നാടകവേദികളില്‍ തെളിഞ്ഞ അഭിനയശൈലി, പിന്നീട് സിനിമയിലെത്തിയപ്പോള്‍ അഭിനയത്തിലും എഴുത്തിലും ഒരുപോലെ തിളങ്ങിയ പ്രതിഭ. പി ബാലചന്ദ്രന്‍ വിടപറയുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു നടനെ മാത്രമല്ല മികച്ച ഒരു തിരക്കഥാകൃത്തിനെ കൂടിയാണ്. 

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍. 1972 - ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ 'കള്‍ട്'ല്‍ പ്രവര്‍ത്തിച്ചു. ''മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം'' എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

നാടകവേദികളില്‍ സജീവമായ കാലത്ത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനായിരിക്കേയാണ് പി ബാലചന്ദ്രന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ എഴുതണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. പിന്നീട് ടി.കെ രാജീവ് കുമാറിന് വേണ്ടി ഒരു സിനിമ എഴുതി തുടങ്ങിയ സമയത്താണ് പത്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വനുമായി എത്തുന്നത്. തന്റെ സിനിമയ്ക്ക് ഞാന്‍ ഗന്ധര്‍വ്വനുമായി സാമ്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പി ബാലചന്ദ്രന്‍ ആ സിനിമയും ഉപേക്ഷിച്ചു.

ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ മുടങ്ങിപ്പോയ നിരാശയിലിരിക്കുമ്പോഴാണ് നവോദയയുടെ പുതിയ പടത്തിലേക്ക് വിളിവരുന്നത്. ഇനിയും സിനിമ മുടങ്ങിപ്പോകരുതെന്ന വാശിയില്‍ ബാലചന്ദ്രന്‍ എഴുതി. ആ സിനിമ പുറത്തിറങ്ങുകയും വലിയ വിജയമാവുകയും ചെയ്തു. അതായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍. പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റു ചിത്രങ്ങള്‍. ഇതില്‍ അഗ്‌നിദേവന്‍ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. 

കാലം പോകെ പോകെ സിനിമയുടെ സ്വാഭാവം മാറുന്നതിനനുസരിച്ച് തന്റെ എഴുത്തിലും പുതുമകള്‍ കൊണ്ടുവന്നതാണ് ബാലചന്ദ്രന്റെ വിജയം.  അതിന് ഉദാഹരണങ്ങളാണ് എടക്കാട് ബറ്റാലിയനും രാജീവ് രവിയുടെ കമ്മട്ടിപാടവുമെല്ലാം. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത കമ്മട്ടിപ്പാടം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നാണ്. 

Content Highlights: P. Balachandran actor script writer passed away, Movies, Uncle bun to Kammatipaadam