ഒടിടിക്കാലവും ഒട്ടിക്കാത്ത പോസ്റ്ററുകളും


അനിൽ പുന്നാട്

എന്നാൽ ഈ ഒടിടിക്കാലത്ത്‌ നട്ടപ്പാതിരക്കും,ഏഴര പുലർച്ചകളിലും പിറന്നു വീഴുന്ന ഓൺലൈൻ റിലീസുകളുടെ പോസ്റ്ററുകൾ ഏത് ചുവരിലാണ്  നാം ദർശിക്കേണ്ടത്..?

Movie Poster

ചെറുപ്പകാലത്ത് ഏറ്റവും സൗന്ദര്യമുണ്ടായിരുന്നത് വെള്ളിയാഴ്ചകൾക്കായിരുന്നു.വെയിലിന്റെ മൃദുനാളങ്ങൾ പച്ചിലച്ചാർത്തുകൾക്കിടയിലൂടെ സ്വർണ്ണം വിതറുന്ന ഡിസംബറിന്റെ തണുത്ത പ്രഭാതങ്ങളായാലും ,ചന്നം പിന്നം പെയ്യുന്ന മഴയെ കറുത്ത കുട കാട്ടി പ്രതിരോധിച്ചുകൊണ്ട് ചളി ചവിട്ടാതെ ശ്രദ്ധിച്ചു നീങ്ങിയ ജൂണിലെ ഇരുണ്ട പുലരിയാണെങ്കിലും വെള്ളിയാഴ്ചകൾ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.
കാരണം..?

വെള്ളിയാഴ്ചകൾ നഗരത്തിലെ ചുവരുകൾ ഉടുപ്പുമാറിയണിയുന്ന ദിവസങ്ങളാണ്. അഭ്രപാളികളിൽ ഈയാഴ്ച വിരുന്നെത്തുന്ന പുതിയ കഥകളുടെ "വിളംബര ചിത്ര കടലാസുകൾ "ഓരോ ചുവരിലും നീണ്ടും , നിവർന്നും, പരന്നും , കിടന്ന് ക്ഷണിച്ചുകൊണ്ടേയിരിക്കും.അതെ ! സിനിമാപോസ്റ്ററുകൾ!! സിനിമ പോസ്റ്ററുകൾ കൊണ്ടലങ്കരിച്ച നഗരച്ചുവരുകൾ ആരെയാണ് കണ്ണെറിയാത്തത് ..? ആരെയാണ് പ്രലോഭിപ്പിക്കാത്തത് .?

എന്നാൽ ഈ ഒടിടിക്കാലത്ത് നട്ടപ്പാതിരക്കും,ഏഴര പുലർച്ചകളിലും പിറന്നു വീഴുന്ന ഓൺലൈൻ റിലീസുകളുടെ പോസ്റ്ററുകൾ ഏത് ചുവരിലാണ് നാം ദർശിക്കേണ്ടത്..? സിനിമാകൊട്ടകയെന്ന സാമൂഹ്യ ഇടത്തിൽ നിന്നും ചലച്ചിത്രങ്ങളെ ഒരു ചൂണ്ടുവിരൽ തോണ്ടലിൽ കുരുക്കിയിടുന്ന തികച്ചും വൈയക്തിക "അശ്ലീല"മാക്കിക്കളഞ്ഞതാണ് ഈ കോവിഡ് കാലം മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലൊന്ന് എന്നുപറഞ്ഞാൽ എതിരുണ്ടാവില്ലെന്നു കരുതുന്നു.

അറുപത് എംബി മാത്രം വരുന്ന ഒരു വാട്സ് ആപ്പ് ഫോർവേഡ് മാത്രമായിരിക്കുന്നു ഇന്ന് ഓരോ സിനിമയുടെയും പോസ്റ്ററുകൾ .ചിലപ്പോൾ അതുമില്ല! ഒരു ഓൺലൈൻ ന്യുസും ,സ്ട്രീം ചെയ്യപ്പെടുന്ന പ്ലാറ്റഫോമിന്റെ പേരും ഉൾപ്പെടുന്ന നാലുവരി വാർത്താ ശകലം മാത്രമാണ് ഓരോ സിനിമയുടെയും "അഭിനവ പോസ്റ്ററുകൾ"

ആറു പീസ്,നാല് പീസ് പോസ്റ്ററുകൾ കണ്ട വശീകരിക്കപ്പെട്ട് മോർണിങ് ഷോവിനോ,മാറ്റിനിക്കോ ഓടിയെത്തി ടിക്കെറ്റ് എടുത്ത് കയറി സീറ്റിലിരുന്ന് വിയർപ്പാറ്റി സ്ക്രീനിലെ ആദ്യ ചലനങ്ങൾക്ക് കാത്തിരിക്കുന്ന നിമിഷങ്ങളുടെ ആസ്വാദ്യത ഏത് ഒറ്റിറ്റി ദര്ശനം നമുക്ക് പകർന്നു തരും? ഒറ്റിറ്റി റിലീസുകൾ പിന്നേക് മാറ്റിവെക്കാനുള്ള പ്രേരണയാണ് പലപ്പോഴും ഉണ്ടാകുക. മിക്കതും പാതിരാ നേരത്തേക്ക്..മോർണിങ് ഷോയോ മാറ്റിനിയോ കടന്നുപോയാൽ അവസരം കിട്ടാത്ത സ്കൂൾ-കോളേജ് ദിനങ്ങൾ പിന്നിട്ടവരോട് ഈ ഒട്ടിട്ടികൾ എന്താണ് സംവദിക്കുന്നത്?!
ബഹുവർണ്ണ പോസ്റ്ററുകളുടെ വിസ്മയത്തിലേക്ക് തന്നെ വരാം.വാടക നൽകി ബുക്ക് ചെയ്യുന്ന ഫ്ളക്സ് ബോർഡുകൾ ചലച്ചിത്രങ്ങളുടെ പരസ്യ പലകകൾ ആയിരിക്കുന്ന സമയത്തും ഓരോ നഗരത്തിനും പോസ്റ്ററുകൾക്കായി നീക്കിവെക്കപ്പെട്ട ഒരിടമുണ്ടായിരുന്നു..തിരുവനന്തപുരത്തു തമ്പാനൂരിൽ,ഓവർബ്രിഡ്ജ് പരിസരം,മാഞ്ഞാലിക്കുളം റോഡ്, ആയുർവേദകോളേജ് വഴി ഗവർമെണ്ട് ഹോസ്പിറ്റൽ റോഡ് വരെയുള്ള മതിൽ ചുവരുകൾ ,കിഴക്കേകോട്ട വഴി മണക്കാട് വഴിയും നീളും…

എറണാകുളത്തുകാർക്ക് നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ ,കച്ചേരിപ്പടി,വടുതല റോഡ്,മാമംഗലം മുതൽ ഇടപ്പള്ളി വഴി ആലുവ വരെ നീളും..കോഴക്കോട് രണ്ടാം ഗേറ്റ് ,കോട്ട റോഡ്,എം എം അലി റോഡ് വഴി സ്റ്റേഡിയത്തിന്റെ ചുവരുകൾ ,എം സി സി ജങ്ഷൻ മുതൽ കല്ലായി പാലവും കടന്നു പന്നിയങ്കരയും കഴിഞ്ഞു ബഹുവർണ പോസ്റ്ററുകൾ യാത്ര തുടരും.

വിളിച്ചുപറഞ്ഞുകൊണ്ടുള്ള മൈക്ക് സെറ്റ് പ്രചാരണവും കഥാസാരം കുറിച്ചിട്ട നോട്ടിസ് വിതരണവും ഏറെക്കുറെ പിൻവാങ്ങിയത് ബഹുവർണ പോസ്റ്ററുകളുടെ വരവോടെയാണ്. ഗ്രാമങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ചായക്കടകളിൽ മരത്തിന്റെ ഫ്രെയിമിൽ ഉള്ളിച്ചാക്ക് വലിച്ചടിച് തയ്യാറാക്കിയ പ്രത്യേക ബോർഡിൽ പതിക്കുന്ന 36 x 48 സൈസ് പോസ്റ്റർ മുതൽ വിശാലമായ പീടികച്ചുവരുകളിൽ ഒട്ടിച്ചെടുക്കുന്ന ആറുപിസ് ,നാല് പീസ് പോസ്റ്ററുകൾ വരെ കാഴ്ചക്കാരുടെ പ്രത്യേക ശ്രദ്ധയെ പിടിച്ചുനിർത്തും.

എസ്. എ നായരും ,കൊന്നനാട്ടും ഒക്കെ തയ്യാറാക്കിയ പഴയ ടു കളർ ,ത്രീ കളർ പോസ്റ്ററുകളുടെ റഫറൻസുകൾ കണ്ടിട്ടുണ്ടെകിലും 'ഗായത്രിയും', 'കൊളോണിയ' യും തയ്യാറാക്കിയ തൊണ്ണൂറുകളിലെ ബഹുവർണ പോസ്റ്ററുകളാണ് മനസിന്റെ ചുവരുകളിൽ ഇപ്പോഴും അഴിയാതെ കിടക്കുന്നത്."നീതി" കൊടുങ്ങല്ലൂരും സത്യൻസും ചില ചലച്ചിത്രങ്ങളുടെ പോസ്റ്റർ ലേ-ഔട്ടുകൾ പുറത്തുവിടും,ഇടക്ക്.ഭരതൻ സ്വയം തയ്യാറാക്കുന്ന പോസ്റ്ററുകൾക്ക് നവോത്ഥാന കാല പെയിന്റിങ്ങുകളുടെ വിലയാണ് ആസ്വാദകർ കല്പിച്ചുനല്കിയിരുന്നത്.

അമരവും,വൈശാലിയും,,കാറ്റത്തെ കിളിക്കൂടും ,വെങ്കലവും,മാളൂട്ടിയും ഒക്കെ ഭരതന്റെ ഹാൻഡ്വർക്കില്ലാതെ എങ്ങനെയാണ് പൂർണമാകുക? മമ്മൂട്ടിയും,മോഹൻലാലും താരാപദവിലേക്ക് എത്തേണ്ടവരാണെന്ന് ബോധ്യം നൽകിയത് ശരിക്കും അവരുടെ ചലച്ചിത്രങ്ങൾക്ക് തയ്യാറാക്കിയ പോസ്റ്ററുകൾ കണ്ടുതന്നെയാണ്.ന്യൂഡൽഹിയുടെയും രാജാവിന്റെ മകന്റെയും ,ഇരുപതാം നൂറ്റാണ്ടിന്റെയും പോസ്റ്ററുകൾ നോക്കി നിന്ന് അവസാനത്തെ ബസ്സ് മിസ്സാക്കിയവർ എത്ര പേരുണ്ട് പഴയ തലമുറയിൽ..?

പോസ്റ്ററുകൾ സിനിമാസ്വാദകരാക്കി മാത്രമല്ല മാറ്റിയത് .ദൂരെ നിന്ന് കണ്ടാൽ അത് ഡിസൈൻ ചെയ്തതാരെന്നു തിരിച്ചറിയാനുള്ള അറിവ് വരേയ്ക്കും അത് വളർന്നു.'കൊളോണിയ 'യെക്കാൾ ഒരു ക്ലാസിക് ടച് 'ഗായത്രി' അശോകന്റെ വർക്കിനുണ്ടെന്നു ചലച്ചിത്രാസ്വാദകരായ പോസ്റ്റർ കാമുകന്മാർ പരസ്പരം പറഞ്ഞു നടന്നിരുന്നു, അക്കാലത്ത്.

മിക്ക മലയാള ചിത്രങ്ങൾക്കുമുള്ള പോസ്റ്ററുകൾ ശിവകാശിയിൽ സഫയർ പ്രിന്റേഴ്സിൽ "മാപ്പ്ലിത്തോ" പേപ്പറിൽ തയ്യാറായി വന്നു.ചില ഹിന്ദി സിനിമകൾക്കും സൂപ്പർതാര ചിത്രങ്ങൾക്കും വൺ സൈഡ് ഗ്ലൈസിങ് ഉള്ള ആർട് പേപ്പറിൽ പോസ്റ്ററുകൾ ഒരുങ്ങി. അമ്പതും നൂറും ദിനങ്ങൾ പിന്നിടുമ്പോൾ പ്രത്യേക അലങ്കാരങ്ങളോടെ സ്പെഷൽ പോസ്റ്റർ "ടെക്കനിക്കൽ ക്രൂവിനെ " അണിനിരത്തി ചില ചിത്രങ്ങളുടെ നിർമാതാക്കൾ പുറത്തിറക്കി.കൂടുതൽ ഉയരമുള്ള മതിലുകളിലും കെട്ടിട ചുമരുകളിലും പതിവിലും ദീർഘമായി അത്തരം പോസ്റ്ററുകൾ ഇളകാതെ പതിഞ്ഞുകിടന്നു.

അതിർത്തി കടന്നു മദിരാശിയിലോ,കോയമ്പത്തൂരിലോ ബാംഗ്ളൂരിലോ പോകാനൊക്കാത്ത പോസ്റ്റർ പ്രേമികൾക്ക് വിസ്മയമായത് ചുവരുകളിൽ ഒട്ടിക്കപെട്ട വലിയ കടലാസു പോസ്റ്ററുകൾ അല്ല,ചുവര് വൃത്തിയാക്കിയെടുത്ത് വരച്ചുണ്ടാക്കിയ യമണ്ടൻ പോസ്റ്ററുകളാണ്. കമലും രജനിയും അംബരീഷും രാധികയും സുഹാസിനിയും ബ്രെഷ് തുമ്പുകളിലൂടെ മതിൽപുറത്ത് ജനിച്ചു വന്നു. രണ്ടാഴ്ചക്കു ശേഷം അതേ ഇടത്ത് വിജയകാന്തോ മിഥുൻ ചക്രവർത്തിയോ തോക്കേന്തി നിൽക്കുന്ന ചിത്രവും ഒറ്റ രാത്രിയിൽ വിരിഞ്ഞു വരും. പൊതു ഇടങ്ങൾ ചുരുങ്ങി വന്നപ്പോഴാണ് മറ്റു പരസ്യ ബോർഡുകൾ പോലെ സിനിമ പോസ്റ്ററുകളും ഫ്ളക്സ് പ്രിന്റ് രൂപത്തിലേക്ക് മാറിയതും കെട്ടിടങ്ങളുടെ ഗ്യാപ്പുകളിൽ ഞെരുങ്ങി നിന്ന് തലനീട്ടി തുടങ്ങിയതും.

അത്രക്ക് കാശു മുടക്കാൻ കാശില്ലാത്ത കൊച്ചു ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും,വിതരണക്കാർക്കും ഒഴിവുള്ള മതിലുകൾ തേടി നാഗരാതിർത്തി വരെ സഞ്ചരിക്കേണ്ടി വന്നു.പക്ഷെ അവർ പാരമ്പര്യം കാത്തു.ലൈൻ ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കണ്ണെറിയുന്ന സിനിമാ പ്രേമിയെ കൊളുത്തി വലിക്കാൻ ആ ഇത്തിരി ചതുരത്തിലെ ബഹുവർണ വിസ്മയത്തിനു കഴിഞ്ഞു.

ആമസോണും നെറ്റ്ഫ്ലിക്സും പോലുള്ള ആഗോളഭീമന്മാരുടെ സ്ട്രീമിങ്ങിലേക്ക് മലയാള സിനിമയും ചേക്കേറിത്തുടങ്ങുമ്പോൾ മതിലും,ചുമരും,കള്ളുഷാപ്പിന്റെ മുളന്തട്ടിയും പോസ്റ്ററുകളെ സ്വപ്നം കാണുന്നു എന്ന് പറയുന്നതിലെ ലോജിക് എന്താണെന്ന് മറുചോദ്യം ഉന്നയിക്കാം.എങ്കിലും തലമുറകളെ ഉദ്ദീപിപ്പിച്ച, കാഴ്ച്ചക്കാരാക്കി നിലനിർത്തിയ ഈ പോസ്റ്റർ ചതുരങ്ങളെ ഓൺലൈൻ ആടുകൾ കടിച്ചു കീറിത്തിന്നുന്നത് കാണുമ്പോൾ ഏത് മലയാളിയുടെ മനസിലാണ് ചോര പൊടിയാത്തത്…?

Content Highlights : Nostalgia on movie posters Features

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented