സിജുവിന്റെ മീൻകറി പണ്ടേ ഹിറ്റാണ്, ഹോസ്റ്റലിലേക്ക് വന്നാൽ പോകില്ല എന്നതായിരുന്നു ഏക പ്രശ്നം -നിവിൻ


പി.പ്രജിത്ത് | ചിത്രങ്ങൾ : എൻ.എം. പ്രദീപ്

മഴചാറിനിന്ന പ്രഭാതത്തില്‍, അറബിക്കടലിന്റെ ഉപ്പുകാറ്റേറ്റാണ് ബിഗ്‌സ്‌ക്രീനിലെ യുവതാരങ്ങള്‍  ഒന്നിച്ചിരുന്നത്. ഒത്തുചേരലിന്റെ 'ഠ' വട്ടത്തില്‍ അവര്‍ കൂടുതല്‍ വാചാലരായി. സിനിമയും ജീവിതവും യാത്രകളുമെല്ലാം പതിഞ്ഞതാളത്തില്‍ സംസാരത്തിലേക്ക് വന്നുനിറഞ്ഞു

INTERVIEW

അജു വർ​ഗീസ്, സിജു വിൽസൺ, നിവിൻ പോളി, സൈജു കുറുപ്പ്

സുഹൃത്തുക്കള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മാത്രം വീശുന്നൊരു കാറ്റുണ്ട്. പയ്യന്നൂര്‍ കോളേജിലെ പാതിരാക്കാറ്റുപോലെ ലോലമല്ലാത്തവ. കൂട്ടിന്റെ കരുത്തും കരുതലും, കളിയും ചിരിയും നിറഞ്ഞ കാറ്റ്. അതിശയവും ആഹ്ലാദവും നിറയ്ക്കുന്ന, സന്തോഷിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന 'സൗഹൃദക്കാറ്റ്'. പറഞ്ഞുവരുന്നത് സിനിമയ്ക്കുള്ളിലെ പുതുചങ്ങാതിക്കൂട്ടത്തെക്കുറിച്ചാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളില്ല, വിശേഷങ്ങളും വിഷയങ്ങളും സംസാരത്തിലേക്ക് സ്വാഭാവികമായി വന്നുകയറുകയായിരുന്നു...

മഴചാറിനിന്ന പ്രഭാതത്തില്‍, അറബിക്കടലിന്റെ ഉപ്പുകാറ്റേറ്റാണ് ബിഗ്‌സ്‌ക്രീനിലെ യുവതാരങ്ങള്‍ ഒന്നിച്ചിരുന്നത്. ഒത്തുചേരലിന്റെ 'ഠ' വട്ടത്തില്‍ അവര്‍ കൂടുതല്‍ വാചാലരായി. സിനിമയും ജീവിതവും യാത്രകളുമെല്ലാം പതിഞ്ഞതാളത്തില്‍ സംസാരത്തിലേക്ക് വന്നുനിറഞ്ഞു



''കാലമെത്ര കഴിഞ്ഞാലും ചില ഓര്‍മകള്‍ നമ്മെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. ഓടിക്കളിച്ച മുറ്റവും ഒച്ചവെച്ച ക്ലാസ്മുറികളും മറക്കാന്‍ കഴിയില്ലല്ലോ...''

നിവിന്‍പോളി പറഞ്ഞുതുടങ്ങുമ്പോഴേക്കും പിറകില്‍നിന്നൊരു ഗാനം ഒഴുകിയെത്തി.

'മധുരിക്കും ഓര്‍മകളേ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍...'

നിവിന്റെ 'പൊളി'ചങ്ങാതിമാരായ അജു വര്‍ഗീസും സിജു വില്‍സണും സൈജു കുറുപ്പും ഇടിച്ചുകയറി കസേരവലിച്ചിട്ടൊപ്പമിരുന്നു.

സൈജു കുറുപ്പ്: ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവിടുമ്പോള്‍, പ്രവര്‍ത്തിക്കുമ്പോള്‍ പ്രയാസം നിറഞ്ഞ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും. 'സാറ്റര്‍ഡേ നൈറ്റ്' എന്ന ഞങ്ങളുടെ പുതിയ സിനിമയില്‍ ഒരു ബൈക്ക് റൈഡുണ്ട്. വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും പരസ്പരമുള്ള കെമിസ്ട്രി കൃത്യമായതുകൊണ്ടാണ് നല്ലരീതിയില്‍ അത് ഷൂട്ട് ചെയ്‌തെടുക്കാന്‍ പറ്റിയത്.

നിവിന്‍ പോളി: ഒന്നിച്ച് ബൈക്കില്‍ പോകുന്നതായിരുന്നു സീന്‍. സുരക്ഷാക്രമീകരണമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. ഒരാള്‍ ബൈക്കിന്റെ ടാങ്കിലിരിക്കുന്നു, മറ്റൊരാള്‍ പുറകില്‍ പുറംതിരിഞ്ഞിരുന്നു. വേറൊരാള്‍ ബൈക്കില്‍ എഴുന്നേറ്റു നിന്നു. ടാറിടാത്ത റോഡിലൂടെയാണ് സഞ്ചാരം. വലിയ റിസ്‌ക്കുണ്ടെന്ന് അറിയാമായിരുന്നെങ്കിലും തോള്‍ചേര്‍ന്നു നിന്ന് ഞങ്ങളത് വിജയിപ്പിച്ചെടുത്തു. ബിഗ് സ്‌ക്രീനില്‍ സീന്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നാണ് ബൈക്ക് റൈഡ്.

അജു വര്‍ഗീസ്: ബൈക്ക് റൈഡിനെക്കുറിച്ച് ഒരക്ഷരം പറയാനില്ല. കാരണം അതിനോട് ഒട്ടും കമ്പമില്ലാത്ത ആളാണ് ഞാന്‍.

സിജു വില്‍സണ്‍: കാമ്പസ് കാലത്ത് ബെംഗളൂരു, മൈസൂര്‍ ഒക്കെ എന്റെ സ്ഥിരം ബൈക്ക് യാത്രാ റൂട്ടാണ്. ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിച്ചുനടക്കുന്ന കാലത്ത് ബൈക്കോടിച്ച് നിവിനൊക്കെ താമസിക്കുന്ന ഹോസ്റ്റലിലേക്ക് എത്രയോ തവണ പോയിട്ടുണ്ട്. ജോലി ഇല്ലാത്ത കാലത്ത് വാടക കൊടുക്കാതെ ഇവരുടെ ഹോസ്റ്റലില്‍ ഒരുപാടുനാള്‍ കഴിഞ്ഞിട്ടുണ്ട്.

നിവിന്‍ പോളി: സിജു നല്ലൊരു കുക്കാണ്. ഇവന്റെ മീന്‍കറി അന്ന് ഞങ്ങള്‍ക്കിടയില്‍ വലിയ ഹിറ്റാണ്. ഇവന്‍ ഹോസ്റ്റലിലേക്ക് വരുന്നത് കൂട്ടുകാര്‍ക്കൊക്കെ വലിയ സന്തോഷമായിരുന്നു. പക്ഷേ, വന്നാല്‍ പോകില്ല എന്നതായിരുന്നു ഏക പ്രശ്‌നം.

സിജു വില്‍സണ്‍: മീന്‍കറി പോലുള്ള തട്ടുപൊളിപ്പന്‍ നമ്പറുകളില്‍ പിടിച്ചായിരുന്നു ഹോസ്റ്റലില്‍ കയറിപ്പറ്റിയുള്ള സൗജന്യ താമസം. ജോലി അന്വേഷിക്കുന്ന കാലമല്ലേ. കാശ് ചെലവാക്കാതെ താമസിക്കാനൊരു സ്ഥലം തരപ്പെടുത്താന്‍ വലിയ പ്രയാസമായിരുന്നു. പോകുന്നില്ലേയെന്ന് കൂട്ടുകാര്‍ ചോദിക്കുന്നതുവരെ മുറിയില്‍ പറ്റിപ്പിടിച്ചുകൂടും. രാഹുല്‍, രാജീവ്, പ്രവീണ്‍... അന്നവിടെ ഞങ്ങള്‍ക്കൊരുപാട് കൂട്ടുകാരുണ്ടായിരുന്നു.

സൈജു കുറുപ്പ്: നിവിനും സിജുവിനും, ബെംഗളൂരുവിലും മൈസൂരും സ്വന്തം വീടുപോലെയാണ്. അവര്‍ ഇറങ്ങിക്കളിച്ച സ്ഥലമാണ്. പുതിയ സിനിമയുടെ ഷൂട്ടിങ് പഴയ തട്ടകത്തിലായപ്പോള്‍ ഇവരിരുവരും കൂടുതല്‍ ഉഷാറായി. ഒരു ബാക്ക് ടു ഹോം ഫീല്‍. നഗരത്തിലെ ചെറിയ ഊടുവഴികള്‍ പോലും ഇവന്മാര്‍ക്ക് കാണാപ്പാഠമാണ്. മൈലാരി ദോശ, ഹനുമന്തു ബിരിയാണി, പെലിക്കനിലെ പോര്‍ക്ക്... അങ്ങനെ മൈസൂരിലെ ലോക്കല്‍ ഫുഡുകള്‍ ഒരുപാട് പരിചയപ്പെടാനായി.

അജു വര്‍ഗീസ്: ഫുഡ് എത്ര നന്നായിട്ടും കാര്യമില്ല. ഏഴുമണിക്കുശേഷം സൈജുചേട്ടന്‍ ഒന്നും കഴിക്കില്ല. അങ്ങനെയൊരു വിചിത്രമായ ആചാരമുണ്ട് മൂപ്പര്‍ക്ക്.

സൈജു കുറുപ്പ്: അതെല്ലാം ഇവന്മാര് പൊളിച്ചടുക്കിയില്ലേ... വര്‍ഷങ്ങളായി തുടരുന്ന ചിട്ടയായിരുന്നു. ഒന്നിച്ച് സെറ്റിലെത്തിയതോടെ അതെല്ലാം പൊളിഞ്ഞു.

നിവിന്‍ പോളി: അങ്ങനെ ഒരാള്‍ മാത്രം നന്നാകരുതല്ലോ. ഷൂട്ടിങ് തിരക്കിനിടയിലും ഞങ്ങളെക്കൊണ്ടു പറ്റുംവിധം ഉത്സാഹിച്ച് പുള്ളിക്കാരനെ മാറ്റിയെടുത്തു. ഷൂട്ടിങ് അവസാനിക്കാറായപ്പോഴേക്കും രാത്രി പത്തരയ്ക്കും പതിനൊന്നരയ്ക്കുമൊക്കെ ഫുഡ് അടിച്ചുകയറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.

സിജു വില്‍സണ്‍: സുഹൃത്തുക്കള്‍ ചേരുമ്പോള്‍ അങ്ങനെയാണല്ലോ... ഭക്ഷണരീതി, ഉറക്കം, യാത്രാശീലങ്ങള്‍ എല്ലാം അടിമുടി മാറ്റംവരും. ദിനചര്യകളെല്ലാം തകിടംമറിയും. അതെല്ലാം സൗഹൃദത്തിന്റെ കരുത്താണല്ലോ...

സൈജു കുറുപ്പ് : വ്യക്തികള്‍ യഥാര്‍ഥത്തില്‍ ആരാണ്, എങ്ങനെയാണെന്നെല്ലാം തിരിച്ചറിയുക അവര്‍ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണ്. സിജുവുമായി ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തു. എത്രയോ തവണ സംസാരിച്ചിരുന്നിട്ടുണ്ട്... സിനിമാവിശേഷങ്ങള്‍ പറഞ്ഞുനടന്നിട്ടുണ്ട്... ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്... പക്ഷേ, സിജു ആളുകളെ ഇത്ര ഭംഗിയായി ട്രോളുമെന്നും കളിയാക്കി തേച്ചൊട്ടിക്കുമെന്നെല്ലാം മനസ്സിലാക്കിയത് നിവിനൊപ്പമുള്ള സെറ്റിലെത്തിയപ്പോഴാണ്. നിവിനും സിജുവും നിക്കറിട്ട കാലം മുതലുള്ള സുഹൃത്തുക്കളാണ്. നിവിനൊപ്പം ചേര്‍ന്നതോടെ സിജു വേറൊരാളായി മാറി.

അജു വര്‍ഗീസ്: എല്ലാവരുടെ ജീവിതത്തിലും അത്തരം ബന്ധങ്ങളുണ്ടാകും. ചിലര്‍ക്കൊപ്പം ചേരുമ്പോള്‍ നമ്മള്‍ കൂടുതല്‍ സന്തോഷിക്കുകയും ഫ്രീയായി ഇടപെടുകയും ചെയ്യും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടാനും അവര്‍ക്കൊപ്പം സിനിമ ചെയ്യാനും ഉള്ളുകൊണ്ട് ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളെല്ലാവരും. വിനീതിനൊപ്പം ചേര്‍ന്ന 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' മുതല്‍ സിനിമാസെറ്റുകള്‍ സമ്മാനിച്ച വലുതും ചെറുതുമായ ചിരികള്‍ ഏറെയുണ്ട്.

നിവിന്‍ പോളി: അഞ്ചുവയസ്സുകാരനും എണ്‍പതുവയസ്സുകാരനുമെല്ലാം സുഹൃത്തുക്കളുണ്ടാകും. സൗഹൃദങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുക എന്നത് വലിയകാര്യമാണ്. കൂട്ടുകാരുടെ പ്രോത്സാഹനമാണ് എന്നെ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തിക്കുന്നത്. സിനിമാസ്വപ്‌നം തലയ്ക്കുപിടിച്ചു നടന്ന കാലത്ത് വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന വിവരം അറിഞ്ഞത് ചങ്ങാതിമാരിലൂടെയാണ്. ഫുട്‌ബോള്‍ കളിക്കിടെ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കാലുമായി സുഹൃത്തുക്കളുടെ ചുമലില്‍ തൂങ്ങിയാണ് ചാന്‍സ് ചോദിച്ചുചെന്നത്.

സിജു വില്‍സണ്‍: എല്ലാവരുടെയും ജീവിതത്തില്‍ സൗഹൃദങ്ങളുണ്ട്. അതിന്റെ ഗ്രാഫില്‍ വലുതും ചെറുതുമായ മാറ്റങ്ങള്‍ കാണുമെന്നുമാത്രം. കാര്യങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാവുന്ന, നമ്മളെ മനസ്സിലാക്കുന്ന ആളുകളെ ഒപ്പം കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. ഭാവിയെ കരുതി വീട്ടുകാര്‍ പലപ്പോഴും അരുതുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലതില്‍നിന്നും കുടുംബം നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സുഹൃത്തുക്കള്‍ എന്തിനും ഏതിനും കട്ടയ്ക്കുനില്‍ക്കും. ശരിതെറ്റുകള്‍ക്കല്ല, നമ്മുടെ സന്തോഷത്തിനാണ് കൂട്ടുകാര്‍ വിലനല്‍കുന്നത്.

സൈജു കുറുപ്പ്: സിനിമയില്‍ നൃത്തരംഗങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ പൊതുവെ ഞാന്‍ പുറകോട്ടാണ്. എന്നെക്കൊണ്ട് പറ്റുമോ എന്ന സംശയം. ഡാന്‍സ് സീനുകള്‍ എത്തുമ്പോഴേക്കും എവിടെനിന്നോ ഒരു പരിഭ്രമം പാഞ്ഞുവരും. റിഹേഴ്‌സല്‍ സമയത്ത് ഡാന്‍സ് അറിയുന്ന ആരെങ്കിലും സ്റ്റെപ്പുകളിലേക്കൊന്നു നോക്കുന്നതുകണ്ടാല്‍ മൊത്തം ടെന്‍ഷനാകും.'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയില്‍ ഡാന്‍സ് രംഗം ഉണ്ടെന്നറിഞ്ഞതോടെ ടെന്‍ഷനായി. കൈവിട്ട കളിയാകുമോ എന്ന സംശയം. രാത്രി പലതവണ ഞാനെന്റെ ആധി സിജുവുമായി പങ്കുെവച്ചു. സത്യത്തില്‍ അന്ന് അവിടെവെച്ച് സിജു നല്‍കിയ ആത്മവിശ്വാസമാണ് എനിക്ക് ധൈര്യം പകര്‍ന്നത്. ഇന്ന് എന്റെ ചുവടുകള്‍ക്ക് ഒരു സ്വാഭാവികത വന്നിട്ടുണ്ടെങ്കില്‍, മോശമില്ലാത്ത രീതിയില്‍ ഒന്നിളകിയാടിയിട്ടുണ്ടെങ്കില്‍ അതിന്റെ മൊത്തം ക്രെഡിറ്റും സിജുവിന് നല്‍കുന്നു. ചേര്‍ത്തുപിടിച്ച് നല്‍കിയ ധൈര്യം അത്ര വലുതായിരുന്നു. ഒരു കൂട്ടുകാരന് നമ്മെ എത്രത്തോളം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കിയ സമയമായിരുന്നു അത്. സിജു വില്‍സന് എന്റെ ഹൃദയത്തില്‍ നിന്ന് ഒരുമ്മ...

സിജു വില്‍സണ്‍: തകര്‍ത്താടിയില്ലേ... നാളത്തെ മിഥുന്‍ചക്രവര്‍ത്തിയാണ് ചേട്ടന്‍...

നിവിന്‍ പോളി: അഭിനയവുമായി മുന്നോട്ടുപോകുമ്പോള്‍ പലതരം വെല്ലുവിളികള്‍ തലപൊക്കും. സ്വയം നവീകരിച്ചും ചില പേടികളെയെല്ലാം തകര്‍ത്തെറിഞ്ഞും വേണം മുന്നോട്ടു പോകാന്‍. അതിനു നമ്മളെ സഹായിക്കുന്ന ഘടകങ്ങള്‍ പലതാകും. അവ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇന്നും പുതിയ കഥകള്‍ കേട്ടുകഴിയുമ്പോള്‍ അതിലെ ചില ഭാഗങ്ങളുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യം സഹായം തേടുക സുഹൃത്തുക്കളില്‍ നിന്നാണ്. സത്യസന്ധമായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ചിലര്‍ നമുക്കൊപ്പമുണ്ടാവുക എന്നത് വലിയ കാര്യമാണ്.

അജു വര്‍ഗീസ്: ചങ്ങാതിമാര്‍ക്കൊപ്പം ചേരുമ്പോഴുള്ള വൈബ് വേറെത്തന്നെയാണ്. അടുത്ത കൂട്ടുകാര്‍ക്കൊപ്പം ഊട്ടിയിലും കൊടൈക്കനാലിലുമെല്ലാം യാത്രപോയി, മുറിയില്‍നിന്ന് പുറത്തിറങ്ങാതെ കഥപറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചും സമയം കളഞ്ഞിട്ടുണ്ട്. യാത്ര പോകുമ്പോള്‍ ഒരുപാട് സ്ഥലം കാണണം, ഫോട്ടോ എടുക്കണം എന്നെല്ലാം പറഞ്ഞിട്ടുണ്ടാകും. പക്ഷേ, മുറിക്കുള്ളില്‍ തന്നെ സന്തോഷം നിറയും.

നിവിന്‍ പോളി: ഷൂട്ടിങ്ങിനായുള്ള യാത്രകളാണ് ഇന്നധികവും. എവിടെ പോകുമ്പോഴും അതിനടുത്തുള്ള സുഹൃത്തുക്കളെ വിളിക്കാനും കാണാനും ശ്രമിക്കാറുണ്ട്. ഈ അടുത്ത് ബെംഗളൂരുവിലും മൈസൂരിലും ചിത്രീകരണം നടക്കുമ്പോള്‍ അന്ന് ഒപ്പം പഠിച്ചതും ജോലിചെയ്തതുമായ കൂട്ടുകാരെയെല്ലാം നേരില്‍പോയി കണ്ടു. അവര്‍ക്കൊപ്പം പഠിച്ച കോളേജില്‍ പോയി. ജോലിയെടുത്ത മൈസൂരിലെ കാമ്പസിലൂടെ വീണ്ടും സൈക്കിളോടിച്ച് കറങ്ങി. അന്നിരുന്ന സീറ്റില്‍ ഒരിക്കല്‍കൂടി ഇരുന്നു. സിനിമാക്കാരനായതുകൊണ്ടാവണം കമ്പനി എച്ച്.ആറില്‍ നിന്ന് അത്തരമൊരു പരിഗണന ലഭിച്ചത്. പഠനകാലം മുതല്‍ക്കുള്ള സൗഹൃദങ്ങള്‍ ഇന്നും ശക്തമാണ്. ഓര്‍മകളില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ട് എന്താണ് കാര്യം.

Content Highlights: nivin pauly about friendship with siju wilson aju varghese and saiju kurup, saturday night movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented