique Pandallur, SM Althaf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented