ശാസ്താംകോട്ട: ജന്മനാടായ ശാസ്താംകോട്ടയെ ഏറെ പ്രണയിച്ച കലാകാരനായിരുന്നു പി.ബാലചന്ദ്രൻ. നാടക അരങ്ങിൽനിന്ന്‌ സിനിമയുടെ ലോകത്തേക്കുള്ള ഓരോ കാൽവയ്പിലും പ്രേരകശക്തിയായിനിന്നത് നാടിന്റെ കലാപാരമ്പര്യവും രമണീയതയും നല്ലമനുഷ്യരുമായിരുന്നു. ശാസ്താംകോട്ടയുടെ പശ്ചാത്തലത്തിൽ സിനിമ എടുക്കണമെന്നതാണ്‌ സഫലമാകാതെപോയ മറ്റൊരു ആഗ്രഹം. ഇത് അദ്ദേഹം പലരോടും പങ്കുെവച്ചു. മമ്മൂട്ടിയെ നായകനാക്കണമെന്നുമുണ്ടായിരുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെ പടികയറിയതാണ് ബാലചന്ദ്രനെ അഭിനയത്തിന്റെയും എഴുത്തിന്റെയും വഴിയിലേക്ക് നടത്തിയത്.

ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും പിൽക്കാലത്തു നേടിയെടുത്ത ‘മകുടി’ എന്ന നാടകം പിറക്കുന്നതും ജനശ്രദ്ധയാകർഷിക്കുന്നതും ഈകാലയളവിലാണ്. നാടകം ജീവിതത്തിന്റെ ഭാഗമായി. മലയാളം ബിരുദാനന്ത ബിരുദവും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന്‌ നാടക സംവിധാനത്തിൽ ബിരുദവുമെടുത്തു. നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ശാസ്താംകോട്ടയിലെ യുണൈറ്റഡ് ക്ലബ്ബ് കലാ-സാംസ്കാരിക മേഖലകളിൽ പേരെടുത്തതിനുപിന്നിൽ ബാലചന്ദ്രന്റെ സംഭാവനകൾ ഏറെ വലുതാണ് .

സ്വന്തം നാടായ ശാസ്താംകോട്ടയിലേക്ക് മടങ്ങണമെന്ന നിശ്ചയത്തിലായിരുന്നു അദ്ദേഹം. ഇതിനായി അടുത്തകാലത്ത് വീട് മിനുക്കി. അടുത്തുള്ള ഒരേക്കറോളം വരുന്ന കൃഷിയിടം ഒരുക്കി. കലാ-സാഹിത്യസപര്യക്കൊപ്പം കൃഷിയും ചേർത്തുകൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി ഏറെനാൾ വീട്ടിലുണ്ടായിരുന്നു.

നാട്ടിലെ കലാകാരന്മാർക്ക് ഒത്തുകൂടുന്നതിന് ഒരിടം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അതിനിടയിലായിരുന്നു രോഗബാധിതനാകുന്നത്. ഇവൻ മേഘരൂപൻ എന്ന സിനിമയിൽ ശാസ്താംകോട്ടയുടെ ഭംഗിയെ പകർത്തിയതും നാടിന്റെ സ്നേഹവായ്പായിരുന്നു. 2020-ൽ വിദേശങ്ങളിലുള്ള ഡി.ബി. കോളേജ് പൂർവ വിദ്യാർഥികൾ ജി.ശങ്കരപ്പിള്ളയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡും അവർ ബാലചന്ദ്രന് സമ്മാനിച്ചു.

Content Highlights: P Balachandran actor unfulfilled dreams, Movies