നൂറു വസന്തങ്ങളും ശിശിരങ്ങളും വന്നുപോയാലും ജയചന്ദ്രന്റെ ഗാനസരോവരം നമ്മെ കാത്തിരിക്കും...


രമേശ് ഗോപാലകൃഷ്ണൻ

ശുദ്ധമായ ഗമകസഞ്ചാരത്തോടെയാണ് അദ്ദേഹം ഗാനങ്ങൾ ആലപിക്കുന്നത്. പാടുമ്പോൾ, സ്വന്തമായതോ ബോധപൂർവ്വമോ ആയ ഒരു സംഗതിയും അദ്ദേഹം സംഗീതത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല.

Photo | NM Pradeep

2020 ലെ ജെ സി ഡാനിയേൽ പുരസ്കാരം ഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചതിലൂടെ ഏറ്റവും അർഹമായ കൈകളിലേക്കാണ് ആ ആദരം എത്തിപ്പെട്ടതെന്ന സന്തോഷം മുൻവർഷങ്ങളിലേതു പോലെ ഇക്കൊല്ലവും നമുക്ക് പങ്കുവെക്കാം. മലയാളചലച്ചിത്ര സംഗീതത്തിൽ ഇന്നുള്ള ഗായകനിരയിലെ ഒരു പ്രഗത്ഭനായ കാരണവരാണെങ്കിലും ആലാപനസിദ്ധിയുടേയും സൗന്ദര്യത്തിന്റേയും അളവുകോലുകൾ വെച്ചുനോക്കിയാൽ പാട്ടുകളുടെ രാജകുമാരനായിത്തന്നെയാണ് ഇന്നും നാം ജയചന്ദ്രനെ വിശേഷിപ്പിക്കേണ്ടത്. നൂറു വസന്തങ്ങളും ശിശിരങ്ങളും വന്നുപോയാലും ജയചന്ദ്രന്റെ ഗാനസരോവരം നമ്മെ കാത്തിരിപ്പുണ്ടാവും, അതിലൊന്നു മുങ്ങിക്കുളിക്കാനായ്.

പ്രായം നാൽപ്പതിനോടടുക്കുമ്പോൾ ഒരു കായികതാരത്തെ സംബന്ധിച്ച് അയാളുടെ കഴിവിന്റെ വാർദ്ധക്യമാണ് തുടങ്ങുകയെങ്കിൽ കലാകാരനത് യൗവ്വനത്തിന്റെ ആരംഭഘട്ടമാണ്. എന്നാൽ ജയചന്ദ്രനെന്ന ഗായകൻ ഇവിടേയും നമ്മളെ അതിശയിപ്പിക്കുകയാണ്. ഈ എഴുപത്തിയേഴാം വയസ്സിലും, ഇനിയുമൊരു സംഗീതജീവിതത്തിനു ബാല്യമുണ്ടോ എന്ന്‌ അത്ഭുതപ്പെടുത്തും വിധമാണ് അദ്ദേഹം വേദികളിൽ നമ്മുടെ മുന്നിൽ നിന്നുകൊണ്ട് പാടുന്നത്. അതിന്റെ രഹസ്യം തേടിപ്പോയാൽ അവിടെ ശിശുസമാനമായ നിഷ്ക്കളങ്കഹൃദയത്തിനുടമയായ ഒരു സാധാരണ മനുഷ്യനെ മാത്രമാണ് നമുക്ക് കണ്ടെത്താൻ കഴിയുക. സംഗീതത്തെ ജീവനോളം പ്രണയിക്കുന്ന, പാടാൻ കഴിവുകളുള്ള ഒരു സാധാരണ മനുഷ്യൻ. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. ഒന്നിന്റേയും ജാഡകളോ അഹംബോധങ്ങളോ ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ.

അതുകൊണ്ടുതന്നെ ആ ആത്മാവിൽനിന്ന് ഒഴുകിവരുന്ന സംഗീതത്തിന് ദിവ്യമായ ഒരു തേജസ്സുണ്ട്, ദൈവികഭാവമുണ്ട്. അതദ്ദേഹം ആലപിക്കുമ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്നു സ്വന്തം നാട്ടിലേക്കു പറഞ്ഞയച്ച ഭാവഗായകനായി ഒരു കാവ്യഗന്ധർവ്വനെപ്പോലെ ജയചന്ദ്രൻ നമ്മുടെ മുന്നിൽ നിന്നുകൊണ്ടു പുഞ്ചിരി തൂകുകയാണ്. അതേ, കേരളത്തിന്റെ സ്വന്തം ഗായകനാണ് ജയചന്ദ്രൻ. നമ്മുടേയൊക്കെ ഭാവഗായകൻ. ദൈവം സമ്മാനിച്ച കാവ്യഗന്ധർവ്വൻ.

കേരളീയകലകളായ കഥകളി, ചെണ്ടമേളം, ചാക്യാർകൂത്ത്‌, പാഠകം എന്നിവയോടുള്ള കമ്പവും ഇവിടത്തെ ആഘോഷങ്ങളായ പൂരത്തോടും ഉത്സവങ്ങളോടുമുള്ള താൽപ്പര്യവും ജയചന്ദ്രനെന്ന ആസ്വാദകനെ അടയാളപ്പെടുത്തുമ്പോൾ പാട്ടിൽ നിറഞ്ഞുതുളുമ്പുന്ന കേരളീയതയാണ് ഒരു ഗായകനെന്ന രീതിയിൽ അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്കരൻ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകർന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമയിൽ ജയചന്ദ്രൻ അരങ്ങേറ്റം കുറിച്ചത്. എന്നാൽ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തുവന്നത് 1966 ൽ കളിത്തോഴൻ എന്ന ചിത്രത്തിനുവേണ്ടി പാടിയ രണ്ടു സോളോ ഗാനങ്ങളായിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി... എന്ന വിരഹഗാനവും താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ... എന്ന തമാശപ്പാട്ടും. വിപരീതസ്വഭാവമുള്ള രണ്ടു പാട്ടുകൾ. പി ഭാസ്കരന്റേതന്നെ രചനയിൽ ജി ദേവരാജൻ ഈണം പകർന്ന ഗാനങ്ങളായിരുന്നു അവ.

1967 ൽ കുഞ്ഞാലിമരയ്ക്കാറും റിലീസായി. ഇതിൽ പ്രേമ എന്ന ഗായികയോടൊപ്പം ഒരു മുല്ലപ്പൂമാലയുമായ്... എന്ന യുഗ്മഗാനമാണ് ജയചന്ദ്രൻ പാടിയത്. പിന്നീട് മലയാളസിനിമയിൽ താരപരിവേഷം ചാർത്തപ്പെട്ട ഒരു ഗായകനായിത്തീരാൻ ജയചന്ദ്രന് അധികനാൾ വേണ്ടിവന്നില്ല. നാലു തെന്നിന്ത്യൻ ഭാഷകളിലുമായി പ്രമുഖരായ സംഗീതസംവിധായകർക്കൊപ്പം ചേർന്നുകൊണ്ട് അനേകം ഹിറ്റുകൾ ഈ ഗായകൻ സൃഷ്ടിച്ചു. ഒരു വലിയ ആരാധകസമൂഹത്തെ നേടിക്കൊണ്ട് ഇന്നും ജയചന്ദ്രനെന്ന ഗായകൻ നമുക്കിടയിൽ ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുന്നു.

ഒരു ഗാനം പാടുമ്പോൾ ഇത്രത്തോളം ഭാവപൂർണത നൽകാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഈ ഗായകനിൽനിന്നു ലഭിച്ച ഉത്തരം വളരെ വ്യത്യസ്തവും എന്നാൽ ഗൗരവമാർന്നതും ആയിരുന്നു. ഒരു ഗാനം അടിസ്ഥാനപരമായി ബന്ധം സ്ഥാപിക്കുന്നത് അതിന്റെ സാഹിത്യവുമായിട്ടാണെന്നും അതു മനസിലാക്കിക്കൊണ്ട് ഒരു സംഗീതസംവിധായകൻ ഈണമിടുമ്പോഴാണ് ആ ഗാനത്തിന് ഭാവപൂർണത കൈവരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭാഷയിൽ അറിവും ആധിപത്യവുമുള്ള ഒരു ഗായകനോ ഗായികയോ അതറിഞ്ഞു പാടുമ്പോൾ ഗാനത്തിലടങ്ങിയ ഭാവാത്മകത ആസ്വാദകരിലേക്കും സംവേദനം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളഭാഷയെ ഏറ്റവും വില മതിക്കുന്ന ജയചന്ദ്രൻ കവിതകളേയും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു കലാകാരനാണ്. പി കുഞ്ഞിരാമൻനായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എഴുതിയ കാൽപ്പനികത തുളുമ്പുന്ന പ്രണയകവിതകളോട് ഈ ഗായകൻ സവിശേഷമായ മമത വച്ചുപുലർത്തുന്നു. തമിഴിലാകട്ടെ കവിജ്ഞർ കണ്ണദാസനോടാണ് അദ്ദേഹത്തിനു പ്രിയം കൂടുതൽ. ഒരു ഭാവഗായകന്റെ ജനനം അടയാളപ്പെടുന്ന കലാത്മകമായ ലാവണ്യദർശനങ്ങൾ ആ വാക്കുകളിലും നിറഞ്ഞുനിൽക്കുന്നു.

ആലാപനത്തിൽ പുലർത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ പാട്ടുശൈലിയിലെ മറ്റൊരു സവിശേഷത. ശുദ്ധമായ ഗമകസഞ്ചാരത്തോടെയാണ് അദ്ദേഹം ഗാനങ്ങൾ ആലപിക്കുന്നത്. പാടുമ്പോൾ, സ്വന്തമായതോ ബോധപൂർവ്വമോ ആയ ഒരു സംഗതിയും അദ്ദേഹം സംഗീതത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല. എല്ലാം സ്വച്ഛന്ദം സുന്ദരമായി ഒഴുകിയെത്തുകയാണ് ആ ആലാപനത്തിൽ. ഇന്നോളം ഒരു യുവഗായകനും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാത്തതും അതുകൊണ്ടു തന്നെയാവണം. ജയചന്ദ്രനെന്ന ഗായകന് ആസ്വാദകരും ആരാധകരും മാത്രമേയുള്ളൂ, അനുകർത്താക്കളില്ല.

കർണാടകസംഗീതത്തിൽ മഹാരാജപുരം സന്താനത്തിന്റെ ശബ്ദസൗകുമാര്യത്തോടും ആലാപനവിശ്രാന്തിയോടും ജയചന്ദ്രന്റെ ആലാപനത്തെ താരതമ്യപ്പെടുത്താം. മാധുര്യമൂറുന്ന ശബ്ദവും സ്വാഭാവികതയുള്ള ആലാപനസൗന്ദര്യവും കൊണ്ടാണ് സന്താനം ശാസ്ത്രീയസംഗീതത്തെ ലളിതമായി അവതരിപ്പിച്ചത്. ജയചന്ദ്രനാകട്ടെ കവിത്വബോധവും ദൃശ്യാത്മകലാവണ്യവും ആലാപനത്തിൽ ചാലിച്ചുകൊണ്ട് ഗാനങ്ങളെ സ്വാഭാവികസൗന്ദര്യമുള്ള പ്രകൃതിയുടെ മുത്തുകളാക്കി മാറ്റി. ആസ്വാദകർ അവയെ ഹൃദയത്തിൽ അണിയുകയും ചെയ്തു.

കൊച്ചി രാജകുടുംബത്തിലെ ഒരംഗമായിരുന്ന രവിവർമ്മ കൊച്ചനിയൻ തമ്പുരാനും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയ്ക്കും 1944 മാർച്ച് 3 നാണ് ജയചന്ദ്രൻ ജനിച്ചത്. കൊച്ചിയിലെ രവിപുരത്തുനിന്ന് ഈ കുടുംബം പിന്നീട് തൃശൂർ ജില്ലയിൽ ക്ഷേത്രകലകളുടെകൂടി നാടായ ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റുകയായിരുന്നു. ചെറുപ്പത്തിൽ മൃദംഗവായനയിലും പ്രാവീണ്യം നേടിയ ജയചന്ദ്രന് ഒരു കലാകാരനെന്ന നിലയിലും കലാസ്വാദകനെന്ന വഴിയിലും വളർന്നു വികസിക്കാൻ വേണ്ട സാഹചര്യം ഒരുക്കുന്നതിൽ ഇരിങ്ങാലക്കുടയെന്ന ദേശത്തിനും വലിയ പങ്കുണ്ട്. പിന്നീട് ലളിതയെ വിവാഹം ചെയ്ത ജയചന്ദ്രൻ തൃശ്ശൂരിൽ താമസമുറപ്പിക്കുകയായിരുന്നു. ലക്ഷ്മിയെന്ന മകളും ദിനനാഥ്‌ എന്ന മകനുമാണ് ഈ ദമ്പതികൾക്കുള്ളത്.

പൂവേ പൂവേ പാലപ്പൂവേ... (ദേവദൂതൻ), ആകാശദീപമേ... (ജോക്കർ), അറിയാതെ അറിയാതെ... (രാവണപ്രഭു), പൊന്നുഷസ്സിനും... (മേഘമൽഹാർ), ഒന്നു തൊടാനുള്ളിൽ... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും... (നന്ദനം), വിരൽ തൊട്ടാൽ വിരിയുന്ന...(ഫാന്റം), വാ വാ വോ വാവേ... (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്... (തിളക്കം), എന്തേ ഇന്നും വന്നീലാ... (ഗ്രാമഫോൺ), കണ്ണിൽ കണ്ണിൽ മിന്നും... (ഗൗരീശങ്കരം), ആലിലത്താലിയിൽ... (മിഴി രണ്ടിലും), സ്വയംവര ചന്ദ്രികേ... (ക്രോണിക് ബാച്‌ലർ), അഴകേ കണ്മണിയേ... (കസ്തൂരിമാൻ), നീ മണിമുകിലാടകൾ... (വെള്ളിത്തിര), കല്ലായിക്കടവത്തെ... (പെരുമഴക്കാലം), കണ്ണും നട്ടു കാത്തിരുന്നിട്ടും... (കഥാവശേഷൻ), ആരാരും കാണാതെ... (ചന്ദ്രോത്സവം), വെൺമുകിലേതോ... (കറുത്ത പക്ഷികൾ), ആലിലക്കാവിലെ... (പട്ടാളം), നനയും നിൻ മിഴിയോരം... (നായിക), ശാരദാംബരം... (എന്ന് നിന്റെ മൊയ്തീൻ) എന്നിവയൊക്കെ 2000 മുതൽ ജയചന്ദ്രൻ വ്യക്തിഗതമായോ യുഗ്മമായോ പാടി ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ഹിറ്റ് ഗാനങ്ങളാണ്.

2010 ൽ ആദ്യമായി ഒരു ഹിന്ദി സിനിമയ്ക്കുവേണ്ടി (ADA... a way of life) എ ആർ റഹ്‌മാന്റെ സംഗീതത്തിൽ ജയചന്ദ്രൻ ഒരു യുഗ്മഗാനം Alka Yagnik എന്ന ഗായികയ്ക്കൊപ്പം പാടിയപ്പോഴും ആ ശബ്ദവും ഭാവവും ഹരിതാഭമായ വർണ്ണചാരുതയോടെ നമുക്ക് കേട്ടാസ്വദിക്കാൻ കഴിഞ്ഞുവെന്നത് പാട്ടുകളുടെ രാജകുമാരനെന്ന ആ ഗായകനുള്ള വിശേഷണത്തെ ഒരിക്കൽകൂടി അടിവരയിടുന്നു. മുജ്ജേ മിലോ വഹാൻ വഹാൻ ജഹാൻ പെഹലേ മിലേ... എന്നു തുടങ്ങുന്ന ഈ ഗാനത്തിൽ അദ്ദേഹത്തിന്റെ ഉച്ചാരണശുദ്ധിയും നമ്മളെ ഏറെ ആകർഷിക്കും.

2000 നു മുൻപുള്ള പി ജയചന്ദ്രൻ എന്ന ഗായകന്റെ ഗാനങ്ങളെ ഇനിയും ഒന്നൊന്നായി പേരെടുത്തു വിശകലനം ചെയ്യാൻ ഈ ചെറിയ കുറിപ്പിൽ മുതിരേണ്ടതില്ല. കാരണം അവ അല്ലെങ്കിലും ആസ്വാദകഹൃദയങ്ങളിൽ ആഴത്തിലുള്ള പ്രതിഷ്ഠ നേടിക്കഴിഞ്ഞവയാണ്. അവ അനുസ്യൂതം ആ ഹൃദയങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കട്ടെ. ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും...

Content Highlights : P Jayachandran, JC Daniel award 2020


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented