ഏതോ ജന്മകൽപ്പനയിൽ; ആർദ്രപ്രണയഗീതത്തിന്റെ പിറവി ഭരതന്റെ ആ 'ഓക്കേ'യിൽ നിന്നായിരുന്നു


രവി മേനോൻ

``പിഴിയു''ന്നതാണ് ഭരതന്റെ ശൈലി. എളുപ്പം ചുണ്ടിലും മനസ്സിലും തങ്ങുന്ന ഒരു തുടക്കമാണ് ഗാനത്തെ സാധാരണക്കാരനായ ശ്രോതാവിനെ ഹൃദയത്തോട് എളുപ്പം ചേർത്തുനിർത്തുക എന്ന് മറ്റാരെക്കാൾ അറിയാം ഭരതന്.

ജോൺസൺ, വാണി ജയറാം, ഭരതൻ | ഫോട്ടോ: മാതൃഭൂമി

ഴുതിക്കൊടുത്ത പല്ലവി ഒറ്റത്തവണ വായിച്ചതേയുള്ളൂ ഭരതൻ. പാട്ടെഴുത്തുകാരന്റെ ആകാംക്ഷാഭരിതമായ മുഖം നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ``മതി, ഇതിലുണ്ട് എന്റെ കഥാപാത്രത്തിന്റെ മനസ്സ് മുഴുവൻ.''അത്ഭുതമായിരുന്നു പൂവച്ചൽ ഖാദറിനും ജോൺസണും; ആശ്വാസവും. ഇഷ്ടപ്പെട്ട പല്ലവി ഒത്തുകിട്ടും വരെ ഗാനരചയിതാവിനേയും സംഗീത സംവിധായകനെയും ``പിഴിയു''ന്നതാണ് ഭരതന്റെ ശൈലി. എളുപ്പം ചുണ്ടിലും മനസ്സിലും തങ്ങുന്ന ഒരു തുടക്കമാണ് ഗാനത്തെ സാധാരണക്കാരനായ ശ്രോതാവിനെ ഹൃദയത്തോട് എളുപ്പം ചേർത്തുനിർത്തുക എന്ന് മറ്റാരെക്കാൾ അറിയാം ഭരതന്. അത്തരമൊരു പല്ലവിക്ക് വേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഭരതൻ തയ്യാർ. അതുകൊണ്ടുതന്നെ ആദ്യമെഴുതിയ വരി ഭരതൻ ഓക്കേ ചെയ്തു എന്നത് വലിയ കാര്യം.

മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളിനടക്കുന്ന ``പാളങ്ങളി''ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി ആ ``ഓക്കേ''യിൽ നിന്നായിരുന്നു: ``ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി....'' മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം. മുറതെറ്റാതെ മാസത്തിലൊരിക്കലെങ്കിലും പാതിരാത്രിക്ക് വിളിച്ചുണർത്തി ``ഏതോ ജന്മകൽപ്പനയിൽ'' ഫോണിലൂടെ പാടിക്കേൾപ്പിക്കാറുള്ള ഒരു വായനക്കാരനുണ്ടെനിക്ക്. രണ്ടെണ്ണം അകത്താക്കിയ ശേഷമുള്ള വികാരപ്രകടനം മാത്രമല്ല അത്. അകാലത്തിൽ വിടപറഞ്ഞ കൗമാരകാല കാമുകിയെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മ കൂടിയാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിട്ടും ഓരോ തവണയും ആ പാട്ട് കേൾക്കുമ്പോൾ നിശ്ശബ്ദമായി വിതുമ്പിപ്പോകാറുണ്ടെന്ന് പറയുന്നു അയാൾ. ``മരണം വരെ ഈ പാട്ട് എന്നെ വിട്ടുപോകരുതേ എന്നാണെന്റെ പ്രാർത്ഥന.'' ഒരു സിനിമാപ്പാട്ട് മനുഷ്യ ജീവിതത്തെ എത്രത്തോളം തീവ്രമായി സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.

വാണിജയറാമും ഉണ്ണിമേനോനും ചേർന്ന് പാടിയ ആ ഗാനം പടം പുറത്തിറങ്ങിയ കാലത്ത് അത്ര ഹിറ്റായിരുന്നില്ലെന്നോർക്കുന്നു പൂവച്ചൽ. ``പക്ഷേ പതുക്കെ പതുക്കെ ആളുകൾ ആ പാട്ട് ഏറ്റെടുത്തു. പലരും അവരുടെ പ്രിയഗാനമായി ഏതോ ജന്മകൽപ്പനയിൽ എടുത്തുപറയുമ്പോൾ വലിയ സന്തോഷം തോന്നും. ഭരതേട്ടനെയും ജോൺസണെയും ഓർക്കും അപ്പോൾ; ഗാനം മനോഹരമായി ചിത്രീകരിച്ച രാമചന്ദ്രബാബുവിനെയും. അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ ഗാനത്തിന്റെ മഹത്വം.'' പാട്ടിനിടയിൽ, മായുന്ന സൂര്യനെ സാക്ഷിയാക്കിയുള്ള നെടുമുടി വേണുവിന്റേയും സറീന വഹാബിന്റേയും ``മാല കൈമാറ്റം'' തനിക്കേറ്റവും പ്രിയപ്പെട്ട റൊമാന്റിക് ഷോട്ടുകളിൽ ഒന്നായി എടുത്തുപറയാറുണ്ടായിരുന്നു രാമചന്ദ്രബാബു. പാടി അഭിനയിച്ച പാട്ടുകളിൽ സറീനയ്ക്കും ഏറെ പ്രിയങ്കരം ഏതോ ജൻമകല്പനയിൽ.

സ്വന്തം സിനിമയിലെ സംഗീതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട് ഭരതന്. ഗാനസന്ദർഭവും കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളും മാത്രമല്ല ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന ലൊക്കേഷന്റെ അന്തരീക്ഷം വരെ ഗാനസ്രഷ്ടാക്കൾക്ക് വിശദമായി വിവരിച്ചുകൊടുക്കും അദ്ദേഹം. ``പാട്ട് ചിത്രീകരിക്കാൻ പോകുന്നത് ഷൊർണൂരിലാണെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്താണെന്നുമൊക്കെ നേരത്തെ തന്നെ പറഞ്ഞിരുന്നു ഭരതേട്ടൻ. പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും, നിന്നിൽ മോഹങ്ങൾ മഞ്ഞായ് വീഴും എന്ന് ചരണത്തിൽ എഴുതിയത് ആ അന്തരീക്ഷം ഉള്ളിൽ വെച്ചുകൊണ്ടാണ്. പ്രണയികളുടെ പാട്ടാണല്ലോ.''-പൂവച്ചൽ ഓർക്കുന്നു.

പൂവച്ചലും ജോൺസണുമൊന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു പാളങ്ങൾ. ``തുറന്ന ജയിൽ'' എന്ന സിനിമയിൽ പാട്ടൊരുക്കുമ്പോൾ താരതമ്യേന തുടക്കക്കാരനാണ് ജോൺസൺ. ദേവരാജൻ സ്കൂളിന്റെ പിന്മുറക്കാരൻ ആയതിനാലാവണം, പാട്ടെഴുതി ട്യൂൺ ചെയ്യാനായിരുന്നു അന്നദ്ദേഹത്തിന് താല്പര്യം. പക്ഷെ പാളങ്ങളിൽ കഥ മാറി. ആദ്യം ഈണമിട്ട് പാട്ടെഴുതിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. എങ്കിലും വരികളുടെ ആശയത്തിനും അർത്ഥഭംഗിക്കും തരിമ്പും പോറലേൽക്കാൻ പാടില്ല എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ``ഈണത്തിന്റെ ചട്ടക്കൂടിൽ നിന്ന് പാട്ടെഴുതുമ്പോൾ എപ്പോഴും സന്ദർഭത്തിന് ഇണങ്ങുന്ന വാക്കുകൾ വീണുകിട്ടണം എന്നില്ല. എന്നാൽ ഈ പാട്ടിൽ കഥാഗതിയോട് ചേർന്നുനിൽക്കുന്ന വരികൾ എഴുതാൻ പറ്റി. ``ഒരു നിമിഷം, ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ്'' എന്നും ``തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും, കണ്ണിൽ നിർത്താതെ പൊള്ളും ഓരോ നോക്കും ഇടയുന്നു... '' എന്നുമൊക്കെ എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാവാം.

ഏതോ ജന്മകൽപ്പനയിൽ എന്ന ഗാനം ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുമെന്ന് പൂവച്ചലിനെ പോലെ ജോൺസണും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ``യേശുദാസും വാണിജയറാമും പാടിയ പൂകൊണ്ട് പൂമൂടി എന്ന ഗാനം ഹിറ്റാകുമെന്നായിരുന്നു പ്രതീക്ഷ.''-- ജോൺസന്റെ വാക്കുകൾ ഓർക്കുന്നു. ``ആ ഗാനം തന്നെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ പിൽക്കാലത്ത് ഏതോ ജന്മകൽപ്പനയിൽ ഒരു കൾട്ട് സോംഗ് ആയി മാറി എന്നതാണ് അത്ഭുതകരം. ഈണം മാത്രമല്ല വരികളും ആലാപനവും ഒക്കെ അതിന് സഹായിച്ചിരിക്കാം. പലരും പാട്ടിലെ ഹമ്മിംഗ് പോലും എടുത്തുപറയാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഉണ്ണിമേനോനെ ഓർക്കും. ചെറിയൊരു സങ്കോചത്തോടെയാണ് ഞാൻ ഉണ്ണിയെ റെക്കോർഡിംഗിന് വിളിച്ചത്. എനിക്ക് വേണ്ടി ആദ്യം പാടുകയാണ് ഉണ്ണി. സാമാന്യം തിരക്കുള്ള ഒരു ഗായകനെ ഹമ്മിംഗ് പാടാൻ മാത്രം വിളിക്കുന്നത് ശരിയല്ലല്ലോ. പക്ഷേ യാതൊരു വൈമനസ്യവും കൂടാതെ സന്തോഷത്തോടെ വന്നു പാടി ഉണ്ണി.''

വാണിജയറാം തന്നെ വേണം ഗായികയായി എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു ഭരതനും ജോൺസണും. രണ്ടു പേർക്കുമുണ്ട് വാണിയമ്മയുടെ ശബ്ദത്തോടും ആലാപനത്തോടും സവിശേഷമായ ഒരു പ്രണയം. ഭരതനും ജോൺസണും ഒന്നിച്ച ആദ്യ ചിത്രമായ ``പാർവതി''യിലെ മൂന്ന് പാട്ടിലുമുണ്ടായിരുന്നു വാണിജയറാമിന്റെ സ്വരസാന്നിധ്യം - നന്ദസുതാവര തവജനനം, കുറുമൊഴിയോ മഴമഴ മുകിൽ നിരയോ, തകതിന്തിമി. ``സാധാരണ ഗായികയല്ല വാണിയമ്മ. അസാമാന്യ ശാസ്ത്രീയ സംഗീതജ്ഞാനമുള്ള ആളാണ്. ആ ജ്ഞാനം സിനിമാപ്പാട്ടിൽ അനാവശ്യമായി പ്രയോഗിക്കാതിരിക്കാനും അറിയാം അവർക്ക്. നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് പാട്ടിനെ ഉയർത്തിക്കൊണ്ടുപാകാനുള്ള കഴിവ് തന്നെയാണ് വാണിയമ്മയെ ഒരു കമ്പോസറുടെ പ്രിയഗായികയാക്കി മാറ്റുന്നത്. എന്റെ സിനിമാജീവിതത്തിന് നല്ലൊരു തുടക്കം ലഭിച്ചതിൽ അവർക്ക് സുപ്രധാനമായ റോൾ ഉണ്ടായിരുന്നു.'' ജോൺസൺ മാസ്റ്ററുടെ വാക്കുകൾ.

ദേവരാജൻ മാസ്റ്ററുടെയും എ ടി ഉമ്മറിനെയുമൊക്കെ ഓർക്കസ്ട്ര സഹായി ആയിരുന്ന കാലത്തേ ജോൺസണെ അറിയാം വാണിജയറാമിന്. ``പലപ്പോഴും ഹാർമോണിയം വായിച്ചു പാട്ട് പഠിപ്പിച്ചുതരുക ജോൺസൺ മാസ്റ്ററാണ്. അസാധ്യ ഭാവത്തോടെയാണ് പാടുക.''-- വാണിയമ്മ ഓർക്കുന്നു. ``തനിക്ക് വേണ്ടതെന്തെന്ന് കൃത്യമായ ബോധമുള്ള സംഗീതസംവിധായകൻ. അത് ഗായകരിൽ നിന്ന് കിട്ടുംവരെ അദ്ദേഹം പഠിപ്പിച്ചുകൊണ്ടേയിരിക്കും.'' ഏതോ ജന്മകൽപ്പനയിൽ ജോൺസൺ പാടിത്തരുന്നതിന്റെ മങ്ങിയ ഓർമ്മയേയുള്ളു വാണിയ്ക്ക്. പാടുമ്പോൾ അത് ഇത്രത്തോളം ജനകീയമാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇന്നത്തെ തലമുറയിലെ കുട്ടികൾ പോലും ഏതോ ജന്മകൽപ്പനയെ കുറിച്ച് ആരാധനയോടെ സംസാരിച്ചുകേൾക്കുമ്പോൾ സന്തോഷം തോന്നും. ``പാളങ്ങൾ''ക്ക് പിന്നാലെ വന്ന ഭരതൻ ചിത്രമായ ``ഓർമ്മക്കായി''യിലും എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു ഈണം ജോൺസൺ വാണിയ്ക്ക് സമ്മാനിച്ചു: ``മൗനം പൊന്മണി തംബുരു മീട്ടും...''

ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് ചരണങ്ങൾക്കിടയിൽ രണ്ടു വട്ടം കടന്നുവരുന്ന അതീവ ഹൃദ്യമായ ഹമ്മിംഗ് തന്നെ. അങ്ങേയറ്റം റൊമാന്റിക് ആയ ഒരു മൂളൽ. മുന്നേറ്റം, കടത്ത്, ഈ നാട് എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായി വരുന്നേയുള്ളൂ അക്കാലത്ത് ഉണ്ണിമേനോൻ. ``എങ്കിലും ട്രാക്ക് പാടുന്ന പതിവ് ഉപേക്ഷിച്ചിരുന്നില്ല. ശ്യാം സാർ ആണ് അക്കാലത്ത് ഏറെയും അവസരങ്ങൾ തന്നിരുന്നത്. അതുകൊണ്ടുതന്നെ ജോൺസൺ മാഷെ പോലൊരാൾ വിളിച്ചപ്പോൾ, അത് ഹമ്മിംഗിന് വേണ്ടി മാത്രമെങ്കിൽ പോലും, നിരസിക്കാൻ മനസ്സ് വന്നില്ല. ഹമ്മിംഗ് എങ്കിൽ ഹമ്മിംഗ്. അത്രയേ ചിന്തിച്ചുള്ളൂ. പക്ഷേ മാസ്റ്റർ ആ ഭാഗം മൂളിക്കേൾപ്പിച്ചപ്പോൾ അതിന്റെ ഫീൽ മനസ്സിനെ തൊട്ടു. ഇന്ന് ആ പാട്ട് കേൾക്കുമ്പോൾ എന്റെ ഭാഗം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. ടൈമിംഗിൽ ചെറിയൊരു പ്രശ്നം ഉള്ളപോലെ.'' ഒന്നു നിർത്തി ഉണ്ണി കൂട്ടിച്ചേർക്കുന്നു. ``ദൈവാനുഗ്രഹത്താൽ അതൊന്നും ആരും ശ്രദ്ധിച്ചില്ല. ആ പാട്ടിന്റെ ഭംഗിയെ കുറിച്ചും ഹമ്മിംഗിനെക്കുറിച്ചുമൊക്കെ ആളുകൾ ഇത്ര കാലത്തിനു ശേഷവും പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം മാത്രം.'' പിൽക്കാലത്ത് ഒരു പിടി നല്ല ഗാനങ്ങൾ ജോൺസൺ മാസ്റ്ററുടെ ഈണത്തിൽ പാടി ഉണ്ണി. പാവക്കൂത്തിലെ സാരംഗി മാറിലണിയും, മിമിക്സ് പരേഡിലെ ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ, ശുഭയാത്രയിലെ സിന്ദൂരം തൂവും എന്നിവ ഉദാഹരണം.

കൈതപ്രം കഴിഞ്ഞാൽ ജോൺസണുമൊത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ സൃഷ്ടിച്ചത് പൂവച്ചൽ ഖാദറാണ്. ``തുറന്ന ജയിലി''ൽ (1982) ജയചന്ദ്രനും വാണിജയറാമും പാടിയ ``ശാലീനഭാവത്തിൻ ചാരുത ചാർത്തി ഓരോ പ്രഭാതവും വന്നു'' എന്ന ഗാനത്തിൽ നിന്ന് തുടങ്ങുന്നു അവരുടെ ജൈത്രയാത്ര. തുടർന്ന് പണ്ടൊരു കാട്ടിലൊരാൺ സിംഹം (സന്ദർഭം), രാഗിണി രാഗരൂപിണി, മഴവില്ലിൻ മലർ തേടി (കഥ ഇതുവരെ), കരളിലെ കിളിപാടി (അക്കച്ചീടെ കുഞ്ഞുവാവ), അനുരാഗിണീ (ഒരു കുടക്കീഴിൽ), മന്ദാരച്ചെപ്പുണ്ടോ (ദശരഥം) തുടങ്ങി വേറെയും ഹിറ്റ് ഗാനങ്ങൾ.

(​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: paalangal movie song, etho janma kalpanayil, johnson, bharathan, poovachal khader, vani jayaram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented