ര്‍ണബ് ഗോസ്വാമി ആവര്‍ത്തിച്ച് ആനന്ദിക്കുന്നതു കണ്ടപ്പോഴാണു പത്മാവത് കാണാന്‍ തീരുമാനിച്ചത്. വടക്കന്‍ നഗരങ്ങളില്‍ കലാപങ്ങള്‍, സ്‌കൂള്‍ ബസ്സിനുനേരേ കല്ലേറ്, കത്തുന്ന തെരുവുകള്‍, പെരുകുന്ന അക്രമങ്ങള്‍... കോടിയേരിയുടെ മക്കള്‍പുരാണം മലയാളം മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ പത്മാവതീപുരാണത്തിലായിരുന്നു ദേശീയ മാധ്യമങ്ങള്‍.

പ്രിവ്യൂ കണ്ട ശേഷമാണു കര്‍ണിസേനയുടെ നേതാക്കളെ അര്‍ണബ് ഗോസ്വാമി വെല്ലുവിളിച്ചത്. ''വരൂ, കാണൂ, ആസ്വദിക്കൂ. ഒരു വരി എങ്കിലും നിങ്ങള്‍ക്കെതിരേ ഉണ്ടോ എന്ന് പറയൂ.' ഇതാദ്യമായി അര്‍ണബ് സത്യം പറഞ്ഞിരിക്കുന്നു. പത്മാവതില്‍ ഒന്നുമില്ല. രജപുത്രര്‍ക്ക് എതിരേയോ വിശാല ഹിന്ദുത്വത്തിന് എതിരേയോ യാതൊന്നുമില്ല.  

മുകേഷ് അംബാനിയുടെ(റിലയന്‍സിന്റെ) വയാകോം മോഷന്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രണ്ടേ മുക്കാല്‍ മണിക്കൂര്‍ നിറഞ്ഞാടുന്നു പത്മാവത്. സ്ത്രീവിരുദ്ധതയെ ആഘോഷിച്ചും ആനന്ദിപ്പിച്ചും. സര്‍വോപരി മണ്‍മറഞ്ഞ ആചാരങ്ങളെ പുനരാനയിക്കാന്‍ വേണ്ടി പ്രകീര്‍ത്തിച്ച്. 1811 ലാണ് രാജാറാം മോഹന്‍ റോയ് അത് കണ്ടത്. സ്വന്തം സഹോദരന്റെ മരണം.പിന്നാലെ മറ്റൊന്നു കൂടി അദ്ദേഹം കണ്ടു. ചേട്ടത്തിയമ്മ സതി അനുഷ്ഠിക്കുന്നു. വൈകാരിക പ്രാര്‍ത്ഥന ആയിരുന്നില്ല റോയിക്ക് ആ കാഴ്ച. ക്രൂരത മാത്രം.  സതി അനുഷ്ഠിക്കലിനു പിന്നില്‍, അനുഷ്ഠിപ്പിക്കലിന്റെ നിര്‍ബന്ധങ്ങള്‍ നഖം കൂര്‍പ്പിക്കുന്നതു രാജാറാം മോഹന്‍ റോയ് അറിഞ്ഞു.
പിന്നീടു മോഹന്‍ റോയിയുടെ ജീവിതം പോരാട്ടമായി. സതിക്കെതിരായ പോരാട്ടം. പരമമായതിനെ തേടിയ ആ മഹാ മനീഷി സ്ത്രീകളെ ചുട്ടെരിച്ചാല്‍ കിട്ടുന്നതല്ല സ്വര്‍ഗ്ഗം എന്നു തെളിച്ചു പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍. ബ്രഹ്മസമാജം  പുരോഗമന ഹിന്ദുത്വത്തിന്റെ മുഖമായി.

1829 ല്‍ വില്യം ബെന്റിക് പ്രഭു  സതി നിരോധിച്ചു. എന്നാല്‍ ഇന്നും സതി അനുഷ്ടിപ്പിക്കപ്പെടുന്നുണ്ട്, ഉത്തേരേന്ത്യന്‍ ഗ്രാമങ്ങളില്‍. ഛത്തിസ്ഗഢില്‍ മധ്യപ്രദേശില്‍, യു.പിയില്‍, ബിഹാറില്‍, രാജസ്ഥാനില്‍, ഗുജറാത്തില്‍. പതിറ്റാണ്ടുകളിലൈാരിക്കല്‍, വല്ലപ്പോഴും ഒരു രൂപ് കന്‍വാര്‍ വാര്‍ത്തകളിലെത്തും. പിന്നീട് ചിത കത്തിയ അതേ പാഴ്മണ്ണില്‍ ദേവിയായി മാറാന്‍, ക്ഷേത്രമായി ഉയരാന്‍, പൗരോഹിത്യത്തിന് സമ്പത്താവാന്‍. ആന ചത്താലും ജീവിച്ചാലും പതിനായിരം എന്ന് പഴഞ്ചൊല്ല്!

ഇനി സിനിമയിലേക്ക്.

അമൂല്യമായതെന്തും ആര്‍ത്തിയോടെ വാരിപ്പിടിക്കുന്ന അക്രമിയാണ് അലാവുദ്ദീന്‍ ഖില്‍ജി. അറപ്പിക്കുന്ന രീതിയില്‍ മാസം ഭക്ഷിക്കുന്നവന്‍. നിര്‍ദയം ഭാര്യ മെഹറുന്നീസയോടും ഷണ്ഡനായ അടിമയോടും പെരുമാറുന്നവന്‍. ദല്‍ഹിയിലെ ഭരണം സുല്‍ത്താന്‍ ഖില്‍ജി പിടിച്ചെടുക്കുന്നു. അതിക്രൂരനായ മുസ്ലീം അക്രമകാരി.

മേവാറിലെ മഹാരാജ രത്തന്‍ സിംഗ് നേര്‍ വിരുദ്ധം. സൗമ്യന്‍. മാന്യന്‍. കുലീനന്‍. വെജിറ്റേറിയന്‍. ഭാര്യയുടെ ആഗ്രഹസാഫല്യത്തിനായി ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് തേടി ഇറങ്ങുന്നു. മാന്‍പേടകളെ വേട്ടയാടുന്ന സിംഘാലിലെ (സിംഹള?) പത്മാവതിയെ കണ്ടുമുട്ടുന്നു. അവളുടെ ധൈര്യത്തിലും രണവീര്യത്തിലും സൗന്ദര്യത്തിലും മയങ്ങി രാജ്ഞിയാക്കി മടങ്ങിയെത്തുന്നു(ആരുടെ ആഗ്രഹം സാധ്യമാക്കാനാണോ പോയത് ആ ആദ്യ റാണി അന്നേരം അദ്ദേഹത്തിന് വിഷയമേയല്ല).

പത്മാവതിയോ? ധീരോദാത്ത, വിഖ്യാതവംശ, യോജിച്ച പെരുമാറ്റം. പോരാത്തതിന് ബുദ്ധിമതി. കുലഗുരുവിനെ പോലും വശീകരിക്കുന്നു ആ സൗന്ദര്യം. കിടപ്പറയിലേക്ക് ഒളിച്ചു നോക്കി  പുറത്താക്കപ്പെടുന്ന ബ്രാഹ്മണന്‍ ഖില്‍ജിയെ അഭയം പ്രാപിക്കുന്നു. ഇന്ത്യയെ കീഴടക്കി എന്ന അഭിമാനം പൂര്‍ണമാകാന്‍ പത്മാവതിയെ കൂടി നേടണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

പടയോട്ടങ്ങള്‍, പോരാട്ടങ്ങള്‍, കണ്ണീര്, ചോര, സംഘട്ടനം, പാട്ട്... അവസാനം സതി. മേവാറിലെ മുഴുവന്‍ സ്ത്രീകളും  കൂട്ട ആത്മഹത്യ നടത്തുന്നു. മുസ്ലീം അക്രമികളില്‍നിന്ന് രക്ഷപ്പെടുന്നു. നാടിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു.

ചരിത്രം കത്തിക്കുന്നുണ്ട് ഖില്‍ജി. കാരണം ലളിതം. ആ താളുകളിലൊന്നും തന്റെ പേരില്ല. മറുവശത്ത് രത്തന്‍സിംഗ് സംശയലേശമെന്യേ ഉറച്ച ശ്ബദത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ചരിത്രം രചിക്കപ്പെടുന്നത് പോരാട്ടത്തിലും രണഭൂമിയുടെ ഹൃദയത്തിലുമാണ്. 

പത്മാവത് ഒരുപാട് പറയുന്നുണ്ട്. ആറ്റിക്കുറുക്കിയാല്‍ ഇങ്ങനെ: രജപുത്ര വനിതകളുടെ കങ്കണങ്ങള്‍ക്ക്- കൈവളകള്‍ക്ക്  രജപുത്ര വീരന്മാരുടെ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്.

കുറേക്കൂടി കാലം മുമ്പുള്ള ഒരു കത്തിക്കലിനെ ഓര്‍ക്കാം. പാടലീപുത്രത്തിലെ നളന്ദ കത്തിച്ചതു ബംഗാളില്‍നിന്നുള്ള അക്രമി ഭക്തിയാര്‍ ഖില്‍ജിയാണ്. ഗ്രന്ഥാലയം മാസങ്ങളോളം നിന്നു കത്തി എന്നാണ് കഥ. കാരണം. ലോകത്തെ മുഴുവന്‍ വിജ്ഞാനവും സമാഹരിക്കപ്പെട്ടിരുന്ന ലൈബ്രറിയില്‍ ഖുര്‍ആന്റെ പകര്‍പ്പ് ഇല്ലായിരുന്നു. അമര്‍ത്യ സെന്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. ''മണ്ടത്തരം. അക്രമിക്ക് എന്ത് പുസ്തകം. അവിടെ അയാള്‍ക്കു വേണ്ട പണം കണ്ടിട്ടുണ്ടാവില്ല.''

സ്വയം കൂട്ടിയ കനല്‍ക്കട്ടകളിലേക്ക് രജപുത്ര വനിതകള്‍ നടന്നു നീങ്ങുന്നത് അസൂയാവഹമായ ദൃശ്യചാരുതയിലാണ്. ദീപിക പദുക്കോണിന്റെ മുടിനാരുകള്‍ തീനാരു പോലെ തിളങ്ങുന്നു. അവളുടെ കണ്ണുകളില്‍ നിര്‍ഭയം മരണം പുല്‍കാനൊരുങ്ങുന്ന വ്യഗ്രത. ചെമ്പട്ടുടുത്ത പെണ്‍കൂട്ടം ചെന്തീയെ ആശ്ലേഷിക്കുന്നു. 

അലാവുദ്ദീന്‍ ഖില്‍ജി തോല്‍ക്കുന്നു ഈ പോര്‍മുഖത്ത്. ലോകം മുഴുവന്‍ നേടിയിട്ടും ആത്മാവ് പോയവനെപ്പോലെ. വിലപിടിച്ചതെന്നു താന്‍ കരുതിയതു പാഴ്വസ്തുവെന്നോണം വലിച്ചെറിയുന്ന ഭയങ്കരതയില്‍ നിസ്സഹായനായി.

സഞ്ജയ് ലീല ബന്‍സാലിയുെട ആരാധകര്‍ക്ക് ആഘോഷിക്കാം. ആരും നിരാശരാക്കിയില്ല. പ്രത്യേകിച്ചും സുല്‍ത്താനെ ഹിന്ദ് അലാവുദ്ദീന്‍ ഖില്‍ജിയായ രണ്‍വീര്‍ സിംഗ്. ചിത്തോര്‍ രാജാവായി ഷാഹിദ് കപൂറും പിന്നെ ദീപികയും മികച്ചു നിന്നു, മുഴുനീളം. ചലച്ചിത്രം കമ്പോളക്കൂട്ടുകളാല്‍ നിറപ്പകിട്ടുള്ളതെന്ന് നിസ്സംശയം പറയാം.

മാലിക് മുഹമ്മദ് ജയാസി പതിനാറാം നൂറ്റാണ്ടിലെഴുതിയ കാവ്യത്തില്‍നിന്നു തെല്ലും മാറിയിട്ടില്ല പത്മാവത്. അതിനു സാധ്യവുമല്ല ഇന്നത്തെ ഇന്ത്യയില്‍. അനുനിമിഷം രജപുത്രശൗര്യത്തെ ഘോഷിക്കുന്ന ചിത്രം. എന്നിട്ടും കര്‍ണിസേന എതിര്‍ത്തത് എന്തുകൊണ്ടാണ്? കര്‍ണിസേനയെ അര്‍ണബ് ഗോസ്വാമി എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്? 

അലാവുദ്ദീന്‍ ഖില്‍ജിക്കു മുന്നില്‍ പത്മാവതി നൃത്തം ചെയ്യുന്ന സീനുണ്ടെന്നാണു കര്‍ണിസേനക്കാര്‍ പറഞ്ഞിരുന്നത്. ഖില്‍ജി പത്മാവതിയെ കാണുന്നു പോലുമില്ല എന്നു ബന്‍സാലി ഉറപ്പാക്കുന്നു. ജാലകത്തിരശ്ശീല നീങ്ങുമ്പോള്‍ മുഖാവരണമായി സുഗന്ധധൂമങ്ങള്‍ വേണമെന്നുപോലും നിഷ്‌കര്‍ഷിക്കുന്നു സിനിമ. എന്നിട്ടും എന്തിന് രജപുത്രര്‍?
 
ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്പായാണു പത്മാവത് വികാരം മൂര്‍ദ്ധന്യത്തില്‍ എത്തിയത്. ഗോദ്രയുമായും പട്ടേല്‍ വികാരവുമായും ബന്ധപ്പെട്ട സിനിമകള്‍ക്കു പ്രദര്‍ശന അനുമതി നിഷേധിച്ച സര്‍ക്കാര്‍ പത്മാവത് പ്രദര്‍ശിപ്പിക്കുന്നത് വെല്ലുവിളിയായി തന്നെയാണു രജപുത്രര്‍ കണ്ടത്. അതിലും മുമ്പേ സെറ്റുകള്‍ കത്തിച്ചപ്പോള്‍ തന്നെ പ്രതിഷേധത്തിന്റെ വിപണി മൂല്യം കര്‍ണിസേന കണ്ടെത്തിയിരുന്നു. ഹിന്ദുത്വത്തിനു കീഴില്‍ ഒന്നിച്ചു നിന്നവരാണു പണ്ട് കര്‍ണിസേനയും. അവരാണ് ചിതറുന്നത്. കാരണം വാഗ്ദാനങ്ങള്‍ തെല്ലും ഫലിക്കുന്നതേയില്ല പുതിയ കാലത്ത്.

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ സമ്പത്തിന്റെ 46 ശതമാനവും ബനിയകളുടെ കൈവശമാണ്. നാല്‍പതു ശതമാനം ബ്രാഹ്മണരുടെ പക്കല്‍. ക്ഷത്രിയരുടെ കയ്യിലുള്ളത് ഒരു ശതമാനത്തില്‍ താഴെ മാത്രം. മുച്ചൂടും മുടിയുമ്പോള്‍ വിശ്വാസം വര്‍ദ്ധിക്കും. അങ്ങനെ വരുമ്പോള്‍ ആദ്യം മതവും പിന്നെ ജാതിയും ഒടുവില്‍ കുലവുമെല്ലാം ആശ്വാസമാകും. അത്തരമൊരു ദശാസന്ധിയിലാണു ക്ഷത്രിയര്‍. രാജ്പുത്തുകളും കുലമൊടുങ്ങുന്നതിന്റെ ദുരന്തത്തിലാണ്. വാഗ്ദത്തഭൂമിയിലേക്ക് നയിച്ച കാവിക്കൊടിക്കൂറ ലക്ഷ്യം കാണുന്നില്ല. സതീഭഗവതിമാരുടെ കരുണ തേടാന്‍ കര്‍ണിസേന പോരിനിറങ്ങുന്നതിന് ഇങ്ങനെ ഒരു മുഖമുണ്ട്. 

അര്‍ണബിനോ? ഗോസ്വാമി വ്യക്തിയല്ല സംഘത്വമാണ്. സംഘം ചിതറാതെ കാക്കേണ്ടുന്ന കാവലാള്‍. അതിനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. മുസ്ലീം അക്രമിയുടെ ഇന്ത്യന്‍ അധിനിവേശം. ഹിന്ദുസ്ത്രീയുടെ ത്യാഗവും സ്ഥൈര്യവും. ആഹാരത്തിന്റെ രാഷ്ട്രീയം, വീരാംഗനയുടെ എരിഞ്ഞടങ്ങല്‍. ധാര്‍മ്മിക വിജയം. മുസ്ലീം വിരുദ്ധതയില്‍ ഊന്നിനിന്നു ഹൈന്ദവ വികാരം കത്തിക്കാന്‍ പല ഘട്ടത്തിലും കര്‍ണിസേനയും അനിവാര്യമാണ്. എന്നാല്‍ വാഴ്ത്തപ്പെടുന്ന സതി അതിലേറെ അപകടകരമാണ്. 

എംപി നാരായണപിള്ള പതിവായി പറയാറുള്ള ചൈനീസ് പഴഞ്ചൊല്ലുണ്ട്. ബലാത്സംഗം ചെയ്യുമെന്ന് ഉറപ്പാവുകയും പ്രതിരോധിക്കാന്‍ കഴിയില്ലെന്നു തീര്‍ച്ചയാവുകയും ചെയ്താല്‍ നമുക്ക് അത് ആസ്വദിക്കാം. പട്ടിയിറച്ചി തിന്നു മരണത്തെ മറികടന്ന മഹാമുനിമാരുടെ കഥ പറയുന്നുണ്ടു ഹിന്ദു പുരാണങ്ങള്‍. ഉടന്തടിച്ചാട്ടത്തിന്റെ ഉത്സാഹക്കമ്മറ്റിയില്‍ പക്ഷേ പുരുഷകേസരികളേ ഉള്ളൂ. ആണധികാരത്തിന്റെ ആവര്‍ത്തനോത്സവങ്ങള്‍ക്കു കീര്‍ത്തിമുദ്ര ചാര്‍ത്തുകയാണു പത്മാവത്. ഗോസ്വാമിമാരുടെ വാഴ്ത്തിപ്പാടലിനു പിന്നിലും ഇതേ വികാരമാണ്.

വീരരജപുത്രന്മാര്‍ മിക്കപ്പോഴും ഒന്നും അറിയുന്നില്ല. പടയാളികള്‍ കാത്തുനില്‍ക്കുന്നത് ആജ്ഞകള്‍ക്കു മാത്രമാണ്. ഹിന്ദുത്വത്തിന്റെ പുനരെഴുത്തുകളില്‍ ആജ്ഞകള്‍ക്കു ദേശീയതയുടെ മാത്രമല്ല, കോര്‍പറേറ്റ് കമ്പോളത്തിന്റെ കൂടി ആശിസ്സുകളുണ്ട്. 

രാജ്യം കടന്നുപോകുന്നത് വലിയ സാമ്പത്തിക ദുരന്തത്തിലൂടെയാണ്. അതിന്റെ പതാകാവാഹകരും ഇടനിലക്കാരുമാണ് റിലയന്‍സും മുകേഷ് അംബാനിയും. അതേ റിലയന്‍സ് പത്മാവത് അണിയിച്ചിറക്കി ഉടന്തടി ചാടിക്കുമ്പോള്‍ കര്‍ണിസേനയേക്കാള്‍ കരുതല്‍ വേണം, നമുക്ക് ഓരോരുത്തര്‍ക്കും.

Content Highlights: Padmavat, Padmavat Controversy, Deepika Padukone, Sanjay Leela Bansali