ousepachan valakuzhy| Photo: NM Pradeep
മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്', സിദ്ദിഖ് ലാലിന്റെ 'റാംജിറാവു സ്പീക്കിങ്', സിബി മലയില്‍ സംവിധാനം ചെയ്ത 'സാന്ത്വനം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിര്‍മാണരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുന്നത്. സിനിമയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് ഔസേപ്പച്ചന്‍. ഈ അവസരത്തില്‍ വ്യത്യസ്തമായ ഒരു പരീക്ഷണവുമായി അദ്ദേഹം പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുകയാണ്. പുതുമുഖങ്ങളെ മാത്രം വച്ചൊരു സിനിമ. അഭിനേതാക്കള്‍ മാത്രമല്ല, സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങള്‍. മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇതൊരു അനിവാര്യതയാണെന്ന് വ്യക്തമാക്കുകയാണ് ഔസേപ്പച്ചന്‍. മാത്രവുമല്ല, സിനിമയുമായി സഹകരിക്കാത്ത അര്‍പ്പണബോധമില്ലാത്ത അച്ചടക്കമില്ലാത്ത അഭിനേതാക്കള്‍ എത്ര താരമൂല്യമുള്ളവരാണെങ്കിലും അവരുടെ പിറകെ പോകുന്നത് നിര്‍മാതാക്കള്‍ അവസാനിപ്പിക്കണമെന്നും പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതുമുഖങ്ങളുമായി സിനിമ ചെയ്യുമ്പോള്‍ റിസ്‌കുണ്ട്, എന്നാല്‍ ഭയമില്ല
പുതുമുഖങ്ങളെവച്ച് സിനിമ ചെയ്യുന്നതില്‍ ഒരുപാട് റിസ്‌ക്കുണ്ട്. പക്ഷേ, എനിക്കതില്‍ ഒട്ടും ഭയമില്ല. എന്റെ സിനിമയിലൂടെ വന്ന ഒരുപാട് അഭിനേതാക്കള്‍ വലിയ താരങ്ങളായി മാറിയിട്ടുണ്ട്. ഉദാഹരണത്തിന് 'വര്‍ഷം 16' എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു അഭിനയരംഗത്ത് വരുന്നത്. അതുപോലെ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ നാദിയ മൊയ്തു, 'റാംജിറാവു സ്പീക്കിങ്ങി'ലൂടെ സായ് കുമാര്‍. രേഖയും ആദ്യമായി മലയാളത്തിലെത്തിയത് അതേ സിനിമയിലൂടെയായിരുന്നു. 'സാന്ത്വന'ത്തിലൂടെ മീനയും. പിന്നീട് അവരെല്ലാം വലിയ താരങ്ങളായി. എല്ലാവരും ഇപ്പോഴും സിനിമയിലുണ്ട്. ഒടുവിലത്തെ ഉദാഹരണമായി പ്രിയ വാര്യരെ പറയാം. ജാഡ കാണിക്കുന്നവര്‍ക്ക് പുറകേ ഞാന്‍ ഒരിക്കലും പോകില്ല. ഇനി പോവുകയുമില്ല. പുതുമുഖങ്ങളെ സിനിമയില്‍ കൊണ്ടുവരുന്നത് എനിക്ക് ഇഷ്ടമാണ്. എനിക്ക് അവരില്‍ ആത്മവിശ്വാസമുണ്ട്. 'അഡാര്‍ ലൗവ്' എന്ന സിനിമയുടെ ഒഡീഷന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിച്ചത്. പതിനായിരത്തിലേറെ ചെറുപ്പക്കാരാണ് സിനിമയിലെ ഏതാനും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഒഡീഷനില്‍ പങ്കെടുക്കാനെത്തിയത്. അത് എന്നെ വല്ലാതെ ഞെട്ടിച്ചു. അതില്‍നിന്നാണ് പ്രിയ വാര്യരെ പോലുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്. ഒഡീഷന് വരുന്ന എല്ലാവര്‍ക്കും അവസരം നല്‍കാന്‍ നമുക്ക് സാധിക്കുകയില്ല. എന്നാല്‍, കഴിവുള്ള എത്രയേറെ പ്രതിഭകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരിക്കും. അന്ന് ഞാന്‍ വിചാരിച്ചതാണ് പുതുമുഖങ്ങളെ വച്ച് മാത്രം ഒരു സിനിമ എടുക്കണമെന്ന്.
.jpg?$p=aa62323&&q=0.8)
പരാജയങ്ങളില്‍ തടഞ്ഞു വീഴില്ല, ശുഭാപ്തി വിശ്വാസമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്
'മിസ്സിങ് ഗേളി'ന്റെ പ്രത്യേകത എന്താണെന്നുവച്ചാല്‍ അഭിനേതാക്കള്‍ മാത്രമല്ല അണിയറപ്രവര്‍ത്തകരും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങളാണ്. ഇങ്ങനെയൊരു സിനിമ മുഖ്യധാരയില്‍ അപൂര്‍വമായിരിക്കും. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതില്‍ അഭിനയിച്ച പലരും ഭാവിയില്‍ സിനിമയില്‍ അറിയപ്പെടുന്ന അഭിനേതാക്കളായി മാറാന്‍ സാധ്യതയുണ്ട്. എനിക്ക് ആ സിനിമയുടെ ഉള്ളടക്കത്തില്‍ വിശ്വാസമുണ്ട്. ചിലപ്പോള്‍ വിജയിക്കും അല്ലെങ്കില്‍ പരാജയപ്പെടും. എന്നാലും അതോര്‍ത്ത് ഭയമില്ല. നാല് പതിറ്റാണ്ടായി സിനിമയില്‍. നഷ്ടങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പരാജയങ്ങളില്‍ തട്ടിത്തടഞ്ഞു വീഴില്ലെന്ന ശുഭാപ്തി വിശ്വാസം തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റൊരു കാര്യം പറയാനുള്ളത്, സര്‍ക്കാരും സിനിമാ സംഘടനകളും ഇതുപോലുള്ള പരീക്ഷണ ചിത്രങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നില്ല. സാമ്പത്തികമായ പിന്തുണയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്, പ്രൊമോഷന്‍ നല്‍കി പ്രോത്സാഹിക്കണം. സര്‍ക്കാര്‍ തിയേറ്ററുകളിലെങ്കിലും സിനിമയ്ക്ക് ബ്രീത്ത് ചെയ്യാനുള്ള ഒരു സമയം ലഭിക്കണം.
അമിതപ്രതീക്ഷയാണ് 'അഡാര്‍ ലൗ'വിന് വിനയായത്
തൊട്ടുമുന്‍പ് ചെയ്ത 'അഡാര്‍ ലൗ'വിലും പുതുമുഖങ്ങളായിരുന്നു ഭൂരിഭാഗവും. ഒരു രാത്രികൊണ്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. ഒരു ചെറിയ ഗാനരംഗം പുറത്ത് വന്നപ്പോഴേക്കും അതിലെ ഒരു കണ്ണിറുക്കലിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ വലിയ തരംഗമായി. ബി.ബി.സി. എഴുതിയത്, ദ വിങ്ക് ദാറ്റ് സ്റ്റോപ്പ്ഡ് ഇന്ത്യ എന്നാണ്. ഇതൊരു ചെറിയ സിനിമയായിരുന്നു, ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പ് ലഭിച്ചതോടെ വലിയ സമ്മര്‍ദമുണ്ടായി. അതൊന്നും പോരാതെ മൂന്നോ നാല് മാസം കൊണ്ട് തീരേണ്ട സിനിമ ഒരുപാട് മാസങ്ങള്‍ നീണ്ടുപോയി. റിലീസിന് മുന്‍പേ ലഭിച്ച പബ്ലിസിറ്റിയോട് നീതി പുലര്‍ത്താനായില്ല. 'അഡാര്‍ ലൗ'വിന് സംഭവിച്ച മറ്റൊരു പ്രശ്‌നം എന്താണെന്ന് വച്ചാല്‍, ഈ സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ പൈറസിയ്ക്ക് ഇരയായി. തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ മാത്രമല്ല യൂട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പോലും സിനിമയുടെ ഭാഗങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. എല്ലാവരും സിനിമ കണ്ടു. പക്ഷേ, തിയേറ്ററില്‍ നിന്നല്ലെന്ന് മാത്രം. സാമ്പത്തികമായി വലിയ നേട്ടമുണ്ടാനൊന്നും സാധിച്ചില്ല. ഷൂട്ടിങ് വിചാരിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതുകൊണ്ട് നിര്‍മാണച്ചെലവും കൂടിപ്പോയി. തീയേറ്ററില്‍ ഓടാത്ത ഒരു സിനിമയ്ക്ക് ഒരിക്കലും ലാഭമുണ്ടാകില്ല.
ആദ്യ പത്ത് ദിവസം തീയേറ്ററില്‍ ആളില്ല, ഒടുവില്‍ സൂപ്പര്‍ ഹിറ്റായ 'റാംജിറാവു'
എന്റെ 'റാംജി റാവു സ്പീക്കിങ്', 'സാന്ത്വനം' പോലുള്ള സിനിമകള്‍ക്ക് ആദ്യത്തെ പത്ത് ദിവസത്തോളം തീയേറ്ററില്‍ ആളില്ലായിരുന്നു. 'റാംജി റാവു സ്പീക്കിങ്ങി'ൽ മുകേഷും ഇന്നസെന്റും ഉണ്ടെങ്കിലും അവര്‍ക്ക് സൂപ്പര്‍താര പരിവേഷം ഒന്നുമില്ലല്ലോ. സായ് കുമാറാണെങ്കില്‍ പുതുമുഖം. സിദ്ദിഖ്-ലാല്‍ പുതിയ സംവിധായകര്‍. മീന ആദ്യമായി നായികയായി അഭിനയിച്ച ചിത്രമായിരുന്നു 'സാന്ത്വനം'. അതുകൊണ്ട് തന്നെ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ ഈ രണ്ട് സിനിമകളും പ്രതിസന്ധിയിലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊപ്പം നിന്നത് തിയേറ്ററുടമകളായിരുന്നു. സോഷ്യല്‍ മീഡിയ പോലും ഇല്ലാത്ത കാലമാണ്. സിനിമ കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ കുറച്ച് ആളുകള്‍ കൂടി വന്നു. പിന്നെ അത് ഇരട്ടിച്ചു. അങ്ങനെ പത്ത് പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തീയേറ്ററില്‍ വലിയ തിരക്കായി. ഒടുവില്‍ സിനിമ ഹിറ്റായി. നൂറ്റിയന്‍പത് ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇന്നത്തെ പോലെ ആദ്യ ഷോയ്ക്ക് ശേഷം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന പതിവൊന്നും അന്നില്ലായിരുന്നു.
.jpg?$p=246738b&&q=0.8)
പരസ്പര ബഹുമാനമില്ലാത്തവരുമായി സഹകരിക്കാറില്ല
മലയാള സിനിമ നേരിടുന്ന ഒരു വലിയ പ്രശ്നം പറയം. ഇവിടെ ലീഡ് ആക്ടേഴ്സ് എന്ന പറയുന്നവരുടെ എണ്ണം വളരെ കുറവാണ്. ആര്‍ട്ടിസ്റ്റുകളുടെ എണ്ണം കുറവാണ്. തമിഴ്നാട്ടില്‍ നടന്‍മാരുടെ കണക്കെടുത്താല്‍ മാത്രം നാല്‍പ്പതോളം പേരുണ്ടായിരിക്കും. മലയാളത്തില്‍ ഒരു നടന്‍ ഇവിടെ അഭിനയിക്കുന്നു. അതേസമയം തന്നെ പിന്നെ തൊട്ടപ്പുറത്തും. ഇനി മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ പല പ്രതിഭകളും ജീവിച്ചിരിപ്പില്ല. തിലകന്‍, ഇന്നസെന്റ്, സുകുമാരി, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ഫിലോമിന, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ... ഇവരെല്ലാം ഓര്‍മയായി. ഇവരെല്ലാം പോയതോടെ പല കഥകളും കഥാപാത്രങ്ങളും സിനിമയില്‍ ഇല്ലാതായി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ പോലുള്ളവര്‍ ഒരു വര്‍ഷം ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു. പുതുമുഖങ്ങള്‍ വരട്ടെ, അപ്പോള്‍ നിങ്ങള്‍ക്ക് ഒരാളെ തന്നെ സ്ഥിരമായി ആശ്രയിക്കേണ്ടി വരില്ല. പരസ്പര ബഹുമാനമില്ലാതെ പെരുമാറുന്ന ഒരു ആര്‍ട്ടിസ്റ്റുമായി നിങ്ങള്‍ക്ക് ഇടപെടേണ്ട അവസ്ഥ വരില്ല. അങ്ങനെയുള്ളവരുമായി ഞാന്‍ സിനിമ ചെയ്യാറില്ല. പക്ഷേ, ഇത് കോടിക്കണക്കിന് രൂപയുടെ വിപണിയായതിനാല്‍, പലര്‍ക്കും പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാനുള്ള ധൈര്യമില്ല.
ഒ.ടി.ടി. സിനിമയ്ക്ക് അനുഗ്രഹമായിരുന്നു, ഇപ്പോള്‍ ശാപവും
ഒ.ടി.ടി. മലയാള സിനിമയ്ക്ക് അനുഗ്രഹവും അതുപോലെ ശാപവുമാണെന്ന് ഞാന്‍ പറയും. കാരണം കോവിഡ് സമയത്ത് സിനിമ എത്തിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ വളര്‍ന്നു. എല്ലാവരും അതുമായി പൊരുത്തപ്പെട്ടു. ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് മാത്രമായുള്ള പരീക്ഷണാത്മക ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. അതെല്ലാം നല്ല കാര്യമായിരുന്നു. കോവിഡിന്റെ ദുരിതകാലത്ത് യാതൊരു വിനോദോപാധികളുമില്ലാതിരുന്ന മനുഷ്യര്‍ക്ക് പ്രത്യേകിച്ച് സിനിമാസ്വാദകര്‍ക്ക് ഒ.ടി.ടി. ചിത്രങ്ങള്‍ വലിയ ആശ്വാസം ആയിരുന്നു. എന്നാല്‍ പോസ്റ്റ് കോവിഡ് കാലഘട്ടത്തില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത സിനിമകള്‍ മിക്ക ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും സ്വീകരിക്കാതെയായി. എല്ലാവരും തീയേറ്റര്‍ റിലീസിന് നിര്‍ബന്ധിതരായി. എന്നാല്‍ തീയേറ്ററില്‍ ആളില്ലാത്ത അവസ്ഥ വന്നു. കുറഞ്ഞത് പത്ത് പേരെങ്കിലും ഇല്ലാതെ തീയേറ്ററുകാര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല. അതും അവര്‍ക്ക് നഷ്ടമാണെന്ന് ഓര്‍ക്കണം. പല സ്ഥലങ്ങളിലും ഷോയില്ല. ചെറിയ സിനിമകള്‍ തീയേറ്ററില്‍ വരുമ്പോള്‍ പലരും പറയുന്നത്, ആ ഒ.ടി.ടിയില്‍ വന്നിട്ട് കാണാം എന്നാണ്. എന്നിരുന്നാലും കണ്ടന്റ് നല്ലതായാല്‍ പ്രേക്ഷകര്‍ തീയേറ്ററിലെത്തും. അല്ലാത്ത സിനിമകള്‍ വിജയിക്കില്ല; അത് ഏത് സൂപ്പര്‍താരത്തിന്റെ സിനിമയായാലും. ഈ വര്‍ഷം മലയാളത്തില്‍ എത്ര മലയാള സിനിമകളാണ് ഇറങ്ങിയത്. അതില്‍ വിജയിച്ചത് ഒന്നോ രണ്ടോ സിനിമകളാണ്.
അച്ചടക്കം ഇല്ലാത്തവര്‍ ഒരിക്കലും സിനിമയില്‍ നിലനില്‍ക്കില്ല
നാല്‍പ്പത് വര്‍ഷമായി സിനിമയില്‍. ഇതുവരെ ഞാന്‍ ഇതുപോലൊരു പ്രതിസന്ധിക്കു സാക്ഷ്യം വഹിച്ചിട്ടില്ല. പണ്ടും ലഹരി ഉപയോഗിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവരെല്ലാ സിനിമാ ചിത്രീകരണത്തിന് ശേഷം ലഭിക്കുന്ന ഒഴിവുസമയത്ത് ഒത്തുകൂടി മദ്യപിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അതൊരിക്കലും സിനിമയുടെ നിര്‍മാണത്തെ ബാധിച്ചിട്ടില്ല. ഇന്ന് മയക്കുമരുന്ന് പോലുള്ള സാധനങ്ങള്‍ പലരും സെറ്റിലിരുന്നാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള അഭിനേതാക്കളുമായി ഞാന്‍ സഹകരിക്കാത്തതിനാല്‍ എനിക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. അച്ചടക്കം ഇല്ലാത്തവര്‍ക്ക് ഒരിക്കലും സിനിമയില്‍ നില്‍ക്കാനാകില്ല. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം വടവൃക്ഷങ്ങളെപ്പോലെ സിനിമയില്‍ ഇന്നും നിലനില്‍ക്കുന്നത് കലയോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടാണ്. സിനിമ ഇല്ലെങ്കില്‍ താരങ്ങളില്ലെന്ന് അവര്‍ക്കറിയാം. ഇന്നത്തെ പല അഭിനേതാക്കള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം കഷ്ടപ്പെട്ടു തന്നെയാണ് പലരും സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തതും അത് തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ വിജയിച്ചതും. പഴയ തലമുറ കോടമ്പാക്കത്തെ പെപ്പ് വെള്ളം കുടിച്ചിട്ടുണ്ട്, അതുകൊണ്ട് ഞങ്ങളും അത് തന്നെ ചെയ്യണോ എന്ന ചോദ്യം തിരിച്ചു ചോദിക്കരുത്. അതല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. തലമുറകള്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. പക്ഷേ, അര്‍പ്പണബോധം, ആത്മാര്‍ഥത, പരസ്പര ബഹുമാനം എന്നിവയെല്ലാം ഏത് തലമുറയും കൂടെ കൂട്ടേണ്ട മൂല്യങ്ങളാണ്.
അമിത പ്രതിഫലം ചോദിക്കുന്നവവെ വച്ച് സിനിമ എടുക്കാതിരിക്കുക
സിനിമ എന്ന് പറയുന്നത് ഒരു തരത്തിലും പേരും പ്രശസ്തിയും പണവുമാണ്. അത് മോഹിച്ച് നിര്‍മാണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഒരുപാട് പുതിയ പ്രൊഡ്യൂസര്‍മാര്‍ സിനിമയെടുക്കാന്‍ വരുന്നു. അവരാണ് ഇതുപോലുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്. അവരുടെ വാശിക്കും അഹങ്കാരത്തിനും മുന്നില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഒടുവില്‍ സിനിമ മുന്നോട്ട് പോകാനാകാതെ വരുമ്പോള്‍ സംഘടനകളില്‍ പരാതി നല്‍കുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ നേരത്തേ ധാരണയുണ്ടാക്കിയാല്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അമിതമായി പൈസ ചോദിക്കുന്നവരെ വച്ച് സിനിമ എടുക്കരുതെന്ന് തീരുമാനിക്കാനുള്ള ചങ്കൂറ്റം വേണം.
ഒരു സിനിമ ഹിറ്റാകുമ്പോഴേക്കും പ്രതിഫലം ഇരട്ടിയാക്കി നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്ന അഭിനേതാക്കള്‍ ഇവിടെയുണ്ട്. സമീപകാലത്ത് രണ്ടു നടന്‍മാരുമായി നിര്‍മാതാക്കള്‍ സഹകരിക്കില്ലെന്ന് പറഞ്ഞല്ലോ? ഒന്നു ആലോചിച്ചു നോക്കുക, അവര്‍ അഭിനയിച്ച ചിത്രങ്ങളില്‍ സമീപകാലത്ത് ഏത് സിനിമയാണ് വിജയിച്ചത്? എന്തിനാണ് ഇവരെപ്പോലുള്ളവരുടെ വാശിക്കു വഴങ്ങി വീണ്ടും സിനിമയെടുക്കാന്‍ ആളുകള്‍ വരുന്നത്? കഴിവുണ്ടായിട്ടും സിനിമയില്‍ അവസരം ലഭിക്കാതെ പോയ, ഇപ്പോഴും അവസരം തേടുന്ന എത്രയോ ആളുകള്‍ ഉണ്ട്. അവരെ പരിഗണിച്ചാല്‍ ഇതുപോലുള്ളവരുടെ അഹങ്കാരം സഹിക്കേണ്ടി വരില്ല.
Content Highlights: ousepachan valakuzhy producer interview, missing girl film, Malayalam cinema, crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..