-
സര്‍ക്കസ് നമുക്ക് പരിചിതമാണെങ്കിലും തമ്പിനകത്തെ ജീവിതങ്ങള്‍ എന്നും അപരിചിതമായിരുന്നു. സര്‍ക്കസ് കൂടാരത്തിനകത്തെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ തീരാനൊമ്പരങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച ചിത്രമായിരുന്നു ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ജോക്കര്‍. സര്‍ക്കസ് കൂടാരവും അതിനകത്തെ ജീവിതങ്ങളും അഭ്യാസങ്ങളും ബന്ധങ്ങളും ബന്ധനങ്ങളും പ്രേക്ഷകരെ ചിരിപ്പിച്ച് , കരയിപ്പിച്ച് 20 വര്‍ഷം. അനശ്വര ചലച്ചിത്രകാരന് ലോഹിതദാസ് വിടവാങ്ങിയിട്ട് 11 വര്‍ഷവും.
ജോക്കറിലൂടെ മലയാളികള്‍ക്ക് ലഭിച്ച നടനാണ് നിഷാന്ത് സാഗര്‍. ചിത്രത്തിലെ പ്രധാന വില്ലന്‍ സുധീര്‍ മിശ്ര എന്ന ട്രപ്പീസ് കളിക്കാരനായി വന്ന് പ്രേക്ഷകരെ വെറുപ്പിച്ച് ഒടുവില്‍ കരയിപ്പിച്ച നടന്. ജോക്കറിനെക്കുറിച്ച്, ലോഹിതദാസിനെക്കുറിച്ച് നിഷാന്ത് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
സുധീര്‍ മിശ്രയിലേക്ക്
ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസിയിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ദേവദാസിയുടെ പോസ്റ്റര്‍ എവിടെയോ കണ്ട് ലോഹിസാര്‍ ആ പയ്യനാരാണെന്ന് അന്വേഷിച്ചിരുന്നുവെന്ന് ഞാന്‍ അറിഞ്ഞു. സാര്‍ ആ സമയത്ത് ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അറിഞ്ഞു. അങ്ങനെയാണ് ലോഹി സാറിന്റെ നമ്പര്‍ തപ്പിയെടുത്ത് ഞാന്‍ വിളിക്കുന്നത്. ഞാന്‍ ദേവദാസിയില്‍ അഭിനയിച്ച ആളാണ്, സാറിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു എന്ന് പറഞ്ഞു. അങ്ങനെയാണ് സാറിനെ കാണുന്നതും അതിലൂടെ ജോക്കറിലെ സുധീര്‍ മിശ്രയായി മാറുന്നതും.
വൈകി തിരിച്ചറിഞ്ഞ ഭാഗ്യങ്ങള്‍
ലോഹിസാറെന്ന ഇതിഹാസത്തിന്റെ ചിത്രത്തില്‍ ഒരു വേഷം.. അതും പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്. ഒരു പ്രായത്തില്‍ നമുക്ക് അതിന്റെ പ്രാധാന്യമൊന്നും മനസിലാവില്ല. പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് എത്ര ഭാഗ്യമായിരുന്നു അതെല്ലാം എന്ന് തിരിച്ചറിയുന്നത്. അന്ന് ഒരു സിനിമ ചെയ്യുന്നു, വേറെയും സിനിമകള്‍ ചെയ്യണം എന്നുള്ള ചിന്തയല്ലാതെ മറ്റൊന്നും എന്നിലുണ്ടായിരുന്നില്ല. എന്റെ അറിവില്ലായ്മയും അതിന് കാരണമാണ്. സാര്‍ ഒരു വലിയ തിരക്കഥാകൃത്താണ് സംവിധായകനാണ് എന്നറിയാം എന്നതിലപ്പുറമൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇപ്പോഴെനിക്കറിയാം എത്ര വലിയ ഒരു സ്കൂളിലാണ് ഞാന്‍ പഠിച്ചിറങ്ങിയതെന്ന്. സാറിന്റെ കാഴ്ച്ചപ്പാടുകളും സാര്‍ എന്തുകൊണ്ടായിരുന്നു അങ്ങനെയൊക്കെ പെരുമാറിയത്, സംസാരിച്ചത്, എന്നൊക്കെ ഇന്ന് എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്,. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ ഒരു പുണ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ബഹദൂറിക്ക, മാമ്മുക്ക, ദിലീപേട്ടന്, ബാലകൃഷ്ണൻ ചേട്ടന്, ബിന്ദു ചേച്ചി, തുടങ്ങി സീനിയര്‍ ആയ ഒരുപാട് താരങ്ങള്‍ ഉള്ള ചിത്രമായിരുന്നു ജോക്കര്‍. എനിക്കുള്ള മിക്ക സീനുകളും ഇവര്ക്കൊപ്പമുള്ളതുമായിരിക്കും. നമ്മള് സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഇവരെയൊക്കെ അടുത്ത് നിന്ന് കാണുമ്പോള്‍ വല്ലാത്ത എക്സൈറ്റ്മെന്റായിരുന്നു. ഇവര്‍ അഭിനയിച്ച സിനിമകള്‍, കഥാപാത്രങ്ങള്‍, ഇതെല്ലാം സത്യമാണോ എന്നെല്ലാമുള്ള ചിന്തകളാണ് സ്റ്റാര്‍ട്ട് ആക്ഷന്‍ എന്ന് പറയുമ്പോള്‍ മനസിലേക്ക് വരിക. കുറേ ടേക്ക് ഒക്കെ പോയിട്ടുണ്ട്. അതിന്റെ പേരില്‍ സാറിന്റെ കൈയിൽ നിന്ന് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. നീ നന്നായി വരുമെന്ന് പറഞ്ഞ് ബഹദൂറിക്ക അനുഗ്രഹിച്ചതൊക്കെ വലിയ ഭാഗ്യങ്ങളാണ്.
ശ്വാസംപിടിച്ച് കണ്ട ക്ലൈമാക്സിലെ ട്രപ്പീസ് പ്രകടനം
ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് മാസം മുമ്പ് സാര്‍ എന്നോട് പറഞ്ഞിരുന്നു സര്‍ക്കസുമായി ബന്ധപ്പെട്ട അഭ്യാസങ്ങളൊക്കെ അറിഞ്ഞിരിക്കണമെന്ന്. തൊടുപുഴയിലെ ഒരു സര്‍ക്കസ് കലാകാരനെ അതിനായി നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് സര്‍ക്കസ് കലാകാരന്റെ ശരീരഭാഷയും മറ്റും പഠിച്ചെടുത്തു. പിന്നെ ഒരു കഥാപാത്രത്തെ അത്രയും ആഴത്തില്‍ പറഞ്ഞു തരാന്‍ കഴിവുള്ള ആളാണ് ലോഹി സാര്‍. അദ്ദേഹത്തിന്റെ കഥാപാത്രമാണല്ലോ സുധീര്‍ മിശ്ര എന്ന ട്രപ്പീസ് കലാകാരന്. സുധീര്‍ എങ്ങനെയാണ്, എന്താണ് എന്ന സാറിന്റെ വിവരണത്തില്‍ ഉള്ളത് പോലെ ഞാന്‍ നടക്കുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ തന്നെ ഒരു അഭ്യാസിയുടെ ശരീരഭാഷ എനിക്ക് ലഭിച്ചു.
പിന്നെ സര്‍ക്കസ്കാരുടെ കൂടാരത്തിൽ ഷോ ഇല്ലാത്ത സമയത്താണ് ഷൂട്ടിങ്ങ്. കുറേ കലാകാരന്മാരെ അങ്ങനെ കണ്ട് മനസിലാക്കാന്‍ പറ്റി. ട്രപ്പീസ് നടക്കുന്നത് കാണാനും പഠിക്കാനും പറ്റി. ക്ലൈമാക്സ് സീനില്‍ തലകീഴായി തൂങ്ങി കിടന്ന് മറ്റ് ആര്‍ടിസ്റ്റുകളെയും കയ്യില്‍ തൂക്കിയുള്ള അഭ്യാസമായിരുന്നല്ലോ.. ഒന്ന് കാല് വഴുതിയാല്‍ എല്ലാം തീര്‍ന്നു. പക്ഷേ അതൊക്കെ ആ നേരത്തെ ഒരു ധൈര്യമാണ്. ലോഹി സാര്‍ തന്ന ധൈര്യവും, ക്യാമറാമാന് വേണുച്ചേട്ടന് അത് പകര്‍ത്തിയ രീതിയുമെല്ലാം കൊണ്ടും ആ രംഗം നന്നായി വന്നു.
ഒഴുക്കിനൊത്ത് നീന്തിയ സമയം
എന്റെ പ്രായം അതായിരുന്നു. എങ്ങനെ എന്തെല്ലാം ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ എങ്ങനെ സെലക്ടീവാകണം എന്നൊന്നും മുന്‍ധാരണകള്‍ ഉണ്ടായിരുന്നില്ല. ഒരു ഒഴുക്കില്‍ അങ്ങനെ പോയി എന്നേ ഉള്ളൂ. ജോക്കര്‍ വലിയ ഹിറ്റായിരുന്നു. പിന്നെ എന്നെ തേടി അത്തരം നല്ല കഥാപാത്രങ്ങള്‍ വന്നില്ല. എന്റെ ഭാഗത്ത് നിന്നും അതിന് പരിശ്രമം ഉണ്ടായില്ല എന്ന് വേണം പറയാന്‍. വന്ന അവസരങ്ങള്‍ എല്ലാം ചെയ്യുകയാണുണ്ടായത്. അന്ന് ജോക്കറിനു ശേഷം കുറേ നല്ല ചിത്രങ്ങള്‍ ചെയ്ത് കയറിപ്പോകാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നുണ്ട്. കാരണം, അതുകൊണ്ട് കുറേ തിരിച്ചറിവുകള്‍ ഉണ്ടായി. ആ പ്രായത്തില്‍ അങ്ങ് കയറിപ്പോയിരുന്നെങ്കില്‍ ജീവിതത്തില്‍ അനുഭവിക്കേണ്ട ചില കഷ്ടപ്പാടുകളും പ്രശ്നങ്ങളും അടങ്ങിയ നല്ല അനുഭവങ്ങള്‍ ലഭിക്കില്ലായിരുന്നു.
Content highlights : Nishanth Sagar Interview joker Movie Lohitadas Dileep Bahadoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..