ഡാനിയൽ ക്രെയ്ഗിന്റെ രൂപത്തിൽ ജെയിംസ് ബോണ്ട് അവസാനമായി എത്തുന്നതു കാണാൻ 2020 ജനുവരി മുതൽ കാത്തിരിക്കുകയായിരുന്നു ലോകത്തെ ചലച്ചിത്ര പ്രേമികൾ. കാത്തിരുന്ന് വശംകെട്ടവർക്കു മുന്നിൽ ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' എത്തിയത് 2021 സെപ്റ്റംബറിലാണ്. കഴിഞ്ഞ രണ്ടു വർഷത്തോളമായി ആഗോള ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഒരുദാഹരണമാണിത്. ബോണ്ട് ചിത്രം മുതൽ മലയാളത്തിലെ വൻബജറ്റ് ചിത്രമായ മരക്കാർ വരെ എത്രയെത്ര സിനിമകൾ തിയേറ്ററിലെത്താനാവാതെ കിടന്നു. ചെലവു കുറഞ്ഞ ചിത്രങ്ങൾ ഒ.ടി.ടിയിലൂടെ വെളിച്ചം കണ്ടു. കോവിഡിന്റെ നിഴലിൽ തന്നെയാണ് 2021-ഉം കടന്നുപോകുന്നത്. ചലച്ചിത്ര മേഖല പൂർവ്വസ്ഥിതിയിലാകാൻ ഇനിയും നാളുകളെടുക്കുമെന്നു തന്നെയാണ് കരുതുന്നത്.

തിയേറ്ററുകളുടെ നഷ്ടം ഒ.ടി.ടി. (ഓവർ ദ ടോപ്പ്) പ്ലാറ്റ്‌ഫോമുകൾക്കാണ് നേട്ടമായത്. സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം ഇന്ത്യയിൽ ഒ.ടി.ടി. പ്‌ളാറ്റ്‌ഫോമുകളിൽ നിന്നുള്ള വരുമാനം ഏകദേശം 1,900 കോടി രൂപയായാണ് 2020-ൽ ഉയർന്നത്. 2021 ജൂണിലെ കണക്കുകൾ പ്രകാരം 35.32 കോടി പ്രേക്ഷകരാണ് ഒ.ടി.ടിക്ക് ഇന്ത്യയിലുള്ളത്. ഇതിൽ 9.6 കോടിയോളമാണ് സ്ഥിരം പെയ്ഡ് സബ്‌സ്‌ക്രൈബർമാർ. ആഗോളതലത്തിൽ നെറ്റ്ഫ്‌ളിക്‌സിന്റെ ലാഭം 2019-ൽ 260 കോടി യു.എസ്. ഡോളറായിരുന്നുവെങ്കിൽ 2020-ൽ അത് 450 കോടി ഡോളറായി കുതിച്ചുർന്നു. ഇന്ത്യയിൽ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിനാണ് സബ്‌സ്‌ക്രൈബർമാർ ഏറ്റവും കൂടുതലുള്ളത്. രണ്ടാം സ്ഥാനത്ത് ആമസോൺ പ്രൈം വീഡിയോയും മൂന്നാം സ്ഥാനത്ത് നെറ്റ്ഫ്‌ളിക്‌സുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം മാത്രം 100 കോടി ഡോളറിന്റെ വരുമാനം (പരസ്യത്തിലൂടെയും അല്ലാതെയും) കമ്പനികൾക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പ്രൈം വിഡിയോയുടെ കണക്കിൽ തമിഴ്, തെലുങ്ക് കന്നട വിഡിയോകളുടെ 50 ശതമാനം പ്രേക്ഷകരും അതത് സംസ്ഥാനങ്ങൾക്കു പുറത്തുള്ളവരാണ്. 

സബ്‌ടൈറ്റിലുകളുള്ള വിഡിയോകൾ ഭാഷാതടസ്സത്തെ അതിജീവിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കൊറിയൻ ചിത്രങ്ങൾക്കും സീരിസുകൾക്കും ലോകത്തെമ്പാടുമായി 400 ശതമാനം വർധനവാണ് ഉണ്ടായതെന്ന് നെറ്റ്ഫ്‌ളിക്‌സും ചൂണ്ടിക്കാട്ടുന്നു. കൊറിയൻ സർവൈവൽ ഡ്രാമാ സീരീസായ 'സ്‌ക്വിഡ് ഗെയിം' ആഗോളതലത്തിൽ നേടിയ സ്വീകാര്യത തന്നെ ഉദാഹരണം. അടുത്ത നാലഞ്ചു വർഷം ഇന്ത്യയിൽ ഒ.ടി.ടി./ വീഡിയോ ഓൺ ഡിമാൻഡ് മേഖലയിൽ കടുത്ത മത്സരമാണ് വിദ്ഗ്ധർ പ്രവചിക്കുന്നത്. വർഷാന്ത്യത്തിലെ നെറ്റ്ഫ്‌ളിക്‌സിന്റെ നിരക്ക് കുറയ്ക്കലും പ്രാദേശികഭാഷാ ചിത്രമായ മിന്നൽ മുരളിയ്ക്ക് നൽകിയ പ്രൊമോഷനുമൊക്കെ ഇത് ശരിവയ്ക്കുന്നു.
ജീവനില്ലാതെ ബോളിവുഡ്

ഇന്ത്യയിൽ 2021-ൽ ബിഗ്ബജറ്റ് താരാഘോഷ ചിത്രങ്ങൾ കാര്യമായി പുറത്തിറങ്ങിയില്ല. ബോളിവുഡ് ഏറെക്കുറെ നിർജ്ജീവമായിരുന്നു. ബോക്‌സോഫീസ് കണക്കു നോക്കിയാൽ മൾട്ടി സ്റ്റാർ ചിത്രമായ സൂര്യവംശി മാത്രമാണ് വിജയഗണത്തിലുള്ള ഏക ഹിന്ദി ചിത്രം. രാധേ, ഭുജ്, സത്യമേവ ജയതേ-2 തുടങ്ങിയവ 'ബിഗ് ബജറ്റ് ദുരന്തങ്ങളാ'യി. വർഷാന്ത്യത്തിൽ പുറത്തിറങ്ങിയ '83' ആണ് ഏക പ്രതീക്ഷ. ജനുവരിയിൽ പുറത്തിറങ്ങിയ വിജയിന്റെ തമിഴ് ചിത്രം മാസ്റ്റർ ആണ് കളക്ഷനിൽ ഒന്നാം സ്ഥാനത്ത്. ഡിസംബറിൽ പുറത്തിറങ്ങിയ അല്ലു അർജ്ജുൻ ചിത്രം പുഷ്പ ഇതിനെ കടത്തിവെട്ടിയേക്കുമെന്നാണ് സൂചന. തെലുങ്ക് ചിത്രങ്ങളായ വക്കീൽ സാബ്, ക്രാക്ക്, ലവ് സ്റ്റോറി, റെഡ്, മാരി സെൽവരാജ്-ധനുഷ് കൂട്ടുകെട്ടിന്റെ കർണൻ തുടങ്ങിയവയാണ് ഈ വർഷം പണംവാരിയ ചിത്രങ്ങളുടെ മുൻപന്തിയിലുള്ളത്.
അമിത് മസൂർക്കർ സംവിധാനം ചെയ്ത് വിദ്യ ബാലൻ മുഖ്യവേഷത്തിലെത്തിയ ഷേർണി, ഷൂജിത് സർക്കാർ-വിക്കി കൗശൽ ടീമിന്റെ സർദാർ ഉദ്ദം, ദിബാകർ ബാനർജിയുടെ സന്ദീപ് ഓർ പിങ്കി ഫരാർ, രാമിൻ ബഹ്‌റാനിയുടെ ദ വൈറ്റ് ടൈഗർ, വിഷ്ണുവർധന്റെ ഷേർഷാ തുടങ്ങിയവ നിരൂപക 
പ്രശംസ നേടി. ഇവ മിക്കതും ഒ.ടി.ടി. റിലീസായിരുന്നു.

തമിഴ് ചിത്രങ്ങളായ കർണൻ, സർപ്പട്ട പരമ്പരൈ, മണ്ടേല, ജയ് ഭീം, ഡോക്ടർ തുടങ്ങിയവ ശ്രദ്ധ നേടിയപ്പോൾ രജനീകാന്തിന്റെ അണ്ണാത്തെ നിരാശയായി. പി.എസ്. വിനോത് രാജ് സംവിധാനം ചെയ്ത കൂഴാങ്കൽ എന്ന ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമാവുകയും ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാവുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ, 2020-ൽ ഇറങ്ങേണ്ടിയിരുന്നതുൾപ്പെടെ ഒട്ടേറെ നല്ല ചിത്രങ്ങൾ 2021-ലാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. കിതോവോ സകുറായ് സംവിധാനം ചെയ്ത ഒളികാമറ കോമഡി സിനിമയായ ബാഡ് ട്രിപ്പ്, ഡെനിസ് വിൽനോവിന്റെ ഡൂൺ, നിക്കോളാസ് കേജ് മുഖ്യവേഷത്തിലെത്തുന്ന പിഗ്, ജാപ്പനീസ് ചിത്രമായ ഡ്രൈവ് മൈ കാർ, ഫ്രഞ്ച് ഡ്രാമാ ചിത്രമായ പെറ്റിറ്റ് മേമൻ, സ്റ്റീവൻ സ്പീൽബെർഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറി, നോർവീജിയൻ ചിത്രമായ ദ വേസ്റ്റ് പേഴ്‌സൺ ഇൻ ദ വേൾഡ്, ഒലീവിയ കോൾമാൻ മുഖ്യവേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ഡ്രാമ ദ ലോസ്റ്റ് ഡോട്ടർ, ലിയോ കാരക്‌സിന്റെ മ്യൂസിക്കൽ ഡ്രാമ അന്നറ്റ് തുടങ്ങി അനേകം ചിത്രങ്ങൾ നിരൂപകരുടെ പ്രശംസകളേറ്റു വാങ്ങിയവയാണ്. അതേസമയം ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ, ഹായ് മോം, നോ ടൈം ടു ഡൈ, സ്‌പൈഡർമാൻ: നോ വേ ഹോം, ഗോഡ്‌സില്ല വേഴ്‌സസ് കോങ്, ഷാങ് ചി, ക്രുവെല്ല തുടങ്ങിയവ ബോക്‌സോഫീസിൽ നേട്ടം കൊയ്തു. ബോക്‌സ് ഓഫീസ് വരുമാനത്തിൽ ചൈന അമേരിക്കയെയും കാനഡയെയും മറികടന്നുവെന്നതും ശ്രദ്ധേയം. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്തു ചിത്രങ്ങളിൽ നാലെണ്ണവും (ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ, ഹായ് മോം, ഡിറ്റക്ടീവ് ചൈന ടൗൺ 3, ഷാങ്ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ്) ചൈനീസ് ചിത്രങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സിനിമ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ അമേരിക്കയ്ക്ക് ഇത് വലിയ ക്ഷീണമായി.

ഒ.ടി.ടിയിൽ തിളങ്ങി മലയാളം

കേരളത്തിൽ സിനിമാ തിയേറ്ററുകൾ കുറച്ചെങ്കിലും സജീവമായത് നവംബറിലാണ്. വർഷത്തിന്റെ തുടക്കത്തിൽ നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറന്നെങ്കിലും റിലീസുകൾ കുറവായിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിലിൽ പ്രദർശനങ്ങൾ വീണ്ടും നിർത്തിവച്ചു. തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ, പ്രജേഷ് സെന്നിന്റെ വെള്ളം, രോഹിത് വി.എസിന്റെ കള, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് തുടങ്ങിയവയാണ് വർഷത്തിന്റെ ആദ്യപകുതിയിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ ശ്രദ്ധേയമായവ. നവംബറിൽ ദുർഖർ സൽമാൻ-ശ്രീനാഥ് രാജേന്ദ്രൻ ടീമിന്റെ കുറുപ്പ് റിലീസായതോടെ തിയേറ്ററുകളിൽ വീണ്ടും ആളനക്കമുണ്ടായി. ചിത്രം ഈ വർഷത്തെ വലിയ ഹിറ്റുകളിലൊന്നായി. തുടർന്ന് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹവും പ്രദർശനത്തിനെത്തി. വൻബജറ്റും താരനിരയും സാങ്കേതികമികവുമൊക്കെ മുൻനിർത്തിയുള്ള അമിതമായ 'ഹൈപ്പ്', പക്ഷേ പടത്തിന് വിനയായി. ഇതിനിടയിൽ തിയേറ്ററിലെത്തിയ ചെറുചിത്രങ്ങളായ ജാൻ.എ.മൻ, ഭീമന്റെ വഴി, അജഗജാന്തരം തുടങ്ങിയവ പ്രേക്ഷകരെ രസിപ്പിച്ചു.

അതേസമയം, 2021-ൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസായ ഒട്ടേറെ മലയാള ചിത്രങ്ങൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജീത്തു ജോസഫിന്റെ ദൃശ്യം 2, സജിൻബാബുവിന്റെ ബിരിയാണി, സാനു ജോൺ വർഗീസിന്റെ ആർക്കറിയാം, ദിലീഷ് പോത്തന്റെ ജോജി, ജൂഡ് ആന്തണി ജോസഫിന്റെ സാറാസ്, മഹേഷ് നാരായണന്റെ മാലിക്ക്, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, മനു വാര്യരുടെ കുരുതി, വിഷ്ണു നാരായണന്റെ ബന്നേർഘട്ട, മനോജ് കാനയുടെ കെഞ്ചിറ, റോജിൻ തോമസിന്റെ ഹോം, മനു അശോകന്റെ കാണെക്കാണെ, രഞ്ജിത്ത് ശങ്കറിന്റെ സണ്ണി, സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായവ. വർഷാന്ത്യത്തിൽ ബേസിൽ ജോസഫ്-ടൊവിനോ തോമസ് ടീമിന്റെ മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിൽ റിലീസായി. തിയേറ്ററുകളിൽ വന്നിരുന്നെങ്കിൽ വലിയ ഓളമുണ്ടാക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം, രാജീവ് രവിയുടെ തുറമുഖം, വിനീത് ശ്രീനിവാസന്റെ ഹൃദയം, മോഹൻലാൽ-ബി.ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട്, റോഷൻ ആൻഡ്ര്യൂസ്-ദുർഖർ സൽമാൻ ചിത്രം സല്യൂട്ട്, മമ്മൂട്ടിയെയും പാർവതി തിരുവോത്തിനെയും മുഖ്യ കഥാപാത്രങ്ങളാക്കി രഥീന സംവിധാനം ചെയ്യുന്ന പുഴു, ബ്ലെസി-പ്രിഥ്വിരാജ് ടീമിന്റെ ആടുജീവിതം, ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ, പ്രിഥ്വിരാജ് സുകുമാരൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ബ്രോ ഡാഡി, ആഷിഖ് അബു-ടൊവിനോ തോമസ് ടീമിന്റെ നാരദൻ, ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തുന്ന മലയൻകുഞ്ഞ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ പുതുവർഷത്തിന്റെ തുടക്കത്തിൽ സിനിമാപ്രേമികൾ കാത്തിരിക്കുന്നവയാണ്.

മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണു, കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ, തമിഴ് നടൻ വിവേക് എന്നിവരുടെ ആകസ്മിക വിയോഗം സിനിമാലോകത്തിന് 2021 നൽകിയ കനത്ത ആഘാതമായി മാറി.

Content Highlights: OTT Platform releases, Hollywood, Bollywood, Malayalam, Tamil, Cinema,  Netflix , Amazon Prime 2021, Theater crisis