ല്ലാത്തൊരു കാലമാണിത്. കൊറോണ എന്ന കുഞ്ഞന്‍ വൈറസ് ലോകജനതയെ, ദുരിതങ്ങളുടെ വെന്റിലേറ്ററിലാക്കിയ കാലം. അതില്‍നിന്ന് പുറത്തുകടക്കാന്‍, ഒരിറ്റ് ജീവവായുവിനായി ലോകം പരക്കംപായുകയാണ്. ജീവന്‍ രക്ഷിക്കാനുള്ള ആ പരക്കംപാച്ചിലിന്റെ ഏറ്റവും മുന്നില്‍ സിനിമാ വ്യവസായവുമുണ്ട്. കാരണം കൊറോണയുടെ ആക്രമണത്തില്‍ ഇത്രമേല്‍ തകര്‍ന്ന മറ്റൊരു വ്യവസായമില്ല. കോടികള്‍ മുടക്കി കൈ പൊള്ളിയവരുടെ എണ്ണം നമ്മുടെ കൊച്ചുകേരളത്തില്‍പ്പോലും ഏറെയാണ്. എന്നാല്‍ ''ചന്തുവിനെ തോല്പിക്കാന്‍ ആവില്ല മക്കളേ' എന്ന ഡയലോഗും വീശി സിനിമാ വ്യവസായം പതുക്കെ പതുക്കെ ജീവന്‍ വീണ്ടെടുക്കുകയാണ്.

ഒ.ടി.ടി. എന്ന വാക്‌സിന്‍, സിനിമയുടെ ജീവനെ പിടിച്ചുനിര്‍ത്തിത്തുടങ്ങി. ആ വാക്‌സിന്റെ അനന്തരഫലങ്ങള്‍ സിനിമയുടെ ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമോ? 'കൊറോണ ഈ വീടിന്റെ ഐശ്വര്യം' എന്ന് സിനിമക്കാര്‍ പറയുന്ന ഒരു കാലം വരുമോ? വരുമെന്നാണ് ഈ മേഖലയിലെ പുതിയ ചലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം പത്തുവര്‍ഷംകൊണ്ട് ഉണ്ടാവേണ്ട വിപ്ലവകരമായ മാറ്റങ്ങളാണ് കേവലം ഒരു വര്‍ഷംകൊണ്ട് സിനിമാ മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. ഒ.ടി.ടി. അഥവാ ''ഓവര്‍ ദ ടോപ്പ്' പ്ലാറ്റ്ഫോമുകള്‍ സിനിമയുടെ ജാതകത്തെ മാറ്റിമറിച്ചുകഴിഞ്ഞു. അതെ... ഒ.ടി.ടി.യുടെ കൈപിടിച്ച് സിനിമാ വ്യവസായം കുതിച്ചുതുടങ്ങി. തളര്‍ച്ചയിലേക്കല്ല... വളര്‍ച്ചയിലേക്ക്.

ബിഗ്/മിനി സ്‌ക്രീനുകള്‍ കടന്ന് നാനോ സ്‌ക്രീനിലേക്ക്

തീയേറ്ററിലെ ഇരുട്ടില്‍ പോപ്‌കോണും ഐസ്‌ക്രീമും കഴിച്ച് കാണേണ്ട ഒന്നാണ് സിനിമ എന്ന സങ്കല്പം മലയാളി മനസ്സില്‍നിന്ന് പടിയിറങ്ങിയിട്ട കാലമേറെയായി. അതിന് കൊറോണയെ കുറ്റംപറയേണ്ട. ടിവിയുടെ കടന്നുവരവോടെയാണ് വീട്ടിലിരുന്നും ആസ്വദിക്കാവുന്ന  ഒന്നാണ് സിനിമ എന്ന ചിന്ത മലയാളി മനസ്സുകളിലേക്ക് കടന്നുവരുന്നത്. അങ്ങനെ സിനിമ ബിഗ്‌സ്‌ക്രീനില്‍നിന്ന് മിനിസ്‌ക്രീനിലേക്കുകൂടി ചേക്കേറി. പക്ഷേ അപ്പോഴും തീയേറ്ററില്‍ ഒരു നിശ്ചിതകാലയളവ് ഓടിയതിനുശേഷമാണ് ടീവിയുടെ ചതുരവടിവിലേക്ക് സിനിമ എത്തുന്നത്. ചാനലുകളിലേക്കുള്ള ആ കടന്നുവരവ് സിനിമയുടെ കച്ചവടസാധ്യതയെ ഏറെ വലുതാക്കി. സാറ്റലൈറ്റ് റേറ്റ് എന്ന മറ്റൊരു വരുമാനമാര്‍ഗ്ഗംകൂടി അത് സൃഷ്ടിച്ചു.

ബിഗ് സ്‌ക്രീനില്‍നിന്നും മിനി സ്‌ക്രീനിലേക്കെത്തിയ സിനിമ പതുക്കെ പതുക്കെ അതുംകടന്ന് മൊബൈലിന്റെ നാനോ സ്‌ക്രീനിലേക്കുകൂടി കാല്‍വെച്ചു. ഇത്രയും ആയപ്പോഴാണ് കൊറോണ എന്ന വൈറസ് പിറവിയെടുക്കുന്നത്. അതോടെ ഗതികേടിന്റെ ചിതയിലേക്ക് സിനിമ എടുത്തെറിയപ്പെട്ടു. നിവര്‍ത്തികേടിന്റെ ആ ഗതികെട്ട അവസ്ഥയില്‍നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ സിനിമ ഇന്ന് പറന്നുയര്‍ന്നുകഴിഞ്ഞു. ഒ.ടി.ടി. എന്ന ചിറകിലേറിയുള്ള ആ പറക്കല്‍ ഒരു അത്ഭുതമാണ്. സ്വപ്നംപോെൈലാരു കുതിപ്പ്. ആ കുതിപ്പില്‍ സിനിമയെക്കുറിച്ചുള്ള പല മുന്‍ ധാരണകളും തകര്‍ക്കപ്പെട്ടു.

മൊബൈല്‍ സ്‌ക്രീനില്‍ സിനിമ റിലീസ് ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് ഒന്നരവര്‍ഷം മുമ്പ് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം ചാനലുകളിലെത്തുന്ന സിനിമകള്‍ കണ്ട് അന്തംവിട്ടിരുന്ന നമ്മളെയോര്‍ക്കുമ്പോള്‍ നമുക്കിന്ന് ചിരിവരും. അപ്പോള്‍ പണ്ട് ഞായറാഴ്ചകളിലെ ദൂരദര്‍ശന്‍ സിനിമകള്‍ക്കായി കാത്തിരുന്ന ഒരു തലമുറയെക്കുറിച്ച് പറഞ്ഞാലോ? കേവലമൊരു നാടോടിക്കഥ. അങ്ങനെയേ തോന്നു. കാരണം ഇന്ന് നമ്മള്‍ സ്വന്തം മൊബൈല്‍ഫോണില്‍ ഇഷ്ടസിനിമ അതിന്റെ റിലീസ് ദിവസംതന്നെ കാണുന്ന കാലത്താണ് കഴിയുന്നത്. സ്വപ്നമല്ലാതെ മറ്റെന്താണിത്?

അതെ, സിനിമ വളരുകയാണ്. ബിഗ് സ്‌ക്രീനില്‍നിന്ന് മിനി സ്‌ക്രീനിലേക്കും അവിടന്ന് മൊബൈല്‍ സ്‌ക്രീനിലേക്കും സിനിമ ഇറങ്ങിവന്നപ്പോള്‍ കാഴ്ച ചെറുതായെങ്കിലും കാഴ്ചക്കാര്‍ കൂടുകയാണ് ചെയ്തത്. അതായത് സിനിമ മൊബൈലിലേക്ക് ചെറുതാവുകയല്ല... വലുതാവുകയാണ്. കാരണം ആളുകള്‍ കണ്ടുകണ്ടാണ് ഓരോ സിനിമയും വലുതാവുന്നത്. അങ്ങനെ കൂടുതല്‍ ആളുകള്‍ കാണുന്ന, കൂടുതല്‍ വലിയ സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. സിനിമയുമായുള്ള അകലം ആസ്വാദകന് കുറഞ്ഞുകഴിഞ്ഞു. ഏറ്റവും പുതിയ സിനിമ ഒരു കൈയകലത്തില്‍ ആസ്വാദകന്‍ കിട്ടുമ്പോള്‍ അത് സിനിമയുടെ വളര്‍ച്ചയുടെ വേഗം കൂട്ടും. പത്തുകൊല്ലം കഴിഞ്ഞ് നടക്കുമായിരുന്ന ഈ വിപ്ലവം ഒരു വര്‍ഷം കൊണ്ട് സാധ്യമാക്കി എന്നിടത്താണ് കൊറോണയുടെ പ്രസക്തി. 

മൊബൈല്‍ സ്‌ക്രീന്‍ നിറയെ തീയേറ്ററുകള്‍

ഇന്ന് മിനിറ്റിനു മിനിറ്റ് പുതിയ പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ രംഗപ്രവേശം ചെയ്തുകൊണ്ടേയിരിക്കുന്നു. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, സീ ഫൈവ് പോലുള്ള ആഗോള ഭീമന്മാരോടൊപ്പം മല്ലടിക്കാന്‍ ചെറുചെറു നാടന്‍ ഒ.ടി.ടി.കളും കൂണുപോലെ മുളച്ചുതുടങ്ങി. നീസ്ട്രീം, റൂട്ടസ്, കേവ്, വൂട്ട്, മാറ്റിനി എന്നിങ്ങനെ ഓരോ ദിവസവും ഇവയുടെ എണ്ണം പെരുകുകയാണ്. സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി ഒ.ടി.ടി. പ്ലാറ്റ്ഫോമുകളാണ് പുറത്തുവരാന്‍ തയ്യാറെടുത്തുനില്‍ക്കുന്നത്.

കെ.എസ്.എഫ്.ഡി.സി.യുടെ കീഴില്‍ കേരള സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോം കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തകള്‍ വരുന്നു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ നേരിട്ട ഇത്തരമൊരു ചുവടുവെപ്പ് നടത്തുന്നത്. മറ്റ് പ്ലാറ്റ്ഫോമുകള്‍ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയാവില്ല സര്‍ക്കാര്‍ ഒ.ടി.ടി.യിലേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം, നിര്‍മ്മാതാവുമായി പങ്കുവെക്കുന്ന രീതിയാവും സ്വീകരിക്കുക. ഇത്, കൂടുതല്‍ ആളുകള്‍ കാണുന്ന സിനിമകള്‍ക്ക്, കൂടുതല്‍ ലാഭം നേടാം എന്ന അവസ്ഥ സുഷ്ടിക്കും. നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ഗുണകരവുമാകും.

സത്യത്തില്‍ ഓരോ ഒ.ടി.ടി. പ്ലാറ്റ്‌ഫോമും ഓരോ തീയേറ്ററുകളാണ്. സിനിമയെ സീരിയസായി കാണുന്നവരുടെ മൊബൈല്‍ സ്‌ക്രീനുകളില്‍ ഇവയില്‍ ഏതെങ്കിലുമൊക്കെ ഒ.ടി.ടി.കള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ആദ്യത്തെ ഒരു അങ്കലാപ്പിന് ശേഷം മലയാള സിനിമകള്‍ സാവധാനത്തില്‍ ഒ.ടി.ടി. റിലീസ് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചും തുടങ്ങിയതോടെ കൂടുതല്‍ സിനിമകളുടെ റിലീസ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെയായി. മടിച്ചുമടിച്ചാണെങ്കിലും ഒ.ടി.ടി.യിലേക്ക് സിനിമാപ്രേമികളും കടന്നുവന്നതോടെ സിനിമാ വ്യവസായം വീണ്ടും ലാഭത്തിന്റെ കര തൊട്ടുതുടങ്ങി.

തീയേറ്ററുകള്‍ക്ക് പകരമല്ല ഒ.ടി.ടി.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് തീയേറ്ററുകളുടെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. പണ്ട് ടീവി വന്നപ്പോഴും നമുക്ക് ഇതേ പേടി ഉണ്ടായിരുന്നു. ഓര്‍ക്കുക; ഒരിക്കലും തീയേറ്ററുകള്‍ക്ക് പകരമല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍. തീയേറ്ററുകളില്‍പ്പോയി മാത്രം ആസ്വദിക്കേണ്ട സിനിമകളുണ്ട്. 'ബാഹുബലി' പോലെ, 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' പോലെ വലിയ ക്യാന്‍വാസില്‍ കാണേണ്ട സിനിമകള്‍. അത്തരം സിനിമകള്‍ മൊബൈല്‍ സ്‌ക്രീനിന്റെ ചെറുസ്‌പേസില്‍ കാണാന്‍ ഒരു ആസ്വാദകനും താല്‍പര്യപ്പെടില്ല. അല്ലെങ്കില്‍ത്തന്നെ കുടുംബസമേതം കുറച്ചുസമയം ഒന്നിച്ച് ചെലവഴിക്കാന്‍ പറ്റുന്ന ഓട്ടിങ് പോയന്റുകളായാണ് ഒരു വലിയ വിഭാഗം ആളുകളും പുതിയ കാലത്ത് സിനിമാ തീയേറ്ററുകളെ കാണുന്നത്. കുറച്ചേറെക്കാലമായി ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഹൌസ്ഫുള്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് ഇതിന് തെളിവാണ്. അത്തരം ആളുകള്‍ എന്തായാലും ഒരിക്കലും തീയേറ്ററുകളെ തങ്ങളുടെ ജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തില്ല. ഇനി മറ്റൊരു വിഭാഗം പ്രേക്ഷകരാകട്ടെ തീയേറ്ററില്‍ എപ്പോള്‍ സിനിമ വന്നാലും അപ്പോളൊക്കെ ആരുടെ പ്രേരണയും ഇല്ലാതെ തീയേറ്ററുകളിലേക്ക് വണ്ടി പിടിക്കുന്നവരുമാണ്. ഈ രണ്ട് കൂട്ടര്‍ മാത്രം മതി തരീയേറ്ററുകളുടെ പ്രസക്തിയെ നിലനിര്‍ത്താന്‍. അതുകൊണ്ടുതന്നെ സിനിമയുള്ള കാലം വരെ തീയേറ്ററുകളും ഉണ്ടാവും. ഇവര്‍ രണ്ട് കൂട്ടരെയും കൂടാതെ ഒരു വലിയ വിഭാഗം ആളുകള്‍ കൂടിയുണ്ട്. സിനിമ കണ്ടേ തീരൂ എന്ന വാശിയൊന്നും അത്ര ഇല്ലാത്തവര്‍. അത്തരം നിശ്ശബ്ദ പ്രേക്ഷകരെക്കൂടി സിനിമയുടെ ലോകത്തേക്ക് ആകര്‍ഷിക്കാം എന്നതാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം. അവരെ എത്രത്തോളം വലയിലാക്കാന്‍ പറ്റുമോ അത്രത്തോളം സിനിമയും വളരും.

വീണ്ടും പോസ്റ്ററുകള്‍ പരസ്യമാവട്ടെ

സിനിമയ്ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള പാലമാണ് സിനിമാപോസ്റ്ററുകള്‍. ചുവരുകളില്‍ പതിച്ച പോസ്റ്ററുകളിലൂടെയാണ് സിനിമാ പേരുകളും, അഭിനേതാക്കളുടെ മുഖങ്ങളുമൊക്കെ ആളുകളുടെ മനസ്സില്‍ പതിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ആ പാലം ഇല്ല. ഈ ഡിജിറ്റല്‍ യുഗത്തില്‍ പോസ്റ്ററുകള്‍ക്ക് എന്ത് പ്രസക്തി എന്ന് ചിന്തിക്കുന്നവരായിരിക്കും ഏറെയും. എന്നാല്‍ ഒന്നോര്‍ക്കുക. ഇപ്പോള്‍ ഒ.ടി.ടി.യിലൂടെ എത്രയെത്ര മലയാള സിനിമകള്‍ പുറത്തിറങ്ങി? അതും വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍. പക്ഷേ ഒ.ടി.ടി.യില്‍ നടക്കുന്ന ഈ നിശ്ശബ്ദ വിപ്ലവത്തെ അറിയാത്ത ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇവിടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. എന്തിന് ഒ.ടി.ടി. എന്നുപോലും അവര്‍ കേട്ടിുകാണില്ല. സിനിമതന്നെ അവര്‍ മറന്നുംകാണും. ഇത് തീര്‍ച്ചയായും അപകടമാണ്; സിനിമയുടെ വളര്‍ച്ചയ്ക്ക് തടസ്സമാണ്. അവരുടെ മനസ്സുകളില്‍നിന്ന് എന്നന്നേയ്ക്കുമായി സിനിമ അപ്രത്യക്ഷമായാല്‍ അതിന്റെ നഷ്ടം സിനിമയ്ക്ക് മാത്രമാണെന്ന് ഓര്‍ക്കുക. സിനിമയെ മറന്നുതുടങ്ങിയ ആ വലിയ വിഭാഗത്തിന്റെ മനസ്സിലേക്ക്, സിനിമയെ കടത്തിവിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പോസ്റ്ററുകളും 
പത്രപരസ്യങ്ങളുമാണ്. അതായത് ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ പരസ്യവും പോസ്റ്ററുകളായി വഴിയോരങ്ങളിലെ ചുമരുകളിലും പത്രത്താളുകളിലും നിറയണം. ആ പോസ്റ്ററുകളും പത്രപ്പരസ്യങ്ങളും കണ്ടുകണ്ട് അവരുടെ ഉള്ളിലേക്കും ഒ.ടി.ടി. കടന്നുകയറട്ടെ... അങ്ങനെ സിനിമ വളരട്ടെ.

കുഞ്ഞന്‍ പടങ്ങളുടെ നല്ലകാലം

വലിയ താരങ്ങളൊന്നുമില്ലാത്ത ചെറിയ സിനിമകള്‍ക്കും, സമാന്തര സിനിമകള്‍ക്കും പോസിറ്റീവായ വന്‍ സാധ്യതകളാണ് ഒ.ടി.ടി തുറന്നിടുന്നത്. അന്നും ഇന്നും ഇത്തരം സിനിമകള്‍ക്ക് തീയേറ്ററുകള്‍ കിട്ടുന്നതുതന്നെ അപൂര്‍വ്വമാണ്. അഥവാ തീയേറ്റര്‍ കിട്ടിയാലും ഒന്നോ രണ്ടോ ദിവസംകൊണ്ട് പ്രദര്‍ശനം അവസാനിപ്പിക്കും. വലിയ പടങ്ങള്‍ക്കിടയിലെ ഫില്ലറുകളായാണ് ഇവ പലപ്പോഴും തീയേറ്ററുകളില്‍ എത്തുന്നത്. എത്രയോ നല്ല സിനിമകള്‍ ഇങ്ങനെ ഒന്നോ രണ്ടോ ഷോ മാത്രം കളിച്ച് തീയേറ്റര്‍ വിട്ട ചരിത്രമുണ്ട്. ആ സിനിമകളൊക്കെ പിന്നീട് ടിവിയില്‍ വരുമ്പോള്‍ മാത്രമേ ആസ്വാദകര്‍ക്ക് കാണാന്‍ അവസരമുണ്ടായിരുന്നുള്ളു. അതും അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. വന്നെങ്കില്‍ വന്നെന്ന് പറയാം. അത്രമാത്രം.

ചെറുസിനിമകളുടെ ഈ ദുരവസ്ഥയ്ക്ക് ഒന്നാന്തരമൊരു പരിഹാരമാണ് ഒ.ടി.ടി. ഇപ്പോള്‍ത്തന്നെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ബിരിയാണി, ആര്‍ക്കറിയാം, ദ ലാസ്റ്റ് ടു ഡെയ്സ്, ഓപ്പറേഷന്‍ ജാവ പോലുള്ള കൊച്ചു ചിത്രങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിയത് ഒ.ടി.ടി.യിലൂടെ പുറത്തുവന്നതുകൊണ്ടുമാത്രമാണ്. അങ്ങനെനോക്കുമ്പോള്‍ ഒ.ടി.ടി.യുടെ കടന്നുവരവ് ഏറ്റവും കൂടുതല്‍ ഗുണകരമാകുന്നത് ഇത്തരം ലോ ബജറ്റ് ചിത്രങ്ങള്‍ക്കാണ്. തങ്ങളുടെ സിനിമയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നത് ചെറു സിനിമാ പ്രവര്‍ത്തകര്‍ക്കും വലിയ ഊർജം നല്‍കും. വന്‍ താരനിരയുമായി പുറത്തുവരുന്ന ബിഗ്ബജറ്റ് സിനിമകള്‍ക്കൊപ്പം നല്ല കഥയുള്ള കൊച്ചു കൊച്ചു പടങ്ങള്‍ക്കുകൂടി സ്‌പേയ്‌സ് ഉണ്ടാവുമ്പോള്‍ മാത്രമേ ഒരു സിനിമാ ഇന്‍ഡസ്ട്രി അതിന്റെ പൂര്‍ണതയിലെത്തൂ. ആ പൂര്‍ണ്ണതയെ സമ്മാനിക്കുന്ന പുതിയകാല കണ്ടെത്തലാണ് തീര്‍ച്ചയായും ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍.

ഒരു സിനിമ; പല പ്ലാറ്റഫോം

ഒരു സിനിമ പല പല പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാം എന്ന ഓപ്ഷന്‍ ഉണ്ടാവുന്നത് നിര്‍മ്മാതാവിനെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. നേരത്തേ ഒരൊറ്റ ഓപ്ഷനേ ഉണ്ടായിരുന്നുള്ളൂ.. തീയേറ്റര്‍. ഇന്ന് അത് മാറി. ഒരേ സമയം പല ഒ.ടി.ടി.കളില്‍ റിലീസ് ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി സ്ട്രീമിങ് എന്ന ആശയവും ഇന്ന് സജീവമായിക്കഴിഞ്ഞു. 'ആര്‍ക്കറിയാം' പോലെ പല സിനിമകളും ഇങ്ങനെ ഒന്നിലധികം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇത് സിനിമയുടെ വ്യുവര്‍ഷിപ്പിനെ കൂട്ടുന്ന ഘടകമാണ്. ഒന്നിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ലാഭം വര്‍ദ്ധിപ്പിക്കുന്ന അതേ ഫോര്‍മുലയാണ് ഇവിടെയും പിന്തുടരുന്നത്.

ഒ.ടി.ടി.യില്‍ ഹിറ്റായ സിനിമകളുടെ തിയേറ്റര്‍ റിലീസും ഭാവിയില്‍ സംഭവിക്കാവുന്ന ഒരു സാധ്യതയാണ്. ഇപ്പോള്‍ത്തന്നെ തിയേറ്ററില്‍ റിലീസായി ഹിറ്റായ പല ചിത്രങ്ങളും ഒ.ടി.ടി.യിലും അതേ വ്യൂവര്‍ഷിപ്പ് നേടി ഹിറ്റായിട്ടുണ്ട്. 'ലൂസിഫറും' 'അയ്യപ്പനും കോശിയും' ഉദാഹരണം. തീയേറ്ററില്‍ വന്‍ ഹിറ്റായ ഈ രണ്ട് സിനിമകള്‍ക്കും അതിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒ.ടി.ടി. റിലീസിലൂടെ കിട്ടിയത്. അതായത് സിനിമ നല്ലതാണെങ്കില്‍ തീയേറ്ററില്‍നിന്നും, ഒ.ടി.ടി.യില്‍നിന്നും ഒരേപോലെ ലാഭം കൊയ്യാമെന്ന് സാരം. അതുപോലെ പ്രവാസി മലയാളികളിലേക്ക് പുതു സിനിമകളെ എത്തിക്കാമെന്നതും ഒ.ടി.ടി.യുടെ നേട്ടമാണ്. ഇപ്പോള്‍ത്തന്നെ 'കോള്‍ഡ് കേസ്' എന്ന പൃഥ്വിരാജ് സിനിമ ഏകദേശം ഇരുനൂറിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്തു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പുതിയ മലയാളം സിനിമകളുടെ തീയേറ്റര്‍ റിലീസ് പല രാജ്യങ്ങളിലും സാധിക്കാറില്ലായിരുന്നു. അതിനാണ് ഇപ്പോള്‍ ഒ.ടി. ടി. ഒരു പരിഹാരമാകുന്നത്. അതുപോലെ പുതിയ സിനിമകള്‍ റിലീസിങ് ദിവസംതന്നെ കാണാന്‍ പറ്റുന്നില്ലെന്ന വിദേശമലയാളികളുടെ കാലങ്ങളായുള്ള പരാതിയും ഒരു പരിധിവരെ പരിഹരിക്കപ്പെടും. ഒപ്പം മലയാള സിനിമയുടെ മാര്‍ക്കറ്റ് ലോകമാകെ വ്യാപിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ചെലവ് ചുരുക്കാം; നല്ല കഥ പറയാം

നല്ല കഥയുള്ള നല്ല കണ്ടന്റുകള്‍ക്ക് ഇനി ആവശ്യക്കാരേറും. അതുകൊണ്ട് സിനിമക്കാരേ, കൈവിട്ട് എഴുതാന്‍ തയ്യാറെടുക്കുക... കൈവിട്ട സംവിധാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുക... ഇപ്പോള്‍ത്തന്നെ ഒരു കോടിയില്‍ത്താഴെ ചെലവും, കാമ്പുള്ള കഥയുമുള്ള സിനിമകള്‍ക്ക്, മുഖ്യധാരാ നടീനടന്മാര്‍ ആരുമില്ലെങ്കിലും ഒ.ടി.ടി.യില്‍ ലാഭം കൊയ്യാവുന്ന അവസ്ഥയുണ്ട്. ഒന്നോ രണ്ടോ താരങ്ങളുടെ സാന്നിധ്യമുള്ള മൂന്ന് കോടി രൂപയില്‍ താഴെ ചെലവുള്ള സിനിമകള്‍ക്കും ഇത്തരത്തില്‍ ലാഭത്തിലെത്താം. അതുപോലെ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണത്തിലും ഇനി വര്‍ദ്ധന ഉണ്ടാവും. പണ്ട് തീയേറ്റര്‍ റിലീസിനായി മാത്രം സിനിമകള്‍ സൃഷ്ടിച്ചാല്‍ മതിയായിരുന്നു. ഇനി അത് പോരാ... ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കുവേണ്ടിക്കൂടി സിനിമകള്‍ ഉണ്ടാവേണ്ട അവസ്ഥയാണ്. ഇതെല്ലാം സിനിമാ മേഖലയെയും, സിനിമാ പ്രവര്‍ത്തകരെയും ഒരേപോലെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് ഉണരൂ സിനിമക്കാരേ ഉണരൂ... കൂടുതല്‍ ഈര്‍ജ്ജസ്വലരാകൂ... നിങ്ങളുടെ സൃഷ്ടികള്‍ക്കായി ബിഗ്‌സ്‌ക്രീനിന് മുമ്പിലും മിനി സ്‌ക്രീനിന് മുമ്പിലും മൊബൈല്‍ സ്‌ക്രീനിന് മുമ്പിലും പ്രേക്ഷകര്‍ കാത്തിരിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം... നല്ല കഥകള്‍ പറയുക... നല്ല കാഴ്ചകള്‍ ഒരുക്കുക... നല്ല സിനിമകള്‍ സൃഷ്ടിക്കുക... 

Content Highlights: OTT Revolution in world Cinema, Covid pandemic, theater experience, Malayalam Releases, Amazon Prime Video, Netflix, Zee, Sony Liv