ഒരു രൂപ പോലും അപ്പച്ചി ധൂര്‍ത്തടിച്ചില്ല, ആഡംബരം അനുവദിച്ചിരുന്നില്ല- സോഫിയ വര്‍ഗീസ്


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

വില്ലന്‍ വേഷങ്ങളില്‍ വെള്ളിത്തിരയെ വിറപ്പിച്ച എന്‍.എഫ് വര്‍ഗീസിന്റെ പേര് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്യാലി എന്ന ചിത്രത്തിലൂടെ തിരികെ വന്നിരിക്കുകയാണ്. എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്ന പേരില്‍. മകള്‍ സോഫിയ വര്‍ഗീസാണ് ഈ നിര്‍മാണ കമ്പനിക്ക് പിന്നില്‍. സോഫിയ വര്‍ഗീസ് മനസ്സുതുറക്കുന്നു

Interview

സോഫിയ വർഗീസ്, എൻ.എഫ് വർഗീസിന്റെ കുടുംബ ചിത്രം

ഇരുപത് വര്‍ഷമായി എന്‍.എഫ് വര്‍ഗീസ് എന്ന പ്രതിഭ വിടവാങ്ങിയിട്ട്. ശബ്ദസൗകുമാര്യത്തിന്റെയും അഭിനയ തികവിന്റെയും പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന നടന്‍. വില്ലന്‍ വേഷങ്ങളില്‍ വെള്ളിത്തിരയെ വിറപ്പിച്ച എന്‍.എഫ് വര്‍ഗീസിന്റെ പേര് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്യാലി എന്ന ചിത്രത്തിലൂടെ തിരികെ വന്നിരിക്കുകയാണ്. എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്ന പേരില്‍. മകള്‍ സോഫിയ വര്‍ഗീസാണ് ഈ നിര്‍മാണ കമ്പനിക്ക് പിന്നില്‍. പ്രിയപ്പെട്ട അപ്പച്ചിയുടെ പേരില്‍ സിനിമയെടുക്കുമ്പോള്‍ ഒരു മികച്ച സിനിമയായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു സോഫിയക്ക്. അമേരിക്കയില്‍ ഐ.ടി മേഖലയില്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് സോഫിയ നിര്‍മാണ രംഗത്ത് കാലെടുത്ത് വച്ചത്. ഭര്‍ത്താവ് മാത്യു വര്‍ഗീസും എല്ലാ പിന്തുണയുമായി സോഫിയക്കൊപ്പമുണ്ട്. ഒരു മികച്ച സിനിമയെന്ന സോഫിയയുടെ സ്വപ്‌നം സാക്ഷാത്കാരത്തിലെത്തിയിരുക്കുന്നു. ബബിതയും റിന്നും സംയുക്തമായി സംവിധാനം ചെയ്ത പ്യാലി മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ മനസ്സുതുറക്കുകയാണ് സോഫിയ വര്‍ഗീസ്.

പ്യാലി എന്ന സിനിമ വിജയകരമായി പ്രദര്‍ശനം തുടരുയാണ്. സിനിമ നിര്‍മിക്കണമെന്ന സ്വപ്‌നം നേരത്തേ ഉണ്ടായിരുന്നോ?

സിനിമ നിര്‍മിക്കണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിര്‍മിക്കുകയാണെങ്കില്‍ അതൊരു നല്ല സിനിമയായിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് പ്യാലിയുടെ സംവിധായകര്‍ റിന്നിനെയും ബബിതയെയും പരിചയപ്പെടുന്നത്. അവരുടെ കയ്യില്‍ നല്ല കഥയുണ്ടെന്നും നിര്‍മാതാക്കളെ തേടിനടക്കുകയാണെന്നും പറഞ്ഞത്. ആദ്യം ഗൗരവമായി എടുത്തില്ല. കാരണം എന്താണെന്ന് വച്ചാല്‍ പലരും കഥ പറയാറുണ്ട്. പക്ഷേ പ്യാലിയുടെ കഥ കേട്ടപ്പോള്‍ നല്ല സിനിമയായിരിക്കുമെന്ന് തോന്നി. അപ്പോഴും നിര്‍മിക്കുമെന്ന് തോന്നിയില്ല. ഞങ്ങള്‍ ആ സമയത്ത് നാട്ടിലായിരുന്നു. തിരിച്ച് അമേരിക്കയില്‍ എത്തിയ സമയത്താണ് ഭര്‍ത്താവ് ഈ സിനിമ നിര്‍മിക്കണമെന്ന് പറയുന്നത്. അപ്പച്ചിയുടെ പേരില്‍ ഒരു സിനിമ നിര്‍മിക്കുകയാണെങ്കില്‍ നല്ല നിലവാരമുള്ള സിനിമ വേണമെന്നും അദ്ദേഹത്തിന്റെ പേരിന് യാതൊരു കോട്ടവും വരരുതെന്നും ഭര്‍ത്താവ് പറഞ്ഞു. അങ്ങനെയാണ് നിര്‍മാണത്തിലെത്തിയത്. അപ്പച്ചിയ്ക്കുള്ള സമര്‍പ്പണമാണ് ചിത്രം.

സിനിമയുടെ ചിത്രീകരണത്തിന് ഞങ്ങള്‍ നാട്ടിലെത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഒമ്പത് മാസത്തോളമുണ്ടായിരുന്നു. റിലീസിന് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് വന്നത്. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായി. ഈ സിനിമ തിയേറ്ററിലെത്തിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. അവര്‍ കാരണമാണ് സിനിമയ്ക്ക് ഇത്രത്തോളം റീച്ച് ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ ഈ സിനിമയുടെ ഭാഗമായത് എങ്ങിനെയായിരുന്നു?

സിനിമ വിതരണം ചെയ്യാന്‍ ഒട്ടനവധി നിര്‍മാണ കമ്പനികളെ സമീപിച്ചിരുന്നു. അങ്ങനെയാണ് ബബിതയും റിന്നും വേഫെറര്‍ ഫിലിംസിലെത്തിയത്. സിനിമ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു, നല്ല നിലവാരമുള്ള ചിത്രമാണിത്. ഇതില്‍ സഹനിര്‍മാതാക്കളാകാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന്. അത് ഒരു വലിയ അംഗീകാരമായിരുന്നു. നമ്മുടെ സിനിമ കണ്ട് ഇത്രയും വലിയ നിര്‍മാണ കമ്പനി നല്ലത് പറയുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയായി.

അപ്പച്ചി മരിച്ചിട്ട് 20 വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറായിരുന്നില്ല. കുട്ടികള്‍ അടങ്ങിയ കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാന്‍ കഴിയുന്ന നല്ല സന്ദേശമുള്ള സിനിമയാണ് പ്യാലി. വലിയ സൗകര്യങ്ങളോട് കൂടി ജീവിക്കുന്ന കുട്ടികള്‍ക്ക് ഇങ്ങനെയും ജീവിതങ്ങളുണ്ടെന്ന് പരിചയപ്പെടുത്തി കൊടുക്കുന്ന ചിത്രമാണിത്. സഹോദരസ്നേഹത്തിന്റെ കഥ പറയുന്ന മനോഹരമായ സിനിമയാണ്.

ഒരു നടനെന്ന നിലയില്‍ എന്‍.എഫ് വര്‍ഗീസ് വളരുന്നത് അടുത്ത് നിന്ന് കണ്ട വ്യക്തിയാണ്? എങ്ങനെയായിരുന്നു ആ യാത്ര?

ഈറന്‍ സന്ധ്യ, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങിയവയാണ് അപ്പച്ചിയുടെ ആദ്യകാലത്തെ സിനിമകള്‍. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുകയാണെന്ന് തോന്നുന്നു. ആ സിനിമകളിലെല്ലാം ചെറിയ വേഷങ്ങളായിരുന്നു ചെയ്തത്. അപ്പച്ചിയെ സ്‌ക്രീനില്‍ കാണുന്നത് ഞങ്ങള്‍ക്ക് വലിയ സംഭവമായിരുന്നുവെങ്കിലും ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല. സിബി മലയലില്‍ ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ആകാശദൂത് എന്ന ചിത്രമാണ് അപ്പച്ചിയുടെ കരിയറില്‍ വഴിത്തിരിവായത്. അതിലെ കേശവന്‍ എന്ന കഥാപാത്രത്തെ ആരും മറക്കുകയില്ല.

ബിസിനസ് അഡ്മിനിറ്റേഷനില്‍ ഡിപ്ലോമയെടുത്ത് ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജരായി അപ്പച്ചി വര്‍ക്ക് ചെയ്തിരുന്നു. അന്നും നാടകങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാരംഗത്തോടുള്ള താല്‍പര്യം കൊണ്ട് പിന്നീട് കലാഭവനിലും ഹരിശ്രീയിലും ജോലി ചെയ്തിരുന്നു. ഹരിശ്രീയില്‍ പന്ത്രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അതേ സമയത്തു തന്നെ റേഡിയോ തിയേറ്റര്‍ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. സിനിമയില്‍ സജീവമായപ്പോള്‍ അപ്പച്ചി പതിയെ ജോലി വിട്ടു. കാരണം ഷൂട്ടിങ് കൂടുതല്‍ പകലായിരുന്നു. അന്ന് ഒരു സുരക്ഷിതത്വത്തിന് വേണ്ടി അപ്പച്ചി ഒരു ഫോട്ടോസ്റ്റാറ്റ് കട തുടങ്ങി. സിനിമയില്ലെങ്കിലും ജീവിക്കണമല്ലോ. ഞങ്ങള്‍ നാല് പേരും സ്‌കൂളില്‍ പഠിക്കുകയാണ് ആ സമയത്ത് വരുമാനം നിന്നുപോയാല്‍ ഞങ്ങളുടെ കാര്യം കഷ്ടത്തിലാകുമെന്ന് അപ്പച്ചിയ്ക്ക് അറിയാം. അദ്ദേഹം നല്ല ദീര്‍ഘവീക്ഷണമുള്ള ഒരാളായിരുന്നു. എന്തായാലും സിനിമ അദ്ദേഹത്തെ കൈവിട്ടില്ല.

എന്‍.എഫ് വര്‍ഗീസ് എന്ന നടനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പരിചയമുണ്ട്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ അദ്ദേഹം എന്തായിരുന്നു?

അപ്പച്ചിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് ചെറിയ കാര്‍ക്കശ്യമുണ്ടായിരുന്നു. അപ്പച്ചി എപ്പോഴും തിരക്കായതിനാല്‍ മമ്മിയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ എല്ലത്തിലും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. അപ്പച്ചിയ്ക്ക് മമ്മിയില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഞങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ എപ്പോഴും മമ്മിയെ പ്രശംസിക്കുമായിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസത്തിലാണ് അദ്ദേഹം പൂര്‍ണശ്രദ്ധ നല്‍കിയത്. നന്നായി പഠിക്കണം, പ്രാര്‍ഥിക്കണം, പത്ത് മണികഴിഞ്ഞാല്‍ ടിവി വയ്ക്കരുത്, രാത്രി നേരത്തേ ഉറങ്ങണം.. അങ്ങനെ ഒരുപാട് ചിട്ടകള്‍ പിന്തുടരണമെന്ന് അപ്പച്ചിയ്ക്ക് നിര്‍ബന്ധമായിരുന്നു. ഒരു രൂപ പോലും അദ്ദേഹം ധൂര്‍ത്തടിച്ചിട്ടില്ല. ആഡംബരജീവിതം ഇഷ്ടമായിരുന്നില്ല. അതിന് അനുവദിക്കുകയുമില്ല. എപ്പാഴും അധ്വാനിച്ചു കൊണ്ടിരിക്കും. അപ്പച്ചി ഒരു കാര്യം നോ പറഞ്ഞാല്‍ അത് പിന്നെ ഒരിക്കലും യെസ് ആകില്ല. അതുകൊണ്ടു തന്നെ എല്ലാകാര്യവും മമ്മി വഴിയാണ് അവതരിപ്പിക്കാറ്. പിന്നെ ഡിപ്ലോമാറ്റിക് ആയി സംസാരിക്കാന്‍ അപ്പച്ചിയ്ക്ക് അറിയില്ലായിരുന്നു. എന്ത് മനസ്സിലുണ്ടെങ്കിലും അത് മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയും.

എന്റെ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമായിരുന്നു അപ്പച്ചിയുടെ മരണം. വളരെ ഞെട്ടിപ്പിക്കുന്ന ഒന്നാണത്. കാരണം മാനസികമായി ഞങ്ങള്‍ അതിന് തയ്യാറെടുത്തിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ വ്യക്തിയായിരുന്നു അദ്ദേഹം. പെട്ടന്ന് ഒരു ദിവസം പുറം വേദന വന്നു. അത് നെഞ്ചുവേദനയായി ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം. ആ സമയത്ത് ഏറ്റവും താഴെയുള്ള അനുജത്തി പത്താംക്ലാസിലായിരുന്നു പഠിച്ചിരുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഞങ്ങളുടെ എല്ലാവരുടെയും ഭാവിയെ സുരക്ഷിതമാക്കി. ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് അദ്ദേഹം പോയത്. ഒരാള്‍ക്ക് മുന്‍പിലും കൈനീട്ടേണ്ട അവസ്ഥ അദ്ദേഹം കുടുംബത്തിന് ഉണ്ടാക്കിയില്ല. അപ്പച്ചി പഠിപ്പിച്ച അച്ചടക്കം അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങള്‍ ജീവിതത്തില്‍ പിന്തുടര്‍ന്നു.

ഇനിയും നല്ല സിനിമകളുമായി പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും, നല്ല സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. ഞങ്ങള്‍ പ്യാലി ചെയ്തത് സാമ്പത്തികമായ നേട്ടങ്ങള്‍ മുന്നില്‍ കണ്ടായിരുന്നില്ല. അപ്പച്ചിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയുമാണ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. അതു തന്നെയാണ് പ്യാലി എന്ന സിനിമയ്ക്കും ലഭിക്കുന്നത്. എല്ലാവരും ഈ സിനിമ പോയി കാണണം. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. അവര്‍ക്ക് നല്‍കാവുന്ന ഒരു കൊച്ചുസമ്മാനമായിരിക്കും പ്യാലി. അതെനിക്ക് ഉറപ്പുണ്ട്.


Content Highlights: NF Varghese actor Daughter sofia varghese interview, Pyali Movie, Wayfarer Films, Babitha, Rinn

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented