'ഐരാവതക്കുഴി' എന്ന സാങ്കല്പിക ഗ്രാമത്തിലാണ് 'പഞ്ചവടിപ്പാലം' എന്ന സിനിമയുടെ കഥ നടന്നത്... അവിടെ പുഴയുടെ കുറുകെയാണ് 200 അടി നീളത്തില്‍ 'പഞ്ചവടിപ്പാലം' നിര്‍മിച്ചത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചത്... പുഴയുടെ കുറുകെയല്ല, റോഡിലെ ഗതാഗതം സുഗമമാക്കാന്‍, 750 മീറ്ററില്‍ റോഡിന് മുകളിലൂടെയൊരു പാലം. പാലാരിവട്ടം പാലത്തെ ഇന്ന് കോടതിയുള്‍പ്പെടെ വിളിക്കുന്നത് 'പഞ്ചവടിപ്പാലം' എന്നാണ്.

'ഐരാവതക്കുഴി' പഞ്ചായത്തില്‍ കുത്തിയൊഴുകുന്ന ആറിന് കുറുകെ സിനിമ പകര്‍ത്താനായി കെട്ടിയുയര്‍ത്തിയ പാലം ഏറെ പണിപ്പെട്ടാണ് അന്ന് തകര്‍ത്തത്. പാലാരിവട്ടത്ത് സിമന്റും കമ്പിയുമൊക്കെയിട്ട് പണിത പാലം എത്രനാള്‍ നിലനില്‍ക്കുമെന്ന് ആര്‍ക്കുമില്ലായിരുന്നു ഉറപ്പ്.

പാലാരിവട്ടത്തെ 'തട്ടിക്കൂട്ട്' പാലവുമായി താരതമ്യം ചെയ്ത് 'പഞ്ചവടിപ്പാല'ത്തെ അപമാനിക്കരുതേ എന്ന് പറയുകയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

കാര്‍ട്ടൂണ്‍ പോലൊരു സിനിമ -കെ.ജി. ജോര്‍ജ്

'കാര്‍ട്ടൂണ്‍ പോലൊരു രാഷ്ട്രീയസിനിമ...' അതായിരുന്നു മനസ്സില്‍... 'വേളൂര്‍ കൃഷ്ണന്‍കുട്ടി'യുടെ കഥ വായിച്ചപ്പോള്‍ത്തന്നെ അതിലൊരു സിനിമയ്ക്കുള്ള വകയുണ്ടെന്ന് തോന്നി. കഥയുടെ പേര് 'പഞ്ചവടിപ്പാലം' എന്നായിരുന്നില്ല. നിര്‍മാതാവായ ഗാന്ധിമതി ബാലനുമായി കഥ പങ്കുവെച്ചു. ബാലന് താത്പര്യമായി. സിനിമയുടെ തിരക്കഥ സ്വയം തയ്യാറാക്കി. സംഭാഷണം ആര് എഴുതണമെന്നത് സംബന്ധിച്ച് ഒട്ടേറെ ആലോചിച്ചു.

'രഷ്ട്രീയ കാര്‍ട്ടൂണിലെ സംഭാഷണം പോലെയായിരിക്കണം സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കേണ്ടത് എന്ന് തീരുമാനിച്ചു. അങ്ങനെയാണ് 'കാര്‍ട്ടൂണിസ്റ്റ് യേശുദാസ'നെ സമീപിക്കുന്നത്. അദ്ദേഹം സമ്മതം പറഞ്ഞതോടെ സിനിമയുടെ ജോലികള്‍ ആരംഭിച്ചു. ഭരത് ഗോപി 'ദുശ്ശാസനക്കുറുപ്പ്' ആയി ജീവിക്കുകയായിരുന്നു സിനിമയില്‍.

-പഞ്ചവടിപ്പാലത്തില്‍ പറഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഇന്ന് കണ്‍മുന്നില്‍ സംഭവിക്കുമ്പോള്‍, ഓര്‍മകളുടെ ഇഴമുറിയുന്ന വയ്യായ്കയിലും 'പഞ്ചവടിപ്പാല'ത്തിന്റെ സംവിധായകന്‍ ചിരിച്ചു.

കാത്തവരായന്‍ സംവിധായകന്റെ സൃഷ്ടി

നടന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന 'കാത്തവരായന്‍' സിനിമയിലെ മുഴുനീള കഥാപാത്രമാണ്. ചക്രവണ്ടിയില്‍ സഞ്ചരിക്കുന്ന വികലാംഗനാണ് കാത്തവരായന്‍. നോവലില്‍ ഇല്ലാത്ത കഥാപാത്രമാണിത്. സിനിമയ്ക്കുവേണ്ടി സംവിധായകന്‍ സൃഷ്ടിച്ചതായിരുന്നു ആ കഥാപാത്രം. 'കാത്തവരായന്‍' എന്ന പേര് തമിഴില്‍ നിന്ന് എടുത്തതാണ്. പാലം തകരുമ്പോള്‍ കാത്തവരായന് മാത്രമാണ് ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നത്.

പൊട്ടിച്ചിരിപ്പിച്ച സംഭാഷണങ്ങള്‍

സീന്‍ ഒന്ന്

വെളുപ്പാന്‍കാലത്ത് പഞ്ചവടിപ്പാലത്തിനടിയില്‍ കാത്തവരായനും പഞ്ചായത്ത് മെമ്പര്‍ ശിഖണ്ഡിപ്പിള്ളയും തമ്മിലുള്ള സംഭാഷണം:

കാത്തവരായന്‍: 'അല്ല പിള്ളച്ചേട്ടാ, നമ്മുടെ ഈ പ്രദേശം ഇങ്ങനെ ഉറങ്ങിക്കെടന്നാ മതിയോ...? ഈയിടെയായിട്ട് ഒരു യോഗമോ, ഒരു മീറ്റിങ്ങോ ഒന്നും നടക്കുന്നില്ല. ഒരു മന്ത്രീടെ പ്രസംഗം കേട്ടിട്ട് നാളെത്രയായി...?'

പിള്ള: 'ഓ മന്ത്രീടെ പ്രസംഗം കേക്കാത്തതുകൊണ്ടായിരിക്കും ഈയിടെയായിട്ട് നീയങ്ങു മെലിഞ്ഞുപോയത്...'

കാത്തവരായന്‍: 'ആ പറഞ്ഞത് സത്യമാ... ആഴ്ചയിലൊരു പ്രസംഗമെങ്കിലും കേട്ടില്ലെങ്കില്‍ എന്റെ ശരീരത്തിന് വല്ലാത്തൊരു തളര്‍ച്ചയും കൈകാലുകള്‍ക്ക് കഴപ്പും തോന്നും...'

പിള്ള: 'അതൊരു വല്ലാത്ത അസുഖമാണല്ലോടാ, കാത്തവരായാ...'

കാത്തവരായന്‍: 'മന്ത്രിമാരുടെ പ്രസംഗം കേള്‍ക്കുന്നത് എനിക്ക് ജീവന്‍ടോണ്‍ കഴിക്കുന്നതുപോലെയാ...'

ഇന്ന് കേട്ടാലും ആരും പൊട്ടിച്ചിരിക്കും 'പഞ്ചവടിപ്പാല'ത്തിലെ ഇത്തരം സംഭാഷണങ്ങള്‍. അതിഭാവുകത്വമുള്ള കഥാപാത്രങ്ങള്‍ക്കായി കരുതിക്കൂട്ടി എഴുതിയതായിരുന്നു ആ സംഭാഷണങ്ങള്‍.

'ഒരുകാര്യം സംസാരിക്കാനുണ്ട് ഒന്നു കാണാന്‍ പറ്റുമോ' എന്നു ചോദിച്ച് കെ.ജി. ജോര്‍ജ് വിളിച്ചപ്പോള്‍, അതൊരു സിനിമാ ചര്‍ച്ചയ്ക്കാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍.

'രണ്ടുദിവസം ആലോചിച്ച ശേഷമാണ് തയ്യാറായത്. സംഭാഷണം എഴുതാന്‍ പൊന്മുടിയില്‍ ഹോട്ടലില്‍ മുറിയെടുക്കാം എന്ന വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച്, എറണാകുളത്ത് വീട്ടിലിരുന്നാണ് സംഭാഷണം എഴുതിയത്. ആദ്യത്തെ അഞ്ച് സീനിനായുള്ള സംഭാഷണം എഴുതിയശേഷം കേള്‍ക്കാനായി സംവിധായകര്‍ അടക്കമുള്ളവര്‍ എറണാകുളത്തെ ഹോട്ടലില്‍ ഒത്തുകൂടി...'

-അന്ന് ഹോട്ടല്‍ മുറിയില്‍ കേട്ട ചിരിയുടെ അലയൊലികള്‍ ഇന്നും തുടരുന്നത് ചാരിതാര്‍ഥ്യത്തോടെയാണ് യേശുദാസന്‍ കേട്ടിരിക്കുന്നത്.

തകരാതെ നിന്ന പഞ്ചവടിപ്പാലം

കുമരകത്ത് പക്ഷിസങ്കേതത്തോട് ചേര്‍ന്ന്് വെള്ളത്താല്‍ ചുറ്റപ്പെട്ട, അന്ന്് അത്രയൊന്നും ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് 'ഐരാവതക്കുഴി' എന്ന സാങ്കല്പികഗ്രാമം ഒരുക്കിയതെന്ന് ഓര്‍ക്കുന്നു, കലാസംവിധായകനായ രാജീവ് അഞ്ചല്‍.

'നല്ല മഴക്കാലത്തായിരുന്നു ഷൂട്ടിങ്... നിറഞ്ഞൊഴുകുന്ന തോടിന് കുറുകെ 200 അടിയോളം നീളത്തിലാണ് പഞ്ചവടിപ്പാലം നിര്‍മിച്ചത്. കൊന്നത്തെങ്ങുകള്‍ വെട്ടിക്കൊണ്ടുവന്ന് പുഴയില്‍ നാട്ടിയാണ് പാലത്തിനായി തൂണ് നിര്‍മിച്ചത്. പാലത്തിന്റെ മധ്യഭാഗം, ക്ലൈമാക്‌സില്‍ തകര്‍ന്നുവീഴുന്ന വിധമായിരുന്നു നിര്‍മാണം. അതിനായി, ജാക്കിയും ചക്രങ്ങളും ഒക്കെ ഉപയോഗിച്ച് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനുള്ള ആദ്യദിവസത്തെ ശ്രമം പാലത്തിന്റെ ഉറപ്പുകാരണം പരാജയപ്പെട്ടു. അടുത്തദിവസമാണ് പാലം തകര്‍ത്തുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്...'

തെങ്ങില്‍ തീര്‍ത്ത പഞ്ചവടിപ്പാലത്തിന് പാലാരിവട്ടം പാലത്തിനെക്കാള്‍ ഉറപ്പുണ്ടായിരുന്നോ...?

തകരാത്ത പാലം കേസിനും കാരണമായി

'ഇന്നത്തെപ്പോലെ ടൂറിസ്റ്റുകളുടെ ഇഷ്ടസങ്കേതമൊന്നുമായിരുന്നില്ല കുമരകം അന്ന്. ഷൂട്ടിങ് കഴിഞ്ഞ് പാലം പൊളിച്ചുകളയാതെയാണ് അന്ന് സിനിമാസംഘം മടങ്ങിയത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്നത് അറിയാതെ, പാലത്തിലൂടെ കയറിയ ഒരു കാര്‍ പുഴയില്‍ വീണതോടെ സിനിമാ നിര്‍മാതാവിനെതിരേ കേസായി. അതോടെ നേരിട്ടെത്തി പാലം പൊളിച്ചുകളയേണ്ടി വന്നു' -രാജീവ് അഞ്ചല്‍ പറഞ്ഞു.

പാലം മാത്രമല്ല രാഷ്ട്രീയവും മാറിയിട്ടില്ല

'പഞ്ചവടിപ്പാലം' മാത്രമല്ല, അതില്‍ അവതരിപ്പിച്ച രാഷ്ട്രീയത്തിനും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സിനിമ പകര്‍ത്തിയ ഷാജി എന്‍. കരുണ്‍.

'കര്‍ണാടകയിലൊക്കെ കണ്ടത് ഐരാവതക്കുഴി പഞ്ചായത്തില്‍ കണ്ട കാഴ്ചകള്‍തന്നെ. ഷൂട്ടിങ് കാലത്ത് ഒരിക്കലും അത്തരം സംഭവങ്ങള്‍ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. ഒരു ഫിക്ഷന്‍ എന്ന നിലയില്‍ മാത്രമാണ് സിനിമയെ കണ്ടത്. പാലാരിവട്ടം പാലം അപകടത്തിലാകുമ്പോള്‍ അത് യാഥാര്‍ഥ്യമാകുകയാണ്...'

'അഞ്ച് ക്യാമറകള്‍ തെങ്ങിലും മറ്റും കെട്ടി ഉറപ്പിച്ചായിരുന്നു ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്യാന്‍വേണ്ടി താത്കാലികമായി നിര്‍മിച്ചതായിട്ടും പഞ്ചവടിപ്പാലം ശരിക്കും വീണില്ല. തകരുന്നവിധം ഒരു പാലം നിര്‍മിക്കാന്‍, സെറ്റിട്ടവര്‍ക്കുപോലും സാധിക്കുമായിരുന്നില്ല... പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ച കോണ്‍ട്രാക്ടര്‍ക്ക് ആ മനസ്സുപോലും ഉണ്ടായിരുന്നില്ല. പണത്തിന് മുന്നില്‍ എല്ലാം മറക്കുകയായിരുന്നു പാലാരിവട്ടത്ത് പാലം പണിതവര്‍.'

'പാലംപണി നീണ്ടുപോയാല്‍ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വൈകുമല്ലോ' -കാത്തവരായന്‍ (ശ്രീനിവാസന്‍).

'കുറുപ്പുചേട്ടനെ താഴെയിറക്കാന്‍ കെട്ടി മാറ്റിവെച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ എത്രയാ... കാലുമാറ്റക്കാരുടെ ലിസ്റ്റില്‍ നിന്റെ പേരുമുണ്ട് കേട്ടോ റാഹേലേ...' -ആബേല്‍ (ജഗതി ശ്രീകുമാര്‍).

'പാലത്തിന് കേടുണ്ടെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് തന്നതല്ല്‌ലേ, പിന്നെ എന്തോന്ന്...' -ദുശ്ശാസനക്കുറുപ്പ് (ഭരത് ഗോപി).

'പാലംപണി മുടങ്ങിയാല്‍, ഞാന്‍ എന്റെ കടപണിക്ക് സിമന്റിനും കമ്പിക്കും എവിടെ പോകും...' -ശിഖണ്ഡിപ്പിള്ള (നെടുമുടി വേണു).

ഒരു സംശയത്തിന്റെയും പ്രശ്‌നമില്ല, കുറുപ്പിനെതിരേ ആദ്യം കൈപൊക്കുന്നത് ഞാനായിരിക്കും...' -ബറാബാസ് (ഇന്നസെന്റ്).

മറ്റ് കഥാപാത്രങ്ങള്‍, അഭിനേതാക്കള്‍

ശ്രീവിദ്യ -മണ്ഡോദരി

സുകുമാരി -പഞ്ചവടി റാഹേല്‍

തിലകന്‍ -ഇസഹാക് തരകന്‍

വേണു നാഗവള്ളി -ജീമൂതവാഹനന്‍

ആലുംമൂടന്‍ -യൂദാസ് കുഞ്ഞ്

കല്പന -അനാര്‍ക്കലി

വി.ഡി. രാജപ്പന്‍ -ശീര്‍ഷാസനാനന്ദ സ്വാമി

കെ.പി. ഉമ്മര്‍ -ജഹാംഗീര്‍

Content Highlights : panchavadi palam movie memories k g george palarivattom bridge