രങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിനു തന്നെ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍. അതും ഓസ്‌കറിന്റെ ചരിത്രത്തിലെ ഇനിയും ഭേദിക്കപ്പെടാത്ത മറ്റൊരു ബഹുമതികൂടി -ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം-സ്വന്തം പേരില്‍ ചേര്‍ത്തുകൊണ്ട്. ടാറ്റും ഒനീല്‍ എന്ന അമേരിക്കന്‍ പെണ്‍കുട്ടി പത്താം വയസ്സില്‍ ഉദിച്ചുയരുകയായിരുന്നു പേപ്പര്‍ മൂണ്‍ എന്ന  ചിത്രത്തിലൂടെ.

1929 - ല്‍ അമേരിക്കയില്‍ തുടങ്ങി ലോകത്തെ  പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തിന്റെ (ദ ഗ്രേറ്റ് ഡിപ്രഷന്‍) കാലത്തെ കഥയാണ് സംവിധായകന്‍ പീറ്റര്‍ ബൊഗ്ദനോവിച്ച് ' പേപ്പര്‍ മൂണി'ലൂടെ അവതരിപ്പിക്കുന്നത്. മോസസ് പ്രേ (റയാന്‍ ഒ നീല്‍)  എന്ന ചെറുകിട തട്ടിപ്പുകാരനും  അഡി ലോഗിന്‍സ്  ( ടാറ്റും ഒനീല്‍) എന്ന ഒമ്പതുവയസുകാരി പെണ്‍കുട്ടിയും ചേര്‍ന്ന് ജീവിക്കാന്‍ വേണ്ടി നടത്തുന്ന തരികിടകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാര്‍ത്ഥ ജീവതിത്തില്‍ അച്ഛനും മകളുമായ റയാനും ടാറ്റും ഒനീലും സിനിമയില്‍ തട്ടിപ്പും തരികിടകളുമായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ചെറുകിട തട്ടിപ്പുകളുമായി നടക്കുന്ന മോസസിനെ (പ്രേക്ഷകരെയും) അമ്പര്പ്പിക്കുന്ന തട്ടിപ്പുകളാണ് അഡി പുറത്തെടുക്കുന്നത്. 1973-ലാണ്  ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം റിലീസായത്.

അമേരിക്കയിലെ കാന്‍സസ്, മിസൗറി പ്രദേശങ്ങളില്‍ 1936-ലാണ് കഥ അരങ്ങേറുന്നത്. ഒരു അപകടത്തില്‍  അമ്മ മരിക്കുന്നതോടെ  അഡി അനാഥയാകുന്നു. അമ്മയുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് മോസസ് പ്രേ എത്തുന്നു. അഡിയുടെ അച്ഛനാണ് മോസസ് എന്ന് അയല്‍ക്കാര്‍ക്ക് സംശയം. ഒരുപരിചയക്കാരന്‍ മാത്രമാണ് താനെന്ന് മോസസ് വ്യക്തമാക്കുന്നു. അനാഥയായ അഡിയെ മിസൊറിയിലെ സെന്റ് ജോസഫിലുള്ള ബന്ധുവിന്റെ അടുത്തെത്തിക്കാനുള്ള ചുമതല മോസസിനായി.

അഡിയുടെ അമ്മ മരിക്കാന്‍ കാരണക്കാരനാകുന്ന ആളിന്റെ സഹോദരനില്‍ നിന്നും കി്ട്ടുന്ന നഷ്ടപരിഹാരം അടിച്ചു മാറ്റുകയായിരുന്നു മോസസിന്റെ ലക്ഷ്യം. വന്‍തുക ഇയാളോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 200 ഡോളറിന് സമ്മതിക്കുന്നു. ഇക്കാര്യം അഡി ഒളി്ഞ്ഞു നിന്നു കേള്‍ക്കുന്നുണ്ട് . യാത്രയ്ക്കിടയില്‍  ഒരു റസ്റ്റോറന്റില്‍ വച്ച് അഡി തനിക്കു ലഭിക്കേണ്ട 200 ഡോളര്‍ ആവശ്യപ്പെടുന്നു. കിട്ടിയ പൈസയില്‍ പകുതി  തന്റെ പഴയ കാര്‍ നന്നാക്കാനായി മോസസ് ചെലവാക്കിയിരുന്നു. ഗത്യന്തരമില്ലാതെ , പൈസ തിരിച്ചുനല്‍കുന്നതുവരെ അഡിയെ കൂടെ കൂട്ടാമെന്ന് മോസസ് സമ്മതിച്ചു.

അടുത്തിടെ ഭര്‍ത്താക്കന്‍മാര്‍ മരിച്ച സ്ത്രീകള്‍ക്ക് ബൈബിള്‍ വിറ്റാണ് മോസസ് തട്ടിപ്പു നടത്തുന്നത്. ഇവരുടെ മേല്‍വിലാസം അയാള്‍ മനസ്സിലാക്കും. തുടര്‍ന്ന് വീടുകളിലെത്തി ഭര്‍ത്താവ് അവര്‍ക്കുവേണ്ടി ബൈബിള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കും. അതും സ്വന്തം പേരുകള്‍ ആലേഖനം ചെയ്ത ബൈബിള്‍. ഇത്രയുമാകുമ്പോള്‍ സ്ത്രീകള്‍ വീണു പോകും. പേര് പതിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം മോസസിന്റെ കൈവശമുണ്ട്.

മിസൗറിയിലേക്കുള്ള യാത്രയിലും മോസസ് ഇത്തരം തട്ടിപ്പുമായാണ് മുന്നേറുന്നത്. ഒന്നു രണ്ടു സ്ഥലങ്ങളില്‍ തട്ടിപ്പ് പൊളിയാന്‍ തുടങ്ങുമ്പോള്‍ അഡിയുടെ ബുദ്ധി സാമര്‍ഥ്യമാണ് അവരെ രക്ഷപ്പെടുത്തുന്നത്. മോസസ് 12 ഡോളറിന് വിറ്റിരുന്ന ബൈബിള്‍ 24 ഡോളറിന് വിറ്റാണ് അഡി സാമര്‍ഥ്യം തെളിയിക്കുന്നത്.

സെന്റ് ജോസഫ്സിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു ദിവസം രാത്രി അവര്‍ ഒരു കാര്‍ണിവല്‍ കാണാന്‍ ഇറങ്ങുന്നു. അവിടുത്തെ മാദക നര്‍ത്തകി ട്രിക്സി ഡിലൈറ്റുമായി (മഡെലിന്‍ കാന്‍) ചങ്ങാത്തത്തിലായി. ഇവിടുത്തെ ഒരു സ്റ്റുഡിയോയില്‍ വച്ചാണ് അഡി പേപ്പര്‍ കൊണ്ട് (കാര്‍ഡ് ബോര്‍ഡ്) നിര്‍മിച്ച ഒരു ചന്ദ്രന്റെ മാതൃകയില്‍  ഇരുന്നുള്ള ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുക്കാന്‍ വരാന്‍ മോസസിനെ അഡി നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് ട്രിക്സിക്കൊപ്പം പോകാനാണ് താല്‍പര്യം.

തുടര്‍ന്നുള്ള യാത്രയില്‍ ട്രിക്സിയെയും അവരുടെ ആഫ്രോ-അമേരിക്കന്‍ സഹായി ഇമോജിനെയും (പി.ജെ.ജോണ്‍സണ്‍) മോസസ് കൂടെ കൂട്ടുന്നു. മോസസും ട്രിക്സിയും അടുത്തിടപഴകുന്നത് അഡിയെ അസൂയാലുവാക്കുന്നു. ട്രിക്സിയെ പാട്ടിലാക്കാന്‍ വേണ്ടി അയാള്‍ ഒരു പുതിയ കാറും വാങ്ങുന്നു. ഇതിനിടെ അഡിയും ഇമോജിനും ചങ്ങാത്തത്തിലായിരുന്നു. തന്ത്രപരമായ ഒരു നീക്കത്തിലൂടെ ഇരുവരും ചേര്‍ന്ന് മോസസിനെ ട്രിക്സിയുമായി തെറ്റിക്കുന്നു.

തുടര്‍ന്നുള്ള യാത്രയില്‍ കാന്‍സസിലെ ഹോട്ടലില്‍ വച്ച് മോസസും അഡിയും ഒരു വ്യാജമദ്യവില്‍പനക്കാരനെ കാണുന്നു. ഇരുവരും ചേര്‍ന്ന് അയാളുടെ മദ്യം കബളിപ്പിച്ച് അയാള്‍ക്കു തന്നെ വില്‍ക്കുന്നു. മദ്യവില്‍പ്പനക്കാരന്റെ സഹോദരന്‍ അവിടുത്തെ ഷെരീഫ് (പോലീസ് ഓഫീസര്‍ ആണ്). അയാള്‍ ഇരുവരെയും അറസ്റ്റു ചെയ്തെങ്കിലും അഡിയുടെ ബുദ്ധിയില്‍ ഇരുവരും രക്ഷപ്പെട്ടു. പിടിക്കപ്പെടാതിരിക്കാനായി പുതിയ കാര്‍ ഒരു കര്‍ഷകന്റെ കുടുംബത്തിന് നല്‍കി (അതിനായി മോസസിന് ഗുസ്തിയില്‍ ജയിക്കേണ്ടിയും വരുന്നു) അവരുടെ പഴയ ട്രക്കുമായി ഇരുവരും മുമ്പോട്ടു പോയി. പക്ഷേ മിസോറിയില്‍ വച്ച് മോസസ്  ഷെരീഫിന്റെയും  സംഘത്തിന്റെയും പിടിയിലായി. മോസസിനെ മര്‍ദ്ദിച്ചവശനാക്കി പണവുമായി അവര്‍ കടന്നു. നിരാശനായ മോസസ് വൈകാതെ അഡിയെ അവളുടെ ആന്റിയുടെ വീട്ടിലാക്കി. പക്ഷേ ആഡിക്കിഷ്ടം മോസസിനൊപ്പം കൂടാനാണ്. പെട്ടെന്നു തന്നെ പുറത്തു ചാടി അവള്‍ മോസസിനടുത്തെത്തുന്നു. ഒപ്പം കൂട്ടാനാകില്ലെന്ന് അയാള്‍ പറയുമ്പോള്‍ ആഡി തന്റെ തുറുപ്പു ചീട്ടിറക്കുന്നു-'യു സ്റ്റില്‍ ഓവ് മീ 200 ഡോളേഴ്സ്'. മുന്നോട്ടു പോകാനുള്ള വഴിയും അവള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്-വീ വില്‍ പ്ലേ ഔര്‍ ഓള്‍ഡ് ലേഡി ബൈബിള്‍ ട്രിക്ക്'.

റയാന്റെയും ടാറ്റും ഒനീലിന്റെയു മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. നായക കഥാപാത്രമായി അക്കാലത്തു തന്നെ  പേരെടുത്തിരുന്ന അച്ഛന്‍ റയാനെ വെല്ലുന്ന പ്രകടനമാണ് തന്റെ ആദ്യ ചിത്രത്തില്‍  ടാറ്റും കാഴ്ചവച്ചത്. ചിത്രത്തില്‍ ഒരിക്കല്‍പ്പോലും അവള്‍ ചിരിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക്  ഫ്രാങ്കല്‍ന്‍ ഡി റൂസ്​വെൽറ്റിനെ (സാമ്പത്തിക മാന്ദ്യ കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്) ക്വോട്ട് ചെയത്  അവള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുമുണ്ട്. വരും കാലങ്ങളില്‍ ഹോളിവുഡിനെ കീഴടക്കാന്‍ പോകുന്ന ഒരു താരത്തിന്റെ അരങ്ങേറ്റമാണ് പേപ്പര്‍ മൂണില്‍ കണ്ടത് (അഭിനയത്തിനുപുറമേ  മൈക്കല്‍ ജാക്സണുമായുള്ള സൗഹൃദത്തിലൂടെയുംടെന്നീസ് താരം ജോണ്‍ മക്കെന്‍ റോയെ വിവാഹം ചെയ്തും പിന്നീട് വിവാഹ മോചിതയായും മയക്കുമരുന്നിനടിമപ്പെട്ടുമൊക്കെ ടാറ്റും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. മുതിര്‍ന്നപ്പോള്‍ അച്ഛന്‍ റയാനുമായുള്ള  ബന്ധത്തിലും വിള്ളലുണ്ടായി).

അമേരിക്കന്‍ നോവലിസ്റ്റ് ജോ ഡേവിഡ് ബ്രൗണിന്റെ 'അഡീ പ്രേ' (1971)എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'പേപ്പര്‍ മൂണ്‍'. സിനിമയുടെ വിജയത്തെത്തുടര്‍ന്ന് ബ്രൗണ്‍ തന്റെ നോവലിന് 'പേപ്പര്‍ മൂണ്‍ ' എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. 1973-ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 'പേപ്പര്‍ മൂണ്‍'.

(അവലംബം : പേപ്പര്‍മൂണ്‍-സിനിമ, വിക്കിപീഡിയ)

Content Highlights: paper moon movie Tatum O'Neal wins oscar first best actress Peter Bogdanovich