പ്രശസ്തിയില്‍നിന്ന് വിഷാദത്തിന്റെയും ലഹരിയുടെയും ഇരുട്ടിലേക്ക് വീണുപോയ പര്‍വീണ്‍ ബാബി


3 min read
Read later
Print
Share

Parveen Babi| ഫോട്ടോ: നമക് ഹലാൽ എന്ന ചിത്രത്തിൽ നിന്നുള്ള രംഗം

അന്തരിച്ച മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാല്‍ പര്‍വീണ്‍ ബാബിയെക്കുറിച്ച് എഴുതിയ ലേഖനം അഭിനേത്രിയുടെ 68-ാം ജന്മവാര്‍ഷിക ദിനത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

ല്ലാ ചിത്തവും ഭ്രമിക്കുന്നുണ്ടെന്നും ചിലപ്പോള്‍ അത് അതിരു വിട്ടുപോകുമെന്നും അപ്പോള്‍ നാം അതിനെ ചിത്തഭ്രമമെന്ന് വിളിക്കുമെന്നും മനഃശാസ്ത്ര മതം. പല മഹാപ്രതിഭകളുടെയും ജീവിതം ഇതു സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാരുടെ എണ്ണവും കുറവല്ല. തീപിടിച്ച തലച്ചോറില്‍ ഭ്രാന്തന്‍ സ്വപ്നങ്ങളും സംശയങ്ങളും നിറച്ച് ജീവിക്കുന്നവര്‍ നിരവധി.

ആത്മഹത്യയിലേക്കും നിരാശയുടെ ഇരുട്ടിലേക്കും വീണു പോകുന്നവര്‍. മയക്കുമരുന്നിലും മദ്യത്തിലും അഭയം തേടുന്നവര്‍. സ്‌നേഹപരിലാളനകളുടെ കാല്‍പനികഛായകളില്‍ തല ചായ്ച്ച് മയങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍. അങ്ങനെയെത്രയെത്ര പേര്‍ ജീവിച്ചു മരിച്ച, ഇപ്പോഴും ജീവിക്കുന്ന ഭൂമിയിലൂടെയാണ് നമ്മുടെ യാത്ര. നമ്മുടെ ചിത്തങ്ങള്‍ കൂടുതല്‍ ഭ്രമിക്കാതിരിക്കുന്നിടത്തോളം വലിയ പ്രശ്‌നമില്ലെന്ന് നമുക്കും ഇവന് ഭ്രാന്തില്ലെന്ന് മറ്റുള്ളവര്‍ക്കും തോന്നുന്നിടത്താണ് ഒരാളുടെ ജീവിതം താല്‍ക്കാലികമായെങ്കിലും സന്തുലിതമാകുന്നത്. ഭ്രാന്തിനും സ്വബോധത്തിനും ഇടയിലെ ദൂരം ഒരു നൂല്‍പാലം മാത്രമാണ്. വലിഞ്ഞുമുറുകി നില്‍ക്കുന്ന മനസിന്റെ കമ്പികള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്ന് സാരം. ഇതൊക്കെ വിശകലനം ചെയ്യാന്‍ നിന്നാല്‍ തന്നെ ഭ്രാന്ത് പിടിക്കുമെന്ന തമാശയുമുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും നിറഞ്ഞാടിയ പര്‍വീണ്‍ ബാബിയെന്ന നടനവൈഭവത്തിന്റെ മനസ് പക്ഷെ മായാകാഴ്ചകളില്‍, അജ്ഞാതനായ കൊലയാളിയെ തേടി അലയുകയായിരുന്നു. അമിതമായി പുകവലിച്ചും മദ്യപിച്ചും തന്നെ കൊലപ്പെടുത്താന്‍ വരുന്നവരെന്ന് സംശയം തോന്നുന്നവരുടെ പേരില്‍ പോലീസിലും കോടതികളിലും കേസ് കൊടുത്തും അവസാനിച്ച ജീവിതം.

പുതുതലമുറക്ക് പര്‍വീണ്‍ ബാബിയുടെ സിനിമകള്‍ പരിചയമുണ്ടാകും. ദീവാറും അമര്‍ അക്ബര്‍ ആന്റണിയും സുഹാഗുമൊന്നും ചലച്ചിത്രപ്രണയികള്‍ അത്ര പെട്ടെന്ന് മറക്കില്ല. എന്നാല്‍ അവരുടെ ജീവിതം പക്ഷെ അത്രക്ക് പരിചയം കാണില്ല. ഒന്നര പതിറ്റാണ്ടിനിടയില്‍ അന്‍പത് സിനിമകളില്‍ അഭിനയിച്ച് ജീവിതം ആഘോഷിച്ച പര്‍വീണ്‍ബാബി കടുത്ത വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. മാധ്യമങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പര്‍വീണ്‍ബാബി പിന്നീട് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. അതുകൊണ്ട് തന്നെ എല്ലാ അഭിമുഖങ്ങളും അവര്‍ സ്വന്തം നിലയിലും റിക്കോഡ് ചെയ്തിരുന്നു.

1985 മുതല്‍ അവര്‍ സിനിമയില്‍ സജീവമായിരുന്നില്ല. യു.ജി കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായി കുറെക്കാലം അവര്‍ വിദേശ രാജ്യങ്ങളില്‍ തന്റെ തന്നെ അസ്തിത്വം തേടിയലഞ്ഞു. അധികകാലവും കാലിഫോര്‍ണിയയില്‍ ആയിരുന്നു. ആയിടക്ക് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ വെച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതിന് പിടിക്കപ്പെട്ടു. ബഹളമുണ്ടാക്കിയ പര്‍വീണ്‍ബാബിയെ വിലങ്ങണിയിച്ച് മാനസിക രോഗികളുടെ വാര്‍ഡില്‍ കിടത്തി അമേരിക്കന്‍ പോലീസ്. അന്നത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തിയാണ് ഇവരെ മോചിപ്പിച്ചത്. യു.ജി.കൃഷ്ണമൂര്‍ത്തിയും ആശുപത്രയില്‍ എത്തിയിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ പര്‍വീണ്‍ ബാബി സ്റ്റൈല്‍ നിറചിരിയുമായി അവര്‍ അമേരിക്ക വിട്ടു.

വിഖ്യാതമായ ടൈം മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ബോളിവുഡ് താരസുന്ദരിയാണ് പര്‍വീണ്‍ ബാബി. ബോളിവുഡ് സിനിമയില്‍ ഫാഷന്‍ തരംഗം സൃഷ്ടിച്ച താരം. പാശ്ചാത്യ വസ്ത്രധാരണ രീതികള്‍ ഹരമായിരുന്ന താരം. ഹേമമാലിനിയും ജയ ബാദുരിയും രാഖിയും രേഖയും സീനത്ത് അമനും ബോളിവുഡിന്റെ ഹരമായിരുന്ന കാലത്താണ് പര്‍വീണ്‍ ബാബി ടൈം മാഗസിന്റെ കവറില്‍ വരുന്നത്. അതിനു പിറകെയാണ് ഐശ്വര്യ റായിയും മറ്റും വരുന്നത്.

അമിതാഭ് ബച്ചനെ ലോകത്തെ ഏറ്റവും വലിയ മാഫിയാ തലവനെന്ന് വിളിച്ച് വിവാദത്തില്‍ പെട്ട പര്‍വീണ്‍ ബാബി സഞ്ജയ് ദത്തിനെതിരെ മുംബെ സ്‌ഫോടനകേസില്‍ തന്റെ പക്കല്‍ തെളിവുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കോടതിയില്‍ ഹാജരായില്ല. സി.ഐ.എ, ഇന്ത്യന്‍ ഇന്റലിജന്‍സ്, മൊസാദ് തുടങ്ങിയ രഹസ്യാന്വഷണ സംഘടനകളുടെ സഹായത്തോടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാതിയുമായി അവര്‍ പലവട്ടം കോടതികളെ സമീപിച്ചിരുന്നു. പ്രണയം ലഹരിയായിരുന്നു പര്‍വീണ്‍ ബാബിക്ക്. ഡാനി ഡെന്‍സോംഗ്പ, മഹേഷ് ഭട്ട്, കബീര്‍ ബേദി, അമിതാബ് ബച്ചന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ഭട്ടിന്റെ അര്‍ഥ് എന്ന സിനിമ ഏറെക്കുറെ പര്‍വീണ്‍ ബാബിയുടെ കഥയാണ്. മഹേഷ്ഭട്ടിന്റെ 2006-ലെ ചിത്രമായ വോ ലംഹെ ശരിക്കും പര്‍വീണ്‍ ബാബിയുടെ ജീവിതം തന്നെയായിരുന്നു.

1949 ഏപ്രില്‍ നാലിന്‌ ഗുജറാത്തിലെ ജുനഗഡിൽ വാലി മുഹമ്മദ്ഖാന്‍ ബാബിയുടെയും ജമാല്‍ ബക്തെയുടെയും മകളായി പ്രശസ്തമായ മുസ്‌ലിം കുടുംബത്തില്‍ ജനനം. ഏക മകള്‍. അഹമ്മദാബാദിലെ മൗണ്‍കാര്‍മല്‍ സ്‌കൂളിലും സെന്റ് സേവ്യഴ്‌സ് കോളേജിലുമായി പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. പുസ്തകവായന ഹരമായിരുന്നു. നന്നായി ചിത്രം വരക്കും. പിയാനൊ വായിക്കും. രാജ്കപൂറും സഞ്ജീവ്കുമാറും ദിലീപ്കുമാറും ഫിറോസ്ഖാനുമൊക്കെ പ്രിയ നടന്‍മാര്‍.

വഹീദ റഹ്മാനും ജയ ബാദുരിയും മീനാകുമാരിയും പ്രിയപ്പെട്ട താരസുന്ദരികള്‍. മുഹമ്മദ് റഫിയുടെയും ലത മങ്കേഷ്‌കറുടെയും ആശ ഭോസ്ലെയുടെയും പാട്ടുകളോട് പ്രണയം. മണിക്കൂറുകളോളം പാട്ടു കേട്ടിരിക്കും. നന്നായി പുകവലിക്കും. മദ്യപിക്കും. ഒടുവില്‍ 55 -ാം വയസില്‍ മരണത്തിലേക്ക് മയങ്ങി മയങ്ങി പോകുമ്പോഴും മദ്യപിച്ചിരുന്നു. പ്രമേഹത്തിന്റെ സിരകളില്‍ കുത്തുന്ന തീവ്രവേദന അകറ്റാന്‍ മരുന്നുകളില്‍ അഭയം തേടിയിരുന്നു. ഒപ്പം മദ്യപാനവും.രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ജീവിതം ആഘോഷമാക്കിയ പര്‍വീണ്‍ ബാബിയുടെ മരണം പുറംലോകം അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവര്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം മദ്യപിച്ചിരുന്നു. സ്വത്തുക്കള്‍ വീതം വെച്ചു കൊണ്ടുള്ള വില്‍പത്രം നേരത്തെ തയാറാക്കിയിരുന്നു. ഭ്രാന്തന്‍ ചിന്തകളും വിഷാദരോഗവും കൊലയാളി തന്റെ പിറകിലുണ്ടെന്ന തോന്നലും അതോടൊപ്പം കടുത്ത പ്രമേഹവും കൊണ്ട് ഏറെ പ്രയാസപ്പെട്ട അവസാനകാലത്തും അവര്‍ വിവാദങ്ങളില്‍നിന്ന് അകന്നു നിന്നിരുന്നില്ല.

(പുനഃപ്രസിദ്ധീകരണം)

Content Highlights: parveen babi birth anniversary life film career controversy death Bollywood cinema

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
Premium

5 min

സംഗീതം പഠിക്കാത്ത മ്യൂസിഷ്യന്‍ ലോകത്തെ പാട്ട് കേള്‍പ്പിക്കുമ്പോള്‍; കഴിവ് മാത്രം പോരാ മലയാളത്തില്‍

May 18, 2023


Fejo Rapper

ഓരോ വരിയിലും മുഴങ്ങും ഇരട്ടിപഞ്ച്; ഇജ്ജ് പൊളിയാണ് ഫെജോ

Feb 28, 2022


Remembering actor Kalabhavan Abi, mimicry artist son shane nigam

3 min

നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്, ഇനി പറഞ്ഞിട്ട് കാര്യവുമില്ല

Nov 30, 2020


janaki jane

2 min

ചില പേടികൾ ഇന്നും ഒപ്പമുണ്ട്, ഒരുപാട് കാര്യങ്ങളിൽ പേടിയുള്ള നായികയുടെ കഥയാണ് ജാനകീ ജാനേ'-നവ്യാ നായർ

May 7, 2023

Most Commented