പാർവതി ഉണ്ണികൃഷ്ണൻ (Photo: Special Arrangement)
പത്ത് വയസ് മാത്രം പ്രായമുള്ള പാര്‍വതി ഉണ്ണികൃഷ്ണന് എന്ന കുഞ്ഞുമിടുക്കി നേടിയിരിക്കുന്നത് ഒരു ദേശീയ റെക്കോഡാണ്. 45 മിനിറ്റിലേറെ സമയം തബലയില്‍ തന്റെ കുഞ്ഞുവിരലുകള്‍ ചലിപ്പിച്ച ഏറ്റവും കൂടുതല്‍ സമയം തബല വായിച്ച കുട്ടി എന്ന അംഗീകാരത്തിനുടമയായിരിക്കുകയാണ് പാര്‍വതി. തുടര്‍ച്ചയായി 46 മിനിറ്റ് 36 സെക്കന്‍ഡാണ് റെക്കോഡിനായി പാര്‍വതി തുടര്‍ച്ചയായി തബല വായിച്ചത്. 2022 ജനുവരി 19 നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ നിന്ന് പാര്‍വതിയുടെ പ്രകടനം അംഗീകരിച്ച് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും അയച്ചു നല്കി.
എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് പാര്‍വതി. ഏഴ് വയസ് മുതലാണ് പാര്‍വതി തബല പഠനം ആരംഭിച്ചത്. ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛന് പി. ഉണ്ണികൃഷ്ണന്റെ തബലപ്രണയമാണ് പാര്‍വതിയുടെ തബല പഠനത്തിന് കാരണമായത്. തന്റെ പഠനകാലത്ത് വേദികളിലും സൗഹൃദസദസ്സുകളിലും തബല വായിച്ചിരുന്ന ഉണ്ണികൃഷ്ണന് തബലയില്‍ ശാസ്ത്രീയമായ പരിശീലനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അക്കാലത്ത് അത് നടക്കാത്തതിനാല്‍ തന്നെ മകള്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് ആഗ്രഹിക്കുകയും അതിനായി സാഹചര്യം ഒരുക്കുകയും ചെയ്തു.

ചിട്ടയായ പരിശീലനത്തിലൂടെ മകള്‍ നല്ലൊരു സംഗീതജ്ഞയാവണമെന്ന് ഉണ്ണികൃഷ്ണന് ആഗ്രഹിക്കുന്നു. കുറച്ചു കൂടി വളരുമ്പോള്‍ പാര്‍വതിയ്ക്ക് സംഗീതത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ താത്പര്യം ഉണ്ടായാല്‍ അതിനുള്ള പ്രോത്സാഹനം തീര്‍ച്ചയായും നല്‍കുമെന്നും ഉണ്ണികൃഷ്ണന് പറയുന്നു. കൊച്ചിന് കലാഭവനിലെ തബല അധ്യാപകനായ ശ്രീജേഷ് എം.ആര്. ആണ് പാര്‍വതിയുടെ ഗുരു. കോവിഡ് കാലത്താണ് പാര്‍വതി തബലപഠനത്തില് കൂടുതല്‍ ശ്രദ്ധ ചെലുത്താനാരംഭിച്ചത്. കൂടുതല്‍ സമയം പരിശീലനത്തിനായി നീക്കി വെച്ചു. ഇപ്പോള്‍ പഠനത്തില്‍ വാദ്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.

പ്രശസ്ത തബല വാദകയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ അനുരാധ പാലിന്റെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാനുള്ള അവസരവും പാര്‍വതിയ്ക്ക് ലഭിച്ചു. സംഗീതാഭ്യസനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് പാര്‍വതിയുടെ ആഗ്രഹം. കൂടാതെ അനുജന് കാര്‍ത്തിക്കിന് തബലയുടെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കാനും തുടങ്ങിയിരിക്കുന്നു പാര്‍വതി. നൃത്തത്തിലും ചിത്രരചനയിലും ഈ കൊച്ചുമിടുക്കിയ്ക്ക് ഏറെ താത്പര്യമുണ്ട്.
എല്ലാ പിന്തുണയുമായി ബാങ്കുദ്യോഗസ്ഥയായ കൂടിയായ അമ്മ അനു കെ. നിര്‍മലും ഒപ്പമുണ്ട്. എറണാകുളം വൈറ്റിലയില്‍ റൈസ് റിസര്‍ച്ച് റോഡിന് സമീപത്താണ് പാര്‍വതി കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന് അകമ്പടിയാകുന്ന ഫ്ളൂട്ട് പോലെയുള്ള സംഗീതോപകരണങ്ങള്‍ അഭ്യസിക്കുന്നതിലും പാര്‍വതി ഇപ്പോള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മകളുടെ കൃത്യമായ താത്പര്യം തിരിച്ചറിയാന്‍ അല്പം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണനും അനുവും. എങ്കിലും പെണ്‍സാന്നിധ്യം അധികമില്ലാത്ത തബലവാദനത്തില്‍ മികച്ച കലാകാരിയായി പാര്‍വതിയെ വളര്‍ത്തിക്കൊണ്ടു വരണമെന്ന ആഗ്രഹം ഇരുവരും മറച്ചുവെക്കുന്നില്ല.

Content Highlights: Parvathy Unnikrishnan has got the India Book of Records
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..