പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ | ഫോട്ടോ: രാജി പുതുക്കുടി | മാതൃഭൂമി
സംഗീതത്തോട് അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുതെന്ന് പറയുകയാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ. കുട്ടികളെ അവരുടെ അഭിരുചികൾ വളർത്താനാണ് രക്ഷിതാക്കൾ സഹായിക്കേണ്ടത്. ജോലി കിട്ടാൻ വേണ്ടി മാത്രം പഠിക്കുക എന്ന ചിന്ത കുട്ടികളിൽ വളർത്തരുതെന്നും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പറയുന്നു. കേരളം സംഗീത ആസ്വാദകർ ഏറെ ഉള്ള നാടാണ്. എന്നാൽ സംഗീതം പഠിക്കാനുള്ള കോളേജുകളും യൂണിവേഴ്സിറ്റികളും ദക്ഷിണേന്ത്യയിൽ തന്നെ അത്ര ഇല്ല കോഴിക്കോട് കുന്നമംഗലം ഐ.ഐ.എമ്മിൽ അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രുതി അമൃതിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി സംസാരിച്ചു.
മറ്റു പല രാജ്യങ്ങളിലും സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ് ഉപകരണസംഗീതം. ഇന്ത്യയിലും പാഠ്യപദ്ധതിയുടെ ഭാഗമായി ഇൻസ്ട്രുമെന്റൽ മ്യൂസിക് ഉൾപ്പെടുത്തേണ്ടതല്ലേ?
ഇന്ത്യയിൽ ഇൻസ്ട്രുമെന്റൽ മ്യൂസിക് മാത്രമല്ല എല്ലാ തരത്തിലുള്ള സംഗീതവും കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് തീർച്ചയായും പുതു തലമുറയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. പക്ഷെ ഇവിടെ അനുഭവിക്കുന്ന പ്രതിസന്ധി എന്നുപറയുന്നത് വിദഗ്ധരായ അധ്യാപകരുടെ കുറവാണ്. ഓരോ വാദ്യോപകരണത്തിലും മികവ് തെളിയിച്ച ആളുകളെ കൊണ്ട് വേണം പുതുതലമുറയ്ക്ക് സംഗീതം പകർന്നു നൽകാൻ. എല്ലാ കുട്ടികൾക്കും വാദ്യോപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് വേറെ ഒരു പ്രശനം.. ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചു വേണം സംഗീതം കരിക്കുലത്തിന്റെ ഭാഗം ആക്കാൻ.

രക്ഷിതാക്കൾ കുട്ടികളെ ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാൻ നിർബന്ധിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമ്മളുടേത്. ഇതിന് ഇനിയെങ്കിലും മാറ്റം വരണ്ടേ?
തീർച്ചയായും വേണം. എന്റെ ചെറുപ്പത്തിൽ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടതാണ്. അച്ഛനാണ് എന്നെയും സഹോദരനെയും വളർത്തിയത്. അദ്ദേഹത്തിന് സംഗീതം ഇഷ്ടമേ അല്ലായിരുന്നു. എന്തെങ്കിലും വരുമാനമുള്ള ജോലി കണ്ടെത്താനാണ് അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. പുല്ലാങ്കുഴലിനോടുള്ള എന്റെ കമ്പത്തെ അദ്ദേഹം ഒരിക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്തില്ല. അദ്ദേഹം കാണാതെ, അറിയാതെയാണ് ഞാൻ സംഗീതം പഠിച്ചത്. അവർക്ക് വേണ്ടിയിരുന്നത് എന്തെങ്കിലും വരുമാനമുള്ള ജോലി മാത്രമായിരുന്നു. പക്ഷെ എന്റെ മനസ്സിൽ ഉള്ളത് കൃഷ്ണ സംഗീതം ആയിരുന്നു. പിന്നീട് ഞാൻ എനിക്ക് ഇഷ്ടമുള്ള മേഖലയിൽ പേരെടുത്തപ്പോൾ അതിൽ അഭിമാനം കൊള്ളുക കൂടി ചെയ്ത ആളായിരുന്നു എന്റെ അച്ഛൻ.

എല്ലാ കുട്ടികളുടെ ഉള്ളിലും അതുപോലെയുള്ള എന്തെങ്കിലും അഭിരുചികൾ ഉണ്ടാവും. എന്നാൽ അച്ഛൻ അമ്മമാർ കുട്ടികളെ ഉയർന്ന വരുമാനം ഉള്ള ജോലി, അതാണ് ഇതാണ് എന്ന് പറഞ്ഞ് പലതിലേക്കും വഴിതിരിച്ചുവിടുകയാണ്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആവുന്നത് പോലെ തന്നെ മഹത്തരം ആണ് ലോകം അറിയപ്പെടുന്ന സംഗീതജൻ ആകുന്നതും. ഇന്ന് ലോകം വലുതാണ്. കുട്ടികൾക്ക് അവരുടെ താല്പര്യം തിരിച്ചറിയാനും അത് അഭ്യസിക്കാൻ ഉള്ള ഇടങ്ങൾ കണ്ടെത്താനും ഉള്ള അവസരങ്ങൾ അവർക്ക് ചുറ്റും തന്നെ ഉണ്ട്. കുട്ടികളെ അതിന് പ്രോത്സാഹിപ്പിക്കുക ആണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. കുട്ടികൾ പാട്ട് പാടുമ്പോൾ അവരെ പിന്തുണയ്ക്കണം എന്നാണ് എനിക്ക് എല്ലാ രക്ഷിതാക്കളോടും പറയാൻ ഉള്ളത്.

ഉത്തരേന്തയിൽ ആണ് സംഗീതം പഠിക്കാനുള്ള അവസരം കൂടുതലുള്ളത്. മറ്റിടങ്ങളിലും ഇത് വേണ്ടേ?
സംഗീതം ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ മുഴുവൻ. പക്ഷെ ബനാറസ് പോലുള്ള സ്ഥലങ്ങളിലാണ് സംഗീത സർവകലാശാലകൾ കൂടുതലും ഉള്ളത്. നേരത്തെ ഫ്ലൂട്ട് വായിക്കുന്ന പെൺകുട്ടികൾ തീരെ കുറവായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറി. മിടുക്കികൾ ആയ ശിഷ്യകൾ എനിക്ക് തന്നെ ഉണ്ട്. അങ്ങനെ എല്ലാ സ്ഥലങ്ങളിലും സംഗീതം കൂടുതൽ കൂടുതൽ പഠിക്കാൻ ആളുകൾ ഉണ്ടാവട്ടെ. അപ്പോൾ അതിനുള്ള ഇടങ്ങളും തുറക്കപ്പെടും.
Content Highlights: pandit hariprasad chaurasia interview, hariprasad chaurasia about instrumentla music studying
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..