മലയാള സിനിമയില്‍ പത്മരാജന്‍ നടന്ന വഴിയില്‍ ഏറെപ്പേരൊന്നും പിന്നെ നടന്നിട്ടില്ല. പിന്തുടരാന്‍ ഏറെയാരും ചങ്കൂറ്റം കാണിക്കാത്ത ആ വഴിക്ക്, പക്ഷേ, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ കൈപിടിച്ചുനടത്തിയവര്‍ ഏറെയുണ്ട്. കഥാപാത്രങ്ങളായും അഭിനേതാക്കളായും അവര്‍ ആ വഴിക്കിപ്പുറത്ത് ഇന്നും അതേ കരുത്തോടെ നിലനില്‍ക്കുന്നു. വാണിയന്‍ കുഞ്ചുവും കള്ളന്‍ പവിത്രനും ഭാസിയും കവലയും ജയകൃഷ്ണനും ക്ലാരയും സലോമിയും സോഫിയയും ഇന്നും മരണമില്ലാതെ നില്‍ക്കുന്നു. ഈ കഥാപാത്രങ്ങള്‍, പത്മരാജന്‍ അന്ന് പകര്‍ന്ന അഭിനയപാഠങ്ങള്‍ അശോകനും ജയറാമിനും നെടുമുടിക്കും ജഗതിക്കും സുമലതയ്ക്കും ശാരിക്കുമെല്ലാം നല്‍കിയ കരുത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന് അന്നത്തെ ആ കാലം ഓര്‍ക്കുകയാണ് പത്മരാജന്‍ കൈപിടിച്ച് സിനിമയിലേയ്ക്ക് കൊണ്ടുവന്ന നടന്‍ അശോകന്‍. പത്മരാജന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് അശോകന്‍.
പെരുവഴിയമ്പലത്തിലേയ്ക്ക്
പത്മരാജന്‍ സാറിന്റെ പെരുവഴിയമ്പലത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലായിരുന്നു. അത് സിനിമയാക്കുന്നുവെന്ന പരസ്യം കണ്ടാണ് ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ അന്നത്തെ മെലിഞ്ഞ രൂപവും മറ്റ് പ്രത്യേകതകളും കഥാപാത്രത്തിന് ചേരുന്നതാകും എന്ന് തോന്നിയിട്ടായിരിക്കും അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്.
പത്മരാജന്‍ നല്‍കിയ ആത്മവിശ്വാസം
എനിക്ക് അന്ന് സിനിമയെപ്പറ്റി യാതൊരു പിടിപാടും ഇല്ലായിരുന്നു. സിനിമകളെക്കുറിച്ചുള്ള വാര്‍ത്തകളറിയാന്‍ മാസികകള്‍ വായിക്കും. ഇന്നത്തെപ്പോലെ ടെക്നോളജിയൊന്നും അന്നില്ലലോ. അഭിനയിക്കാന്‍ ചെന്ന സമയത്ത് പ്രത്യേകിച്ച് ധാരണയൊന്നും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും പിന്തുണയും ലഭിച്ചപ്പോള്‍ ആത്മവിശ്വാസമായി. പെരുവഴിയമ്പലത്തിന് ശേഷം മൂന്നാംപക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തിങ്കളാഴ്ച നല്ല ദിവസം, സീസണ്‍, തൂവാനത്തുമ്പികള്‍ എന്നിങ്ങിനെ നിരവധി സിനിമകളുടെ ഭാഗമായി. ഞാനും ജഗതി ചേട്ടനുമായിരിക്കും പത്മരാജന്‍ സാറിന്റെ സിനിമകളില്‍ കൂടുതലും അഭിനയിച്ചിട്ടുണ്ടാകുക.
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം
പത്മരാജന്‍ സിനിമകള്‍ പിറന്ന സമയം മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. അദ്ദേഹം ഒരു ഫിലിം മേക്കര്‍ എന്നതിലുപരി നല്ല എഴുത്തുകാരനായിരുന്നു. വ്യത്യസ്തമായ കഥകള്‍ പറയുന്നതാണ് ഒരു എഴുത്തുകാരനന്റെ വിജയം. പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്റെ ഒരു സിനിമയും മറ്റൊരു സിനിമയും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. പുതിയ തലമുറ പോലും പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങളാണ് അദ്ദേഹം അന്നത്തെ കാലഘട്ടത്തില്‍ സംസാരിച്ചത്. അത്രമാത്രം വിപ്ലവകരമായിരുന്നു പ്രമേയങ്ങള്‍.

സിനിമ എടുക്കുന്നതില്‍ കാണിച്ച ചങ്കൂറ്റമാണ് അദ്ദേഹത്തെ നാം ഇന്നും അനുസ്മരിക്കാനുള്ള കാരണം. ക്ലാരയും ജയകൃഷ്ണനും രാമനുമെല്ലാം ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്. ഭരതന്‍-പത്മരാജന്‍ കൂട്ടുക്കെട്ട് എത്ര മികച്ച ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. 40 വര്‍ഷത്തോളമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. ആ സുവര്‍ണ കാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുകൊണ്ടാകണം ഞാന്‍ ഇന്നും സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത്. എന്റെ ഗുരുനാഥനാണ് അദ്ദേഹം.
സത്യസന്ധമായ കഥ പറച്ചില്‍

ബോക്സ് ഓഫീസില്‍ വിജയം നേടിയെടുക്കാന്‍ സിനിമയില്‍ മസാല ചേര്‍ക്കാന്‍ പത്മരാജന്‍ സര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സത്യസന്ധമായി കഥ പറയുകയും അവതരിപ്പിക്കുകയും ചെയ്തു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കൂടെവിടെ എന്നീ ചിത്രങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. തൂവാനത്തുമ്പികള്‍ ശരാശരി വിജയം നേടി. എന്നാല്‍ ഈ സിനിമകളുടെയെല്ലാം യഥാര്‍ഥ വിജയമെന്നത് ബോക്സ് ഓഫീസിലെ കണക്കുകളല്ല.
(നേരത്തേ പ്രസിദ്ധീകരിച്ചത്)
Content Highlights: Padmarajan death anniversary, Actor Asokan, Padmarajan Movies Novels, peruvazhiyambalam