പാർവതി തിരുവോത്ത് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ഉറച്ചനിലപാടുകൾ സ്വീകരിക്കുക വഴി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അതുവഴി അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയയായിട്ടുണ്ട്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും നിലപാടുകളിൽനിന്ന് പിറകോട്ട് പോകില്ലെന്ന് പാർവതി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. 15 വർഷമായി പാർവതി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട്. മലയാളത്തിന് പുറമേ കന്നഡത്തിലും തമിഴിലും ഹിന്ദിയിലുമായി മുപ്പതിൽ താഴെ സിനിമകളിലേ അവർ അഭിനയിച്ചിട്ടുള്ളൂ. തന്റെ വ്യക്തിത്വത്തിനും ഐഡിയോളജിക്കും ഇണങ്ങുന്ന സിനിമകളും വേഷങ്ങളും മാത്രമേ അവർ തിരഞ്ഞെടുക്കുന്നുള്ളൂ എന്നതാവാം അതിനുകാരണം. ടേക്ക്ഓഫ്, ഉയരെ, എന്നു നിന്റെ മൊയ്തീൻ, കൂടെ, വൈറസ്, ഹിന്ദിയിൽ ഖരീബ് ഖരീബ് സിംഗ്ൾ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഈ കലാകാരിയുടെ പ്രതിഭയുടെ നേർസാക്ഷ്യങ്ങളാണ്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആർക്കറിയാം എന്ന സിനിമയിലും സ്വാതന്ത്ര്യബോധമുള്ള തന്റേടിയായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചിരിക്കുന്നത്.
സക്കറിയയുടെ പ്രസിദ്ധമായ കഥയുടെ പേരാണ് ‘ആർക്കറിയാം’ എന്നത്. സിനിമയുടെ ഇതിവൃത്തത്തിന് ആ കഥയുമായി ബന്ധമില്ലെങ്കിലും സക്കറിയയുടെ കഥകളുടെ അന്തരീക്ഷം ആ സിനിമയ്ക്കുണ്ടെന്ന് പാർവതി പറയുന്നു: ‘‘സിനിമ തുടങ്ങുന്നതിനുമുമ്പ് പതിമ്മൂന്ന് പുസ്തകങ്ങൾ സംവിധായകൻ സാനു എനിക്കയച്ചു തന്നിരുന്നു. അതെല്ലാം സക്കറിയാ സാറിന്റേതായിരുന്നു. അതെല്ലാം വായിച്ചു. സിനിമയിൽ കാണിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും അവരുടെ ജീവിതരീതിയും സംസാരവും രാഷ്ട്രീയവുമെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്. ശേഷം സിനിമയുടെ സെറ്റിൽ വെച്ച് സാനുവും അദ്ദേഹത്തിന്റെ ഭാര്യ സന്ദീപയും ഞാനും തമ്മിൽ നടന്ന ചർച്ചകളിലൂടെയാണ് ഷെർലി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം ഉരുത്തിരിഞ്ഞു വന്നത്. ഈ സിനിമയുടെ കഥ പൂർണമായും സാനുവിന്റേത് തന്നെയാണ്. പക്ഷേ, സക്കറിയാ സാറിന്റെ കഥകളുടെ മണം ഉണ്ടെന്ന് പറയാം. സാനു, പാലാക്കാരനാണ്. കഥാപാത്രത്തിന്റെ ഡയലക്ട് എങ്ങനെയാണെന്നെല്ലാം പറഞ്ഞു തന്നത് സാനു തന്നെയാണ്.’’
മാധവിക്കുട്ടിയും എം. മുകുന്ദനും
മലയാളത്തിലെയും ഇംഗ്ലീഷിലെയും മികച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് വായിക്കാൻ സിനിമയുടെ തിരക്കിനിടയിലും പാർവതി സമയം കണ്ടെത്തുന്നുണ്ട്. ‘‘പഠനകാലത്ത് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പുസ്തകങ്ങളായിരുന്നു വായിച്ചിരുന്നത്. മലയാളം വായിച്ചു തുടങ്ങിയത് വളരെ വൈകിയാണ്. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലവും എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും വായിച്ചാണ് തുടങ്ങുന്നത്. നീർമാതളം പൂത്തകാലം വല്ലാതെ സ്വാധീനിച്ച പുസ്തകമാണ്. മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്ന് താത്‌പര്യമുണ്ട്. അവരെ എനിക്ക് ഒരിക്കൽ പോലും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അവരെ വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരം അവരുടെ ജീവിതത്തെ വിവാദമാക്കാതിരിക്കുക എന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയൊന്നുമല്ലാതെ അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ വലിയ സന്തോഷം തോന്നും.’’
കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മലയാള സിനിമയാണ് എന്നും മുന്നിൽ നിൽക്കുന്നതെന്നും മികച്ച എഴുത്തുകാരുടെ ഉൾക്കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മലയാളത്തിലെ അഭിനേത്രികൾക്ക് അവസരം കിട്ടുന്നുണ്ടെന്നും പാർവതി വിശ്വസിക്കുന്നു.
‘‘പുരുഷകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പോലും ഏറെ ശക്തമായ രീതിയിലാണ് മലയാളത്തിലെ തിരക്കഥാകൃത്തുകൾ അവതരിപ്പിച്ചിരിക്കുന്നത്. ശോഭനച്ചേച്ചിയും ഉർവശിച്ചേച്ചിയും സുകുമാരിയമ്മയുമെല്ലാം മിഴിവുറ്റ ഒട്ടേറെ കഥാപാത്രങ്ങൽക്ക് ജീവൻ നൽകി. കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല് പോലുള്ള സിനിമകളുടെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോവില്ല. അതിലെ സ്ത്രീകഥാപാത്രങ്ങൾ സ്‌ക്രീനിനിപ്പുറത്തേക്ക് ഓടിപ്പോകുന്ന രംഗം, ചുമര് തകർത്ത് ഓടിപ്പോവുക എന്നൊരു സംഭവമുണ്ട് അതിൽ. അതിനെക്കാൾ ശക്തമായൊരു ഇമേജറി എന്റെ മനസ്സിലില്ല.
അതേപോലെയാണ് ആൾക്കൂട്ടത്തിൽ തനിയെയിലെ സീമച്ചേച്ചിയുടെ കഥാപാത്രം. ആ കാലഘട്ടത്തിലെ ഐഡിയോളജിയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും സൂക്ഷ്മമായി ആഴത്തിലുള്ള വികാരങ്ങളാണ് ആ കഥാപാത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത്തരം പരിശ്രമങ്ങൾ, സിനിമകൾ മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും കാണില്ല. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നല്ല ഉദാഹരണമാണ്. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതൽ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമർശനത്തിന്റെ അംശങ്ങൾ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്.’’
സിനിമയിലെ ആൺമേൽക്കോയ്മ
സിനിമയിൽ സ്ത്രീകൾക്ക് ബഹുമാനവും പ്രാധാന്യവും ലഭിക്കാൻ പരിശ്രമിക്കേണ്ടത് സിനിമയിൽത്തന്നെ പ്രവർത്തിക്കുന്ന സ്ത്രീകൾ തന്നെയാണെന്നും ഇന്ത്യൻ സിനിമയിൽ നിലനിൽക്കുന്ന മേൽക്കോയ്മകളിൽ മാറ്റം ഉണ്ടാവുക തന്നെ ചെയ്യുമെന്നും പാർവതി വിശ്വസിക്കുന്നു.
‘‘നമ്മൾ എത്രത്തോളം അധ്വാനിക്കുന്നു, എത്രത്തോളം സ്ട്രഗ്ൾ ചെയ്യുന്നു എന്നതിനനുസരിച്ചാണ് സ്ത്രീകൾക്ക് പ്രാധാന്യവും അവസരങ്ങളും ലഭിക്കുന്നത്. എനിക്കുമുമ്പ് വന്ന നടികളും വനിതാ സംവിധായകരും മറ്റ് സാങ്കേതികപ്രവർത്തകരും വെട്ടിത്തെളിച്ച വഴി ഉള്ളതുകൊണ്ടാണ് എനിക്കിത്രയും ദൂരം വരാൻ കഴിഞ്ഞത്. ഇനി ഞാൻ ഇതെത്ര മുന്നോട്ടുകൊണ്ടുപോവുന്നോ അവിടന്ന് വേണം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് സഞ്ചരിക്കാൻ. തീർച്ചയായും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവും. കാരണം അധികാരഘടനയിൽ ആൺകോയ്മയെന്നത് കൂടുതൽ ശീലിച്ചിട്ടുള്ള കാര്യമാണ്. അത് സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം ശീലമാണ്. അതല്ലാത്ത ഒരു യാഥാർഥ്യം നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ല. അധികാരത്തിന്റെ ശ്രേണിയിൽ അങ്ങനെ ലിംഗസമത്വത്തിന്റെ അവസ്ഥ ഉണ്ടാവണമെങ്കിൽ നിലവിലുള്ള മേൽക്കോയ്മ വിട്ടുകളയാൻ പുരുഷനും തുല്യമായ അവസ്ഥ എന്തെന്ന് തിരിച്ചറിഞ്ഞ് സ്വന്തം അധികാരം ഉൾക്കൊള്ളാൻ സ്ത്രീയും പ്രാപ്തയാവണം. അത്തരം കാര്യങ്ങളൊക്കെ ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്. പ്രതികൂലമായ അവസ്ഥ തുടർന്നുകൊണ്ടിരിക്കും. തടസ്സങ്ങൾ ഉണ്ടാവും. പക്ഷേ, മാറ്റങ്ങൾ വരാതെ നിവൃത്തിയില്ല.’’
സിനിമകൾക്കുവേണ്ടി അതിലെ കഥാപാത്രങ്ങളായി മാറുന്നതിന് വേണ്ടി നല്ല പരിശ്രമം നടത്തുന്ന അഭിനേത്രിയാണ് പാർവതി.
'സിനിമ മൊത്തത്തിൽ തന്നെ മനസ്സിലാക്കി വേണം അഭിനയിക്കാൻ. അല്ലാതെ എന്റെ കഥാപാത്രത്തെ മാത്രം നോക്കിയിട്ട് കാര്യമല്ല. ടേക്ക്ഓഫിൽ സംവിധായകൻ മഹേഷ് നാരായണൻ എന്നോട് ആദ്യമേ പറഞ്ഞിരുന്നു, ഹോംവർക്ക് ചെയ്യുന്നത് നന്നായിരിക്കുമെന്ന്. മഹേഷിന്റെ കൂടെയും അല്ലാതെയും ആശുപത്രി വാർഡുകളിൽ ചെന്ന് നഴ്‌സുമാർക്കൊപ്പം രാത്രിഷിഫ്റ്റ് സമയത്ത് ഇരുന്ന് നോക്കിപ്പഠിച്ചു. അവർ എങ്ങനെയാണ് ജോലിചെയ്യുന്നത്, അവരുടെ സംസാരശൈലി, രോഗികളോട് പെരുമാറുന്ന രീതി എല്ലാം മനസ്സിലാക്കി. അതൊക്കെ കണ്ടതിനുശേഷം ഞാനറിയാതെ തന്നെ അങ്ങനെയൊരു ശരീരഭാഷ വന്നിരിക്കണം.
എന്നാൽ, ഒരിക്കലും നിത്യജീവിതത്തിൽ കണ്ട മനുഷ്യരെ അനുകരിക്കാൻ ശ്രമിക്കാറില്ല. ഉയരെയ്ക്ക് വേണ്ടി ആസിഡ് വീണ് മുഖം പൊള്ളിയ രീതിയിൽ മേക്കപ്പിട്ട് മുഖം കണ്ണാടിയിൽ കാണുമ്പോൾ പൊള്ളിയ ഭാഗത്ത് മറ്റേ ഭാഗത്ത് ചെയ്യുന്നപോലെത്തന്നെ തൊട്ടുനോക്കാനും ചൊറിയാനുമെല്ലാം ശ്രമിച്ചിരുന്നു. അത് എന്റെ മുഖത്തിന്റെ ഭാഗം തന്നെയാണെന്ന ഒരു ഫീൽ ഉണ്ടാക്കിയെടുക്കാനായിരുന്നു അത്. അതുകൊണ്ടു തന്നെ സീനിൽ ആ മുഖത്തെ സ്വാഭാവികമായിത്തന്നെകൊണ്ടു നടക്കാനായി. മുഖം പ്രത്യേകിച്ച് ചെരിച്ച് പിടിക്കുകയോ അസ്വാഭാവികമായ ഒന്നാണെന്ന് ഫീൽ ചെയ്യുകയോ ഉണ്ടായില്ല. കഥാപാത്രത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് തുടക്കത്തിലേ പിടികിട്ടിയാൽ അതുവേണ്ടെന്ന് വെക്കാനാണ് ശ്രമിക്കുക. പക്ഷേ, ഒരു കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ അതെങ്ങനെ ചെയ്യുമെന്ന ചിന്ത വരുന്നുണ്ടെങ്കിൽ തീർച്ചയായും സ്വീകരിക്കും. കാരണം അതിൽ എന്തെങ്കിലും വെല്ലുവിളി ഉണ്ടാകും. ആ ഒരു കഥാപാത്രം എവിടെനിന്ന് തുടങ്ങണം, എങ്ങനെ ചെയ്യണം എന്നെല്ലാമുള്ള ഒരു ബോധ്യമുണ്ടാവും. ഞാനും പ്രേക്ഷകരും തമ്മിലൊരു കരാർ ഉണ്ടെന്നാണ് വിശ്വാസം. അവർ കാശുകൊടുത്ത് തിയേറ്ററിൽ വരുമ്പോൾ ഞാനവർക്ക് എന്തെങ്കിലും നൽകേണ്ടതുണ്ട്. അതൊരു ശരാശരി പ്രകടനമാവരുതെന്ന് നിർബന്ധവുമുണ്ട്.’’
നസറുദ്ദീൻ ഷായുടെ ആരാധിക
ഒപ്പം അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നസറുദ്ദീൻ ഷായാണെന്ന് പാർവതി പറയുന്നു:
‘‘അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതേപോല ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതിതോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്.’’
ചില വിഷയങ്ങളിൽ നിലപാടുകൾ എടുക്കുമ്പോൾ അതിൽ എതിർപ്പുള്ളവർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ ചിലപ്പോൾ ഭയപ്പെടുത്താറുണ്ടെന്നും പാർവതി പറയുന്നു.
‘‘സോഷ്യൽ മീഡിയയിൽ വരുന്ന ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടിതോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങൾ കഴിഞ്ഞദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാൻ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും.- എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോൾ ആരായാലും ഒന്നു പേടിച്ചുപോവില്ലേ. അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാൻ പോലുമാവില്ല. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളിൽ, ശൈലിയിൽ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം, സമരം...’’
ഇനി ‘പുഴു’വിൽ
നവാഗതയായ രത്തീന സർഷാദ് സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. മമ്മൂക്കയും ഞാനുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നത്. ഞങ്ങൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഴു. ഹർഷാദ്, ഷറഹു, സുഹാസ് എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് എസ്. ജോർജാണ്.
Content Highlights: Parvathy Thiruvothu Actor Interview, Aarkkariyam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..