തുറമുഖം എന്ന ചിത്രത്തിൽ നിവിൻ പോളി | ഫോട്ടോ: www.facebook.com/NivinPauly
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അവസാനമായി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ നിവിന്‍ പോളി ചിത്രം തുറമുഖം തിയേറ്ററുകളിലെത്തുകയാണ്. പലവിധ കാരണങ്ങള്‍ കൊണ്ട് മൂന്ന് തവണയാണ് തുറമുഖത്തിന്റെ റിലീസ് മാറ്റിവെയ്ക്കപ്പെട്ടത്. എന്നാല്‍, വെള്ളിത്തിരയിലെത്തുമ്പോഴും ചിത്രത്തിന് വിവാദത്തിന്റെ അകമ്പടിയുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചിത്രത്തിലെ നായകനായ നിവിന്‍ പോളി. വെല്ലുവിളികളെ ഏറ്റെടുത്ത് ചിത്രം തിയേറ്ററിലെത്തിക്കാന്‍ ശ്രമിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇപ്പോള്‍ കുരുക്കിലകപ്പെട്ടെന്നും ഇതുപോലെ ഒരവസ്ഥ ഇനിയൊരു മലയാളസിനിമയ്ക്കും ഉണ്ടാകരുതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നിവിൻ പറയുന്നു.
തുറമുഖത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍
തുറമുഖം നല്ലൊരു ചിത്രമാണ് എന്നതാണ് ആദ്യത്തെ പ്രതീക്ഷ. നല്ല ക്വാളിറ്റിയുള്ള ചിത്രമാണ്. കണ്ടുകഴിഞ്ഞാല്‍ ഒരിക്കലും അയ്യേ എന്ന് തോന്നില്ല. കേരളത്തിലെ തൊഴിലാളി സമരങ്ങളില്‍ വളരെ പ്രാധാന്യമുള്ള ഏട് പറയുന്ന ചിത്രമാണ് തുറമുഖം. ആരും പറയാത്ത ഒരു മേഖലയാണിത്. സാധാരണക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകര്‍ക്ക് ഇതൊരു വ്യത്യസ്ത അനുഭവമാകുമെന്ന് കരുതുന്നു.
അടി-ഇടി പടമല്ല, തനി രാജീവ് രവി ചിത്രം
ഒരു മീഡിയം താളത്തില്‍ പോകുന്ന സിനിമയാണ്. കൊമേഴ്‌സ്യല്‍ സിനിമയുടേതായ സ്പീഡ് ഒന്നുമില്ല. ഒരു ക്ലാസിക് സ്വഭാവമാണ് സിനിമയ്ക്കുള്ളത്. എട്ട്-ഒമ്പത് ഫൈറ്റൊക്കെയുണ്ടെങ്കിലും കഥാപാത്രങ്ങളിലൂടെ പോകുന്ന ചിത്രമായിരിക്കും തുറമുഖം. അതുപോലെ വാണിജ്യ സിനിമയുടേത് പോലുള്ള ക്ലൈമാക്‌സുമല്ല ചിത്രത്തിന്. തികച്ചും ഒരു രാജീവ് രവി ചിത്രം തന്നെയാണിത്. വലിയ കൊമേഴ്‌സ്യല്‍ ചിത്രം കാണാനുള്ള പ്രതീക്ഷയില്‍ വന്നാല്‍ നിരാശയായിരിക്കും ഫലം.
ആരാണ് മട്ടാഞ്ചേരി മൊയ്തു?
മൊയ്തുവിനെ വേണമെങ്കില്‍ മട്ടാഞ്ചേരിയിലെ റൗഡി എന്നൊക്കെ പറയാം. പട്ടിണി കാരണം റൗഡിയായ ഒരുവനാണ്. റൗഡിത്തരത്തില്‍ അകപ്പെട്ടുപോവുകയും അതുതന്നെ ജീവിതമാര്‍ഗവുമാക്കിയെടുക്കുകയും ചെയ്ത ഒരാളാണ്. ആന്റിഹീറോ എന്ന് പറയാവുന്ന തരം വേഷമാണ്. മൊത്തത്തില്‍ റിബലാണ്. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളാണിയാള്‍. പ്രേക്ഷകര്‍ക്ക് അധികം ഇഷ്ടം തോന്നാത്ത ഒരു കഥാപാത്രമായിരിക്കും. ശരിക്ക് മട്ടാഞ്ചേരി മൊയ്തു എന്നൊരാള്‍ ഉണ്ടായിരുന്നു. പക്ഷേ, എന്റെ കാരക്റ്റര്‍ പൂര്‍ണമായും യഥാര്‍ത്ഥമല്ല. പല കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളവരാണെങ്കിലും സിനിമയ്ക്കുവേണ്ടി ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഗോപന്‍ ചിദംബരത്തിന്റെ പിതാവെഴുതിയ നാടകം
നാടകം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, നല്ല രസമുള്ള നാടകമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. രാജീവേട്ടനുമൊത്ത് എല്ലാവരും കൂടി ഇരുന്നപ്പോള്‍ പെട്ടന്ന് തോന്നിയ ആശയമാണ് ഈ നാടകം സിനിമയാക്കാമെന്ന്. അഭിനയിക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാനും സമ്മതിച്ചു. അങ്ങനെ പെട്ടന്നുണ്ടായ പടമാണ് തുറമുഖം. അല്ലാതെ ഒരുപാട് പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല.
കഥാപാത്രങ്ങള്‍ക്കായി പഠനം നടത്താറുണ്ട്
കഥാപാത്രങ്ങള്‍ക്കായി പഠനം നടത്താറുണ്ട്. തുറമുഖത്തെ സംബന്ധിച്ചിടത്തോളം ഗോപന്‍ ചേട്ടന്‍ കൃത്യമായി എല്ലാം പറഞ്ഞുതരാറുണ്ടായിരുന്നു. അന്ന് ഓരോ സംഘടനകള്‍ വരുമ്പോഴും ചാപ്പ സമ്പ്രദായവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. അങ്ങനെയൊരവസ്ഥയില്‍ തൊഴിലാളികള്‍ ഒരുമിച്ചുനിന്ന് ഇതിനെയെല്ലാം മാറ്റി പുതിയൊരു രീതി വരണമെന്ന ഉദ്ദേശത്തോടെ നടന്ന സമരമാണ് മട്ടാഞ്ചേരിയിലേത്. ഇക്കാര്യം ഞങ്ങളെ ഇരുത്തി ഗോപന്‍ ചേട്ടന്‍ പറഞ്ഞുതരും. ഓരോരുത്തരേയും നേരില്‍ക്കണ്ടല്ല പറഞ്ഞതെങ്കിലും അതിനേക്കുറിച്ച് നന്നായി റിസര്‍ച്ച് നടത്തിയ ആളാണ് പറഞ്ഞുതരുന്നത്.
ഗോപന്‍ ചിദംബരത്തിന്റെ കഥപറച്ചില്‍ ശൈലി
വളരെ റിയലായി കഥാപാത്രങ്ങളെ സമീപിക്കണമെന്ന ആഗ്രഹമുള്ളയാളാണ് തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരം. കഥാപാത്രത്തിന്റെ പ്രകടനം എങ്ങനെ പോകണമെന്നെല്ലാം വ്യക്തമായി പറഞ്ഞുതരും.
ഒപ്പം അഭിനയിച്ചവരെല്ലാം നായകനടന്മാര്‍
എല്ലാവർക്കും രാജിവ് രവി എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമായിരുന്നു. ജോലി ചെയ്ത രീതിയെല്ലാം രസമായിരുന്നു. ഇത്രയും വലിയ ക്യാന്‍വാസില്‍ വരുന്ന പടമാണല്ലോ. തയ്യാറെടുപ്പുകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുമെല്ലാം നന്നായിവന്നു. കഥാപാത്രത്തിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും രാജീവേട്ടന്‍ പറഞ്ഞിരുന്നില്ല. മനസിലൊന്നും ചിന്തിക്കണ്ട, റിഹേഴ്‌സലും വേണ്ട, നിങ്ങളായിത്തന്നെ സെറ്റിലേക്ക് വന്നാല്‍മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രമെന്താണെന്ന് മനസിലാക്കി നില്‍ക്കണം അതൊരു നടന്റെ ഉത്തരവാദിത്വമാണ് എന്നും നിര്‍ദേശിച്ചിരുന്നു. ഡയലോഗ് പോലും പഠിക്കണമെന്ന് പറഞ്ഞിരുന്നില്ല. സെറ്റിലെത്തി കൂടിയിരുന്ന് സംസാരിച്ച് ഒരു തീരുമാനമുണ്ടാക്കും. അതാണ് പിന്നെ ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുക. ചെറുതായി ഒന്ന് ചെയ്തുനോക്കും, അത്രതന്നെ.
റിലീസ് പലതവണ മാറ്റിയപ്പോള്‍
ഒരു യുക്തിയുമില്ലാത്ത കാരണങ്ങള്‍ കൊണ്ട് റിലീസ് മാറ്റുമ്പോള്‍ സ്വാഭാവികമായും ദേഷ്യം വരുമല്ലോ. രാജീവേട്ടന്‍ നല്ലൊരു സാങ്കേതികവിദഗ്ധന്‍ ആയതുകൊണ്ടും വിവേകമുള്ളയാളായതുകൊണ്ടുമാണ് ഇവിടെയെത്തിയത്. നിര്‍മാതാവിന് ഒരു കാരണവശാലും അമിതഭാരം കൊടുക്കരുതെന്നുറപ്പിച്ച് അത്രയും പ്ലാനിങ്ങോടെയാണ് ഓരോ സീനും അദ്ദേഹമെടുത്തത്. ഒരു സംവിധായകനെന്ന നിലയില്‍ അത്രയും പിന്തുണ നിര്‍മാതാവിന് നല്‍കുമ്പോള്‍ തിരിച്ച് ഇങ്ങോട്ടും ആ പിന്തുണ വേണമല്ലോ. പക്ഷേ അതിനെ മുതലെടുക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇത്രയും പ്രശ്‌നം വന്നത്. സാറ്റലൈറ്റ് അവകാശവും ഓടിടി അവകാശവുമെല്ലാമായി മുടക്കമുതലിന്റെ 70 ശതമാനവും കിട്ടിയ സിനിമയാണ്. അത്രയും ലാഭത്തില്‍ ഇറങ്ങേണ്ട സിനിമയെ ഈ അവസ്ഥയിലെത്തിച്ചത് ഇതിനകത്തുള്ള സാമ്പത്തിക തിരിമറിയാണ്. അതെല്ലാവര്‍ക്കും അറിയാം.
പടത്തിനെ സഹായിക്കാന്‍ വന്ന ലിസ്റ്റിന്‍ കുരുക്കില്‍പ്പെട്ടു
ലിസ്റ്റിന്‍ സ്റ്റീഫന് അറിയാം എല്ലാ പ്രശ്‌നങ്ങളും. ഇപ്പോഴും ലിസ്റ്റിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പടത്തിനെ സഹായിക്കാന്‍ വന്ന ലിസ്റ്റിനെ കുരുക്കില്‍ നിന്ന് കുരുക്കിലേക്ക് കൊണ്ടുപോയി ഇവിടെവരെ എത്തിച്ചിരിക്കുകയാണ്. ലിസ്റ്റിന്‍ ആയതുകൊണ്ടാണ് ഇതിന്റെ പിറകെ നടന്ന് ഓരോന്ന് ചെയ്യുന്നത്. ബാക്കിയെല്ലാവര്‍ക്കും ഇതേറ്റുനടത്താന്‍ പേടിയാണ്. ഒരു കുരുക്കല്ല. ഒരെണ്ണം അഴിക്കുമ്പോള്‍ ബാക്കി പത്തെണ്ണം അപ്പുറത്തുകൂടിയിട്ട് പൂട്ടുകയാണ്. ഇതെല്ലാം പൈസയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വേറൊരു മനോഭാവമാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല.
ഒരു മലയാളസിനിമയ്ക്കും ഇതുപോലൊരവസ്ഥ ഉണ്ടാവരുത്
ഇത്രയും സാങ്കേതികവിദഗ്ധരേയും നടീനടന്മാരേയും ഒരുമിച്ച് കൊണ്ടുവരികയും അവരെ ഈ സിനിമയ്ക്കായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍പ്പോലും വിട്ടുവീഴ്ച ചെയ്തത് രാജീവേട്ടനോടുള്ള ഇഷ്ടം കൊണ്ടും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹംകൊണ്ടുമാണ്. എന്നാല്‍ ഇതുപോലും കണക്കിലെടുക്കാതെയാണ് നിര്‍മാതാവ് നിന്നത്. ഞാനുള്‍പ്പെടെ മിക്കവരും പ്രതിഫലം പോലും വേണ്ടെന്നുവച്ചു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കേ അതിനേക്കാള്‍ ഇരട്ടി പൈസ സിനിമയ്ക്ക് ആയതിന് കാരണം എന്തോ ഫിനാന്‍ഷ്യല്‍ പരിപാടി ഇതിനുള്ളില്‍ നടന്നിട്ടുണ്ട് എന്നതിനാലാണ്. മലയാളത്തില്‍ വേറൊരു സിനിമയ്ക്കും ഇതുപോലൊരവസ്ഥ ഉണ്ടാവാതിരിക്കാന്‍ ഉചിതമായ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് സംഘടനകളുടെ ഭാഗത്തുനിന്ന് തീരുമാനിക്കേണ്ടതാണ്.
ഹനീഫ് അദേനിക്കൊപ്പം പുതിയ ചിത്രം
ഹനീഫ് അദേനിയുടെ ചിത്രം ദുബായില്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാറായിട്ടില്ല. വിജയിയുടെ ലിയോയില്‍ അഭിനയിക്കും എന്ന വാര്‍ത്തകള്‍ സത്യമല്ല.
Content Highlights: nivin pauly interview, nivin pauly against thuramukham movie producer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..