ദേശീയപുരസ്‌കാരം നേടിയ ചലച്ചിത്രകാരനായിട്ടും പി.എസ്. നിവാസിന്റെ നാട്ടിലേക്കുള്ള വരവും പോക്കും പോലും ആരുമറിയാറില്ലായിരുന്നു. അവസാനനാളുകളില്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ദുബായിലുള്ള അനുജന്റെ മകള്‍ സുധ വഴിയാണ് ഇദ്ദേഹമാരാണെന്ന് ആളുകള്‍ക്ക് മനസ്സിലായത്.
മെഡിക്കല്‍ കോളേജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹുസൈനും വൈസ് ചെയര്‍പേഴ്‌സണ്‍ എ.വി. ലീനയും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴും പേരും പ്രശസ്തിയുമുള്ളൊരു ആളാണ് താനെന്ന് പുറംലോകത്തെ അറിയിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വെള്ളിത്തിരയിലെ വെളിച്ചം പകര്‍ത്തിയ അദ്ദേഹം എന്നും ക്യാമറയ്ക്കുപിന്നില്‍ നില്‍ക്കാനേ ആഗ്രഹിച്ചുള്ളൂ.
കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജില്‍നിന്നാണ് നിവാസ് ബിരുദമെടുത്തത്. അതിനുശേഷം മദ്രാസ് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമനേടി. പ്രശസ്ത ക്യാമറാമാന്മാരായ പി.എന്‍. മേനോന്‍, അശോക് കുമാര്‍ എന്നിവരുടെ സഹായിയായി. മേനോന്റെ കുട്ട്യേടത്തി, ചെമ്പരത്തി, മാപ്പുസാക്ഷി തുടങ്ങിയ സിനിമകളില്‍ പങ്കാളിയായി.
ബാബു നന്തന്‍കോടിന്റെ 'സത്യത്തിന്റെ നിഴലില്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 1976-ല്‍ മോഹിനിയാട്ടം എന്ന മലയാള സിനിമയുടെ ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.
കോഴിക്കോട്ടുകാരനായ സംവിധായകന്‍ ബേബിയുടെ കൂടെയാണ് കൂടുതല്‍ മലയാള ചിത്രങ്ങള്‍ ചെയ്തത്. ഹൊറര്‍ ചിത്രങ്ങളായ ലിസ, വീണ്ടും ലിസ എന്നിവയിലെ ഭയജനകമായ കാഴ്ചകള്‍ ഏറെ തന്മയത്വത്തോടെയാണ് നിവാസ് ക്യാമറയില്‍ പകര്‍ത്തിയത്. സിനിമാ ചിത്രീകരണത്തിനായി ഷൊര്‍ണൂരിലും മറ്റുംവരുമ്പോള്‍ നടക്കാവിലെ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്നു. തമിഴില്‍ തിരക്ക് കൂടിയതോടെ വരവ് കുറഞ്ഞു. വീട്ടിലെത്തിയാല്‍ വായനയിലാകും ശ്രദ്ധ.
തമിഴില്‍ ഭാരതി രാജയുടെ 'പതിനാറു വയതിനിലെ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. മധുരം നൊമ്പരം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, പല്ലവി, രാജന്‍ പറഞ്ഞ കഥ, സര്‍പ്പം, പത്മതീര്‍ഥം, ആയുഷ്മാന്‍ഭവ തുടങ്ങിയവയാണ് ഛായാഗ്രഹണം നിര്‍വഹിച്ച മറ്റുപ്രധാന മലയാള ചിത്രങ്ങള്‍.
കല്ലുക്കുള്‍ ഈറം, എനക്കാറെ കാത്തിര്, നിഴല്‍തേടും നെഞ്ചങ്ങള്‍, സേവാന്തി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സോല്‍വാസാവന്‍, റെഡ്റോസ്, ഭയാനക് മഹല്‍ എന്നീ ഹിന്ദി സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചു.
ദീര്‍ഘകാലം ചെന്നൈയിലായിരുന്നു. ഏഴുവര്‍ഷമായി ഈങ്ങാപ്പുഴ എടുത്തവെച്ചകല്ലിലെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു. ഈങ്ങാപ്പുഴയില്‍ താമസമാരംഭിച്ചതോടെ ശ്രീനിവാസന്‍ എന്ന പേരിലാണ് പുറംലോകമറിഞ്ഞത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അമേരിക്കയില്‍നിന്ന് മകന്‍ ഡോണ്‍ പാലിയേറ്റീവ് കെയറില്‍ എത്തിയത്. അച്ഛനും മകനും തമ്മില്‍ 20 വര്‍ഷത്തിനുശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അത്.
കിഴക്കെ നടക്കാവ് പനയം പറമ്പില്‍ കിട്ടുണ്ണിയുടെയും മാളുഭായിയുടെയും മകനാണ്. ആന്ധ്ര സ്വദേശിയായ ശോഭയാണ് ഭാര്യ. മക്കള്‍: ഡോണ്‍ (യു.എസ്.), ഡയാന (ദുബായ്), ധനിഷ (യു.എസ്.). സഹോദരങ്ങള്‍: പി. ലോഹിതാക്ഷന്‍ (ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍), പി. ശേഖരന്‍ (ബിസിനസ്, തൃശ്ശൂര്‍), പരേതയായ പി. സാവിത്രി (റിട്ട. ഹെഡ്മിസ്ട്രസ് കണ്ണൂര്‍ പള്ളിക്കുന്ന് സ്‌കൂള്‍), പി. സൗമിനി.