പത്മരാജന്‍ എന്ന കുസൃതിക്കാരന്‍


രാധാലക്ഷ്മി

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല.

പത്മരാജൻ

പത്മരാജന്റെ 75-ാം ജന്മവാര്‍ഷികം

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു.

അറുപത്തിയാറ് അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില ക്രിസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി, 'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു.

പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.

വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ. പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.
അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞുപോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു. ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്! അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ
തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല. ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.
അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

(മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Content Highlights: padmarajan Director writer Birth anniversary, Wife Radhalakshmi writes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


agnipath

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented