ത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ഇത്തവണ ആദരിച്ചത് മാതൃഭൂമിയുമായി ഏറെ അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കാണെന്നത് അഭിമാനത്തിനൊപ്പം ആഹ്ലാദവും നല്‍കുന്നു. 2000-ത്തില്‍ മാതൃഭൂമി ഫിലിം അവാര്‍ഡ് നൈറ്റ് ആരംഭിച്ചപ്പോള്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് മോഹന്‍ലാല്‍ ആയിരുന്നു. പിന്നീടങ്ങോട്ടുള്ള മാതൃഭൂമി അവാര്‍ഡ്നൈറ്റുകളിലെല്ലാം ലാല്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഊട്ടിയില്‍ ചിത്രീകരിച്ച ഐ. വി ശശി സിനിമയുടെ സെറ്റില്‍ വച്ചാണ് മോഹന്‍ലാലിനെ ആദ്യമായി പരിചയപ്പെട്ടത്, പിന്നീടങ്ങോട്ട് ആ പരിചയം സൗഹൃദമായി മുന്നോട്ടു പോയി.

കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്ത്  ജനപക്ഷത്തുനിന്ന് പത്രം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മോഹന്‍ ലാല്‍ തോള്‍ ചേര്‍ന്നു നിന്നു.
മാതൃഭൂമിയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷ ചടങ്ങിന് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചാണ് എത്തിയത്.ഇരുവരും ചേര്‍ന്നു പങ്കെടുത്ത ചുരുക്കം പരിപാടികളിലൊന്നായി വാര്‍ഷികാഘോഷം മാറി.

ആദ്യ മാതൃഭൂമി ഫിലിം അവാര്‍ഡ് നൈറ്റില്‍ ശങ്കര്‍ മഹാദേവന്‍ നടത്തിയ മിന്നും പ്രകടനം കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിക്കുകയായിരുന്നു.ശങ്കര്‍ മഹാദേവന്റെ ബ്രത്ത്‌ലസ്സ് ആവേശം തീര്‍ത്തു മുന്നേറുന്ന കാലമായിരുന്നു അത്.അവാര്‍ഡ് നൈറ്റിലെ പ്രകടനം കേരളത്തിലേക്കുള്ള സ്റ്റേജ് ഷോകളുടെ വാതായനമാണ് അദ്ദേഹത്തിന് തുറന്നുകൊടുത്തത്.

തൃശ്ശൂല്‍ മാതൃഭൂമി നടത്തിയ അവാര്‍ഡ് നൈറ്റിനു മുന്നോടിയായുള്ള ശിവമണിയുടെ പ്രകടനം പൂര നഗരിയെ പുളകമണിയിക്കുന്നതായിരുന്നു.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഭീമന്‍ സ്‌ക്രീനില്‍ അന്നു നടന്ന ക്രിക്കറ്റ് ഫൈനല്‍ പ്രദര്‍ശിപ്പിച്ച് കളിയുടെ മുറുക്കത്തിനനുസരിച്ച് ശിവമണി സംഗീത വിസ്മയം തീര്‍ക്കുകയായിരുന്നു.

കളിയുടെ ഒരു വേളയില്‍ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുന്നതായി കണ്ടപ്പോള്‍ സംഗീതത്തെ പോലെ തന്നെ ക്രിക്കറ്റിനേയും സ്‌നേഹിച്ച ആ കലാകാരന്‍ നിറകണ്ണുകളോടെ സ്റ്റേജില്‍ നിന്നിറങ്ങുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്, പിന്നീട് കളി മാറുകയും ഇന്ത്യന്‍ താരങ്ങള്‍ കരുത്തന്‍ പ്രകടനവുമായി തിരിച്ചു വരുകയും ചെയ്തപ്പോള്‍ ഇരട്ടി ആവേശത്തോടെ ശിവമണിയും ആള്‍ക്കൂട്ടത്തെ ഇളക്കി മറിച്ചു.സമാനതകളില്ലാത്തതായിരുന്നു അന്നത്തെ ശിവമണിരാവ്.

mohanlal

മാതൃഭൂമി ഫിലിം അവാര്‍ഡുകളില്‍ മലയാളത്തിനൊപ്പം തമിഴകത്തെ കൂടി ആദരിക്കാന്‍ മാതൃഭൂമി തീരുമാനിച്ച വര്‍ഷം അതിഥികളായെത്തി പുരസ്‌ക്കാരം സ്വീകരിച്ചവരില്‍ പ്രഭുദേവയുമുണ്ടായിരുന്നു. വിജയ്, നയന്‍താര എന്നിവര്‍ക്കൊപ്പമാണ് പ്രഭുദേവ അന്നെത്തിയത്. ഇവരുടെ ചിത്രം അന്ന് കോളിവുഡില്‍ ആരവം തീര്‍ക്കുകയായിരുന്നു.

കേരളത്തിലൂടെ യാത്ര ചെയ്യുമ്പോഴും കോളിവുഡില്‍ മലയാളo ചര്‍ച്ച ഉയര്‍ത്തുമ്പോഴുമെല്ലാം പ്രഭുദേവയില്‍ നിന്ന് വിളികള്‍ വന്നുകൊണ്ടിരുന്നു. ഇന്ത്യന്‍ നൃത്ത ഇതിഹാസവുമായുള്ള മാതൃഭൂമിയുടെ അടുത്ത ബന്ധമാണ് യു.എയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രഭുദേവ ഷോയുടെ കരുത്ത്.

2017-ല്‍ യു.എയില്‍ മാതൃഭൂമി സംഘടിപ്പിച്ച സംഗീത-നൃത്ത സന്ധ്യ'മാതൃഭൂമി ലൈവ് വിത്ത് ദ ലെജന്‍ഡ്സ്' - ഇന്നത്തെ  പത്മശ്രീ ജേതാക്കളുടെ സമ്മേളന വേദിയായി. ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പ്രഭുദേവ ഷോ  നടനും നര്‍ത്തകനുമായ പ്രഭുദേവയുടെ ചടുല ചുവടുകള്‍ക്കാണ് വേദിയായത്.

പ്രഭുദേവയുടെ വേഗതയാര്‍ന്ന ചലനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ നൃത്ത നായികമാരും വേദിയില്‍ എത്തി. നൃത്ത മാന്ത്രികനൊപ്പം ശങ്കര്‍ മഹാദേവന്റെ സംഗീതവും ശിവമണിയുടെ ഡ്രംസ്സും വിദേശ മലയാളികളെ സാക്ഷിനിര്‍ത്തി മത്സരിക്കുകയായിരുന്നു. ഈ രണ്ടു കലാകാരന്മാരുടെ മക്കളും ഷാര്‍ജയിലെ വേദിയില്‍ മാതൃഭൂമിയുടെ ക്ഷണിതാക്കളായെത്തി സ്വന്തം പ്രകടനങ്ങള്‍ കാഴ്ചവച്ചു.

വ്യക്തിപരമായുള്ള ഇത്തരമൊരു പാട് ഓര്‍മ്മകളാണ് ഇത്തവണത്തെ പത്മ ബഹുമതികള്‍ മനസ്സിലേക്ക് കൊണ്ടുവരുന്നത്...

(മാതൃഭൂമിയുടെ പബ്ലിക് റിലേഷന്‍സ് ചീഫ് മാനേജരാണ് ലേഖകന്‍)

 

Conetent Highlights: padma awards, mohanlal, padmabhooshan, prabhudeva, sivamani, padmashree